UPDATES

ട്രെന്‍ഡിങ്ങ്

കോട്ടയം സീറ്റ്; പി ജെ ജോസഫിനെ കോണ്‍ഗ്രസും കൈവിട്ടു

പാര്‍ട്ടി പിളര്‍ക്കില്ലെന്ന ഉറപ്പ് ജോസഫില്‍ നിന്നും കോണ്‍ഗ്രസ് വാങ്ങിയിട്ടുണ്ടെന്നും അറിയുന്നു

കോട്ടയം പാര്‍ലമെന്റ് സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി മാരത്തോണ്‍ ചര്‍ച്ച നടത്തിയിട്ടും പി ജെ ജോസഫിന് ആശ്വസിക്കാന്‍ വകയില്ല. സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് തത്കാലം പി ജെ ജോസഫിനെ കൈവിട്ടിരിക്കുകയാണ്. രണ്ടേകാല്‍ മണിക്കൂറോളമാണ് പിജെ ജോസഫ്, മോന്‍സ് ജോസഫ്, ടിയു കരുവിള എന്നിവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കന്റോണ്‍മെന്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിലുള്ള സമവായ തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് ചര്‍ച്ചയ്ക്കു ശേഷം പി ജെ ജോസഫ് തന്നെ തന്റെ വാക്കുകളിലൂടെ സൂചന നല്‍കിയത്.

അതേസമയം തെരഞ്ഞെടുപ്പിന്റെ സമയത്ത് പാര്‍ട്ടി പിളര്‍ന്നു പോകാതിരിക്കാന്‍ ജോസഫിനെ കോണ്‍ഗ്രസ് അനുനയത്തിലാക്കിയിട്ടുണ്ട്. തനിക്ക് സീറ്റ് നല്‍കാത്തതിലുള്ള അമര്‍ഷം നിലനിര്‍ത്തുമ്പോഴും കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ച് തത്കാലം പാര്‍ട്ടി വിട്ട് പോകില്ലെന്ന എന്ന നിലപാട് എടുത്തിരിക്കുകയാണ് ജോസഫ്. കോട്ടയത്ത് തോറ്റാല്‍ തന്നെ കുറ്റപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് നേതാക്കളെ പി ജെ ജോസഫ് അറിയിച്ചിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് തങ്ങള്‍ നല്‍കിയിട്ടില്ലെന്നും ആ വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് ജോസഫിനൊപ്പമുള്ള മോന്‍സ് ജോസഫ് വ്യക്തമാക്കുന്നത്. കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കാനോ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാനോ തങ്ങള്‍ ശ്രമം നടത്തില്ലെന്നാണ് ജോസഫുമായി ചര്‍ച്ച നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ അറിയിച്ചതെന്നാണ് വിവരം. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ജോസഫിന്റെ നിര്‍ദേശവും ഇവര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

തന്റെ കാര്യത്തില്‍ മാന്യമായൊരു തീരുമാനം ഉണ്ടായാല്‍ കോട്ടയം സീറ്റിന്റെ അവകാശവാദത്തില്‍ നിന്നും പിന്മറാമെന്നു ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തില്‍ എന്തെങ്കിലും ഒറു തീരുമാനം ചര്‍ച്ചയില്‍ ഉണ്ടായിട്ടില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. അതേസമയം, കേരള കോണ്‍ഗ്രസിനകത്തെ മാണി-ജോസഫ് പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു പിളര്‍പ്പ് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അറിയുന്നു.

ജോസഫും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ, ജോസഫിനോട് ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറാല്ലെന്നു ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. തന്റെ സീറ്റ് അട്ടിമറിച്ചത് ജോസ് കെ മാണിയും സംഘവുമാണെന്നു ജോസഫിന്റെ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ജോസഫിനെതിരേ വലിയ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നു ജോസ് കെ മാണി മാധ്യമങ്ങളോട് പറയുകയുമുണ്ടായി. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണെന്നും പറഞ്ഞാണ് ജോസഫിന്റെ ആവശ്യങ്ങളെ ജോസ് കെ മാണി തള്ളിക്കളഞ്ഞത്.

തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനം തെറ്റാണെന്നാണും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും തന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നതാണെന്നും സ്ഥാനാര്‍ഥിയായി മറ്റാരുടെയും പേര് ഉയര്‍ന്നിരുന്നില്ലെന്നും ജോസഫ് പറയുമ്പോള്‍, ഇതെല്ലാം കള്ളപ്രചാരണമാണെന്നാണ് ജോസഫിന്റെ പേരെടുത്ത് പറയാതെ ജോസ് കെ മാണി പ്രതികരിക്കുന്നത്. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം വളരെ ജനാധിപത്യപരമായി എടുത്ത തീരുമാനം ആണെന്നും സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ചുകൊണ്ട് എല്ലാവരും ഒപ്പിട്ട് നല്‍കിയതിന്റെ ഡോക്യുമെന്റ് ഉണ്ടെന്നുമാണ് ജോസ് കെ മാണി പറയുന്നത്. പലരും പല കള്ളപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും അതൊക്കെ നടത്തിക്കോട്ടെയെന്നും എല്ലാം കാര്യങ്ങളും ഡോക്യുമെന്റഡ് ആണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറയുന്നു.

കോട്ടയത്ത് മറ്റൊരു സ്ഥാനാര്‍ത്ഥി വരണമെന്ന ആവശ്യത്തിന് യതൊരു വിലും നല്‍കുന്നില്ലെന്നു കൂടി ജോസഫിനെ തള്ളിക്കൊണ്ട് ജോസ് കെ മാണി പറയുന്നുണ്ട്. തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അത് മുന്നോട്ടു പോവുകയാണെന്നും അതിലൊരു മാറ്റം ഉണ്ടാകില്ലെന്നുമാണ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണിയുടെ ഉറപ്പിച്ചു പറയുന്നത്.

ഇന്നു രാവിലെയാണ് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരോട് പി ജെ ജോസഫ്, മോന്‍സ് ജോസഫ്, ടി യു കുരുവിള എന്നിവര്‍ ചര്‍ച്ചയാരംഭിച്ചത്. തന്റെ കാര്യത്തില്‍ ഒരു മാന്യമായ തീരുമാനം ഉണ്ടാകണമെന്നും കോണ്‍ഗ്രസ് എന്തു തീരുമാനം എടുത്താലും അത് അംഗീകരിക്കാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു പി ജെ ജോസഫ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഉമ്മന്‍ ചാണ്ടിക്കും മുന്നില്‍ വച്ച നിര്‍ദേശം. നേരത്തെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗും കെ എം മാണിയെ കണ്ട് പ്രശ്‌ന പരിഹാരത്തിന് സാധ്യതകള്‍ ആരാഞ്ഞെങ്കിലും എടുത്ത തീരുമാനത്തില്‍ നിന്നും പുറകോട്ട് പോകില്ലെന്ന മറുപടിയാണ് മാണിയില്‍ നിന്നും കിട്ടിയത്. വീണ്ടുമൊരു ചര്‍ച്ച കൂടി കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ അത് നടക്കില്ലെന്നാണ് അറിയുന്നത്.

തത്കാലം പാര്‍ട്ടി വിടില്ലെന്നാണ് ജോസഫ് പറയുന്നതെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ മാണിയുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ തങ്ങളെ യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. മാണിയും ജോസ് കെ മാണിയും ചേര്‍ന്ന് തീരുമാനങ്ങള്‍ സ്വയം എടുത്ത് മറ്റുള്ളവരില്‍ അത് അടിച്ചേല്‍പ്പിക്കുകയാണെന്നും ഇത്തരത്തില്‍ യോജിച്ചു പോകാന്‍ ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കുക വഴി കെ എം മാണിയുമായി വഴിപിരിയാന്‍ സമയമായെന്ന സൂചന തന്നെയാണ് ജോസഫ് നല്‍കുന്നത്. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നാല്‍ തങ്ങളുടെ ഘടകത്തിന് യുഡിഎഫില്‍ സ്ഥാനം കിട്ടണമെന്നതാണ് ജോസഫ് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍