UPDATES

കൊറഗര്‍ മണ്‍മറയുകയാണ്; നിങ്ങളൊഴുക്കിയ കോടികള്‍ എവിടെ?

കാസര്‍ഗോഡ് ജില്ലയിലെയും കര്‍ണ്ണാടകത്തിന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരായ കൊറഗര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു

ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പുസ്തകത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി ചിലവഴിച്ച ഭീമന്‍ തുകകളുടെ കണക്ക് കാണാം. എന്നാല്‍ ഇന്നും യാതൊരു സൗകര്യങ്ങളുമില്ലാതെ മരച്ചുവട്ടിലും മാളങ്ങളിലും പൊത്തുകളിലും അന്തിയുറങ്ങുന്ന ആദിവാസി സമൂഹം… കാസര്‍ഗോഡ് ജില്ലയിലെയും കര്‍ണ്ണാടകയുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരായ കൊറഗരുടെ ജീവിതം ഈ ഗതിയിലാണിപ്പോഴും.

ചത്ത പശുക്കളുടേയും മറ്റും മാംസവും സദ്യകഴിഞ്ഞുപേക്ഷിക്കപ്പെടുന്ന ഇലകളിലെ എച്ചിലുകളുമെല്ലാം വാരിത്തിന്ന് വിശപ്പകറ്റിയും പുല്ലാഞ്ഞിവള്ളിയില്‍ ഭംഗിയായി കൊട്ട മെടഞ്ഞും ജീവിതം തള്ളിനീക്കിയ കൊറഗരെ സര്‍ക്കാര്‍ നന്നാക്കാനും സാധാരണക്കാരെ പോലെ ജീവിക്കാനും കുറെക്കാലമായി പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൊറഗര്‍ തിങ്ങിപ്പാര്‍ക്കുന്ന ബദിയടുക്ക പെരഡാലയിലെ കൊറഗ കോളനിയിലെ ഇപ്പോഴത്തെ കാഴ്ചകള്‍ ഇതാണ്-

ബദിയടുക്ക ടൗണില്‍ നിന്നും സ്‌കൂളിന് സമീപത്ത് കൂടിയുള്ള ഇടവഴിയിലൂടെ നടന്നാല്‍ കോളനിയിലേക്കൊരു റോഡ് കാണാം. കുന്നിറക്കത്തിനിടയില്‍ ഇടവും വലവും കാണുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് സര്‍ക്കാര്‍ കൊറഗര്‍ക്ക്  അനുവദിച്ചുകൊടുത്ത വീടുകള്‍. താഴിട്ട് കിടക്കുന്ന പല വീടുകളും കാലാകാലമായി അങ്ങനെ തന്നെയാണ്. കാടെടുത്ത് തുടങ്ങുന്ന മഞ്ഞ ചായം തേച്ച കെട്ടിടങ്ങളാണ് സര്‍ക്കാര്‍ അനുവദിച്ച കക്കൂസുകള്‍. അത്ഭുതപ്പെടാനൊന്നുമില്ല. മരണം നടന്ന വീടുകള്‍ പ്രേതാലയമാണെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടര്‍ ആ വീടുകളുപേക്ഷിച്ച് വീണ്ടും മാളങ്ങളിലേക്കും പൊത്തുകളിലേക്കുമൊതുങ്ങും.

കുറേക്കൂടി താഴേക്ക് നടക്കുമ്പോള്‍, റബ്ബര്‍ക്കാടിന്റെ ഒത്ത നടുക്കായി ഒരു ഏകാധ്യാപക വിദ്യാലയം. എട്ട് കുട്ടികള്‍ക്കായി ഒരു അധ്യാപകന്‍ ക്ലാസെടുക്കുകയാണ്, മോഹന്‍ കുമാര്‍. പത്തുവര്‍ഷക്കാലത്തിലധികമായി ഇദ്ദേഹം ഈ കോളനിക്കാര്‍ക്കൊപ്പമുണ്ട്. ‘ഇത് വളരെ പഴയൊരു ആദിവാസി വിഭാഗമാണ്. വിശ്വസിക്കാന്‍ പ്രയാസമുള്ള പല ആചാരങ്ങളുമായി ജീവിക്കുന്നവര്‍… ഒരുപാട് വര്‍ഷം പിറകിലാണ് ഇവരുടെ ജീവിതം.’ മാസ്റ്റര്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു.

കുട്ടികള്‍ക്ക് ഇന്റര്‍വെല്‍ കൊടുത്ത് മാസ്റ്റര്‍ കൂടെ വന്നു. ഇത് ഉപയോഗശൂന്യമായ ശൗചാലയത്തിനകത്ത് വര്‍ഷങ്ങളായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന സുഗന്ധി. ഗര്‍ഭകാലത്ത് ഭര്‍ത്താവുമൊത്ത് ശൗചാലയത്തില്‍ കഴിയുന്ന ഇവരുടെ കഥ പത്രത്തിലൊക്കെ വാര്‍ത്തയായിരുന്നു, മാസ്റ്റര്‍ പറഞ്ഞു. ‘പുതിയ വീട് തായെ എട്ക്ക്ന്ന്, അത്‌ബെരെ ഞാളീടെ കയീന്ന്…’ മുറിക്കകത്തുനിന്നും പുറത്തിറങ്ങാതെ പതിഞ്ഞ സ്വരത്തില്‍ സുഗന്ധി ഞങ്ങളോട് പറഞ്ഞു. രണ്ട് വയസ്സ് മാത്രം പ്രായമുള്ള അവളുടെ കുഞ്ഞ് മുഖം പിറകിലേക്ക് വലിച്ച് കിടക്കുന്നുണ്ട്. പ്രസവ ശുശ്രൂഷകള്‍ കൃത്യമായി നടത്താതിരിക്കുന്നതും മരുന്നുകള്‍ വിഷം പോലെ വര്‍ജ്ജിക്കുന്നതും ഇവരുടെ പൊതു സ്വഭാവമാണ്. സമൂഹത്തിലെ താഴെത്തട്ടില്‍ കഴിയുന്നവര്‍ക്കായി നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു, കോടികള്‍ ഇവര്‍ക്കായി നീക്കിവെക്കുന്നു,  എന്നാല്‍ തുടികൊട്ടിത്തഴമ്പിച്ച ഈ കൈകളിലേക്ക് കാര്യമായൊന്നും എത്തില്ല- മാസ്റ്റര്‍ പറഞ്ഞു.

കുളിക്കണമെന്ന് പോലും അറിയാത്ത നിരവധി കുട്ടികളെ സ്‌കൂളില്‍ നിന്ന് കുളിക്കാനും വൃത്തിയായി നടക്കാനും പഠിപ്പിക്കുന്നുണ്ട്. പഠിക്കാന്‍ മടിച്ചിരുന്നവരെയെല്ലാം നിര്‍ബന്ധിച്ച് കൂടെക്കൂട്ടി. പഠനത്തിന് ശേഷം ഉപരിപഠനത്തിന് ചേര്‍ന്ന പലരും എസ്.എസ്.എല്‍.സി കാണാതെ മടങ്ങി. പഠിച്ചവര്‍ അപൂര്‍വ്വമാണ്. കൊട്ടമെടയാന്‍ പോയി അവര്‍ കുലത്തിലെ കാരണവരെ അനുസരിക്കും. അങ്ങനെ, അക്ഷരങ്ങളെ പതുക്കെ മറന്നുകളയും. അതാണ് കൊറഗക്കുട്ടികളുടെ പൊതുസ്വഭാവം. കള്ളിനും മുറുക്കാനും പലരും ചെറുപ്പത്തില്‍ തന്നെ അടിമകളാണ്.

കോളനിയെ പൊതിഞ്ഞ് കിടക്കുന്ന റബ്ബര്‍ തോട്ടത്തില്‍ പ്രായമായ തൈകള്‍ പോലും വെട്ടിയിട്ടില്ല. കശുമാവിന്‍ തോട്ടമായിരുന്ന ഇവിടെ നിന്നും കശുമാവിന്‍ തൈകള്‍ വെട്ടി മാറ്റിയ ശേഷം വന്‍ പ്രചരണത്തോടെ റബ്ബര്‍ തൈകള്‍ നടുകയായിരുന്നു. പദ്ധതിക്കായി ഏഴ് ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ മുടക്കിയത്. എന്നാല്‍ ഒരു രൂപയുടെ ആദായം പോലുമില്ലാതെ പദ്ധതി പാളിപ്പോയി. കശുവണ്ടി ശേഖരിച്ച് അതിനെ വിറ്റ് കാശാക്കിവന്നിരുന്ന കൊറഗര്‍ക്ക് റബ്ബര്‍ തൈകള്‍ വന്‍ തിരിച്ചടിയായി. ശാസ്ത്രീയമായി റബ്ബര്‍ ചെത്തുന്ന പണി പഠിപ്പിച്ചെങ്കിലും പരമ്പരാഗതമായി കൃഷിയോട് താല്‍പര്യമില്ലാത്ത ഇവര്‍ പിന്നെയെന്ത് ചെയ്യും? 1999-ലാണ് പെരഡാല കോളനിയില്‍ കശുമാവിന്‍ തൈകളുടെ സ്ഥാനത്ത് റബ്ബറുകള്‍ ഇടം പിടിച്ചത്. തൈകള്‍ നടുന്ന വര്‍ഷം 2.42 ലക്ഷം രൂപയും, സംരക്ഷണത്തിന് 1.24 ലക്ഷം രൂപയും ചിലവഴിച്ചു. പിന്നീട് 97000, 88000, 77000, 73000 രൂപയും ഇതിന് മാത്രമായി ചിലവഴിച്ചു. ഒരുപകാരവുമില്ലാതെ ഇന്നും കോളനിയില്‍ റബ്ബര്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

മുപ്പത് വീടുകളിലായി 150-ഓളം പേര്‍ താമസിക്കുന്ന പെരഡാല കൊറഗര്‍ കോളനിയില്‍ പണിതീര്‍ന്ന വീടുകള്‍ മാസങ്ങള്‍ കഴിയുംമുന്‍പേ നിലം പതിക്കുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന തുച്ഛമായ പണം കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍മാത്രം ആദായമൊന്നുമില്ലാത്ത ഈ ജനതയെ കോണ്‍ട്രാക്ടര്‍മാര്‍ വലിയരീതിയില്‍ കബളിപ്പിക്കുന്നുമുണ്ട്. കൊട്ടമെടയല്‍ കുലത്തൊഴിലാക്കിയ കൊറഗര്‍ പൊതുവേ കെട്ടിടനിര്‍മ്മാണ സമയത്ത് പണിക്കാര്‍ക്കൊപ്പം നില്‍ക്കാറില്ല.

കൊറഗരുടെ കൊട്ടമെടയല്‍ ആദായകരമാക്കി തീര്‍ക്കാനും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആരംഭിച്ച കൊറഗ വെല്‍ഫെയര്‍ സൊസൈറ്റി കൊട്ടകളുടെ മൊത്ത വിതരണം നടക്കാതെ കെട്ടിക്കിടന്നതോടെ ഓര്‍മ്മയായി. നിരവധി കൊട്ടകള്‍ ഇവിടെ ചിതലരിച്ച് നശിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതി വ്യാപകമായതോടെ 1992-ല്‍ സൊസൈറ്റി അടച്ചുപൂട്ടി. കാലക്രമേണെ വല്ലപ്പോഴും നടക്കുന്ന കൊട്ടമെടയല്‍ പരിശീലന കേന്ദ്രമായി ഇവിടം പരിണമിച്ചു.

ജീവിത നിലവാരത്തില്‍ ഇന്നും വര്‍ഷങ്ങളോളം പിറകിലാണീ സമൂഹം. ഇടയ്ക്ക് വലിയ വാഗ്ദാനങ്ങളുമായ ക്രിസ്തീയ സഭകള്‍ ഇവരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു. ഇങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബങ്ങള്‍ വോര്‍ക്കാടി പഞ്ചായത്തിലെ ഗ്രാമങ്ങളിലേക്ക് ചേക്കേറി. ഇവരുടെ ജീവിതം കുറച്ചുകൂടി ഭേദപ്പെട്ടതാണെന്നും കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നുണ്ടെന്നും ബദിയടുക്കയിലെ കൊറഗര്‍ പറയുമെങ്കിലും യാഥാര്‍ത്ഥ്യം അതൊന്നുമല്ല. വലിയ മാറ്റങ്ങളൊന്നുമില്ലാതെ, പേരുകളില്‍ മാത്രം മാറ്റം വരുത്തി അവരും ജീവിക്കുന്നുണ്ട്.

സര്‍വ്വേ കണക്കുകള്‍ ചേര്‍ത്തുവെച്ച് പരിശോധിക്കുമ്പോള്‍, കൊറഗര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കല്ലുരുട്ടി കോപിക്കുമ്പോഴാണ് രോഗങ്ങള്‍ വരുന്നതെന്നും, അസുഖം ഭേതമാകാന്‍ ദേവിയെ പ്രീതിപ്പെടുത്തുകയാണ് വേണ്ടതെന്നും ഇവര്‍ വിശ്വസിക്കുന്നു. മരുന്നിനെ വിഷം പോലെ വര്‍ജ്ജിക്കുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്. ക്ഷയം, ഹൃദ്രോഗം, ക്യാന്‍സര്‍, കോളറ, എയ്ഡ്‌സ് രോഗികള്‍ വരെ കോളനിയില്‍ നിന്ന് മരിച്ചുപോയിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടല്‍ ഇവരുടെ അന്ധവിശ്വാസത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിട്ടുണ്ട്. എങ്കിലും പലപ്പോഴും പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ അലംഭാവം കൂടുതലാണെന്ന് കോളനിക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മുന്നേ വന്നിട്ടും എങ്ങുമെത്താതെ പോയവരാണ് ആദിവാസികള്‍. പിന്നോക്ക ജില്ലയിലെ പിന്നോക്ക വിഭാഗക്കാരുടെ ജീവിതം നേരില്‍ കണ്ടാല്‍ കരളലിയിക്കുന്നത്രയും കഷ്ടമാണ്. മരുന്ന് കഴിക്കാതെ, ശരിയായ പ്രസവ ശുശ്രൂഷകള്‍ ലഭിക്കാതെ, ആശുപത്രി സേവനങ്ങള്‍ ലഭിക്കാതെയും ചത്തൊടുങ്ങുകയാണ് കൊറഗര്‍. അടിയന്തിരമായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത പക്ഷം തിരിച്ചുപിടിക്കാനാകാത്ത വിധം കൊറഗര്‍ മണ്‍മറഞ്ഞ് പോയേക്കാം…

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍