UPDATES

വായന/സംസ്കാരം

കൊട്ടിയം എന്‍എസ്എസ് കോളേജില്‍ നിന്ന് കവികളെ ഇറക്കിവിട്ടു; എന്താണ് സംഭവിച്ചത്? പവിത്രന്‍ തീക്കുനിയും സുരേഷ് വാക്കനാടും സംസാരിക്കുന്നു

സംസ്‌ക്കാരത്തെയും ഭാഷയെയും നിഷേധിക്കുകയാണ് അവര്‍ ചെയ്തത്. പുസ്തകത്തെ പുഴുങ്ങി തിന്നുന്ന ഇടങ്ങളാകരുത് ക്യാമ്പസുകള്‍. പുസ്തകങ്ങളെ അറിഞ്ഞു തിന്നുന്ന ഇടങ്ങളാകട്ടെ.

കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ അഫിലിയേറ്റഡ് ക്യാമ്പസുകളില്‍ നടത്തിവരുന്ന കവിയരങ്ങിന്റെ ഭാഗമായി കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ എത്തിച്ചേര്‍ന്ന പവിത്രന്‍ തീക്കുനി, നൗഷാദ് പത്തനാപുരം,സുരേഷ് വാക്കനാട് എന്നിവരെ കോളേജ് അധികൃതര്‍ ഇറക്കിവിട്ടു. കവിയരങ്ങിനെത്തിയിട്ടുണ്ടെങ്കില്‍ കവിത ചൊല്ലിയേ മടങ്ങുകയുള്ളൂവെന്ന് കവികള്‍ ഉറപ്പിച്ചതോടെ യൂണിയന്‍ ഭാരവാഹികളും കലാലയത്തിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിറഞ്ഞ സദസ്സില്‍ കവിത ചൊല്ലി അവര്‍ പിരിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് പവിത്രന്‍ തീക്കുനിയും സുരേഷ് വാക്കനാടും ദില്‍ന വികസ്വരയുമായി സംസാരിക്കുന്നു.

ദില്‍ന: കോളേജില്‍ എത്തുന്നത് എങ്ങനെയാണ്?

പവിത്രന്‍ തീക്കുനി: അഫിലിയേറ്റഡ് ക്യാമ്പസുകളില്‍ നടത്തിവരുന്ന കവിയരങ്ങിന് വേണ്ടിയുള്ള കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ ക്ഷണം സ്വീകരിച്ചാണ് കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ എത്തിച്ചേരുന്നത്. കവിയരങ്ങിന്റെ ഉദ്ഘാടനം കൊല്ലം എസ്.എന്‍ കോളേജില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വ്വഹിച്ചശേഷമാണ് ഉച്ചയോടെ ഞങ്ങള്‍ കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ എത്തുന്നത്.

ദില്‍ന: കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ എത്തിച്ചേരുമ്പോഴുണ്ടായ അനുഭവം?

പവിത്രന്‍ തീക്കുനി: മാനേജ്‌മെന്റ് പരിപാടി നടത്താന്‍ പാടില്ല എന്ന് അറിയിച്ചു. കോളേജിനകത്ത് പുറത്ത് നിന്നുമുള്ള ആരും അകത്തേക്കു പ്രവേശിക്കാന്‍ പാടില്ലെന്നും, പരിപാടിയെക്കുറിച്ച് നേരത്തേ അറിയിച്ചില്ല എന്നും പറഞ്ഞു. എന്നാല്‍ പരിപാടിക്കായി നേരത്തേ തന്നെ പെര്‍മിഷന്‍ വാങ്ങിയിരുന്നുവെന്നാണ് ജനറല്‍ സെക്രട്ടറി പറയുന്നത്.

സുരേഷ് വാക്കനാട്: ഞങ്ങള്‍ കോളേജിലേക്ക് എത്തിയപ്പോള്‍ തന്നെ അടഞ്ഞ ഗേറ്റുകളായിരുന്നു മുന്നില്‍. അര മണിക്കൂര്‍ നേരത്തിലധികം സമയം പുറത്ത് നിന്ന ശേഷമാണ് ഞങ്ങള്‍ക്ക് ക്യാമ്പസിലേക്ക് കടക്കാന്‍ സാധിച്ചത്. ശേഷം പ്രിന്‍സിപ്പലിനെ കാണാന്‍ പോലും ഞങ്ങള്‍ക്ക് സാധിച്ചില്ല. അദ്ദേഹം ഒളിച്ചു കളിക്കുകയായിരുന്നു. കുട്ടികള്‍ പറഞ്ഞപ്പോഴാണ് പ്രിന്‍സിപ്പലിനെ കാണാനില്ല എന്ന് ഞങ്ങള്‍ അറിയുന്നത്.

ദില്‍ന: നിശ്ചയിച്ച പ്രകാരം പരിപാടി നടക്കാതെ വന്നപ്പോള്‍ എന്ത് ചെയ്തു?

സുരേഷ് വാക്കനാട്: ആരുമില്ലയെങ്കിലും ഒഴിഞ്ഞ കോളേജ് ഗ്രൗണ്ടില്‍ ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് കവിയരങ്ങ് നടത്തി, ഞങ്ങളുടെ പ്രതിഷേധം അറിയിച്ച ശേഷം മാത്രമേ കോളേജ് വിട്ട് പുറത്ത് പോവുകയുള്ളൂവെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പുറത്ത് നല്ല മഴയായിരുന്നിട്ട് പോലും ഇരുന്നൂറോളം കുട്ടികള്‍, അവര്‍ ഏതെങ്കിലും വിശ്വാസത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പേരില്‍ കൂടിയവരല്ലായിരുന്നു. നല്ല ശതമാനവും പെണ്‍കുട്ടികള്‍. മഴ നനഞ്ഞ് കവിത കേട്ട് മാനേജ്‌മെന്റിനോടുള്ള പ്രതിഷേധമറിയിച്ച ആ കുട്ടികളോട് ബഹുമാനം തോന്നിപ്പോയ നിമിഷങ്ങളായിരുന്നു, അത്. ഞങ്ങള്‍ മൂന്ന് പേരും തീര്‍ത്തും വൈകാരികമായ അവസ്ഥയിലായിരുന്നു. ക്യാമ്പസുകളില്‍ രാഷ്ട്രീയം പറയാത്ത ഞാന്‍ ഇന്ന് നല്ല രാഷ്ട്രീയം സംസാരിച്ചു. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്. എം.ജി സര്‍വ്വകലാശാലയുടെ മലയാളം വിഭാഗം സിലബസില്‍ എന്റെ എഴുത്തും കുട്ടികള്‍ പഠിക്കുന്നുണ്ട്. ആ ഒരു മര്യാദ പോലും മാനേജ്‌മെന്റ് തന്നില്ല. അതേ സമയം കവിത കേള്‍ക്കാന്‍ വരാതെ ക്ലാസ് മുറികളിലിരുന്ന കുട്ടികള്‍ എന്നെ ഭയപ്പെടുത്തുന്നു. നാളെത്തെ ഭരണകര്‍ത്താക്കളാകേണ്ട അവരുടെ പ്രവര്‍ത്തി ചിന്തിപ്പിക്കുന്നതാണ്. 1989-ല്‍ 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈസ്‌ക്കൂള്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ, തലയ്ക്ക് എബിവിപി ഗുണ്ടകളുടെ അടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളോളം കിടന്ന എസ്എഫ്ഐക്കാരനായിരുന്നു ഞാനെന്ന് ചങ്കുറ്റത്തോടെ ഇന്ന് ഓര്‍ക്കാന്‍ അവസരമുണ്ടായി.

ദില്‍ന: പുറത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ മാനേജ്‌മെന്റ് ഭയന്നിരുന്നുവോ?

പവിത്രന്‍ തീക്കുനി: ഞങ്ങള്‍ ക്യാമ്പിലെത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുന്നു. കാര്‍ അകത്ത് കയറ്റാന്‍ അനുവദിക്കുന്നില്ല. പിന്നീട് ഞങ്ങള്‍ അകത്ത് കടന്നെങ്കിലും സാധാരണ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിശ്രമിക്കാറുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ പുറത്ത് തന്നെ ഇരുന്നു. മാനേജ്മെന്റ് അനുവാദം തരുന്നില്ലെന്ന് യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഇനിയെന്ത് ചെയ്യുമെന്ന് അവര്‍ ചോദിച്ചപ്പോള്‍ കവിത ചൊല്ലിയേ ഞങ്ങള്‍ മടങ്ങുകയുള്ളവെന്ന് ഞങ്ങള്‍ പറയുന്നു. അങ്ങനെയാണ് പരിപാടി നടന്നത്.

പുറത്ത് നിന്ന് ആരെയും അകത്ത് കടത്തരുതെന്നായിരുന്നു മാനേജ്‌മെന്റ് നിര്‍ദ്ദേശം. ഒരു പക്ഷേ അവരെന്തെങ്കിലും അക്രമ സാധ്യത ചിന്തിച്ചു കാണണം. എന്നാല്‍ അത്തരമൊരു അന്തരീക്ഷം ക്യാമ്പസില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. കുട്ടികള്‍ക്കും നല്ല ഭയമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ പരിപാടിക്ക് തയ്യാറായപ്പോള്‍ അതിനെ ഒരു വിജയമാക്കി തീര്‍ക്കാന്‍ കുട്ടികള്‍ അവരെക്കൊണ്ട് ആകും വിധത്തിലെല്ലാം സഹകരിച്ചു. ഭംഗിയായിതന്നെ ഞങ്ങള്‍ ആ പരിപാടി നടത്തി. അതിന്റെ മുഴുവന്‍ ക്രെഡിറ്റും കുട്ടികള്‍ക്കുള്ളതാണ്.

പവിത്രന്‍ തീക്കുനി: മന്നത്ത് പത്മനാഭനെ പോലൊരാളുടെ പിന്‍തുടര്‍ച്ചക്കാരില്‍ നിന്നും ഉണ്ടായ അനുഭവത്തെ എങ്ങനെ നോക്കിക്കാണുന്നു?

സുരേഷ് വാക്കനാട്: ഞങ്ങള്‍ അക്ഷരം അറിയുന്നവരാണ്. അക്ഷരങ്ങള്‍ക്ക് ജാതി, മതം, വര്‍ഗ്ഗം ഒന്നുമില്ല. ഞങ്ങള്‍ കയറിച്ചെല്ലുന്നത് ഒരു സര്‍വ്വകലാശാലയിലേക്കാണ്. സര്‍വ്വകലാശാല എന്നും ഓര്‍ക്കണം. അവിടേക്ക് ചെല്ലുന്ന കവികള്‍ ആരായാലും അവരെ വിളിച്ചിരുത്താനും വിലയിരുത്താനും ശ്രമിക്കാത്ത, കവിത കേള്‍ക്കാന്‍ വയ്യാത്തവര്‍ കല്ലും മരവുമല്ലാത്ത എന്തോ ആണ്. ആ മാനേജ്‌മെന്റിനെ അങ്ങനെ തന്നെ വിശേഷിപ്പിക്കണം. കാരണം കല്ലിനും മരത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. അവിടെ ഒരു അധ്യാപകന്‍ പോലും മറുത്തൊരു വാക്ക് പറഞ്ഞില്ല. സംസ്‌ക്കാരത്തെയും ഭാഷയെയും നിഷേധിക്കുകയാണ് അവര്‍ ചെയ്തത്. പുസ്തകത്തെ പുഴുങ്ങി തിന്നുന്ന ഇടങ്ങളാകരുത് ക്യാമ്പസുകള്‍. പുസ്തകങ്ങളെ അറിഞ്ഞു തിന്നുന്ന ഇടങ്ങളാകട്ടെ.

പവിത്രന്‍ തീക്കുനി: ഞങ്ങള്‍ പോകുമ്പോഴും, തിരിച്ച് പോരുമ്പോഴും കോളേജ് ഗേറ്റ് അടഞ്ഞുതന്നെയാണ് കിടന്നത്. പിന്നീട് ഞങ്ങള്‍ അകത്ത് കയറിയെങ്കിലും… മന്നത്ത് പത്മനാഭന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു സംഭവം നടക്കില്ല എന്ന് ഉറപ്പുണ്ട്.

ദില്‍ന: ഈ അനുഭവം ഫേസ് ബുക്കില്‍ പങ്കുവെച്ചപ്പോഴുണ്ടായ അനുഭവം?

പവിത്രന്‍ തീക്കുനി: എല്ലാ തരത്തിലുള്ള രാഷ്ട്രീയം വിശ്വസിക്കുന്നവരും എന്റെ സുഹൃത്തുക്കളായി ഉണ്ട്. എന്റെ പല പോസ്റ്റുകള്‍ക്കും കമന്റ് ചെയ്ത് മടുപ്പിക്കുന്ന സംഘപരിവാര്‍ സുഹൃത്തുക്കള്‍ പോലും ഈ വിഷയത്തില്‍ ഒന്നും പറഞ്ഞില്ല. അവരെ പോലും ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു ഇന്നലെ കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ നടന്ന സംഭവം.

കവികളെ സര്‍വ്വകലാശാലയിലേക്ക് പ്രവേശിക്കാത്ത വിഷയത്തില്‍ കോളജ് അധികൃതരുടെ ഭാഷ്യം അറിയാന്‍ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ല. അത് ലഭിക്കുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാവും.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍