UPDATES

കോവളം കൊട്ടാരം രവി പിള്ളയ്ക്ക് കൊടുക്കാന്‍ വിന്സന്റിനെ കുരുക്കിയതോ? പിടിവള്ളി കിട്ടി കോണ്‍ഗ്രസ്

പീഡനക്കേസില്‍ വിന്‍സന്റ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ലെങ്കിലും പ്രോസിക്യൂഷന്‍ തെളിവുകള്‍ അദ്ദേഹത്തിന് എതിരാണ്

കോവളത്തെ ഹാല്‍സിയോണ്‍ കൊട്ടാരത്തിന്റെ ഉമസ്ഥാവകാശം സര്‍ക്കാരിന് നിലനിര്‍ത്തി കൈവശാവകാശം പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിന് കൈമാറിയതോടെ രാഷ്ട്രീയ കേരളം മറ്റൊരു വിവാദം കൂടി ഏറ്റെടുത്തിരിക്കുകയാണ്. തീരുമാനം ബുദ്ധിപൂര്‍വമാണെന്ന് സര്‍ക്കാര്‍ അനുകൂലികളും സ്വജനങ്ങളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന വാദവുമായി എതിര്‍പക്ഷവും രംഗത്തെത്തിയിരിക്കുന്നു. ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന നിയമയുദ്ധം ഇവിടെ അവസാനിക്കുമ്പോള്‍ കളത്തിന് പുറത്തെ കളികളും ചര്‍ച്ചയാകുകയാണ്.

അടുത്തകാലത്ത് സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയ്ക്ക് അനുകൂലമായ ജനവികാരം ഉയര്‍ത്താനുള്ള ശ്രമം ഒരുവിഭാഗം ആരംഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അത് സംബന്ധിച്ച ചര്‍ച്ചകളാണ് സജീവം. കോവളം കൊട്ടാരം വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ മുഖത്ത് നോക്കി വെല്ലുവിളിക്കുകയും ചെയ്ത വ്യക്തിയാണ് എം വിന്‍സന്റ് എംഎല്‍എ. തനിക്ക് ജീവനുള്ളിടത്തോളം കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൊടുക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു വിന്‍സന്റ് ഒരിക്കല്‍ നിയമസഭയില്‍ പിണറായി വിജയന്റെ മുഖത്ത് നോക്കി പറഞ്ഞത്. ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന വിന്‍സന്റ് നിരാഹാര സമരം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

ഇപ്പോള്‍ വിന്‍സന്റിനെ കേസില്‍ കുരുക്കി ജയിലിലാക്കിയത് കോവളം കൊട്ടാരം രവി മുതലാളിക്ക് എളുപ്പത്തില്‍ കൈമാറാന്‍ പിണറായി തയ്യാറാക്കിയ കെണിയാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഈ വാദമാണ് സോഷ്യല്‍ മീഡിയയില്‍ വിന്സന്റ് അനുകൂലികളും ഉയര്‍ത്തുന്നത്. നിലവില്‍ വിന്‍സന്റിന്റെ അറസ്റ്റിനെതിരെ നടക്കുന്ന പ്രചരണം കോവളം കൊട്ടാരം ഏറ്റെടുക്കുന്നതിനെതിരെ ആയിരിക്കുകയാണ്. എംഎല്‍എ തന്നെയാണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. അതിന് മുമ്പ് പരാതിക്കാരിയായ വീട്ടമ്മയുടെ വീടിന് നേരെ ആക്രമണം നടത്തിയും ആ വീടിന് ഊരുവിലക്ക് പ്രഖ്യാപിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ എംഎല്‍എയെ വെള്ളപൂശാനുള്ള പണി തുടങ്ങിയിരുന്നു.

എന്നിരുന്നാലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പുറത്ത് വിന്‍സന്റിന് വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളും കണക്കിലെടുത്ത് കോടതി ഇദ്ദേഹത്തിന്റെ റിമാന്‍ഡ് തുടരാനാണ് തീരുമാനിച്ചത്. 52-കാരിയായ വീട്ടമ്മയുടെ പരാതിയില്‍ വിന്‍സന്റ് അറസ്റ്റിലായതോടെ കോവളത്ത് എല്‍ഡിഎഫ് അനുകൂല രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുമെന്നും എംഎല്‍എ രാജിവയ്ക്കുന്നതോടെയുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തങ്ങള്‍ക്ക് പിടിച്ചെടുക്കാമെന്നുമായിരുന്നു എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഒരു വിധത്തില്‍ ഇത് വിജയിക്കുകയും ചെയ്തതാണ്. മണ്ഡലത്തില്‍ എംഎല്‍എയുടെ അറസ്റ്റിനെതിരെ നടക്കുന്നത് കോണ്‍ഗ്രസിന്റെ പ്രതിഷേധം മാത്രമാണെന്നും അത് ജനകീയ പ്രതിഷേധമായി ചിത്രീകരിക്കുകയാണെന്ന് തെളിയിക്കാന്‍ ഒരുഘട്ടം വരെയും എല്‍ഡിഎഫിന് സാധിക്കുകയും ചെയ്തു. അപ്പോഴാണ് പ്രാദേശിക ഇടതുപക്ഷത്തിന് ഇരുട്ടടി പോലെ കൊട്ടാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നത്.

ഈ സാഹചര്യം കോണ്‍ഗ്രസ് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. വിന്‍സന്റിനെ മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി കൊട്ടാരം രവി മുതലാളിക്ക് വിട്ടുകൊടുക്കാനുള്ള പിണറായിയുടെ തന്ത്രമായിരുന്നു അറസ്റ്റ് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള പ്രചരണമാണ് ഇപ്പോള്‍ തകൃതി. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ഈ പ്രചരണം തുടര്‍ന്നതോടെ കേരളത്തിലാകമാനം വിന്‍സന്റ് അനുകൂല തരംഗം സൃഷ്ടിക്കാമെന്നും സ്ത്രീപീഡനക്കേസുകളിലുള്‍പ്പെടെ കടുത്ത നിലപാട് സ്വീകരിച്ച് ഹീറോ ആയിനില്‍ക്കുന്ന പിണറായിയ്ക്ക് വിരുദ്ധമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാമെന്നുമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ കണക്കു കൂട്ടല്‍.

കൊട്ടാരം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് കൊമ്പുകോര്‍ത്തിട്ടുള്ളയാളാണ് വിന്സന്റ് എന്നറിയാവുന്ന കോവളത്തെയും അടുത്ത മണ്ഡലങ്ങളിലെയും ജനങ്ങളും ഇപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊട്ടാരത്തിന്റെ കാര്യത്തില്‍ നിയമ നടപടിക്ക് പോകേണ്ടതില്ലെന്ന ഉപദേശം കഴിഞ്ഞ മാസം ലഭിച്ചിട്ടും ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ ഒരുമാസം കാത്തിരുന്നത് സംശയകരമാണെന്നുള്ള വാദവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച വിന്‍സന്റ് ജയിലില്‍ പോയ അവസരം സര്‍ക്കാര്‍ കൃത്യമായി ഉപയോഗിക്കുകയായിരുന്നു എന്നും വാദങ്ങളുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതും വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സന്റ് അറസ്റ്റിലായതും സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക ദുരുപയോഗം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായതുമായിരുന്നു ഏതാനും ദിവസങ്ങളായി കേരള സമൂഹത്തിലെ ചര്‍ച്ച. ഇവയുള്‍പ്പെടെയുള്ള ശക്തമായ നടപടികളിലൂടെ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ച സല്‍പ്പേര് വിന്‍സന്റിന്റെ അറസ്റ്റിന് പിന്നില്‍ കോവളം കൊട്ടാര കൈമാറ്റമാണെന്ന പ്രചരണത്തില്‍ ഇല്ലാതാകുമോയെന്നാണ് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ആശങ്ക. അതേസമയം പ്രതിപക്ഷം ദുര്‍ബലമാണെന്ന പ്രതീക്ഷ മാത്രമാണ് ഈ വിഷയത്തില്‍ സര്‍ക്കാരിനുള്ളത്.

പീഡനക്കേസില്‍ വിന്‍സന്റ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ലെങ്കിലും പ്രോസിക്യൂഷന്‍ തെളിവുകള്‍ അദ്ദേഹത്തിന് എതിരാണ്. നിരപരാധിത്വം തെളിയിക്കാന്‍ വിന്‍സന്റിന് സാധിച്ചിട്ടുമില്ല. എല്ലാത്തിനുമുപരി നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത്ര പ്രതിഷേധം ഉയര്‍ന്നിട്ടും ഇരയായ വീട്ടമ്മ നിലപാട് മാറ്റിയിട്ടില്ല. വിന്‍സന്റ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാല്‍ കോവളം വിഷയത്തെ വിന്‍സന്റിന്റെ അറസ്റ്റിനെയും പരസ്പരം ബന്ധിപ്പിച്ച് പ്രചരണം നടത്തുന്നവര്‍ കൊട്ടാരത്തിന്റെ പേരില്‍ വിന്‍സന്റിനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ സാഹചര്യം കൃത്യമായി മുതലെടുക്കാന്‍ സാധിച്ചാല്‍ 13 മാസത്തെ കാലയളവിനിടയില്‍ ആദ്യമായി സര്‍ക്കാരിനെതിരെ ജനവികാരം ഉണര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍