പരിശോധനയില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, ഗുരുതരമായ പീഢനങ്ങള്‍ നടന്നിട്ടില്ല എന്നാണ് ഇപ്പോള്‍ പൊലീസ് ഭാഷ്യം.
തിരുവനന്തപുരം തൊളിക്കോട് ഇമാം ഷഫീഖ് അല്‍ ഖാസിമിക്കു ശേഷം മറ്റൊരു ഇമാമിനെതിരെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ്. കോഴിക്കോട് മടവൂരില്‍ നിന്നും പിടിയിലായ ഇമാമിനെയാണ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികാതിക്രമത്തിനു ശ്രമിച്ചതിനാണ് ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മടവൂര്‍ സി.എം. മഖാമിനു സമീപത്തുള്ള ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് വെള്ളയില്‍ ഗാന്ധിറോഡ് പള്ളിയിലെ ഇമാമും മദ്രസാധ്യാപകനുമാണ് അറസ്റ്റിലായ അബ്ദുല്‍ ബഷീര്‍ (47).
പെണ്‍കുട്ടിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്, മടവൂര്‍ സി.എം. മഖാമില്‍ നടക്കുന്ന നേര്‍ച്ച കാണിക്കാനെന്ന പേരിലാണ് ഇമാം ലോഡ്ജിലെത്തിച്ചത്. മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് ലോഡ്ജിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാരാണ് കുന്ദമംഗലം പൊലീസില്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ലൈംഗിക അതിക്രമം നടന്നതായി പെണ്‍കുട്ടി തുറന്നു പറഞ്ഞത്. ‘നേരത്തേയും തന്നെ ലോഡ്ജിലെത്തിച്ച് ഉപദ്രവിച്ചിട്ടുള്ളതായി’ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് ആരാധനാലയത്തിനടുത്തുള്ള ലോഡ്ജ് തന്നെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെക്കുറിച്ച് കുന്ദമംഗലം പൊലീസ് പറയുന്നതിങ്ങനെ: ‘മഖാമിനടുത്തുള്ള ലോഡ്ജില്‍ ഇമാം പതിനേഴുകാരിയുമായി എത്തിയ വിവരം സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിലറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടി തന്നെ നേരത്തേയും ഒരു തവണ കൂട്ടിക്കൊണ്ടു വന്നിട്ടുള്ളതായി പറഞ്ഞു. മറ്റു പീഡനങ്ങളൊന്നും നടന്നതായി പറഞ്ഞിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായെത്തുകയും, ശരീരത്തില്‍ സ്പര്‍ശിക്കുകയും മറ്റും ചെയ്തു എന്ന് മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് പോക്സോ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിട്ടാണ് കുട്ടിയെ കൊണ്ടുവന്നിരിക്കുന്നത്.’
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും, പരിശോധനയില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, ഗുരുതരമായ പീഢനങ്ങള്‍ നടന്നിട്ടില്ല എന്നാണ് ഇപ്പോള്‍ പൊലീസ് ഭാഷ്യം. ലൈംഗികാതിക്രമങ്ങള്‍ നടന്നിട്ടുള്ളതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇമാമിനെ കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. നിലമ്പൂര്‍ രാമന്‍കുത്ത് സ്വദേശിയാണ് അറസ്റ്റിലായ ഇമാം അബ്ദുല്‍ ബഷീര്‍.
മാസങ്ങള്‍ക്കിടയില്‍ പള്ളി ഇമാമുമാര്‍ പ്രതികളായി പുറത്തുവരുന്ന രണ്ടാമത്തെ പോക്സോ കേസാണിത്. തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ വിജനമായ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ ഒരു മാസക്കാലത്തെ ഒളിവു ജീവിതത്തിനൊടുവില്‍ അറസ്റ്റു ചെയ്തത് ദിവസങ്ങള്‍ക്കു മുന്‍പാണ്. വേഷവും രൂപവും മാറ്റി മധുരയിലെ ലോഡ്ജില്‍ കഴിയുകയായിരുന്ന ഇയാള്‍ പൊലീസിന്റെ പിടിയിലായതിനു തൊട്ടു പിന്നാലെയാണ് കോഴിക്കോട്ടും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊഴിലുറപ്പു ജോലിക്കെത്തിയ സ്ത്രീകളായിരുന്നു തൊളിക്കോട് ഇമാമിനെയും പെണ്‍കുട്ടിയെയും കാറിനകത്ത് കണ്ടെത്തിയത്.
സ്‌കൂള്‍ യൂണിഫോമിലായിരുന്ന പെണ്‍കുട്ടി തന്റെ ഭാര്യയാണെന്നു പറഞ്ഞ് ഇമാം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, ഒടുവില്‍ പിടിയിലകപ്പെടുകയായിരുന്നു. വലിയ പ്രതിഷേധങ്ങളാണ് തൊളിക്കോട് ഇമാമിനെതിരെ പ്രദേശത്ത് ഉയര്‍ന്നിരുന്നത്. ഇമാമിനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നു കരുതപ്പെടുന്ന എസ്.ഡി.പി.ഐ. നേതാക്കള്‍ക്കെതിരെയും പ്രതിഷേധം കടുത്തിരുന്നു. തൊളിക്കോട് ഇമാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രശ്നങ്ങള്‍ കെട്ടടങ്ങുന്നതിനിടെയാണ് കോഴിക്കോട്ടു നിന്നും വീണ്ടും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. മദ്രസാധ്യാപകന്‍ കൂടിയായ ഇമാം നേര്‍ച്ചയില്‍ പങ്കെടുക്കുക എന്ന മതപരമായ ചടങ്ങിന്റെ പേരിലാണ് പെണ്‍കുട്ടിയെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചതെന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.