UPDATES

‘പഠിച്ചിട്ട് കാര്യമുണ്ടോ എന്ന് ഇനിയാരും ചോദിക്കരുത്?’, എംഫില്‍ ബിരുദമുണ്ടായിട്ടും ബീഡി തെറുക്കേണ്ടി വന്ന കൊറഗ ഗോത്രവിഭാഗത്തിലെ മീനാക്ഷിക്ക് കുടുംബശ്രീയില്‍ ജോലി

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കൊറഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിഭാവനം ചെയ്തിട്ടുള്ള കൊറഗ സ്‌പെഷ്യല്‍ പ്രൊജക്ടിന്റെ പഞ്ചായത്ത് തല അനിമേറ്ററായാണ് മീനാക്ഷിയെ തിരഞ്ഞെടുത്തിരിക്കുന്നത്

ശ്രീഷ്മ

ശ്രീഷ്മ

ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മീനാക്ഷിക്ക് ഇനി ബീഡി തെറുക്കേണ്ടതില്ല. കൊറഗ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഏക എംഫില്‍ ബിരുദധാരി ഇനി മുതല്‍ കുടുംബശ്രീയുടെ പഞ്ചായത്തുതല അനിമേറ്ററാണ്. ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് എം.എ, എംഫില്‍ ബിരുദങ്ങള്‍ നേടുകയും ബി.എഡ് ക്ലാസ്സുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത മീനാക്ഷി, അര്‍ഹമായ ജോലി ലഭിക്കാതെ ബീഡി തെറുത്ത് ഉപജീവനം കണ്ടെത്തുന്നത് അടുത്തിടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. സാമൂഹികമായും സാമ്പത്തികമായും അങ്ങേയറ്റം പിന്നാക്കാവസ്ഥയിലുള്ള, സംസ്ഥാനത്ത് ആയിരത്തിയെണ്ണൂറു പേര്‍ മാത്രം അംഗങ്ങളായുള്ള കൊറഗ ഗോത്രവിഭാഗത്തില്‍ നിന്നുമുള്ള മീനാക്ഷി, ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ആഗ്രഹിച്ച പോലെ അധ്യാപികയാകാന്‍ സാധിക്കാത്തതിന്റെ ദുഃഖം പങ്കുവച്ചതോടെ അനവധി പേരാണ് സഹായഹസ്തവുമായെത്തിയത്. ഗവേഷണമടക്കം ധാരാളം മോഹങ്ങളുണ്ടായിട്ടും, ജോലിയാണ് തനിക്കിപ്പോള്‍ ആവശ്യം എന്ന ബോധ്യത്തിന്റെ പുറത്ത് കുടുംബശ്രീ മിഷന്‍ നല്‍കിയ ജോലി വാഗ്ദാനം മീനാക്ഷി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മീഞ്ച പഞ്ചായത്തില്‍ തന്റെ പുതിയ ജോലിയില്‍ തിരക്കിലാണ് മീനാക്ഷി. (മീനാക്ഷിയുടെ കഥ അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു-അന്ന് രാഷ്ട്രപതിയുടെ പ്രത്യേക അതിഥി, ഇന്ന് ബീഡി തെറുപ്പുകാരി; കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍ ബിരുദധാരിയുടെ ജീവിതം)

കൂലിപ്പണിക്കാരായ മാതാപിതാക്കളും സ്വകാര്യ ബസ്സിലെ കണ്ടക്ടറായ ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന് കൃത്യമായ വരുമാന മാര്‍ഗ്ഗമില്ലാത്തതായിരുന്നു മീനാക്ഷിയെ അലട്ടിയ പ്രധാന പ്രശ്‌നം. കന്നഡയില്‍ എം.എ ബിരുദവും കൊറഗരുടെ ഭാഷ, സംസ്‌കാരം എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഫില്‍ ബിരുദവും നേടിയ മീനാക്ഷി, ബി.എഡ് കോഴ്‌സും പൂര്‍ത്തീകരിച്ചിരുന്നു. അവസാന വര്‍ഷ പരീക്ഷയില്‍ ഒരു വിഷയത്തില്‍ വിജയിക്കാനാകാത്തതിനാല്‍ പുനഃപരീക്ഷയ്ക്കുള്ള സാധ്യതകള്‍ അന്വേഷിക്കുകയായിരുന്നു മീനാക്ഷി. ഏറെക്കാലത്തെ സ്വപ്‌നമായ അധ്യാപന ജോലിയിലേക്കെത്തണമെങ്കില്‍ ബി.എഡ് ബിരുദവും പി.എസ്.സി പരീക്ഷ എന്ന കടമ്പ കടക്കലും അത്യാവശ്യമാണെന്ന തിരിച്ചറിവിലും, പത്താം ക്ലാസ് മുതല്‍ ചെയ്തു വരുന്ന ബീഡി തെറുപ്പ് തുടരാന്‍ മീനാക്ഷി നിര്‍ബന്ധിതയായിരുന്നു. കൊറഗ ഗോത്രത്തില്‍ നിന്നുള്ള ഏറ്റവും അഭ്യസ്തവിദ്യയായ വ്യക്തിയായിട്ടുപോലും സംവരണവ്യവസ്ഥകള്‍ മീനാക്ഷിയെ പൂര്‍ണമായും അനുകൂലിച്ചിട്ടില്ലെന്നും അധ്യാപകര്‍ അഭിപ്രായപ്പെട്ടിരുന്നു.

മീനാക്ഷിയുടെ ജീവിതം ചര്‍ച്ചയാകുന്നതിനിടെയാണ് കുടുംബശ്രീയുടെ കാസര്‍കോട് ജില്ലാ മിഷന്‍ മുന്നോട്ടുവരുന്നത്. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊറഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിഭാവനം ചെയ്തിട്ടുള്ള കൊറഗ സ്‌പെഷ്യല്‍ പ്രൊജക്ടിന്റെ അനിമേറ്റര്‍മാരായി വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കാന്‍ നേരത്തേ തന്നെ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകരില്‍ മീനാക്ഷിയുമുണ്ടായിരുന്നെന്നും, ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നും ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി.ടി പറയുന്നു. ജോലിയില്‍ പ്രവേശിക്കാനായി ഓഫീസിലെത്താന്‍ നേരത്തേ തന്നെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, മീനാക്ഷി പിന്നീട് ചില കാരണങ്ങളാല്‍ വന്നില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടതോടെ രണ്ടാമതും മീനാക്ഷിയെ ബന്ധപ്പെടുകയായിരുന്നെന്നും സുരേന്ദ്രന്‍ വിശദീകരിക്കുന്നു. മീനാക്ഷിയ്ക്കു ജോലി ലഭിച്ചു എന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദ്യാഭ്യാസപരമായും ആരോഗ്യപരമായും പിന്നാക്കം നില്‍ക്കുന്ന കൊറഗ സമൂഹത്തിനാകെ വലിയ സഹായമാകും എന്നു പ്രതീക്ഷിക്കുന്ന ഒരു പ്രോജക്ടിന്റെ നേതൃനിരയിലേക്കാണ് മീനാക്ഷിയെത്തുന്നത്. കൊറഗരെക്കുറിച്ച് പഠിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കണം എന്നാഗ്രഹിച്ച മീനാക്ഷി ഇനി മുതല്‍ പ്രവര്‍ത്തിക്കുക കൊറഗരെ മുന്‍നിരയിലെത്തിക്കാനുള്ള പദ്ധതികള്‍ക്കു വേണ്ടിയാവും.

കൊറഗ സ്‌പെഷ്യല്‍ പ്രൊജക്ടിനെക്കുറിച്ച് സുരേന്ദ്രന്‍ ടി.ടി പറയുന്നതിങ്ങനെ, “സംസ്ഥാനത്ത് 530 കുടുംബങ്ങളിലായി 1803 പേരാണ് കൊറഗ വിഭാഗത്തില്‍ ഇപ്പോഴുള്ളത് എന്നാണ് കണക്കുകള്‍. എന്‍മകജെ, ബദിയടുക്ക, വോര്‍ക്കാടി, പൈവെളിഗെ, മഞ്ചേശ്വരം, മംഗല്‍പാടി, മീഞ്ച, പുത്തിഗെ, മധൂര്‍, കുമ്പള, ചെങ്കള, കാറഡുക്ക, ബെള്ളൂര്‍ എന്നിങ്ങനെ പതിമൂന്നു പഞ്ചായത്തുകളിലാണ് കൊറഗര്‍ ഇപ്പോഴുള്ളത്. കൊറഗരിലെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഒരു കുടുംബശ്രീ പ്രോജക്ട് നമുക്ക് അപ്രൂവ് ചെയ്തു കിട്ടിയിരുന്നു. പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായിട്ടുള്ള കൊറഗ സ്‌പെഷ്യല്‍ പ്രൊജക്ട്ടാണത്. കേന്ദ്ര ഗവര്‍ണമെന്റ് ഇവരെ കണക്കാക്കുന്നത് particularly vulnerable tribal group എന്ന വിഭാഗത്തിലാണ്. ആ പരിഗണനയുടെ ഭാഗമായാണ് ഈ പദ്ധതി അനുവദിച്ചു കിട്ടിയതും. അതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ മാസം തൊട്ടു തന്നെ എല്ലാ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുമുണ്ട്. വിവിധ തലങ്ങളിലായി കൊറഗരെ സംഘടിപ്പിക്കുക, ശാക്തീകരിക്കുക, അവര്‍ക്കാവശ്യമായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ആരംഭിക്കുക, ക്ലാസ്സുകള്‍ കൊടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. അതോടൊപ്പം തന്നെ, അവര്‍ക്ക് ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ സഹായങ്ങളും ചെയ്യും. കാട്ടില്‍ നിന്നും വള്ളികളും മറ്റും ശേഖരിച്ച് ഓരോന്ന് ഉണ്ടാക്കി വിറ്റാണ് അവര്‍ പരമ്പരാഗതമായി ജീവിക്കുന്നത്. കുട്ട, വട്ടി പോലുള്ള അവരുടെ പരമ്പരാഗത ഉത്പന്നങ്ങളുണ്ട്. അവയെ ഒന്ന് വൈവിധ്യവല്‍ക്കരിക്കാനുള്ള പരിശീലനം കൊടുത്ത്, ആ പ്രോഡക്ടിനെ വേണ്ട രീതിയില്‍ മാര്‍ക്കറ്റു ചെയ്യാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം, അവര്‍ക്കു താല്‍പര്യമുള്ള മറ്റു മേഖലകളിലും പരിശീലനം ലഭ്യമാക്കി, സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യും.”

മീനാക്ഷിയുള്‍പ്പടെ പന്ത്രണ്ടു പേരെയാണ് പദ്ധതിയുടെ പഞ്ചായത്ത് തല ആനിമേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്. മീനാക്ഷി പ്രോജക്ടിനോടു ചേരുന്നതോടെ, മറ്റു പല സാധ്യതകളും തുറന്നു കിട്ടുമെന്നും പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീകള്‍ക്കായുള്ള പദ്ധതികളും സംരംഭകത്വത്തിനു സഹായവും മാത്രമല്ല, ഒപ്പം കുട്ടികള്‍ക്കായി ബാലസഭ പോലുള്ള വിദ്യാഭ്യാസ പരിപാടികളും പ്രോജക്ടിന്റെ ഭാഗമായി ആലോചനയിലുണ്ട്. പല ബ്രിഡ്ജ് കോഴ്‌സുകളും മറ്റും അതിന്റെ ഭാഗമായി വരികയും ചെയ്യും. മീനാക്ഷിയെപ്പോലെ മികച്ച അക്കാദമിക പശ്ചാത്തലമുള്ളൊരാള്‍, കൊറഗ സമൂഹത്തിനകത്തു നിന്നു തന്നെ പ്രൊജക്ടിനൊപ്പം ചേരുമ്പോള്‍, കുടുംബശ്രീയുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് അത് വലിയൊരു ചാലകശക്തിയാകും എന്നു തന്നെയാണ് സുരേന്ദ്രന്‍ അടക്കമുള്ളവരുടെ വിശ്വാസം. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മീനാക്ഷിയ്ക്ക് കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു.

കന്നഡ ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മീനാക്ഷിയുടെ മാതൃഭാഷ ഇതില്‍ നിന്നും വ്യത്യസ്തമായ കൊറഗ ഭാഷയാണ്. കന്നഡ, തുളു, മലയാളം എന്നീ ഭാഷകള്‍ മീനാക്ഷിയ്ക്ക് അറിയാമെങ്കിലും, മലയാളം മാത്രം പിന്തുടരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നോക്കുന്നത് അത്ര എളുപ്പമല്ല. കൊറഗ വിഭാഗക്കാരില്‍ സംഭവിക്കുന്ന ഭാഷാപരമായ ഈ വിടവ് നികത്താനായി ജോറ് മലയാളം എന്ന പേരില്‍ പ്രത്യേക പരിശീലന പരിപാടിയും ആസൂത്രണം ചെയ്യുന്നുണ്ട് കുടുംബശ്രീ മിഷന്‍. മലയാളം പഠിക്കാനും താല്‍പര്യം കാണിക്കുന്നവരാണ് കൊറഗ വിദ്യാര്‍ത്ഥികളെന്നും പദ്ധതി അവര്‍ക്കും സഹായമാണെന്നും അധികൃതര്‍ പറയുന്നു.

താല്‍ക്കാലികമാണെങ്കിലും ഒരു ജോലി ലഭിച്ചതോടെ ജീവിതത്തേക്കുറിച്ച് കൂടുതല്‍ വ്യക്തതയോടെ സ്വപ്‌നം കാണാനാരംഭിച്ചിരിക്കുകയാണ് മീനാക്ഷി. ഒരു വര്‍ഷക്കാലത്തേക്ക് ജോലിയില്‍ തുടരാന്‍ മീനാക്ഷിയ്ക്കു സാധിക്കും. അവസരമുണ്ടെങ്കില്‍ അതു കഴിഞ്ഞും സാധിച്ചേക്കാം. എന്നാല്‍, ഒരു വര്‍ഷത്തിനിടയില്‍ത്തന്നെ ബി.എഡ് സപ്ലിമെന്ററി പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷിയിപ്പോള്‍. ഒരു പേപ്പറില്‍ മാത്രം വിജയിക്കാനാകാത്ത സാഹചര്യത്തില്‍, മീനാക്ഷിയ്ക്ക് ഒരവസരം കൂടി നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാല തയ്യാറായിട്ടുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ ജോലിയിലേക്കു കടക്കാനായി മീനാക്ഷിയ്ക്ക് ഞായറാഴ്ചകളില്‍ സൗജന്യ പി.എസ്.സി കോച്ചിംഗും ഒരുങ്ങിയിട്ടുണ്ട്. ബി.എഡ് നേടാനാകുകയും, പരിശീലനത്തിലൂടെ പി.എസ്.സി പരീക്ഷയില്‍ ജയിക്കാനാകുകയും ചെയ്താല്‍ മീനാക്ഷിയുടെ എല്ലാ ആശങ്കകള്‍ക്കും അറുതിയാകും.

കുറച്ചുകാലത്തേക്കെങ്കിലും മീനാക്ഷിയ്ക്കു ലഭിച്ചിരിക്കുന്നത് വലിയ ആശ്വാസമാണെന്ന് വിശദീകരിക്കുന്നതിനോടൊപ്പം, മീനാക്ഷിയുടെ വഴികാട്ടിയും കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനുമായ രത്‌നാകര മല്ലമൂലെയക്ക് പറയാനുള്ളത് മറ്റു ചിലതാണ്. ‘മീനാക്ഷിയ്ക്ക് താല്‍ക്കാലികമായെങ്കിലും ഒരു ജോലി ലഭിച്ചു. അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. എന്നാല്‍, എസ്.ടി വിഭാഗത്തില്‍ കൊറഗരെ പ്രത്യേകമായി പരിഗണിക്കണം എന്ന ആവശ്യം ഇനിയും മുന്നോട്ടു വയ്‌ക്കേണ്ടതുണ്ട്. കാസര്‍കോട് ജില്ലയില്‍ രണ്ടായിരത്തില്‍ താഴെപ്പേരുള്ള കൊറഗരില്‍, ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടുള്ളത് രണ്ടോ മൂന്നോ പേരാണ്. പത്താം ക്ലാസ്സ് പാസ്സായിട്ടുള്ളതും കുറച്ചു പേര്‍മാത്രം. വെറും രണ്ടു പേര്‍ മാത്രമാണ് സര്‍ക്കാര്‍ ജോലിയിലുള്ളത്. ഇവര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ ആവശ്യമുണ്ട്. മറ്റു ഗോത്രവിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രം ഇവര്‍ക്ക് കൊടുത്താല്‍ പോരാ എന്നുള്ളപ്പോഴാണ്, അതു പോലും കിട്ടാതിരിക്കുന്നത്. മീനാക്ഷിയ്ക്കു വേണ്ടി നമ്മള്‍ സംസാരിക്കുമ്പോള്‍, കൊറഗര്‍ക്കു വേണ്ടിക്കൂടിയാണ് സംസാരിക്കുന്നത്. മീനാക്ഷി ബീഡി തെറുക്കുന്നത് കണ്ടതുകൊണ്ട് മക്കളെ സ്‌കൂളില്‍ വിടാത്ത മാതാപിതാക്കളുണ്ട്. ഇത്ര പഠിച്ചിട്ടും സര്‍ക്കാര്‍ ജോലി കിട്ടിയില്ലല്ലോ എന്ന അവരുടെ വാദത്തിനാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. എത്ര ചെറിയ ജോലിയാണെങ്കിലും, എത്ര ചെറിയ ശമ്പളമാണെങ്കിലും, മീനാക്ഷി സര്‍ക്കാര്‍ ജോലിയുമായി ഓഫീസിലെത്തുമ്പോള്‍ കൊറഗര്‍ക്കു കൂടിയാണ് അതിന്റെ ഗുണമുണ്ടാകുന്നത്. മീനാക്ഷിയുടെ വ്യക്തിപരമായ പ്രശ്‌നമല്ല ഇത്. കൊറഗരുടെയാകെ വിഷയമാണ്. ആ ആയിരത്തിയെണ്ണൂറു പേരുടെ മുഖമാണ് മീനാക്ഷി.’

ബന്ധുക്കളുടെയും അയല്‍ക്കാരുടെയുമെല്ലാം നെറ്റിചുളിഞ്ഞ നോട്ടങ്ങളെ കണ്ടില്ലെന്നു നടിച്ചാണ് മീനാക്ഷി എംഫില്‍ ബിരുദധാരിയായത്. തന്റെ ജീവിതം കൊണ്ട് കൊറഗര്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കിക്കൊടുക്കാമെന്ന് കണക്കുകൂട്ടിയ മീനാക്ഷിയ്ക്കു പക്ഷേ, പലപ്പോഴും കേള്‍ക്കേണ്ടി വന്നത് ‘പഠിച്ചിട്ടെന്തായി’ എന്ന ചോദ്യമാണ്. സ്‌കൂളില്‍ പോയിട്ടും പഠിച്ചിട്ടും കാര്യമില്ലെന്നും, മീനാക്ഷിയെപ്പോലെ ബീഡി തെറുക്കാനാണെങ്കില്‍ സ്‌കൂളില്‍ പോകാതെ ആദ്യമേ അതു ചെയ്താല്‍ പോരേ എന്നുമുള്ള വാക്കുകളെയാണ് മീനാക്ഷി ഭയപ്പെട്ടിട്ടുള്ളതും. താന്‍ ഒരു മോശം മാതൃകയാകുമോ എന്ന ഭയത്തോടാണ് മീനാക്ഷി യഥാര്‍ത്ഥത്തില്‍ പോരാടുന്നത്. കുടുംബശ്രീ മിഷനിലെ ജോലിയില്‍ നിയമന ഉത്തരവ് വാങ്ങി പ്രവേശിച്ചതിന്റെ സന്തോഷം മീനാക്ഷി പങ്കുവച്ചതും, പഠിച്ചിട്ട് കാര്യമുണ്ടോ എന്ന് ഇനിയാരും ചോദിക്കരുത് എന്നു പറഞ്ഞുകൊണ്ടാണ്. തന്നെപ്പോലെ വലിയ ആഗ്രഹങ്ങളുള്ള കൊറഗ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പരിശീലിപ്പിക്കുന്ന ജോലി തന്നെ മീനാക്ഷിയെത്തേടിയെത്തിയത് ഇരട്ടി സന്തോഷം തന്നെയാണ്.

Read More: അന്ന് രാഷ്ട്രപതിയുടെ പ്രത്യേക അതിഥി, ഇന്ന് ബീഡി തെറുപ്പുകാരി; കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍ ബിരുദധാരിയുടെ ജീവിതം

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍