UPDATES

കോതമംഗലം എംഎ കോളേജ് എഞ്ചിനീയറിംഗിലെ മാഗസിന്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍, ‘ആയിരം കാ‍ന്താരി’ പിന്‍വലിച്ച് അധികൃതര്‍, ഭരണഘടനയെക്കുറിച്ച് പറയുന്നത് തെറ്റാണോയെന്ന് വിദ്യാര്‍ഥികള്‍

കോളേജിന്റെ ഉടമസ്ഥതയുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെയും സംഘപരിവാര്‍ സംഘടനകള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കോളേജ് മാഗസിന്‍ വിവാദത്തില്‍. ശബരിമലയേയും അയ്യപ്പനെയും അപകീര്‍ത്തിപ്പെടുത്തുന്ന രചനകളാണ് മാഗസിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി പോലുള്ള സംഘപരിവാര്‍ സംഘടനകളാണ് രംഗത്തു വന്നിരിക്കുന്നത്. വിവാദം ചൂടുപിടിച്ച സാഹചര്യത്തില്‍ ‘ആന കേറാമല, ആട് കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന പേരില്‍ പുറത്തിറക്കിയ മാഗസിന്‍ പിന്‍വലിക്കുന്നതായി കോളേജ് അധികൃതര്‍ ഔദ്യോഗിക പ്രസ്തവനയിറക്കി. 2017-18 ലെ കോളേജ് മാഗസിിനില്‍ വന്നിരിക്കുന്ന ചില പരാമര്‍ശങ്ങള്‍ കോളേജിന്റെ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും നിരക്കാത്തതായതിനാല്‍ മാഗസിന്‍ പിന്‍വലിക്കുന്നതായാണ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു കെ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിക്കുന്നതുപോലെ തങ്ങള്‍ യാതൊരു വിധത്തിലുള്ള മതവിദ്വേഷവും മാഗസിനിലൂടെ പ്രചരിപ്പിച്ചിട്ടില്ലെന്ന് മാഗസിന്‍ പാനലില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇപ്പോഴത്തെ വിവാദത്തിനു പിന്നില്‍ സ്ഥാപിത ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ ദൈവങ്ങളെയോ പരിഹസിച്ചിട്ടില്ല, ആരെയെങ്കിലും പ്രത്യേകമായി പുകഴ്ത്തി പറഞ്ഞിട്ടുമില്ല. നവോത്ഥാനവും സ്ത്രീ മുന്നേറ്റവും ഭരണഘടനയും ആസ്പദമാക്കിയുള്ള രചനകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ വിവാദഹേതുവാകുന്ന യാതൊന്നും തന്നെയില്ലെന്ന് ആ മാഗസിന്‍ വായിക്കുന്ന ആര്‍ക്കും മനസിലാകുന്നതാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മാഗസിന്‍ എഡിറ്റര്‍ ആയിരുന്നു ഋത്വിക് ഈ വിഷയത്തില്‍ അഴിമുഖത്തിനോട് പറഞ്ഞ കാര്യങ്ങള്‍: “ആന കേറാ മല, ആട് കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി എന്ന പേരില്‍ ഈ മാഗസിന്‍ പുറത്തിറക്കുന്നത് അഞ്ചുമാസങ്ങള്‍ക്കു മുന്നേയാണ്. അപ്പോഴൊന്നും ഇല്ലാതിരുന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതെന്തുകൊണ്ടാണെന്നു ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ഇപ്പോള്‍ പ്രചരിപ്പിക്കുന്നതുപോലെ മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന വിധത്തില്‍ യാതൊരു ഉള്ളടക്കവും ആ മാഗസിനില്‍ ഇല്ല. സ്ത്രീ മുന്നേറ്റവും നവോത്ഥാന കാലഘട്ടവും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മാഗസിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിധി വന്ന സാഹചര്യത്തില്‍ ആ വിധിയെ വിശകലനം ചെയ്യുക എന്ന ഉദ്ദേശത്തില്‍ തയ്യാറാക്കിയ ഒരു ലേഖനത്തെയാണ് ഇപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രകോപനത്തിന് ഉപയോഗിക്കുന്നത്. ഭരണഘടനയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ശബരിമല വിധിയെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ക്രോഢീകരിച്ചുകൊണ്ടാണ് ആ ലേഖനം തയ്യാറായിക്കിയിരിക്കുന്നത്. അതില്‍ അയ്യപ്പനെ മോശമായി ചിത്രീകരിക്കാനോ കനകദുര്‍ഗയേയും ബിന്ദുവിനെയും നവോത്ഥാന നായികമാരായി ഉയര്‍ത്താനോ ഒന്നും ആ ലേഖനത്തിലോ മാഗസിന്‍ കൊണ്ടോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ആ ലേഖനത്തില്‍ ഒരിടത്തു മാത്രമാണ് കനകദുര്‍ഗ, ബിന്ദു എന്നീ പേരുകള്‍ പോലും പരാമര്‍ശിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമല്ല, കനകദുര്‍ഗയും ബിന്ദുവുമാണ് നവോത്ഥാന നായകര്‍ എന്നൊരു പ്രസ്താവന ആ ലേഖനത്തില്‍ ഒരിടത്തും ഇല്ല. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും നവോത്ഥാന സംഭാവനകള്‍ കൃത്യമായി അതില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പിന്നെയെന്തിനാണവര്‍ ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നതെന്നും അറിയില്ല. ഒരു കേസിനു പോയാല്‍ പോലും ഞങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെന്നു തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. മത-സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കേണ്ടത് ആരുടെ താത്പര്യമാണെന്ന് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതില്‍ കൂടി മനസിലാക്കാവുന്നതാണ്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദത്തിനു പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ട്. ഇതൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള കോളേജാണ്. മാനേജ്‌മെന്റ് പറഞ്ഞ് ചെയ്യിപ്പിച്ച കാര്യം എന്ന രീതിയില്‍ വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ ചെയ്യുന്നത്. മനേജ്‌മെന്റിന് ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലെന്നതാണ് വാസ്തവം. ഇത് വിദ്യാര്‍ത്ഥികള്‍ ചെയ്തതാണ്. പല വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് ഞങ്ങള്‍, പലയിടങ്ങളില്‍ നിന്നായി വരുന്നവര്‍. ഏതെങ്കിലും മതത്തെയും വിശ്വാസത്തെയോ ചോദ്യം ചെയ്യാനോ അപമാനിക്കാനോ യാതൊരു ഉദ്ദേശ്യവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല, അങ്ങനെ ചെയ്തിട്ടുമില്ല. മാനേജ്‌മെന്റിനു മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടായാരിക്കാം മാഗസിന്‍ പിന്‍വലിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്. വലിയ കലാപങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അതിനെ തടയാന്‍ ഇങ്ങനെയൊരു വഴിയായിരിക്കും അവര്‍ കണ്ടിരിക്കുക.”

അതേസമയം ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ മാഗസിന്‍ വിവാദവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. മാഗസിന്‍ പിന്‍വലിക്കണമെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷ കെ പി ശശികല അറിയിച്ചിരുന്നു. മാഗസിന്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മാഗസിന്‍ എഡിറ്ററെ അറസ്റ്റ് ചെയ്യണമെന്നതാണ് പുതിയ ആവശ്യം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് കോതമംഗലം സ്‌റ്റേഷനില്‍ ഹിന്ദു ഐക്യവേദി പരാതി നല്‍കിയിട്ടുമുണ്ട്. കനകദുര്‍ഗയേയും ബിന്ദു അമ്മിണിയേയും നവോത്ഥാന നായികമാര്‍ എന്നു ചിത്രീകരിക്കുന്ന മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരേ വിഷം തുപ്പുകയാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. മാഗസിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് പറയുന്നുണ്ട്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്നും ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് ഉള്ളതെന്നും പറയുന്ന മാഗസിനു പിന്നില്‍ ഹിന്ദുത്വ വിരുദ്ധ അജണ്ടയാണ് വ്യക്തമാക്കപ്പെടുന്നതെന്നുമാണ് ഇവരുടെ ആരോപണം. ഹൈന്ദവ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തണമെന്ന് മാഗസിന് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് മീശ എന്ന നോവലിനും ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കും പിന്തുണ നല്‍കിയിരിക്കുന്നതിലൂടെ പുറത്തുവരുന്നതെന്നും സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നു.

കോളേജിന്റെ ഉടമസ്ഥതയുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെയും സംഘപരിവാര്‍ സംഘടനകള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. കോളേജ് മാനേജ്‌മെന്റിനെ കടുത്ത ഭാഷയിലാണ് കെ പി ശശികല വിമര്‍ശിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കൊണ്ട് മനഃപൂര്‍വം ഇത്തരം ലേഖനങ്ങള്‍ എഴുതിപ്പിച്ച് മാഗസിന്‍ പ്രസിദ്ധപ്പെടുത്തുകയാണ് എംഎ കോളേജ് മാനേജ്‌മെന്റ് ചെയ്തിരിക്കുന്നതെന്നാണ് കെ പി ശശികലയുടെ ആരോപണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് ശശികല ഫേസ്ബുക്കില്‍ പറയുന്ന ആരോപണങ്ങള്‍ ഇങ്ങനെയാണ്; “കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ പൂത്തിറങ്ങിയ ആയിരം കാന്താരി ഞങ്ങള്‍ ഹൈന്ദവ ഭക്തര്‍ നിങ്ങളില്‍ ആരുടെ -ലാണ് അരച്ചു തേക്കേണ്ടത്? മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന പള്ളിപ്പാതിരിമാരുടെ? പ്രിന്‍സിപ്പലിന്റെ? സ്റ്റാഫ് എഡിറ്ററുടെ? സ്റ്റുഡന്റ്‌സ് എഡിറ്ററുടെ? പത്രാധിപ സമിതിയുടെ? ?????കുട്ടികളേ, നിങ്ങള്‍ ചൂടു ചോറു മാന്തുമ്പോള്‍ ചിരിക്കുന്നവരെ നിങ്ങള്‍ കാണുന്നില്ലേ? എന്തേ ഒരു മതത്തിനു നേരെ മാത്രം എന്നു വിളിച്ചു ചോദിക്കാന്‍ നിങ്ങളുടെ നാവുകള്‍ക്കാവത്തതെന്തേ? ന്യൂനപക്ഷ പദവിയുണ്ടെങ്കില്‍ ഭൂരിപക്ഷത്തെ ചവിട്ടിമെതിക്കാം എന്നാണോ? ചോദ്യങ്ങള്‍ നിര്‍ത്തുന്നു. ഈ തെമ്മാടിത്തരം അവസാനിക്കണം. ഞങ്ങളുടെ വേദന നിങ്ങളറിയില്ലെങ്കില്‍ ഞങ്ങളുടെ ശക്തിയെങ്കിലും നിങ്ങള്‍ അറിയണം. അറിഞ്ഞേ പറ്റൂ. ആ മാഗസിന്‍, ഉടനടി പിന്‍വലിക്കണം, മതവികാരം വ്രണപ്പെടുത്തിയതിന് മാഗസിന്‍ എഡിറ്ററുടെ പേരില്‍ കേസെടുക്കണം. ഹൈന്ദവ ഭക്തരുടെ നെഞ്ചത്ത് വേണ്ട നിങ്ങളുടെ എഞ്ചിനീയറിംഗ്.”

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍