UPDATES

മുഖ്യമന്ത്രിയുടെ വാക്കിനും പുല്ലുവില; കോട്ടയം ഭാരത് ആശുപത്രി പിരിച്ചുവിട്ടത് 19 നഴ്‌സുമാരെ

നഴ്സുമാരെ പിരിച്ചു വിട്ട നടപടിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്

യൂണിയന്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ നഴ്‌സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. കോട്ടയം ഭാരത് ആശുപത്രി മാനേജ്‌മെന്റാണ് നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ട് പ്രതികാര നടപടികളിലേക്ക് കടന്നിരിക്കുന്നത്. കരാര്‍ അവസാനിച്ചു എന്ന കത്ത് നല്‍കിയാണ് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നഴ്‌സുമാരെപ്പോലും പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെ നഴ്‌സുമാരും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും നടത്തുന്ന സമരം നാല്‍പ്പത് ദിവസങ്ങള്‍ പിന്നിട്ടു.

സമരം നാല്‍പ്പത് ദിവസങ്ങള്‍ കഴിയുന്ന സാഹചര്യത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു.എന്‍.എ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം പോലീസ് തടഞ്ഞു. ഇതിനെതിരെ പ്രതിഷേധിച്ച് കുത്തിയിരുപ്പ് സമരം ആരംഭിച്ച സമരക്കാരോട് പിരിഞ്ഞുപോവാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാവാതിരുന്ന നഴ്‌സുമാര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. ഇത് പിന്നീട് സംഘര്‍ഷത്തിന് വഴിവയ്ക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ നിരവധി നഴ്‌സുമാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ‘ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് ഞങ്ങളെ തടഞ്ഞതും ലാത്തിച്ചാര്‍ജ് നടത്തിയതും. തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുമായി പത്തോളം നഴ്‌സുമാര്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. എല്ലാം ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടികളുടെ ഭാഗമാണ്. വ്യക്തമായ അപ്പോയ്ന്‍മെന്റ് ലെറ്റര്‍ പോലും നല്‍കാതെയാണ് ആശുപത്രിയില്‍ നഴ്‌സുമാരെ ജോലിക്കെടുക്കുന്നത്. നഴ്‌സസ് സമരം അവസാനിപ്പിച്ചതിന് രണ്ടാം ദിവസമാണ് മാനേജ്‌മെന്റിന്റെ വക ആദ്യ പിരിച്ചുവിടല്‍. എന്നാല്‍ സാലറി നല്‍കുന്നതിന് തെളിവോ, ഉണ്ടെന്ന് പറയപ്പെടുന്ന കരാറിന്റെ കോപ്പിയോ കൈവശമില്ലാത്തതിനാല്‍ ഇവിടുത്തെ നഴ്‌സുമാര്‍ക്ക് നിയമ നടപടി സ്വീകരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്‘- യു.എന്‍.എ. പ്രതിനിധി ലിസു മൈക്കല്‍ പറഞ്ഞു.

"</p

കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടിട്ടുള്ള നഴ്‌സുമാരുടെ കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചു വിട്ടതെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ ന്യായം. എന്നാല്‍ മാനേജ്‌മെന്റിന്റെ നടപടി അന്യായമാണെന്നും അത്തരത്തിലൊരു കരാര്‍ തന്നെ നിലവിലുണ്ടോ എന്ന കാര്യം ഇതേവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും സമരക്കാര്‍ പറയുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യൂണിറ്റ് രൂപീകരിക്കുകയും സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതിന്റെ പ്രതികാര നടപടിയാണ് വ്യക്തമായ കാരണം കാണിക്കാതെയുള്ള ഈ പിരിച്ചുവിടലെന്നും സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ അശ്വതി പറഞ്ഞു. സമരം ആരംഭിച്ചതിന് ശേഷം അശ്വതിയേയും പുറത്താക്കിയതായി അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചു.

‘ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ സര്‍വീസ് ഉണ്ടായിരുന്ന നഴ്‌സുമാരെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടിരിക്കുന്നത്. അസോസിയേഷന്‍ യൂണിറ്റ് രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ പലര്‍ക്കുമെതിരെയാണ് നടപടി. വേതന വര്‍ധനവും മറ്റ് അവകാശങ്ങളും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടാകെ അസോസിയേഷന്‍ നടത്തിയ സമരം വിജയമായിരുന്നു. ഒടുവില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ വേതന വര്‍ധനവ് നടപ്പാക്കാമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമരം നടത്തിയതിന്റെ പേരില്‍ നഴ്‌സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ വാക്കുകള്‍ക്കൊന്നും ഒരു വിലയും ഭാരതിന്റെ മാനേജ്‌മെന്റ് കല്‍പ്പിച്ചില്ല. ആദ്യം രണ്ട് പേരെ പുറത്താക്കി. പിന്നീട് ഏഴ് പേര്‍ക്കെതിരെയും നടപടി വന്നു. കരാര്‍ കാലാവധി കഴിഞ്ഞു എന്ന് മാത്രമാണ് പിരിച്ചുവിടല്‍ നോട്ടീസിലുള്ളത്.

"</p

എന്നാല്‍ എന്താണ് കരാര്‍, എത്രകാലത്തേക്കാണത് എന്നൊന്നും ഞങ്ങള്‍ക്കാര്‍ക്കുമറിയില്ല. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ ഒന്നും എഴുതാത്ത മുദ്രപത്രം ഞങ്ങളില്‍ നിന്ന് ഒപ്പിട്ട് വാങ്ങും. അതുകഴിഞ്ഞ് എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കുകയും വേണം. ഭാരതിലെ എല്ലാ നഴ്‌സുമാരെയും അവര്‍ കരാറടിസ്ഥാനത്തിലാണ് എടുത്തിരിക്കുന്നതെന്ന് പറയുന്നു. കരാര്‍ തൊഴിലാളികളാണെങ്കില്‍ കരാര്‍ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള നിയമനത്തിന്റെ ഒരു പകര്‍പ്പ് മാനേജ്‌മെന്റിന്റെ കയ്യിലുള്ളത് പോലെ ഞങ്ങള്‍ക്കും തരണം. എന്നാല്‍ ഇതേവരെ മുദ്രപ്പത്രം ഒപ്പിട്ട് വാങ്ങുകയല്ലാതെ ഇവര്‍ കരാര്‍ എങ്ങനെയാണെന്നതിനുള്ള ഒരു തെളിവും ഞങ്ങള്‍ക്ക് തന്നിട്ടില്ല. മുമ്പ് ആശുപത്രികളിലുണ്ടായിരുന്ന ബോണ്ട് സമ്പ്രദായത്തിന് പകരമാണ് ഇപ്പോള്‍ ഈ കരാര്‍ സമ്പ്രദായം. പക്ഷെ രണ്ടും ആശുപത്രികളില്‍ പാടില്ല എന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. കരാര്‍ നിയമനത്തിന് ആശുപത്രികള്‍ക്ക് പ്രത്യേക ലൈസന്‍സും വേണം. എന്നാല്‍ ഭാരതിന് അതില്ല.

"</p

ഒമ്പത് നഴ്‌സുമാരെ പുറത്താക്കിയതായി നോട്ടീസ് നല്‍കിയപ്പോഴാണ് ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റിനെ സമീപിച്ചത്. എന്നാല്‍ അവര്‍ വഴങ്ങിയില്ല. പിന്നീട് ലേബര്‍ ഓഫീസിലും പരാതി നല്‍കി. ലേബര്‍ ഓഫീസിലും റീജ്യണല്‍ ലേബര്‍ ഓഫീസിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും അലസിപ്പോയി. പിന്നീട് തിരുവനന്തപുരത്തെ അഡീഷണല്‍ ലേബര്‍ ഓഫീസറുടെ നേതൃത്വത്തിലും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരും എത്തിയില്ല. ജൂലൈ 17നാണ് ഞങ്ങള്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കുന്നത്. പിന്നീട് അത് ഫലം കാണാതായപ്പോള്‍ ആഗസ്ത് ഏഴ് മുതല്‍ സമരം ആരംഭിച്ചു. അറുപത് പേരാണ് സമരത്തിനിറങ്ങിയത്. പലവിധ ഭീഷണികളില്‍ ഭയന്നാണ് മറ്റ് പലരും സമരത്തിനെത്താത്തത്. വീട്ടുകാരേയും ഭര്‍ത്താക്കന്‍മാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വരെ വിളിച്ചാണ് മാനേജ്‌മെന്റ് ഭീഷണി മുഴക്കിയത്. ഭീഷണികള്‍ക്ക് മുന്നില്‍ തല കുനിക്കാതെ സമരത്തിനിറങ്ങിയ ഞാനടക്കമുള്ള പത്ത് പേര്‍ക്ക് കൂടി പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. സമരക്കാര്‍ക്ക് സമരപ്പന്തല്‍ നാട്ടാനുള്ള അവസരം പോലും ലഭിച്ചില്ല. കുട ചൂടിയണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.’- അശ്വതി പറയുന്നു.

ഈ സമയത്തിനുള്ളില്‍ 19 പേരെയാണ് ഭാരത് ആശുപത്രി മാനേജ്‌മെന്റ് പിരിച്ചുവിട്ടിട്ടുള്ളത്. അനധികൃതമായി അവധിയെടുത്തു എന്ന കാരണം കാണിച്ചാണ് ഇപ്പോള്‍ സമരം ചെയ്യുന്നവരില്‍ 10 പേരെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരെയെല്ലാം തിരികെയെടുക്കുന്നത് വരെ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍