UPDATES

ട്രെന്‍ഡിങ്ങ്

കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ദഹണ്ഡത്തിന് എമ്പ്രാന്തിരി തന്നെ വേണം; തീണ്ടല്‍ പലകകളുടെ കാലം കഴിഞ്ഞിട്ടില്ല

‘ക്ഷേത്രത്തില്‍ ദശകങ്ങളായി ആചരിച്ചുപോരുന്ന കാര്യങ്ങളാണ് തൃപ്പുത്തിരി സദ്യയും, മണ്ഡലകാലാചരണങ്ങളുമൊക്കെ..’ കൂടല്‍ മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍

ഇരിങ്ങാലക്കുട, കൂടല്‍ മാണിക്യം ക്ഷേത്ര ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ തൃപ്പുത്തിരി, മണ്ഡലകാലാചരണത്തിനുള്ള ക്വട്ടേഷന്‍ പരസ്യമാണിത്. തൃപ്പുത്തിരി സദ്യ ഒരുക്കാന്‍ നമ്പൂതിരി/ എമ്പ്രാന്തിരി സമുദായക്കാര്‍ മാത്രം മതിയെന്നാണ് ക്വട്ടേഷനില്‍ പറയുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും അബ്രാഹ്മണരെ പൂജാരിയായി നിയമിക്കുമ്പോഴാണ് കൂടല്‍ മാണിക്യം ദേവസ്വം തൃപ്പുത്തിരി സദ്യ ഒരുക്കാന്‍ നമ്പൂതിരി/ എമ്പ്രാന്തിരി സമുദായക്കാര്‍ മാത്രം മതിയെന്ന പരസ്യവുമായി എത്തിയിരിക്കുന്നത്.

കൂടല്‍ മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സുമ എ എം അഴിമുഖവുമായി പ്രതികരിച്ചത് ഇങ്ങനെയാണ്, ‘ക്ഷേത്രത്തില്‍ ദശകങ്ങളായി ആചരിച്ചുപോരുന്ന കാര്യങ്ങളാണ് തൃപ്പുത്തിരി സദ്യയും, മണ്ഡലകാലാചരണങ്ങളുമൊക്കെ.. തന്ത്രിമാരും (തരണനെല്ലൂര്‍ കുടുംബത്തിനാണ് ക്ഷേത്ര തന്ത്ര അവകാശം) മേല്‍ശാന്തിമാരും ഉള്‍പ്പടെ തൃപ്പുത്തിരി സദ്യയില്‍ പങ്കെടുക്കാറുണ്ട്. തൃപ്പുത്തിരി സദ്യ എന്നാല്‍ സാധാരണയുള്ള സദ്യകള്‍ പോലെ കാറ്ററിംഗ്കാര്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കാന്‍ കഴിയുന്നതല്ല. സദ്യ എന്ന് പറയുന്നതേയുള്ളൂ, അത് ദേവന്റെ നിവേദ്യം ആണ്. നിവേദ്യമായിട്ട് വേണം അത് ഒരുക്കാന്‍. മുമ്പ് കണ്ടികവരവില്‍ എത്തിയിരുന്ന സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു നിവേദ്യം ഒരുക്കിയിരുന്നത്. അതായത്. ആദായങ്ങളും ഉത്പന്നങ്ങളും ദേവന് സമര്‍പ്പിക്കുന്നതിനെയാണ് കണ്ടികവരവ് എന്ന് പറയുന്നത്. ധാരാളം കൃഷിയിടങ്ങളും സ്ഥലങ്ങളുമൊക്കെയുള്ള കൂടല്‍ മാണിക്യം ദേവസ്വം സ്ഥലങ്ങള്‍ പാട്ടത്തിന് കൊടുക്കാറുണ്ടായിരുന്നു. ക്ഷേത്ര ആചാരത്തിന്റെ ഭാഗമാണ് നിവേദ്യ സദ്യ ഒരുക്കുന്നത്. അതുകൊണ്ടാണ് അത്തരമൊരു ക്വട്ടേഷന്‍ നല്‍കിയത്.’

കേരളത്തിലെ അയിത്തോച്ചാടന സമരങ്ങളില്‍ കൂടല്‍ മാണിക്യ ക്ഷേത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു കഴിഞ്ഞിട്ടും, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രവും പരിസരങ്ങളും അയിത്തജാതിക്കാര്‍ക്ക് പ്രവേശനം അനുവദിക്കാതെ ഏറെക്കാലം നിലകൊണ്ടിരുന്നു. 1910-മുതല്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഒരു തീണ്ടല്‍പ്പലകയും ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് പല സമരങ്ങളും നടന്നു ഇതില്‍പ്രധാനപ്പെട്ടതാണ് 1946 ജൂണ്‍ 23-ന് നടന്ന കുട്ടംകുളം സമരം. ക്ഷേത്രപ്രവേശനത്തിനു വേണ്ടിയിരുന്നില്ല ആ സമരങ്ങള്‍. ക്ഷേത്രത്തിന് മുന്നിലുള്ള പൊതുവഴിയിലൂടെ വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു ആ സമരം.

ഇതിന് ശേഷം ഒട്ടേറെ അനാചാരങ്ങള്‍ക്കെതിരെ കേരളത്തില്‍ സമരങ്ങള്‍ വരുകയും അവയെല്ലാം തൂത്ത്എറിയപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശാന്തി തസ്തികയിലേക്കുള്ള നിയമന പട്ടിക പുറത്തുവിട്ടിരുന്നു. അതില്‍ ഏഴ് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണര്‍ ഉള്‍പ്പെടുന്നതായിരുന്നു ആ പട്ടിക. ഇത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ചരിത്രമാണ്. പി എസ് സി മാതൃകയില്‍ ഒഎംആര്‍ പരീക്ഷയും അഭിമുഖവും നടത്തിയാണ് ദേവസ്വം ബോര്‍ഡ് പട്ടിക തയ്യാറാക്കിയത്. മെറിറ്റ്, സംവരണ പട്ടികകള്‍ ഉള്‍പ്പെടുന്നതാണ് പട്ടിക. ആകെ 70 ശാന്തിമാരെയാണ് ഇത്തവണ നിയമിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് നിയമന പട്ടികയില്‍ ഇടംനേടിയ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടു. മുന്നോക്ക വിഭാഗത്തില്‍ നിന്നും 16 പേര്‍ മാത്രമാണ് മെറിറ്റ് പട്ടികയിലിടം നേടിയത്. ഈഴവ സമുദായത്തില്‍ നിന്നും പട്ടികയിലിടം നേടിയ 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നേടുന്നത്.

തന്ത്രി മണ്ഡലം, തന്ത്രി സമാജം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെയുള്ള പ്രമുഖരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിട്ടുണ്ട്. ശാന്തി നിയമനത്തില്‍ ജാതിവിവേചനം പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ആദ്യമായി അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്. ഇത്തരത്തില്‍ കേരളം മാറ്റത്തിന്റെ പാതയില്‍ പുതിയ ചുവടുവെപ്പുകള്‍ നടത്തുമ്പോള്‍ തിരഞ്ഞ് നടക്കുന്ന പ്രവണത കാണിക്കുന്ന കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നടപടികള്‍ ഒട്ടും ഭൂഷണമല്ല.

അവരെടുത്തെറിഞ്ഞ തീണ്ടല്‍പ്പലക, അവരേറ്റ മര്‍ദ്ദനമാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്

ഏഴ് പട്ടികജാതിക്കാര്‍, 54 അബ്രാഹ്മണര്‍: ശാന്തി നിയമനത്തില്‍ പുതിയ ചരിത്രം കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍