UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി നേഘയുടെ മരണം; കേക്ക് മുറിച്ച് അധ്യാപകരെ സ്വീകരിച്ച പ്രിന്‍സിപ്പാള്‍ രാജിവച്ചു; എല്ലാം നാടകമെന്ന് കുടുംബം

സ്‌ക്കൂളിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാറിന്റെയും സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിന്റെ രാജി.

ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകരെ കേക്ക് മുറിച്ച് സ്വീകരിച്ച കൊല്ലം ട്രിനിറ്റി ലൈസിയം സ്‌ക്കുളിലെ പ്രിന്‍സ്സിപ്പാള്‍ ഷെവലിയാര്‍ ജോണ്‍ രാജിവച്ചു. സ്‌ക്കുളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗരി നേഘ കഴിഞ്ഞ ഒക്ടോബര്‍ 20 വെള്ളിയാഴ്ചയാണ് സ്‌ക്കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുട്ടിയുടെ മരണത്തില്‍ ആരോപണവിധേയരായ സിന്ധു പോള്‍, നാന്‍സ് ക്രസന്‍സ് എന്നീ അധ്യാപകരെ സ്‌ക്കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും ഈ മാസം ആദ്യംതന്നെ അവരെ കേക്ക് മുറിച്ചും, പൂച്ചെണ്ട് നല്‍കിയും തിരിച്ചെടുത്തത് വന്‍ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടുകയും പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയയ്ക്കുകയും ചെയ്തിരുന്നു. അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നുമാണ് കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നത്. സ്‌ക്കൂളിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാറിന്റെയും സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിന്റെ രാജി.

ഗൗരി സ്ഥിരമായി സഹോദരിയുടെ ക്ലാസ്സിലേക്ക് പോകുന്ന പതിവുണ്ടായിരുന്നെന്നും ഇത് അധ്യാപകര്‍ വിലക്കിയിട്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ വിഷയം പ്രധാന അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും കുട്ടിയെ സ്റ്റാഫ്‌റൂമിലേക്ക് വിളിച്ച് സംസാരിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് കുറ്റാരോപിതരായ അധ്യാപികമാര്‍ കൊല്ലം ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നല്‍കിയ മൊഴി. എന്നാല്‍ ശിക്ഷയായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയതിനെ സംബന്ധിച്ച് മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല.

എന്നാല്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ് ഒരു നീതിന്യായവ്യവസ്ഥയ്ക്കും കീഴ്‌പ്പെടില്ലെന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊതുജനത്തെ സമാധാനപ്പെടുത്താനായി മാത്രം സ്‌ക്കൂള്‍ മാനേജ്‌മെന്റ് എടുത്ത തീരുമാനമാണ് പ്രിന്‍സിപ്പാളിന്റെ രാജിനാടകമെന്നാണ് ഗൗരിയുടെ അച്ഛന്‍ പ്രസന്നന്‍ പറയുന്നത്. ടീച്ചര്‍മാര്‍ക്കെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ചും ഗൗരിയുടെ അച്ഛന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഗൗരി നേഘ; കേക്ക് മുറിച്ചും ലഡു കൊടുത്തും ആഘോഷിക്കപ്പെടുന്ന അനീതി

പ്രസന്നന്റെ വാക്കുകള്‍

‘നമ്മളെ ഒന്ന് സമാധാനപ്പെടുത്താന്‍ വേണ്ടിയാണ്, നമ്മളെ പറ്റിക്കാന്‍ വേണ്ടിയിട്ട് അവരെടുത്ത തീരുമാനമാണിത്. സംസ്ഥാനത്തിന്റെ നിയമസംവിധാനത്തെ അംഗീകരിക്കുന്നതിനുള്ള അവരുടെ ബുദ്ധിമുട്ട് അവര്‍ പ്രിന്‍സിപ്പാളിനെ നിര്‍ബന്ധിത അവധിയില്‍ വിട്ടപ്പോഴേ മനസ്സിലായതാണ്. ഇത്തരത്തില്‍ ഏത് ക്രിമിനല്‍കേസില്‍നിന്നും ഊരിവരാനുള്ള അവരുടെ കഴിവും നമുക്കിവിടെ കാണാവുന്നതാണ്. അവര്‍ ചെയ്യുന്നത് ശരിയാണെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനായാണ് ഈ രാജിനാടകം നടത്തിയത്. അവര് തെറ്റാണ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ചുകൊണ്ട് പ്രിന്‍സിപ്പാളിനെ രാജിവയ്പ്പിക്കുന്നത് എന്തിനാണ്. ഒരു നിയമസംവിധാനത്തെ അനുസരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. അവര് തന്നെ തീരുമാനിക്കുന്നു, അവര് തന്നെ നടപ്പാക്കുന്നു എന്ന രീതിയാണ് ഇവിടെയുള്ളത്. അതിന്റെ ഉദാഹരണമാണ് പ്രിന്‍സിപ്പാളെക്കൊണ്ട് രാജിവയ്പ്പിക്കുക എന്നത്. ടീച്ചര്‍മാരെ എത്രയും വേഗം പിരിച്ചുവിടുക, അവര്‍ക്ക് ടീച്ചര്‍ ലൈസന്‍സ് പോലുള്ള എന്തെങ്കിലുമുണ്ടെങ്കില്‍ അത് റദ്ദാക്കുക. വേറൊരു സ്‌ക്കൂളിലും അവര്‍ പഠിപ്പിക്കാന്‍ പാടില്ല. ഞാനും ഗൗരിയുടെ അമ്മയും പരാതികള്‍ നല്‍കിയിട്ടുണ്ട്, അതിലെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്, പ്രിന്‍സിപ്പാള്‍ ഷെവലിയാര്‍ ജോണിനെതിരെയും കേസെടുക്കണമെന്നും, അറസ്റ്റ് ചെയ്ത് മൊഴിയെടുക്കണമെന്നതും. ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനവും കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ട്. സി.ബി.ഐ അന്വേഷണം എന്നതില്‍ തന്നെയാണ് ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നത്.”

ഗൗരിയുടെ അനുജത്തി മീരാ കല്ല്യാണിനെ ക്ലാസില്‍ സംസാരിച്ചു എന്ന കാര്യത്തിന് അധ്യാപിക ആണ്‍കുട്ടികളുടെ കൂടെ ഇരുത്തുകയുണ്ടായി. ഇതുസംബന്ധിച്ച് പിതാവ് പ്രസന്നന്‍ സ്‌ക്കൂള്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അടുത്തദിവസവും അധ്യാപിക ഇത് ആവര്‍ത്തിച്ചതായി മീര ഗൗരിയോട് പരാതിപ്പെടുകയും, ഗൗരി ടീച്ചറോട് ചോദിക്കുകയും ഉണ്ടായി. ശേഷം ഉച്ചയ്ക്ക് ചോറുകഴിക്കുന്നതിനിടയില്‍ ടീച്ചര്‍ വിളിപ്പിച്ചുകൊണ്ടുപോയ ഗൗരി പിന്നീട് സ്‌ക്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടുകയാണുണ്ടായത്.

“പ്രതികരിച്ചു, അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു”; ഗൗരി നേഘയുടെ കുടുംബം സംസാരിക്കുന്നു

ഗൗരി കെട്ടിടത്തില്‍ നിന്ന് ചാടിയ അന്നാണ് അധ്യാപിക മറ്റൊരു കുട്ടിയുടെ കരണത്തടിച്ചത്; ആ അമ്മയ്ക്കും ചിലത് പറയാനുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍