UPDATES

കോവളം കൊട്ടാരം വിറ്റത് ബിജെപി സര്‍ക്കാര്‍; കൊട്ടാരം വളഞ്ഞത് സിപിഎം; ഒളിച്ചുകളികളുടെ പിന്നാമ്പുറങ്ങള്‍

കൊട്ടാരം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയും അതിന് വേണ്ടി കൊണ്ടുവന്ന നിയമവുമാണ് കോടതി പരിശോധിച്ചത്. ഉടമസ്ഥാവകാശ പ്രശ്‌നത്തിലേയ്ക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതുമാണ്.

കോവളം കൊട്ടാരം വീണ്ടും വാര്‍ത്തകളിലേയ്ക്ക് വരുന്നത് കൊട്ടാരം സ്വകാര്യ ഹോട്ടലുടമകളായ രവി പിള്ള ഗ്രൂപ്പിന് (ആര്‍പി ഗ്രൂപ്പ്) കൈമാറാനുള്ള തീരുമാനത്തോടെയാണ്. ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐടിഡിസി) ഉടമസ്ഥതയിലുണ്ടായിരുന്ന കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും 2002-ല്‍ എംഫാര്‍ ഗ്രൂപ്പിന് എബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വിറ്റതോടെയാണ് വാര്‍ത്തകളില്‍ ആദ്യം ഇടം പിടിക്കുന്നത്. 43.68 കോടി രൂപയ്ക്കായിരുന്നു ബിജെപി സര്‍ക്കാരിന്റെ കോവളം കൊട്ടാരം വില്‍പ്പന. പിന്നീടിങ്ങോട്ട് ലീല ഗ്രൂപ്പും ആര്‍പി ഗ്രൂപ്പുമെല്ലാം കൈവശം വയ്ക്കുന്ന കൊട്ടാരം വലിയ വിവാദ വിഷയമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന കൊട്ടാരവും 4.13 ഹെക്ടര്‍ വരുന്ന മൊത്തം ഭൂമിയും സ്വകാര്യ ഉടമകള്‍ക്ക് കൈമാറാനുള്ള നീക്കങ്ങള്‍, 2001-06-ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്റെ ഇടപെടലുകളോടെയാണ് മാധ്യമശ്രദ്ധയിലേയ്ക്കും കേരളത്തിന്റെ പൊതുശ്രദ്ധയിലേയ്ക്കും കാര്യമായി കൊണ്ടുവന്നത്. കൊട്ടാരവും സ്ഥലവും സ്വകാര്യഗ്രൂപ്പിന് വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് അടക്കമുള്ളവര്‍ക്ക് വിഎസ് കത്തയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചില്ല.

എംഫാര്‍ ഗ്രൂപ്പില്‍ നിന്ന് ലീല ഗ്രൂപ്പും പിന്നീട് ലീല ഗ്രൂപ്പില്‍ നിന്ന ആര്‍പി ഗ്രൂപ്പും കൊട്ടാരവും സ്ഥലവും വാങ്ങുകയായിരുന്നു. ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ചില അഭിമുഖങ്ങളില്‍ വിഎസിനെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് കാരണവും കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നവും അതിലെ അമര്‍ഷവുമായിരുന്നു. നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണെങ്കില്‍ പോലും ഇപ്പോള്‍ കൊട്ടാരം കൈമാറാന്‍ തീരുമാനിച്ച സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടിക്ക് വിരുദ്ധമായിരുന്നു അന്ന് പാര്‍ട്ടി നിലപാട്. കോവളം കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കണമെന്നാണ് സിപിഎം എംഎല്‍എ എം വിജയകുമാര്‍ ആവശ്യപ്പെട്ടത്. കോവളം ഹോട്ടല്‍ – കൊട്ടാര വില്‍പ്പന സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊട്ടാരവും സ്ഥലവും സ്വകാര്യ വ്യക്തിക്ക് കൈമാറുന്നതിനെതിരെ സിപിഎം കൊട്ടാരം വളഞ്ഞ് സമരം നടത്തിയിരുന്നു. ഉടമസ്ഥാവകാശം വിട്ടുകൊടുത്തിട്ടില്ല എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. പക്ഷെ അങ്ങനെ പറയുമ്പോള്‍ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനായി നിയമപരമായ എന്തൊക്കെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു എന്ന് പരിശോധിക്കേണ്ടതാണ്.

1932ല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ രാമവര്‍മ്മ വലിയകോയിത്തമ്പുരാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹലിക്കോണ്‍ പാലസ് എന്നറിയപ്പെട്ടിരുന്ന കൊട്ടാരം നിര്‍മ്മിച്ചത്. 1954ല്‍ രാജകുടുംബവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തിരു-കൊച്ചി സര്‍ക്കാര്‍ കൊട്ടാരവും അനുബന്ധ സ്ഥലവും വാങ്ങി – 5,26,431 രൂപയ്ക്ക്. 1962 മുതല്‍  ടൂറിസം വകുപ്പിന് കീഴിലുള്ള കോവളം പാലസ് ഹോട്ടലായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഈ കെട്ടിടം. 1970 ഒക്ടോബറിലാണ് കെടിഡിസിയുടെ കൈവശമുണ്ടായിരുന്ന കൊട്ടാരവും വളപ്പും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഐടിഡിസിക്ക് കൈമാറുന്നത്. അതോടെ ഇത് കോവളം അശോക ബീച്ച് റിസോര്‍ട്ട് ആയി മാറി.

എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ നയങ്ങളുടെ ഭാഗമായി ബിജെപി സര്‍ക്കാര്‍ കൊട്ടാരം വില്‍പ്പനയ്ക്ക് വച്ചതോടെ പൈതൃക സ്മാരകമായും മ്യൂസിയമായുമൊക്കെ സംരക്ഷിക്കേണ്ടിയിരുന്ന കെട്ടിടവും അതിന്റെ പരിസരവും, സ്വകാര്യ ഹോട്ടലും അതിന്‍റെ ഭൂമിയുമായി മാറുകയാണ് ചെയ്തത്. ഒരേസമയം ഒരു ചരിത്ര – പൈതൃക സ്മാരകവും സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്ക് അടിയറ വച്ചു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ നഷ്ടം മാത്രമാണുണ്ടായത്. രാജാധിപത്യത്തിന്റെ നിര്‍മ്മിതികളുടെ ശേഷിപ്പ് ജനാധിപത്യ ഭരണകൂടം ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് പകരം പുതിയ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ക്ക് തന്നെ അടിയറ വച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും അതിന് നേതൃത്വം നല്‍കിയ പാര്‍ട്ടികളും ഒരുപോലെ കുറ്റക്കാരാണ്.

2004-ല്‍ പൈതൃക സ്മാരകമായി കൊട്ടാരം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും 2005ല്‍ കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരുകയും ചെയ്തതോടെ സര്‍ക്കാരും സ്വകാര്യ ഹോട്ടലുടമകളും തമ്മിലുള്ള ഉടമസ്ഥാവകാശ തര്‍ക്കം കോടതിയിലേയ്ക്ക് നീങ്ങി. 2004 സെപ്റ്റംബർ 25ന് ജില്ലാ കലക്ടർ സ്ഥലം വിട്ടുനൽകാൻ നോട്ടീസ് നൽകിയിരുന്നു.
ഉടമസ്ഥത അവകാശപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്യാതെയാണ് സര്‍ക്കാര്‍ കെട്ടിടവും സ്ഥലവും ഏറ്റെടുത്തത്. ഇത് സ്വകാര്യ ഉടമയെ സഹായിക്കാനാണെന്ന് വിഎസ് അന്ന് തന്നെ ആരോപിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഹോട്ടലുടമകള്‍ക്ക് അനുകൂലമായി വിധി പറയുകയും സര്‍ക്കാര്‍ തിരിച്ചടി നേരിടുകയും ചെയ്തത് സര്‍ക്കാരിന്റെ തന്നെ അലംഭാവപൂര്‍ണമായതോ സ്വകാര്യ ഉടമയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതോ ആയ സമീപനത്തിന്റെ ഭാഗമായിരുന്നു. യുഡിഎഫിന്റെ കാലത്ത് ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ ഹാജരാകാത്ത സാഹചര്യം പോലുമുണ്ടായി.

2005ല്‍ ലീല ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ കൊട്ടാരം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2011ല്‍ കൊട്ടാര വിൽപ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്നും വിൽപ്പന റദ്ദാക്കണമെന്നും കാണിച്ച് ലാൻഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. കോവളം കൊട്ടാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 2005ലെ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് 2011 ജനുവരിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണത്തിന് അധികാരമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ വിഎസ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരുന്നു. 2011 ഫെബ്രുവരിയില്‍ കോവളം കൊട്ടാരത്തിന്റെ സ്റ്റാറ്റസ് കോ നിലനിര്‍ത്താനാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. 2014 ഡിസംബറില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി. ഭരണഘടനാവിരുദ്ധമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ശരി വച്ചു.  ഹൈക്കോടതിവിധി, സുപ്രീംകോടതി ശരി വയ്ക്കുകയായിരുന്നു.  സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ 2016ല്‍ നിരസിക്കപ്പെട്ടു. 2016 മാര്‍ച്ചിലായിരുന്നു ഇത്.  എന്നാല്‍ ഇത്തരമൊരു വിധി ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും എങ്ങനെയുണ്ടായി എന്നും കോടതിയില്‍ സര്‍ക്കാരിന്റെ സമീപനം പലരും ആരോപിക്കുന്നത് പോലെ ഹോട്ടലുടമകള്‍ക്ക് സഹായകരമായ നിലയിലായിരുന്നോ എന്നതുമാണ് പ്രശ്‌നം.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടാന്‍ ആദ്യം സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ സര്‍ക്കാര്‍ അറ്റോണി ജനറലിന്റെ നിയമോപദേശം തേടി. അറ്റോണി ജനറലായിരുന്ന മുകുള്‍ റോത്താഗി നേരത്തെ സ്വകാര്യ ഹോട്ടലുടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ ആളാണ്‌. ഹൈക്കോടതിയും സുപ്രീംകോടതിയും ഹോട്ടലുടമകള്‍ക്ക് അനുകൂലമായി വിധിച്ച സാഹചര്യത്തില്‍ കൊട്ടാരം വിട്ടുകൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു റോത്താഗിയുടെ നിയമോപദേശം. അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദും മുന്‍ നിയമോപദേശത്തില്‍ നിന്ന് പിന്നീട് മാറി. സുപ്രീം കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഇനി കോടതിയെ സമീപിക്കുന്നതില്‍ കാര്യമില്ലെന്നാണ് എജി രണ്ടാമത് നല്‍കിയിരിക്കുന്ന നിയമോപദേശം. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ വന്ന ഈ മാറ്റം സംശയകരമാണ്. കാരണം സുപ്രീം കോടതി സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷം തന്നെയാണ് സിവില്‍ കേസ് നല്‍കണമെന്ന ആദ്യ നിയമോപദേശം എജി മുന്നോട്ട് വക്കുന്നത്.

2017 ഫെബ്രുവരിയിലും കോവളം കൊട്ടാരവും അനുബന്ധ സ്ഥലങ്ങളും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകള്‍ ഉള്ളതിനാലും ആര്‍പി ഗ്രൂപ്പ് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തിരിക്കുന്ന സാഹചര്യത്തിലും കോടതിയലക്ഷ്യം  ഒഴിവാക്കാന്‍ കൊട്ടാരം കൈമാറുകയല്ലാതെ വേറെ വഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. മറ്റ് പല ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകളും നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകാന്‍ മടിയില്ലാത്തവരാണ് ഇത് പറയുന്നത് എന്നതാണ് ശ്രദ്ധേയം.

ടൂറിസം വകുപ്പിന്റെ ശുപാര്‍ശയില്‍, റവന്യു വകുപ്പിന്റെ വിയോജിപ്പുകള്‍ക്കിടയില്‍ തീരുമാനം എന്നൊക്കെയാണ് വാര്‍ത്തകള്‍. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് സിപിഎം, സിപിഐ മന്ത്രമാര്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് കൊട്ടാരം കൈമാറാം എന്ന തീരുമാനത്തിലെത്തി എന്നാണ് ഒടുവില്‍ ഉണ്ടായ തീരുമാനം. ഇപ്പോള്‍ വീണ്ടും ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാന്‍ സര്‍ക്കാര്‍ സിവില്‍ കേസ് നല്‍കും എന്ന് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാദം സാങ്കേതികമായി ശരിയാണെന്ന് തോന്നാം. എന്നാല്‍ ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് ആരാണ് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത് എന്നാണ് ആലോചിക്കേണ്ടത്.

1970ല്‍ കൊട്ടാരത്തിന്റേയും വളപ്പിന്റേയും കൈവശാവകാശം മാത്രമാണ്  ഐടിഡിസിക്ക് കൈമാറിയത് എന്നാണ് സിപിഐയുടെ വാദം. കോവളം കൊട്ടാരത്തിന്റേയും അനുബന്ധ വസ്തുക്കളുടേയും (43 ഏക്കര്‍) കൈവശാവകാശം ഇന്ത്യാ ഗവണ്‍മെന്റിന്റെ ടൂറിസം വകുപ്പിന് കൈമാറുന്നു എന്നാണ് 1970 ജൂലായ് 18ന്റെ കേരള ഗവണ്‍മെന്റ് ഉത്തരവില്‍ പറയുന്നത്. വസ്തു കൈമാറ്റത്തിന്റെ ഉപാധികളും വ്യവസ്ഥകളും സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഗവണ്‍മെന്റ് ഉത്തരവില്‍ വ്യക്തമാക്കുന്നു.  കൈവശാവകാശം മാത്രമാണ് കൈമാറിയതെങ്കില്‍ കൊട്ടാരവും വളപ്പും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ വില്‍പ്പനയ്ക്ക് വച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാകും.

എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടാന്‍ 2005 മുതല്‍ മാറി വന്ന സര്‍ക്കാരുകള്‍ കേസില്‍ കോടതിയില്‍  സ്വീകരിച്ച സമീപനം എന്താണ് എന്നതും, ഉടമസ്ഥാവകാശ പ്രശ്‌നത്തിലേയ്ക്കല്ല ഹൈക്കോടതിയും സുപ്രീംകോടതിയും കടന്നിട്ടുള്ളതും എന്നത് ശ്രദ്ധിക്കേണ്ടതാണ്. പകരം കൊട്ടാരം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയും അതിന് വേണ്ടി കൊണ്ടുവന്ന നിയമവുമാണ് കോടതി പരിശോധിച്ചത്. ഉടമസ്ഥാവകാശ പ്രശ്‌നത്തിലേയ്ക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുത്ത് കൊട്ടാരവും സ്ഥലവും ആര്‍പി ഗ്രൂപ്പിന് വിട്ടുനല്‍കേണ്ട സാഹചര്യമെന്തായിരുന്നു? കോടതി വ്യക്തമാക്കിയിട്ടുള്ള ഈ കാര്യം കാണാതെയോ കണ്ടില്ലെന്ന് നടിച്ചോ ഉള്ള ഒളിച്ചുകളിയാണ് സര്‍ക്കാരുകള്‍ നടത്തിയത് എന്ന് തന്നെ പറയേണ്ടി വരും.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍