UPDATES

കേരളം

സഭയും ഭരണകൂടവും പരിശുദ്ധനാക്കുകയാണ് റോബിന്‍ വടക്കുഞ്ചേരിയെ; കൊട്ടിയൂര്‍ പീഡനം അട്ടിമറിക്കപ്പെട്ടത് ഇങ്ങനെ

മാതാപിതാക്കള്‍, കുടുംബം, സ്വഭാവിക നീതി തുടങ്ങിയ ന്യായീകരണങ്ങള്‍ നിരത്തി തങ്ങളില്‍ കുറ്റമില്ലെന്നു പറഞ്ഞൊഴിയുമ്പോള്‍ ഒരു കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള വഴികൂടിയാണ് തുറന്നിട്ടുകൊടുത്തതെന്ന് ശിശുക്ഷേമ സമിതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി പ്രസവിച്ച കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ കത്തോലിക്ക വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിക്ക് അര്‍ഹിച്ച ശിക്ഷ കിട്ടുക എന്നത് ഇനി നേരിയ പ്രതീക്ഷ മാത്രം. പീഡനത്തിരയായ കുട്ടിയുടെ മൊഴിമാറ്റം പ്രതിക്ക് അനുകൂലമായി വന്നതോടെയാണ് പരമാവധി ജീവപര്യന്തം തടവ് എങ്കിലും കിട്ടേണ്ടിയിരുന്നിടത്തു നിന്നും റോബിന്‍ വടക്കുഞ്ചേരി രക്ഷപ്പെടാന്‍ പോകുന്നത്. കുട്ടിക്ക് പിന്നാലെ മാതാവും പ്രതിക്ക് അനുകൂലമായാണ് മൊഴി കൊടുത്തിരിക്കുന്നതെന്നത് പ്രോസിക്യൂഷനെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കുകയാണ്. നിയമത്തിന്റെ മുന്നില്‍ നിന്നും ഊരിപ്പോരാന്‍ വടക്കുഞ്ചേരിക്ക് മുന്നില്‍ ഇപ്പോള്‍ വാതിലുകള്‍ തുറന്നു കിടക്കുകയാണ്. അത് അടച്ച് പ്രതിയെ അര്‍ഹമായ ശിക്ഷയുടെ അവകാശിയാക്കി മാറ്റാന്‍ പ്രോസിക്യൂഷന്‍ നന്നായി വിയര്‍ക്കും. എന്നാല്‍പ്പോലും കോടതിയില്‍ നിന്നുണ്ടാകുന്ന തീരുമാനം എന്തായിരിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു ഉറപ്പും ഇപ്പോള്‍ ഇല്ല.

കേസിന്റെ ആദ്യഘട്ടത്തില്‍ ഇരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ നല്‍കിയ രഹസ്യ മൊഴിയില്‍ തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ വൈദികന്‍ ശാരീരിക ബന്ധത്തിന് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ആ മൊഴി ഇപ്പോള്‍ പെണ്‍കുട്ടി തിരുത്തിയിടത്താണ് പ്രതി റോബിന്‍ വടക്കുഞ്ചേരിക്കു നിയമത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ അവസരം കിട്ടിയിരിക്കുന്നത്.

ഡേറ്റാ എന്‍ട്രി പരിശീലനത്തിന് എത്തിയിരുന്ന സമയത്താണ് റോബിന്‍ വടക്കുഞ്ചേരി പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. ഇതില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടി പിന്നീട് പ്രസവിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ആ കുട്ടി പ്രസവിക്കുകയും ചെയ്ത ഗുരുതരമായൊരു സംഭവം മറച്ച് വച്ച് പ്രതിയായ വൈദികനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം വയനാട് ശിശുക്ഷേമ സമിതിയുടെയും കത്തോലിക്ക സഭയുടെയും ഭാഗത്ത് നിന്നുണ്ടാവുകയും പ്രതി വിദേശത്ത് കടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം പുറത്താവുകയും പ്രതി പിടിയിലാവുകയും ജാമ്യം കിട്ടാതെ റിമാന്‍ഡില്‍ അയക്കുകയുമായിരുന്നു. പ്രതിയായ വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുകയും കേസ് വിവരം പുറത്തറിയാക്കാതെ ഒളിപ്പിക്കാന്‍ നോക്കുകയും ചെയ്ത കുറ്റത്തിന് ശിശുക്ഷേമ സമതിയുടെ അന്നത്തെ അധ്യക്ഷനായിരുന്നു ഫാദര്‍ തോമസ് തേരകവും ഇതേ കേസില്‍ വിചാരണ നേരിടുകയാണ്.

തന്റെ കൂടി സമ്മതത്തോടെയാണ് ഫാദര്‍ റോബിനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് കേസിന്റെ വിചാരണ സമയത്ത് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ പിതാവ് റോബിന്‍ ആണെന്നും ഒരുമിച്ച് താമസിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി പറയുന്നു. കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഇതുകൂടാതെയാണ് പെണ്‍കുട്ടിയുടെ മാതാവും റോബിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് റോബിനെതിരേ പരാതിയില്ലെന്നാണ് അമ്മയുടെ മൊഴി. മാത്രമല്ല, പ്രോസിക്യൂഷന്‍ പെണ്‍കുട്ടിയുടെ വയസുമായി ബന്ധപ്പെട്ട് തെറ്റായ വിവരമാണ് നല്‍കിയിരിക്കുന്നതെന്ന ഗൗരവമായ ആക്ഷേപവും അമ്മയുടെ മൊഴിയില്‍ ഉണ്ടെന്നു പറയുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളുവെന്ന് പറയുന്നത് ശരിയല്ലെന്നും കുട്ടിയുടെ ജനനവര്‍ഷം 1999 ആണെന്നാണ് അമ്മ പറഞ്ഞിരിക്കുന്നതെന്നുമാണ് കിട്ടുന്ന വിവരം. പെണ്‍കുട്ടിയേയും അമ്മയേയും കോടതി കൂറുമാറിയവരായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേസിനെ ഈ മൊഴികള്‍ സാരമായി തന്നെ ബാധിക്കും.

കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ 16 വയസായിരുന്നുവെങ്കില്‍ കൂടി അതും പ്രതിക്ക് അനുകൂലമായി മാറാം. 16 വയസ് എന്നത് ശാരീരികബന്ധത്തിനുള്ള ഏജ് ഓഫ് കണ്‍സന്റ് ആയി സുപ്രിം കോടതിയും ഹൈക്കോടതിയുമൊക്കെ പല കേസുകളിലും അംഗീകരിച്ചിട്ടുണ്ട്. ഇവിടെയും കുട്ടി, ഉഭയകക്ഷി സമ്മതത്തോടെ തന്നെയാണ് പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നു പറഞ്ഞാല്‍ കോടതി അത് പരിഗണിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ കേസ് ദുര്‍ബലപ്പെടും.

എന്നാല്‍ ഈ വിഷയത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത് മറ്റ് ചില കാര്യങ്ങളുമുണ്ട്. എന്തുകൊണ്ട് പെണ്‍കുട്ടിയും കുടുംബവും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റി എന്നതാണ് അന്വേഷിക്കേണ്ടത്. സമ്മര്‍ദ്ദമോ പ്രലോഭനമോ ഭീഷണിയോ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. ഇതിനു മുമ്പ് സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ് അത്തരമൊരു അനുമാനത്തിന് ആധാരവും. വിഷയം വെളിയില്‍ വരുന്നതുവരെ കൃത്യമായ ഇടപെടലുകളോടെ പെണ്‍കുട്ടിയേയും വീട്ടുകാരെയും നിശബ്ദരാക്കിക്കൊണ്ടാണ് ഇത്തരമൊരു സംഭവം കുഴിച്ചുമൂടാന്‍ ശ്രമം നടന്നത്. അതില്‍ സഭയുടെ ഇടപെടലും സഭ പ്രതിനിധികളായവര്‍ തന്നെ നേതൃത്വസ്ഥാനങ്ങളില്‍ ഇരിക്കുന്ന ശിശുസംരക്ഷണ സമതി പോലുള്ള ഭരണകൂട സംവിധാനങ്ങളുടെ ഇടപെടലുകളും നടന്നിരുന്നതാണ്. പൊലീസ് കേസ് എടുക്കുകയും മാധ്യമങ്ങള്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തതോടെ മാത്രമാണ് പ്രതിയും അയാളെ സംരക്ഷിച്ചവരും നിയമത്തിനു മുന്നില്‍ കുടങ്ങുന്നത്. അന്നത്തെ കോലാഹലങ്ങളുടെ സമ്മര്‍ദ്ദം ഒന്നുകൊണ്ട് മാത്രമാണ് ഡിഎന്‍എ പരിശോധന നടന്നതും പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ പിതാവ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി തന്നെയാണെന്ന് തെളിഞ്ഞതും. അത്തരമൊരു നീക്കം വിജയിച്ചില്ലായിരുന്നെങ്കില്‍ വടക്കുഞ്ചേരി ഇതിനു മുന്നേ രക്ഷപ്പെടുമായിരുന്നു.

അങ്ങനെ പറയാനുള്ള കാരണം, പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ആ കുട്ടി ഗര്‍ഭണിയായി പ്രസവിച്ചതിനും ഉത്തരവാദിയാക്കി അവളുടെ സ്വന്തം പിതാവിനെ തന്നെ രംഗത്ത് കൊണ്ടുവന്ന കളിയാണ്. തന്റെ മകള്‍ പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തന്നെ തയ്യാറായി മുന്നോട്ടുവരികയാണ് ഉണ്ടായത്. പ്രതി പുരോഹിതനായതും ഒരു പുരോഹിതനെ ശിക്ഷിക്കുന്നതിനു സഹായമായ രീതിയില്‍ നിലപാട് എടുത്താല്‍ അത് കത്തോലിക്ക സഭയെ മൊത്തത്തില്‍ അപമാനിക്കുന്നത് തുല്യമാകുമെന്ന സമ്മര്‍ദ്ദം ആ കുടുംബത്തിനു മേല്‍ ഉണ്ടാക്കുകയും അതോടൊപ്പം സാമ്പത്തികസഹായം വാഗാദാനം ചെയ്തുമൊക്കെയാണ് ആ പിതാവിനെ കൊണ്ട് കുറ്റം ഏറ്റെടുക്കാന്‍ തയ്യാറാക്കിയത്. പിന്നീട് ഇതേ വ്യക്തി തന്നെ തങ്ങളെ ഫാദര്‍ വടക്കുംഞ്ചേരി ചതിക്കുകയായിരുന്നുവെന്നും അയാള്‍ എല്ലാകുറ്റവും തങ്ങളുടെ മേല്‍ കെട്ടിവച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ആ കുടുംബം, ഇരയായ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രതിക്ക് അനുകൂലമായി മാറിയിരിക്കുന്നു. അത് സ്വാഭാവികമായോ, സ്വമനസാലയോ ഉണ്ടായ മാറ്റമല്ലെന്നു തന്നെ ഊഹിക്കാം.

വൈദികന്റെ അഭിമാനം സംരക്ഷിക്കാന്‍ മകളെ പീഡിപ്പിച്ച കുറ്റമേറ്റെടുത്തു; പെണ്‍കുട്ടിയുടെ പിതാവ്

മതം തന്നെയാണ് ഇവിടെ മുഖ്യറോള്‍ വഹിച്ചിരിക്കുന്നതെന്ന് വ്യക്തം. സഭയ്ക്കു മൊത്തത്തില്‍ നാണക്കേടുണ്ടാകുന്ന ഒരു കേസ് ആയതുകൊണ്ട് തന്നെ ആ ഇടപെടല്‍ തുടക്കം മുതല്‍ക്കെ ഉണ്ടായിരുന്നതായും കാണാം. ഫാദര്‍ റോബിന്‍ തിരികെ വൈദികപ്രവര്‍ത്തിയിലേക്ക് എത്തില്ലായിരിക്കാം, എങ്കില്‍പ്പോലും ഒരു കത്തോലിക്ക വൈദികന്‍ ലൈംഗിക പീഡനക്കേസില്‍ ജീവപര്യന്തമൊക്കെ ശിക്ഷ കിട്ടി ജയില്‍വാസം അനുഭവിക്കേണ്ടി വന്നാല്‍ ആ നാണക്കേട് മൊത്തത്തിലായിരിക്കുമെന്ന് സഭയ്ക്ക അറിയാം. ഇപ്പോള്‍ ജലന്തര്‍ ബിഷപ്പിനെതിരായ ഒരു കന്യാസ്ത്രി ഉന്നയിച്ച ലൈംഗിക ചൂഷണ പരാതി പോലും സഭ ഏതു രീതിയിലാണ് കൈകാര്യം ചെയ്യുന്നെന്ന് നോക്കിയാല്‍ കൊട്ടിയൂര്‍ കേസിലും ഇപ്പോള്‍ നടന്നിരിക്കുന്ന മലക്കം മറിയലുകളുടെ പിന്നിലെ കാരണങ്ങള്‍ വ്യക്തമാകും. പുരോഹിതരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരാക്കി വച്ചിരിക്കുന്ന സഭ സങ്കല്‍പ്പങ്ങള്‍ക്ക് ഇളക്കം തട്ടാതിരിക്കാന്‍ വിശ്വാസികള്‍ക്കുമേല്‍ ചുമത്തുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുക ഏറെ പ്രയാസകരമാണ്. ഈ സമ്മര്‍ദ്ദങ്ങള്‍ക്കു പുറമെയാണ് സാമ്പത്തിക പ്രലോഭനങ്ങളും അതിലും കടന്നുള്ള ഭീഷണികളും.

കുമ്പസരിച്ച് തീര്‍ക്കാനാവാത്ത പാപങ്ങള്‍…

കൊട്ടിയൂര്‍ പീഡനക്കേസ് പോലെ അതീവ ഗൗരവമേറിയൊരു കേസില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാണിച്ച നിരുത്തരവാദിത്വവും പ്രതിക്ക് വേണ്ടിയുള്ള പണിയെടുക്കലും കൂടി ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കുട്ടിയുടെ സംരക്ഷണ ചുമതല കണ്ണൂര്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയുണ്ടായിരുന്നു. ഇവിടെ ഉള്ള സമയത്താണ് കുട്ടിയുടെ 164 എടുക്കുന്നതുമെല്ലാം. എന്നാല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ കുട്ടിയെ സംരക്ഷിക്കാന്‍ ഉള്ള ഉത്തരവാദിത്വം ശിശുക്ഷേമ സമതി കാണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അവര്‍ക്ക് പറയാനുള്ള ന്യായീകരണങ്ങള്‍ ഉണ്ട്. അത് കേട്ടിട്ട് ബാക്കി പറയാം. കണ്ണൂര്‍ ശിശുക്ഷേമ സമിതി ചെയര്‍മാന്റെ വാക്കുകള്‍; കേസ് വന്നതിനു പിന്നാലെ കുട്ടിയെ ശിശുക്ഷേമ സമതി ഏറ്റെടുത്തിരുന്നതാണ്. മൂന്നുനാലു മാസങ്ങള്‍ കുട്ടിയെ ഇവിടെ തന്നെയാണ് സംരക്ഷിച്ചതും 164 അടക്കം മുഴുവന്‍ മൊഴികളും എടുക്കുന്നതും ഈ സമയത്താണ്. കുട്ടിയെ ആദ്യം ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. കുറെ അന്വേഷിച്ചാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയെ സംരക്ഷിക്കണമെന്ന നിര്‍ദേശം ഞങ്ങള്‍ക്ക് കിട്ടുകയും അതിനു തയ്യാറാവുകയും ചെയ്തു. അതിന് ആദ്യം കുട്ടിയെ ഞങ്ങളുടെ കൈകളില്‍ കിട്ടണമായിരുന്നു. കുട്ടി വീട്ടില്‍ എത്തിയ സമയത്ത് അമിതമായി രക്തം പോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ജില്ല ശിശുസംരക്ഷണ ഓഫിസറെ ബന്ധപ്പെട്ട് തലശ്ശേരി ആശുപത്രിയില്‍ എത്തിക്കുന്നതും ചികിത്സ ലഭ്യമക്കാന്‍ നിര്‍ദേശം നല്‍കുന്നതും ശിശുസംരക്ഷണ സമതിയായിരുന്നു. അതിനുശേഷം കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടിയെ തങ്ങള്‍ക്ക് വിട്ടു തരണമെന്ന് വീട്ടുകാര്‍ നിരന്തരം നിര്‍ബന്ധം പിടിക്കുകയായിരുന്നു. എന്നാല്‍ കേസിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ കുട്ടിയെ നിര്‍ത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കളുടെ ആവശ്യം ഞങ്ങള്‍ എതിര്‍ത്തു. പിന്നീട് പ്രതി അറസ്റ്റിലാവുകയും ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തിനുശേഷം തങ്ങള്‍ കുട്ടിയെ സംരക്ഷിക്കാന്‍ തയ്യറാണെന്നും അതിനു കഴിയുമെന്നും വ്യക്തമാക്കി മാതാപിതാക്കള്‍ സമീപിച്ചപ്പോഴാണ് കുട്ടിയെ വിട്ടുകൊടുക്കുന്നത്. പഠിച്ചു കൊണ്ടിരിക്കുന്ന സ്‌കൂളില്‍ തന്നെ തുടര്‍ന്നു പഠിക്കണമെന്ന് കുട്ടിയും ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കാന്‍ സിഡബ്ല്യുസിക്ക് കഴിയില്ല, അതുപോലെ മാതാപിതാക്കളുടെ ആവശ്യം നിഷേധിക്കാനും. കേസില്‍ മാതാപിതാക്കള്‍ പ്രതികളോ കുറ്റാരോപിതരല്ലോ അല്ലാത്തതിനാലും കുട്ടിയുടെ തുടര്‍ന്നുള്ള ജീവിതത്തിന് സംരക്ഷണം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനാലും കുട്ടിയെ വിട്ടുകൊടുക്കാതിരിക്കാന്‍ സിഡബ്ല്യുസിക്ക് കഴിയില്ല. മരത്തണലില്‍ കഴിയുന്ന അമ്മയ്ക്കു പോലും കുട്ടിയുടെ അവകാശം നിഷേധിക്കാന്‍ പാടില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എല്ലാം സുരക്ഷിതമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നുമാത്രമായിരുന്നു ഞങ്ങള്‍ കുട്ടിയെ വിട്ടുകൊടുത്തത്. ഇനി ഈ കേസില്‍ സിഡബ്ല്യുസിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും തോന്നുന്നില്ല. കുട്ടിയുടെ സംരക്ഷണം വീണ്ടും ഏറ്റെടുക്കാന്‍ കോടതി പറഞ്ഞാല്‍ അത് ചെയ്യാം. പക്ഷേ, കുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞു എന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെ വന്നാല്‍ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നതിലും ബുദ്ധിമുട്ടാണ്.

ശിശുക്ഷേമ സമിതി ചെയര്‍മാന്റെ ഈ വാക്കുകള്‍ ന്യായമാണെന്നാണ് ഏല്ലാവര്‍ക്കും തോന്നുക. എന്നാല്‍ ശിശുസംരക്ഷണ സമതികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മനസിലാക്കിയാല്‍ അവരുടെ പിഴവുകള്‍(അത് മനഃപൂര്‍വമോ അല്ലാതെ സംഭവിച്ചതാകാം) വ്യക്തമാകും. ഇരകളാക്കപ്പെടുന്ന കുട്ടികള്‍ സിഎന്‍സിപി(ചൈല്‍ഡ് നീഡ് കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ആണോ അല്ലയോ എന്ന് ശിശുക്ഷേമ സമതിക്ക് തീരുമാനം എടുക്കാം. കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയായ കുട്ടിക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് ശിശുക്ഷേമ സമിതിക്കാര്‍ക്ക് മുന്‍കൂട്ടി മനസിലാക്കാന്‍ പ്രയാസമില്ലായിരുന്നു. ആ കേസിലെ പ്രതിയുടെയും അയാള്‍ പ്രതിനിധീകരിക്കുന്ന സംവിധാനത്തെയും കുറിച്ച് ചിന്തിച്ചാല്‍ മാത്രം മതി. സംഭവത്തില്‍ ആദ്യം തന്നെ നടന്ന ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും സ്വാധീനങ്ങളുമെല്ലാം ശിശുക്ഷേമ സമതിക്കും ബോധ്യമായതാണല്ലോ. അങ്ങനെ വരുമ്പോള്‍ പ്രതിക്കും അയാളുമായി ബന്ധപ്പെട്ടവര്‍ക്കും എളുപ്പത്തില്‍ കുട്ടിയെ സമീപിക്കാന്‍ കഴിയുന്ന ഒരിടത്തേക്ക് കുട്ടിയെ പറഞ്ഞു വിടുന്നത് അപകടമാണെന്ന് തിരിച്ചറിയണമായിരുന്നു. മാതാപിതാക്കള്‍ പ്രതികളല്ലെന്നത് കുട്ടിയെ അവര്‍ക്കൊപ്പം വിടുന്നതിന് കാരണമല്ല. കുട്ടി എത്തപ്പെടുന്ന സാഹചര്യത്തെയാണ് അവിടെ പ്രധാനമായും കാണേണ്ടത്. പല കേസുകളിലും മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ച ഇരകളാക്കപ്പെട്ട കുട്ടികളുടെ പിന്നീടുള്ള അവസ്ഥകള്‍ എന്തായിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കുട്ടികളെ കാണാതായിട്ടുണ്ട്, വീണ്ടും ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്, മൊഴികള്‍ മാറ്റിയിട്ടുണ്ട്…ഇതൊക്കെ പലവട്ടം നടന്നിട്ടുള്ള കാര്യങ്ങളാണെന്നത് ഈ കുട്ടിയുടെ കാര്യത്തില്‍ മതിയായ ജാഗ്രത പുലര്‍ത്താനുള്ള കാരണങ്ങള്‍ തന്നെയായിരുന്നു. കൊട്ടിയൂര്‍ കേസിലെ ഇരയുടെ മാതാപിതാക്കളെ നേരത്തെ തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നതും അവരതില്‍ വീണതുമാണ്. അതിനാല്‍ തന്നെ വിചാരണ പൂര്‍ത്തിയാകും വരെ സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിയട്ടെ കുട്ടിയെന്ന് ശിശുക്ഷേമ സമതിക്ക് തീരുമാനം എടുക്കാമായിരുന്നു. അത്തരമൊരു തീരുമാനത്തിനെതിരേ കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കാം, എന്നാലും അവിടെ കാര്യകാരണസഹിതം എന്തുകൊണ്ട് കുട്ടിയുടെ സംരക്ഷണ ചുമതല തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ ശിശുക്ഷേമ സമിതിക്കു അവസരം കിട്ടും. അനുകൂലമായ ഉത്തരവ് ഹൈക്കോടതിയില്‍ നിന്നും നേടിയെടുക്കാനും കഴിയും. അതൊന്നും ചെയ്യാതെ ഇപ്പോള്‍ മാതാപിതാക്കള്‍, കുടുംബം, സ്വഭാവിക നീതി തുടങ്ങിയ ന്യായീകരണങ്ങള്‍ നിരത്തി തങ്ങളില്‍ കുറ്റമില്ലെന്നു പറഞ്ഞൊഴിയുമ്പോള്‍ ഒരു കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള വഴികൂടിയാണ് തുറന്നിട്ടുകൊടുത്തതെന്ന് ശിശുക്ഷേമ സമിതി മറക്കരുത്. ഇതേപോലെയൊരു ശിശുക്ഷേമ സമതി തന്നെയാണ് ഈ സംഭവം ആരുമറിയാതെ ഒതുക്കി തീര്‍ക്കാനും പ്രതിയെ രക്ഷിച്ചെടുക്കാനും നോക്കി ഇപ്പോള്‍ കോടതി കയറിയിറങ്ങുന്നതെന്നുകൂടി ഓര്‍ക്കാം.

കൊട്ടിയൂര്‍ പീഡനക്കേസില്‍ നിന്നും റോബിന്‍ വടക്കുഞ്ചേരി പൂര്‍ണമായി രക്ഷപ്പെടുകയോ അതല്ലെങ്കില്‍ നിസ്സാരമായ ശിക്ഷയ്ക്കു മാത്രം വിധേയനാവുകയോ ചെയ്താല്‍ ഇനി വലിയ തോതിലൊന്നും അത്ഭുതപ്പെടുകയോ അമ്പരക്കുകയോ ഒന്നും വേണ്ട. കാരണം, അതിനയാളെ സഹായിച്ച ഘടകങ്ങള്‍ അത്ര ശക്തമാണ്. സഭയായാലും രാഷ്ട്രീയ/ഭരണസംവിധാനങ്ങളായാലും.

ഒരമ്മാവിന്‍ പോരാട്ട കഥൈ

എന്റെ മകളെ കൊന്നു, എന്നെ മതത്തില്‍ നിന്ന് വിലക്കി, എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു; എന്നിട്ടും ആ പുരോഹിതര്‍ ഇപ്പോഴും സ്വതന്ത്രരാണ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍