UPDATES

ഒരു പുഴ എല്ലാവരും കൂടി വീതിച്ചെടുത്തു; ബാക്കിയുള്ളത് സ്വകാര്യ ആശുപത്രിക്ക് വേണ്ടി വഴിതിരിച്ചു വിടാനും നീക്കം

തൃപ്പൂണിത്തുറയിലുള്ള 18.5 കിലോമീറ്റര്‍ വരുന്ന കോണോത്തുപുഴയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്

ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി കോണോത്തുപുഴയെ വഴി തിരിച്ചുവിടാന്‍ നീക്കം. എറണാകുളം തൃപ്പൂണിത്തുറയില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കാനിരിക്കുന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന് വേണ്ടി നഗരസഭ ഇത്തരത്തിലൊരു നീക്കം നടത്തുന്നതായാണ് ആരോപണം. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ വാങ്ങിയ സ്ഥലം കോണോത്തുപുഴയുടെ ഇരുകരകളിലുമായാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കണമെങ്കില്‍ 40 സെന്റ് സ്ഥലമെങ്കിലും ഒന്നിച്ച് വേണമെന്ന ചട്ടമുണ്ട്. ഇരു സ്ഥലങ്ങള്‍ക്കും നടുവില്‍ പുഴ വരുന്നതിനാല്‍ നിര്‍മ്മാണ അനുമതി ലഭിക്കാന്‍ സാങ്കേതിക തടസ്സമുണ്ട്. ഇതിന് പരിഹാരമായി പുഴയ്ക്ക് മുകളില്‍ വലിയ കള്‍വര്‍ട്ടുകള്‍ സ്ഥാപിച്ച് മതില്‍ കെട്ടിത്തിരിക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യമാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ തൃപ്പൂണിത്തുറ നഗരസഭയ്ക്ക് സമര്‍പ്പിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനിടയിലും നഗരസഭ കൗണ്‍സില്‍ ഇതിന് അനുമതി നല്‍കി. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇടപെട്ട് ഈ തീരുമാനത്തിനെതിരെ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതോടെ പദ്ധതി വീണ്ടും തടസ്സപ്പെട്ടു. ഇതിനിടെയാണ് ഇരുസ്ഥലങ്ങള്‍ക്കുമിടയില്‍ ഒഴുകുന്ന പുഴയെ വഴിതിരിച്ചു വിടാനുള്ള ആലോചനകള്‍ നടക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

നഗരസഭാ അംഗമായ അരുണ്‍ പറയുന്നതിങ്ങിനെ; ‘പുഴ നികത്തി കെട്ടിട നിര്‍മ്മാണം ആരംഭിക്കുക എന്നതായിരുന്നു ആശുപത്രി അധികാരികളുടെ ആദ്യ ഉദ്ദേശം. എന്നാല്‍ അതിനെതിരെ പരാതി പോയതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചു. രണ്ട് ഭാഗവും മതില്‍കെട്ടിയെടുത്ത് ഉള്ളില്‍ പുഴയ്ക്ക് മുകളില്‍ വലിയ കള്‍വര്‍ട്ട് നിര്‍മ്മിക്കാമെന്നും അത് അവര്‍ക്ക് മുഴുവനായും ഉപയോഗിക്കാന്‍ നല്‍കണമെന്നുമുള്ള ആവശ്യം നഗരസഭയുടെ മുന്നില്‍ വയ്ക്കുന്നത്. കൗണ്‍സിലില്‍ ചര്‍ച്ച വന്നു. പുഴയ്ക്ക് മതില്‍ കെട്ടി അതിനുള്ളില്‍ പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയാല്‍ കാലക്രമേണ അവരത് സ്വന്തമാക്കുമെന്നും നികത്തി ഉപയോഗിക്കുമെന്നുമുള്ള തരത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ കൗണ്‍സില്‍ ആ തീരുമാനം പാസാക്കി. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. നെടുങ്ങാപ്പുഴ സംരക്ഷണ സമിതി അധികൃതര്‍ ഇതിനെതിരെ കേസ് പോയിരുന്നു. അങ്ങനെ ആ തീരുമാനത്തിന് സ്റ്റേ ലഭിച്ചു.’ എന്നാല്‍ ‘ഇതിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ പുഴ വഴി തിരിച്ച് വിടുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ നഗരസഭാ അധികൃതര്‍ ആലോചിക്കുന്നത്. ആശുപത്രിയുടെ കൈവശമുള്ള ഭൂമി ഒഴിവാക്കി പുഴ ഒഴുക്കാനാണ് നീക്കമെന്നാണ് അറിയാന്‍ കഴിയുന്നത്.’

"</p

കോണോത്തുപുഴയെ തീറെഴുതി നല്‍കുന്ന നഗരസഭ
തൃപ്പൂണിത്തുറ നഗരസഭയും കോണോത്തുപുഴയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇത് ആദ്യമായല്ല ഉയര്‍ന്നുവരുന്നത്. 18.5കിലോമീറ്റര്‍ നീളമുള്ള പുഴയുടെ ഇരുകരകളിലുമായി നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനധികൃതമായാണ് അനുമതി നല്‍കിയതെന്ന ആരോപണം കാലങ്ങളായി ഉയരുന്നുണ്ട്. പുഴ പുറമ്പോക്ക് ഭൂമിയടക്കം സ്വകാര്യ വ്യക്തിയുടെ പേരിലാക്കാനും അതിന് കരമടക്കാനുമുള്ള സൗകര്യം നഗരസഭാ അധികൃതര്‍ ചെയ്തുകൊടുത്തതായാണ് ആരോപണം.

എറണാകുളത്തിന്റെ സാംസ്‌കാരിക ജൈവ പൈതൃകത്തിന് വലിയതോതില്‍ സ്വാധീനം ചെലുത്തിയിരുന്ന കോണോത്തുപുഴ ഇന്ന് മരണത്തിന്റെ വക്കിലാണ്. ഇതിന് ആക്കം കൂട്ടുന്നത് വ്യവസായ സംരംഭകരുടേയും രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖരുടേയും പരിസ്ഥിതിയെ മറന്നുള്ള നിര്‍മ്മാണങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തൃപ്പൂണിത്തറ നഗരസഭാ പരിധിയില്‍ പുഴ കയ്യേറിയും ഒഴുക്കിനെ തടഞ്ഞും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാലിന്യ നിക്ഷേപവും. 18.5 കി.മീ. നീളമുള്ള കോണോത്തുപുഴയ്ക്ക് പല ഭാഗങ്ങളിലും നൂറുമീറ്ററിലധികം വീതിയാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കയ്യേറ്റക്കാരുടെ ചെയ്തികളില്‍ ഇത് പലയിടത്തും മുപ്പത് മീറ്ററില്‍ കുറവായി ചുരുങ്ങിയിരിക്കുന്നു. അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുമ്പോള്‍ കയ്യേറ്റക്കാര്‍ ചിലരെ കൂട്ടുപിടിച്ച് അനധികൃതമായ നിര്‍മ്മാണങ്ങളുമായി മുന്നേറുകയാണ്.

ബി.പി.സി.എല്‍ ഹൗസിങ് കോളനിയുടെ ഫ്‌ളാറ്റ് സമുച്ചയം ഉയരുന്നത് സി.ആര്‍.ഇസെഡ് നിയമവും തണ്ണീര്‍ത്തടസംരക്ഷണ നിയമവും അട്ടിമറിച്ചാണ്. ഇതിന് ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തില്‍ നിന്ന് വലിയ പിന്തുണയും ലഭിക്കുന്നു. ജലാശയത്തില്‍ നിന്ന് ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ബി.പി.സി.എലിന്റെ ഫ്‌ലാറ്റ് ഉയരുന്നത്. മറ്റൊരു സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ഫ്‌ളാറ്റ് നിര്‍മാണവും ചട്ടം ലംഘിച്ച് പുരോഗമിക്കുന്നു. തോട് പുറമ്പോക്കെന്ന് വില്ലേജ് രേഖകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന നിലവും തണ്ണീര്‍ത്തടവും ആമ്പല്‍ക്കുളവും നികത്തിയാണ് നിര്‍മ്മാണം നടക്കുന്നത്. റവന്യൂ രേഖകളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് എന്ന് വ്യക്തമായിട്ടും ഇന്ന് ഇത് ഭൂമാഫിയയുടെ കൈകളിലെത്തിയതിന് പിന്നില്‍ ഏറെ തിരിമറികള്‍ നടന്നുവെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

2014ല്‍ വില്ലേജില്‍ നിന്ന് വിവരാവകാശ പ്രകാരം കിട്ടിയ രേഖയില്‍ 13/82, 15/54,15/48 സര്‍വേ നമ്പറുകളില്‍ പെട്ട ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തോട് പുറമ്പോക്ക് എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ന് ഈ ഭൂമി ഫഌറ്റ് നിര്‍മ്മാണത്തില്‍ പങ്കാളിയായ സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നു. ഈ വസ്തുവിന്റെ കരമടച്ചതിലും റവന്യൂ അധികൃതര്‍ കള്ളക്കളി നടത്തിയതായി കരമടച്ചതിന്റെ രസീത് പരിശോധിച്ചാല്‍ വ്യക്തമാവും. സാധാരണ കരമൊടുക്കിയ രസീതുകളിലെല്ലാം ഹെക്ടര്‍ അല്ലെങ്കില്‍ ആര്‍സ് അടിസ്ഥാനമാക്കി ഭൂമിയുടെ അളവ് അടയാളപ്പെടുത്തുമ്പോള്‍ ഈ വിവാദ ഭൂമിയുടെ കരത്തിന്റെ രസീതില്‍ ഭൂമിയുടെ അളവ് രേഖപ്പെടുത്തിയിരിക്കുന്നത് ഏക്കര്‍ കണക്കിലാണ്. എന്നാല്‍ തുക ഈടാക്കിയിരിക്കുന്നതാകട്ടെ ഇതേ അളവിലുള്ള ആര്‍സ് ഭൂമിയ്ക്ക് ഈടാക്കേണ്ട തുകയാണ്. എണ്‍പത് സെന്റ് എന്നാണ് കരമൊടുക്കിയ രേഖകളില്‍ പറയുന്നത്. എന്നാല്‍ തുക ഈടാക്കിയിരിക്കുന്നത് 80 ആര്‍സ് ഭൂമിയ്‌ക്കെന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 80 ആര്‍സ് എന്ന് പറഞ്ഞാല്‍ 200 സെന്റ് ഭൂമിയ്ക്ക് മുകളില്‍ വരും. പിന്നീട് കൂടുതല്‍ ഭൂമി നിര്‍മ്മാണ കമ്പനിയുടേതാക്കി നല്‍കാനുള്ള തന്ത്രമാണിതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

ഭൂരഹിതയായ ഒരു വീട്ടമ്മയ്ക്ക് അഞ്ച് സെന്റ് ഭൂമി പതിച്ച് നല്‍കണമെന്ന് അപേക്ഷ നല്‍കിയപ്പോള്‍ തോട് പുറമ്പോക്ക് ഭൂമി എന്ന ന്യായം പറഞ്ഞ് റവന്യൂ അധികൃതര്‍ ഇതിനുള്ള നടപടി ഉപേക്ഷിച്ചിരുന്നു. ഇതിന് ശേഷമാണ് ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനിയ്ക്ക് ഈ ഭൂമി ചട്ട വിരുദ്ധമായി കൈമാറിയിരിക്കുന്നത്. സ്വകാര്യവ്യക്തിയ്ക്ക് പട്ടയം നല്‍കിയത് സംബന്ധിച്ച ഒരു രേഖകളും റവന്യൂ അധികൃതരുടെ പക്കല്‍ ഇല്ലെന്നും പറയുന്നു. 2104ല്‍ പോലും പുറമ്പോക്കെന്ന് റവന്യൂ അധികൃതര്‍ വിലയിരുത്തിയിരുന്ന ഭൂമിയാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനിയ്ക്ക് നല്‍കിയത്. സെന്റിന് 10 ലക്ഷം രൂപ വില വരുന്ന 130 സെന്‍ര് ഭൂമിയാണ് ഇത്തരത്തില്‍ റവന്യൂ അധികൃതരുടേയും രാഷ്ട്രീയപ്രവര്‍ത്തകരുടേയും ഒത്താശയോടെ സ്വകാര്യവ്യക്തി കൈയടിക്കിയിരിക്കുന്നത്. ഇതിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ പ്രദേശത്ത് ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഫ്‌ലാറ്റ് നിര്‍മ്മാണം തുടരുകയാണ്. ചട്ടം ലംഘിച്ചാണ് നഗരസഭ നിര്‍മ്മാണാനുമതി നല്‍കിയതെന്നും ആരോപണമുണ്ട്. വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയിലാണ് ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ രേഖകള്‍ ലഭിക്കുന്നതിന് നഗരസഭയുമായി ബന്ധപ്പെട്ടെങ്കിലും നല്‍കാന്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

"</p

ഇതിനെതിരെ പരാതി നല്‍കിയ പ്രദേശവാസിയായ സാം പറയുന്നതിങ്ങനെ; ’80സെന്റ് വരുന്ന സ്ഥലം കൈയേറി ഒന്നേകാല്‍ ഏക്കറായി കരമടച്ച രേഖകളില്‍ കാണിച്ചുകൊണ്ട് രണ്ട് വലിയ ടവറുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 13/82, 15/54,15/48 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമി പുറമ്പോക്കാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ എന്റെ കൈവശമുണ്ട്. 2015ല്‍ റവന്യൂ അധികൃതര്‍ റീസര്‍വേ വന്നപ്പോള്‍ ഈ ഭൂമി ദേവസ്വം ഭൂമിയാക്കി മാറ്റി. ഇപ്പോള്‍ അത് സ്വകാര്യ വ്യക്തിയുടെ പേരിലാണ്. എന്നാല്‍ ഈ ഭൂമി പോക്കുവരവ് ചെയ്തിട്ടുമില്ല. അത് ചെയ്യാതെയാണ് നിര്‍മ്മാണാനുമതി നല്‍കിയിരിക്കുന്നത്. നഗരസഭയില്‍ ഇത് സംബന്ധിച്ച നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ മാത്രം ആരും തയ്യാറായിട്ടില്ല. ബി.പി.സി.എല്‍. ഹൗസിങ് സൊസൈറ്റിയുടെ 22 നിലക്കെട്ടിടത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ കഴിഞ്ഞുവരികയാണ്. അവിടെ 20 മീറ്ററോളം വീതിയുണ്ടായിരുന്ന പുഴ ചാടിക്കടക്കാന്‍ കഴിയുന്ന അവസ്ഥയിലായി. ബി.പി.സി.എല്‍.ഹൗസിങ് സൊസൈറ്റിയുടെ കയ്യേറ്റം തന്നെ പുഴയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നല്‍കിയിരുന്നു. പുഴയില്‍ നിന്ന് ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് അവര്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് കേസ് അന്വേഷിച്ച് വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ റിപ്പോര്‍ട്ടുമായി നഗരസഭയ്ക്ക് പരാതി നല്‍കിയപ്പോള്‍ അഞ്ച് മീറ്റര്‍ പുഴ കൂടി കയ്യേറി ആ കെട്ടിടത്തിന് ചുറ്റും വഴിയുണ്ടാക്കി. പുഴ കയ്യേറി തെങ്ങിന്‍ കുറ്റികള്‍ നിരത്തി ആ സ്ഥലം മണ്ണിട്ട് നികത്തിക്കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ അതും സാധിച്ചു. ആരും ചോദിക്കാനില്ലാത്ത സാഹചര്യമാണുള്ളത്. അതിന് പുറമെയാണ് സ്വകാര്യവ്യക്തിയുടെ ഫ്‌ലാറ്റ് നിര്‍മ്മാണം. 80 സെന്റിന് പകരം എണ്‍പത് ആര്‍സ് എന്ന് കാണിച്ച് ഇപ്പോള്‍ തന്നെ രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പുറമ്പോക്ക് നല്‍കുകയാണെങ്കിലും പിന്നീട് പുഴയും കയ്യേറാനുള്ള സാഹചര്യം ഒഴിവാക്കാന്‍ സംരക്ഷണ ഭിത്തിയെങ്കിലും നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പലയിടങ്ങളിലും പരാതി നല്‍കിയെങ്കിലും ഇറിഗേഷന്‍ വകുപ്പ് മാത്രമാണ് സ്ഥലത്ത് വന്ന് നോക്കുകയെങ്കിലും ചെയ്തത്.’

പുഴയില്‍ റയില്‍വേ പാലത്തിന് താഴെ ഭാഗത്ത് കരിങ്കല്ലുകള്‍ വീണ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്ന നദീപുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുഴയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. 2000 വരെ ഈ മേഖലയിലെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട് കിടന്നിരുന്ന പുഴ ഇന്ന് പലയിടങ്ങളിലും നീരൊഴുക്ക് തടസ്സപ്പെട്ട് കാട് പിടിച്ചുകിടക്കുകയാണ്. പുഴ നശിച്ചതിന് ശേഷം ഒരേക്കറില്‍ പോലും തികച്ച് കൃഷിയില്ലാതായ തൃപ്പൂണിത്തറ കോണാത്തുപുഴയുടെ കരകള്‍ വീണ്ടും കൃഷി യോഗ്യമാക്കുക എന്നതും നാട്ടുകാരുടെ സ്വപ്‌നമാണ്. എന്നാല്‍ ഈ ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതാണ് പുറമ്പോക്കും പുഴയും കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും. ഇത് അവസാനിപ്പിച്ച് പുഴയെ വീണ്ടെടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍