UPDATES

യാത്ര

തിരുവനന്തപുരത്തെ കോട്ടൂരില്‍ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരമുള്ള ആനകളുടെ വീട്, സഞ്ചാരികള്‍ക്ക് ഒരു ഗംഭീര ഡെസ്റ്റിനേഷന്‍

ഈ ആന സങ്കേതം അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രമാക്കി ഉയര്‍ത്തുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് അതൊരു മുതല്‍ക്കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ

തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ കോട്ടൂര്‍ കാപ്പുകാട് ആനസങ്കേതത്തിലെ ആനകളെ കാണാനെത്തുമ്പോള്‍ ആദ്യം തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നത് രണ്ട് കുട്ടിക്കുറുമ്പുകാരാണ്. തന്റെ കുട്ടിക്കൊമ്പ് കൊണ്ട് രാജ പൊടിച്ചിയെ കുത്തിനീക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ ഒഴിഞ്ഞു മാറുന്നു. വിശ്രമിക്കാന്‍ മരത്തണലില്‍ കിടക്കുന്ന പൊടിച്ചിയുടെ ദേഹത്തൂടെ കയറി ഊര്‍ന്നിറങ്ങി രാജയുടെ സാഹസികത. ഒടുവില്‍ പൊടിച്ചിയെ വിട്ട് കൂടിന് സമീപത്ത് നില്‍ക്കുന്ന മരം കുത്തിമറിച്ചിടാനുള്ള അവന്റെ പാഴ് ശ്രമം. ആറ് വയസ്സുകാരാണ് ഇരുവരുമെങ്കിലും രാജയാണ് കോട്ടൂര്‍ ആന സങ്കേതത്തില്‍ ആദ്യമെത്തിയത്. 2013 ഓഗസ്റ്റ് 14നാണ് രാജ ഇവിടെയെത്തിയത്.

ഇവിടുത്തെ തന്നെ റിസര്‍വ് ഫോറസ്റ്റില്‍ പാലമൂട് ഭാഗത്ത് താഴ്ചയുള്ള ഒരു കുഴിയില്‍ വീണ് കിടക്കുകയായിരുന്നു രാജ. അവിടെ നിന്നാണ് ഇവനെ രക്ഷപ്പെടുത്തി ആന സങ്കേതത്തിലേക്കെത്തിച്ചത്. പൊടിച്ചിയുടേതും സമാനമായ കഥയാണെങ്കിലും അടുത്തകാലത്താണ് പൊടിച്ചിയെ ഇവിടെയെത്തിച്ചത്. പതിനൊന്ന് വയസ്സുകാരനായ അഗസ്ത്യന്റേത് മറ്റൊരു കഥയാണ്. തിരുവനന്തപുരം പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട മണി തൂക്കി മലയില്‍ അവശനായി കൂട്ടത്തില്‍ നിന്നു വേര്‍പ്പെട്ട് അലഞ്ഞു നടന്ന ആനക്കുട്ടിയെ 2013 ഫെബ്രുവരി 12നാണ് ഇവിടെ എത്തിച്ചത്. ഈ കേന്ദ്രത്തിലെ തുടര്‍ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും പൂര്‍ണ ആരോഗ്യവാനാണ് അഗസ്ത്യന്‍ ഇപ്പോള്‍. 47 വയസ്സുകാരിയായ ജയശ്രീയെ മുത്തങ്ങ ആന പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇവിടെ എത്തിച്ചത്. തേക്കടിയില്‍ ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജയശ്രീയെ ഇപ്പോള്‍ ഇവിടെ ആന സവാരി നടത്തുന്നതിനായാണ് ഉപയോഗിക്കുന്നത്. സോമന്‍, റാണ, രാജ്കുമാര്‍, രാജ, ജയശ്രീ, പൊടിച്ചി, അമ്മു, അര്‍ജുന്‍, മിന്ന, മനു, അഗസ്ത്യന്‍, മായ, ഉണ്ണികൃഷ്ണന്‍, പൂര്‍ണ, സുന്ദരി എന്നിവരാണ് ഈ ആന പുനരധിവാസ കേന്ദ്രത്തിലെ മറ്റ് അംഗങ്ങള്‍. അമ്പത് വയസ്സുകാരനായ രാജ്കുമാറാണ് കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ളവന്‍. ബോംബെ സര്‍ക്കസില്‍ നിന്നും ഇവിടെയെത്തിയ രാജ്കുമാര്‍ മലയാളം പഠിച്ചതായി ആന സങ്കേതത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജന്‍ പറയുന്നു. അതേസമയം അപകടകാരിയാണെന്നതിനാല്‍ രാജ്കുമാറിനടുത്തേക്ക് സന്ദര്‍ശകരെ അനുവദിച്ച് തുടങ്ങിയിട്ടില്ല. അര്‍ജുന്‍ ആണ് കൂട്ടത്തില്‍ ഏറ്റവും ഇളയവന്‍. ഈ പതിനഞ്ച് ആനകളെയും കാണാനായി അവധി ദിവസങ്ങളില്‍ വലിയ തോതിലാണ് വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള രാജ്യത്തെ ആദ്യ ആന പുനരധിവാസ കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ കോട്ടൂര്‍ കാപ്പുകാട് വിഭാവന ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കാപ്പാട് നിര്‍വഹിച്ചു. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റെയ്ഞ്ചിന് കീഴിലാണ് കോട്ടൂര്‍ കാപ്പുകാട് ആന സങ്കേതം സ്ഥിതി ചെയ്യുന്നത്. കാടിന്റെ കുളിര്‍മ്മയും ഔഷധസമ്പന്നമായ കുളിര്‍കാറ്റുമെല്ലാം ഒത്തുചേരുന്ന ഈ വനതാഴ്‌വാരം കാണാനും ആനകളുടെ കുറുമ്പുകള്‍ കണ്ട് രസിക്കാനും ഒട്ടനവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. ഈ ആന സങ്കേതം അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രമാക്കി ഉയര്‍ത്തുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് അതൊരു മുതല്‍ക്കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

2006ലാണ് വനംവകുപ്പ് ഇവിടെ ഒരു ആനസങ്കേതം ഒരുക്കിയത്. അതൊരു പാര്‍ക്കായി വിഭാവനം ചെയ്തായിരുന്നു വനംവകുപ്പിന്റെ പ്രൊജക്ട്. നെയ്യറാലെ വെള്ളം കയറി കിടക്കുന്ന ഭാഗത്ത് ആനകളുടെ പുനരധിവാസ കേന്ദ്രമായി ഇതിനെ 2007ലാണ് മാറ്റിയെടുത്തത്. മിന്നു, ജയശ്രീ തുടങ്ങിയ ആനകള്‍ക്ക് പിന്നാലെ മറ്റ് ആനകളും എത്തിച്ചേര്‍ന്നാണ് ഇപ്പോള്‍ പതിനഞ്ച് ആനകളില്‍ എത്തിനില്‍ക്കുന്നത്. കാട്ടാനയെയും നാട്ടാനയെയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളര്‍ത്തുക, പ്രായം ചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങള്‍ നടത്തുക, സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാക്കു മാറ്റുക എന്നിവയായിരുന്നു വനംവകുപ്പിന്റെ കാപ്പുകാട്ടെ ലക്ഷ്യങ്ങള്‍.

രാവിലത്തെ നടത്തത്തോടെയാണ് കാപ്പുകാട്ടെ അന്തേവാസികളുടെ ഒരു ദിവസം ആരംഭിക്കുന്നതെന്ന് ഇവിടുത്തെ ജീവനക്കാര്‍ വിശദീകരിച്ചു. അന്തേവാസികളെ കാട്ടിലും പരിസരത്തും കുറേനേരം നടത്തിപ്പിക്കും. അതിന് ശേഷം ഭക്ഷണം. മുതിര്‍ന്ന ആനകള്‍ക്ക് ഓലയും പനമ്പട്ടയും നല്‍കും. ഇടനേരങ്ങളില്‍ റാഗി കുറുക്കും നല്‍കും. സന്ദര്‍ശകര്‍ നല്‍കുന്ന വാഴക്കുല പരിശോധിച്ച ശേഷം മാത്രമേ നല്‍കൂ. രാവിലെയും വൈകിട്ടും നെയ്യാറിലെ വിശാലമായ വെള്ളത്തില്‍ കുളി. കുട്ടിയാനകള്‍ക്ക് വെള്ളത്തില്‍ കിടന്ന് കുറെ നേരം കളിക്കാം.

നൂറിലേറെ ആനകളെ പരിപാലിക്കാനുള്ള പുനരധിവാസ കേന്ദ്രമാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. വേനല്‍ക്കാലത്തും വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ സുലഭമായി വെള്ളം ലഭിക്കുന്നതിന് 441 ജലസംഭരണികളും ചെക്കുഡാമുകളും നിര്‍മ്മിച്ചു കഴിഞ്ഞു. കോട്ടൂര്‍ വനഭൂമിയിലെ 176 ഹെക്ടര്‍ വനഭൂമിയിലാണ് കേന്ദ്രമെങ്കിലും ഇതില്‍ 57 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 108 കോടി രൂപ ചെലവില്‍ രണ്ട് ഘട്ടങ്ങളിലായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുക. ആദ്യഘട്ടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 71.9 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്നത് പോലെ പാര്‍പ്പിക്കാവുന്ന തരത്തിലുള്ള ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങള്‍, ആന മ്യൂസിയം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോട് കൂടിയ വെറ്റിനറി ആശുപത്രി, പ്രകൃതി സ്‌നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള പഠന ഗവേഷണ കേന്ദ്രം, പാപ്പാന്മാര്‍ക്കുള്ള പരിശീലന കേന്ദ്രം, എന്‍ട്രന്‍സ് പ്ലാസ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, സന്ദര്‍ശകര്‍ക്കായി പാര്‍ക്കിംഗ് സൗകര്യ, കററ്റീരിയ, കോട്ടേജുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയറ്റര്‍, നെയ്യാര്‍ ഡാമില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങള്‍, കുട്ടിയാനകളുടെ പരിശീലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍, ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള, ഭക്ഷണം നല്‍കുന്നതിനുള്ള ഇടം, നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും, ആനപിണ്ഡത്തില്‍ നിന്ന് പേപ്പര്‍ ഉണ്ടാക്കുന്ന യൂണിറ്റ്, ആനപാപ്പാന്‍മാര്‍ക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാര്‍ട്ടേഴ്‌സുകളും ഡോര്‍മിറ്ററികള്‍ എന്നിവയാണ് ആന പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായിരിക്കുക.

ഭവന നിര്‍മ്മാണ ബോര്‍ഡിന് നിര്‍മ്മാണ ചുമതലയുള്ള പദ്ധതി 2021ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി കോട്ടൂര്‍ മാറുകയും നെയ്യാര്‍ ഡാം മേഖലയിലെ വനം വകുപ്പിന്റെയും, ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും വികസിക്കുകയും ചെയ്യും. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവര്‍ഷം 3.5 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുന്നൂറ് രൂപ ദിവസക്കൂലിയില്‍ വനംവകുപ്പിന് കീഴില്‍ ജോലി ആരംഭിച്ച രാജനെപ്പോലുള്ളവര്‍ നിശ്ചിതമായ വരുമാനത്തില്‍ ജോലി ലഭ്യമാകുമെന്ന സന്തോഷത്തിലാണ്. തങ്ങള്‍ക്ക് മുന്നില്‍ ഇനി അധികം കാലമില്ലെങ്കിലും തങ്ങളുടെ വലുംതലമുറയ്ക്ക് ഇതുമൂലം സ്വന്തം മണ്ണില്‍ തന്നെ വേരുറപ്പിച്ച് ജീവിക്കാനാകുമെന്നും രാജന്‍ പറയുന്നു. ഏറെക്കാലം തിരുവനന്തപുരത്തിന് പുറത്ത് വിവിധ ജോലികള്‍ ചെയ്ത് ജീവിച്ചിരുന്ന രാജന്‍ പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ജോലി നല്‍കി തുടങ്ങിയതോടെയാണ് തിരികെയെത്തിയത്. കോട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം ആദ്യം പേപ്പാറ റിസര്‍വ് ഫോറസ്റ്റിലായിരുന്നു കാവല്‍ ജോലി ചെയ്തിരുന്നു. പലപ്പോഴും തൊട്ടപ്പുറത്ത് കാട്ടാനാകള്‍ എത്താറുണ്ടെന്നും എന്നാല്‍ ട്രഞ്ചുകള്‍ കുഴിച്ചിരിക്കുന്നതിനാല്‍ അവ ഇപ്പുറത്തേക്ക് വരില്ലെന്നും രാജന്‍ വ്യക്തമാക്കി. കോട്ടൂരില്‍ ജോലികിട്ടി രാജന്‍ വന്നിട്ട് അഞ്ച് വര്‍ഷമായി. ഇവിടെയെത്തിയപ്പോഴാണ് സ്ഥിരവരുമാനമെന്ന ഉറപ്പ് ലഭിച്ചത്. അതിന് എല്ലാ സര്‍ക്കാരുകളോടും നന്ദിയുണ്ടെന്നാണ് രാജന്‍ പറയുന്നത്. അഞ്ഞൂറോളം വനവാസികള്‍ക്ക് വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കാനും വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭൂമി സംബന്ധമായ പ്രശ്‌നങ്ങളൊഴികെയുള്ള വനവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനംവകുപ്പ് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചിട്ടുണ്ട്. ആദ്യ അദാലത്ത് തിരുവനന്തപുരം ജില്ലയിലായിരിക്കും. 176 ഹെക്ടര്‍ ഭൂമിയില്‍ 57 ഹെക്ടര്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നതിനാല്‍ വനവാസികളുടെയും വന്യജീവികളുടെയും സ്വതന്ത്ര വിഹാരവും ജീവിതവും തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.

കൂട്ടിലിട്ടിരിക്കുന്ന ആനകളെ കാണുന്നത് കൂടാതെ രാവിലെ ഒമ്പത് മണിക്കും വൈകിട്ട് മൂന്നരയ്ക്കും ആനകളെ കുളിപ്പിക്കുന്നത് കാണാനും ഊട്ടുന്നത് കാണാനും സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. നെയ്യാറിന്റെ കൈവഴിയിലൂടെ ബോട്ടിംഗിനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. മുളം ചങ്ങാടം, കുട്ടവഞ്ചി, പെഡല്‍ ബോട്ട് തുടങ്ങിയ ബോട്ടുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം മരം കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ ഒരു രാത്രി താമസിക്കാനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയുള്ള താമസത്തിന് 2000 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. ആദിവാസികളായ കാണിക്കാര്‍ക്ക് തങ്ങാനും മറ്റുമായി നിര്‍മ്മിച്ച തടി വീടുകളാണ് ഇവ. നെയ്യാറിന്റെ തീരത്ത് നിര്‍മ്മിച്ച ഈ ലോഗ് ഹൗസുകള്‍ സഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളിലൊന്നാണ്. മുളം കമ്പുകള്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളിലിരുന്ന ജലസംഭരണിയും ആനകളെ കുളിപ്പിക്കുന്നതും കാണാം. മറ്റ് ആനസങ്കേതങ്ങളിലെല്ലാം ലഭ്യമല്ലാത്ത ആന സവാരിയും ഇവിടെ ഒരുക്കുന്നുണ്ട്. ആന സവാരിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണവും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതിനായി പ്രത്യേക ചാര്‍ജ്ജുകളാണ്. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനുമിടയില്‍ എത്തിയാല്‍ മാത്രമേ ആനപ്പുറത്ത് കയറാനാകൂ.

കാട്ടിനുള്ളില്‍ സവാരി നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാപ്പുകാടിന് അടുത്താണ് മീന്‍മുട്ടി വെള്ളച്ചാട്ടം. ഏത് കൊടിയ വേനലിനും വെള്ളം വറ്റാത്തയിടമാണിതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. കുന്നും വളവുമെല്ലാം തിരിഞ്ഞ് അവിടേക്ക് പോകാനുള്ള സൗകര്യം സാഹസികരായ സഞ്ചാരികള്‍ക്ക് ലഭിക്കും. അതിനായി വനംവകുപ്പ് തന്നെ പ്രത്യേകം വാഹനം ഒരുക്കിത്തരും. ഈ വഴിയില്‍ കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ മൃഗങ്ങളെയും കാണാനാകും. മീന്‍മുട്ടിയ്ക്ക് പുറമെ കാറ്റാടിക്കുന്ന്, തീര്‍ഥക്കര എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ അനുവദിക്കുന്നുണ്ട്. ഇതിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

Read More: അഴിയൂരിലെ മത്സ്യത്തൊഴിലാളി കടലില്‍ നിന്ന് കോരിയെടുത്തത് 13 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍