UPDATES

ട്രെന്‍ഡിങ്ങ്

രാജ്യത്തെ ഏറ്റവും ചെലവേറിയ ദേശീയപാത ബൈപ്പാസ് നിർമ്മാണം ‘പാപ്പരാ’യ കെഎംസിക്ക് തന്നെ, കുഴപ്പമില്ല, താൻ നോക്കി നടത്തിക്കൊള്ളാമെന്ന് എം.കെ രാഘവൻ എംപി

കരാർ സംബന്ധിച്ച് ഉത്തരവ് കിട്ടിയിട്ടില്ലെന്നും അതിനുശേഷം മാത്രമെ വ്യക്തത വരൂവെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്

രാജ്യത്തെ ഏറ്റവും ചിലവേറിയ ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണ കരാര്‍ ‘പാപ്പര്‍’ കമ്പനിക്ക് തന്നെ. കോഴിക്കോട് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണം ഹൈദരാബാദ് ആസ്ഥാനമായുള്ള കൃഷ്ണമോഹന്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി അഥവാ കെഎംസിയെ തന്നെ ഏല്‍പ്പിക്കാന്‍ ഉന്നതതലത്തില്‍ ധാരണയായി. കെഎംസിക്ക് ഒന്നര വര്‍ഷം മുമ്പ് ബൈപ്പാസ് നിര്‍മ്മാണ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിനിടെ കമ്പനിയുടെ സാമ്പത്തിക ഭദ്രത സംബന്ധിച്ച് സംശയങ്ങളുയര്‍ന്നതോടെ കമ്പനിക്ക് കരാര്‍ നല്‍കണമോ എന്ന കാര്യം തീരുമാനമാവാതെ തുടരുകയായിരുന്നു. ഇപ്പോഴും കെഎംസി കമ്പനിയുമായുള്ള കരാര്‍ തുടരുമോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദേശീയപാതാ അധികൃതര്‍ പറയുന്നു. എന്നാല്‍ പദ്ധതി കെഎംസിയെ തന്നെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതായി കോഴിക്കോട് എംപി എം.കെ രാഘവന്‍ സ്ഥിരീകരിച്ചു. കെഎംസി കമ്പനി കേരളത്തില്‍ ഏറ്റെടുത്ത് നടത്തിയിരുന്ന മണ്ണൂത്തി- വടക്കഞ്ചേരി റോഡ് നിര്‍മ്മാണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒന്നര വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ബൈപ്പാസ് നിര്‍മ്മാണ കരാര്‍ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം.

2018 ഏപ്രില്‍ 18-നാണ് ദേശീയപാതാ അതോറിറ്റി കെഎംസിക്ക് കോഴിക്കോട് കരാര്‍ നല്‍കുന്നത്. എന്നാല്‍ കരാര്‍ നല്‍കി ഒന്നര വര്‍ഷമാവുമ്പോഴും നിര്‍മ്മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിരുന്നില്ല. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. കരാര്‍ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബൈപ്പാസ് നിര്‍മ്മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കരാര്‍ കെഎംസിക്ക് നല്‍കിയെങ്കിലും രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാരിന് ബാങ്ക് ഗ്യാരന്റിയായി നല്‍കേണ്ട 85 കോടി രൂപ സമയബന്ധിതമായി നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ ബൈപ്പാസ് നിര്‍മ്മാണം ആരംഭിക്കുന്നത് നീണ്ടു. ഗ്യാരന്റി തുക കെട്ടാന്‍ കമ്പനി പരാജയപ്പെട്ടതോടെ പദ്ധതിക്കാവശ്യമായ പണം കണ്ടെത്താന്‍ കമ്പനി നല്‍കിയ സാമ്പത്തിക പാക്കേജിന് ദേശീയപാതാ അതോറിറ്റി അംഗീകാരം നല്‍കിയില്ല. ആ ഘട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കരാറില്‍ പങ്കാളികളാവാമെന്ന നിര്‍ദ്ദേശം വച്ചെങ്കിലും കെഎംസി ഇത് നിരസിച്ചു. പിന്നീട് സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ഇന്‍കെല്‍ കമ്പനിയെക്കൂടി കരാറില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി ബാങ്ക് ഗ്യാരന്റി നല്‍കി. ബൈപ്പാസ് നിര്‍മ്മാണം പ്രതിസന്ധിയിലാവുന്നതും പാപ്പര്‍ കമ്പനിക്ക് കരാര്‍ നല്‍കുന്നതിലെ അഴിമതിയും ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ-പൊതു പ്രവര്‍ത്തകരും രംഗത്തെത്തി. കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി റീ ടെന്‍ഡര്‍ നടപടികള്‍ വേണമെന്നായിരുന്നു മുഖ്യ ആവശ്യം.

കമ്പനി സമര്‍പ്പിച്ച സാമ്പത്തിക പാക്കേജ് അംഗീകരിച്ചെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും എം.കെ രാഘവന്‍ എംപി അഴിമുഖത്തോട് പറഞ്ഞു. കെഎംസി കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും വേണ്ട രീതിയില്‍ താന്‍ മോണിറ്റര്‍ ചെയ്ത് പദ്ധതി നടപ്പാക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു. “പദ്ധതിക്ക് അനുമതി ലഭിക്കാന്‍ തന്നെ വളരെ കാലതാമസം നേരിട്ടു. 2018 ഏപ്രില്‍ 18-ന് കെഎംസിക്ക് കരാര്‍ നല്‍കി. ഇന്ത്യയിലെ പലയിടങ്ങളിലും നിരവധി റോഡുകള്‍ നിര്‍മ്മിക്കുകയും നല്ല പേര് വാങ്ങുകയും ചെയ്ത കമ്പനിയാണ് കെഎംസി. പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും പേയ്മെന്റ് വൈകുന്നത് കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനിക്കുള്ളത്. സ്വന്തം നിലയ്ക്ക് ഇത്രയും വലിയ പ്രോജക്ട് നടപ്പിലാക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കെഎംസി. അതിനാല്‍ ഇന്‍കെലുമായി ചേര്‍ന്ന് കാലിക്കറ്റ് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുണ്ടാക്കി. ഊരാളുങ്കല്‍ ഉള്‍പ്പെടെ കമ്പനിയുമായി കരാറില്‍ പങ്കുചേരുന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇന്‍കെലുമായി ചേര്‍ന്ന കമ്പനി 85 കോടി രൂപയുടെ ഗ്യാരന്റി നല്‍കി. പിന്നീട് ഫെബ്രുവരിയില്‍ നിര്‍മ്മാണം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ അത് വീണ്ടും കാലതാമസം വന്നു. ഇനി പിഡബ്ല്യുഡി എന്‍എച്ച് വിഭാഗത്തിന്റെ സഹകരണം ആവശ്യമാണ്. മണ്ണ് പരിശോധനയ്ക്കും മറ്റുമുള്ള നടപടികള്‍ ആണ് അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ടത്. കെഎംസിക്ക് തന്നെ കരാര്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഇനി ഓര്‍ഡര്‍ ആയി അത് വരേണ്ട താമസം മാത്രമാണുള്ളത്. കെഎംസി സാമ്പത്തിക പരാധീനതകളുള്ള കമ്പനിയാണെന്നും ഏറ്റെടുത്ത നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തവരാണെന്നും അറിയാം. പക്ഷെ ബൈപ്പാസ് നിര്‍മ്മാണത്തില്‍ അത്തരം പ്രതിസന്ധികള്‍ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ നേരിട്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ മോണിറ്റര്‍ ചെയ്ത് നടപ്പാക്കും. കരാര്‍ നീട്ടി നല്‍കാനുള്ള നടപടികളും ഉണ്ടാവും,” അദ്ദേഹം പറഞ്ഞു.

എന്നാല്‍ എംപിയുടെ പ്രതികരണത്തിന് എതിരായിരുന്നു ദേശീയപാതാ അതോറിറ്റി അധികൃതരുടെ പ്രതികരണം. ദേശീയ പാതാ അതോറിറ്റി പ്രോജക്ട് ഹെഡ് ആയ നിര്‍മ്മല്‍ എം. സാഡേ പറഞ്ഞത് ഇങ്ങനെ, “2018 ഏപ്രില്‍ 18-ന് കരാര്‍ നല്‍കി എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ദേശീയപാതാ അതോറിറ്റിയും കരാര്‍ ലഭിച്ച കമ്പനിയും തമ്മില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. കെഎംസി കമ്പനിക്ക് തന്നെ കരാര്‍ തുടരുമോ എന്ന കാര്യത്തിലും അതോ റീ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യത്തിലും ഇതേവരെ എന്‍എച്ച്എഐ ഹെഡ് ഓഫീസില്‍ നിന്ന് തീരുമാനം വന്നിട്ടില്ല. നിര്‍മ്മാണം എന്ന് തുടങ്ങാനാവുമെന്നും പറയാനാവില്ല. എല്ലാം തീരുമാനിക്കേണ്ടത് ഹെഡ് ഓഫീസില്‍ നിന്നാണ്. ഇക്കാര്യം അവിടെ പരിഗണനയിലാണ്. തീരുമാനമനുസരിച്ച് ഞങ്ങള്‍ അത് എക്സിക്യൂട്ട് ചെയ്യും.”

വിവിധ തലങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും രൂപപ്പെട്ടിട്ടുണ്ട്. ഇന്‍കെലുമായി ചേര്‍ന്ന് കരാര്‍ പങ്കുവെക്കാനായിരുന്നു കെഎംസിയുടെ നീക്കം. ദേശീയപാതാ അതോറിറ്റിക്ക് ഗ്യാരന്റിയായി പണം നല്‍കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ ഇപ്പോഴും ഈ കരാറുമായി മുന്നോട്ട് പോവുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയുള്ളൂ എന്നാണ് ഇന്‍കെല്‍ അധികൃതരുടെ പ്രതികരണം. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അതിനുള്ള ചര്‍ച്ചകളും ആലോചനകളും നടന്നു വരികയാണെന്നും അവര്‍ പറഞ്ഞു. ഇന്‍കെല്‍ കരാറില്‍ തുടരേണ്ട എന്ന തീരുമാനത്തിലെത്തിയാല്‍ ബൈപ്പാസ് നിര്‍മ്മാണ ചുമതല കെഎംസി ഒറ്റക്കായിരിക്കും ഏറ്റെടുക്കേണ്ടി വരിക. കെഎംസിയെ രക്ഷപെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ‘ദുരിതാശ്വാസ’ പാക്കേജിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇത്രയും വലിയ തുകയ്ക്കുള്ള പദ്ധതി കമ്പനിക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ കഴിയുമോ എന്നതാണ് പൊതുപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം. ബൈപ്പാസ് നിര്‍മ്മാണം വൈകുന്നതിനെയും കെഎംസിക്ക് കരാര്‍ നല്‍കിയതിനെയും വിമര്‍ശിച്ച് സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും നേതാക്കളും എത്തിയിരുന്നു. എന്നാല്‍ അവരാരും തന്നെ ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

പിഡബ്ല്യുഡി എന്‍എച്ച് വിഭാഗവും നിലവില്‍ നിസ്സഹകരണത്തിലാണ്. നിലവിലുള്ള ബൈപ്പാസിലെ അറ്റകുറ്റ പണികള്‍ നടത്തേണ്ടത് കരാര്‍ ലഭിച്ചിരിക്കുന്ന കമ്പനിയാണെന്നും അല്ലാത്ത പക്ഷം അതിന്റെ ഉത്തരവാദിത്തം എന്‍എച്ച്എഐ ഏറ്റെടുക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ പക്ഷം. സര്‍വേ, മണ്ണ് പരിശോധന എന്നിവ നടത്തണമെങ്കില്‍ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ നേരിട്ട് ആവശ്യപ്പെടണമെന്നും പിഡബ്ല്യുഡി എന്‍എച്ച് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. “കരാര്‍ കെഎംസിക്കാണോ, നിര്‍മ്മാണം ആരംഭിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കണം. മണ്ണ് പരിശോധനയ്ക്കോ സര്‍വേയ്ക്കോ എന്‍എച്ച്എഐ പ്രോജക്ട് ഹെഡ് ഔദ്യോഗികമായി ആവശ്യപ്പെടണം. അല്ലാത്ത പക്ഷം അതിനായി ആരെത്തിയാലും അത് അനുവദിക്കില്ല.”

ഒരു കിലോമീറ്റര്‍ വരുന്ന ഇരട്ടത്തുരങ്കങ്ങള്‍ ഉള്‍പ്പെടെ 30 കിലോമീറ്റര്‍ റോഡ് 30 മാസങ്ങള്‍ കൊണ്ട് നിര്‍മ്മിക്കും എന്നായിരുന്നു തൃശൂര്‍ മണ്ണൂത്തി- വടക്കഞ്ചേരി ദേശീയപാതാ വികസനം ഏറ്റെടുക്കുമ്പോള്‍ ദേശീയപാതാ അതോറിറ്റിയും നിര്‍മ്മാണ കരാര്‍ ലഭിച്ച കമ്പനിയും പ്രഖ്യാപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസിക്കായിരുന്നു ഈ റോഡ് നിര്‍മ്മാണത്തിന്റെ ചുമതല. എന്നാല്‍ പത്ത് വര്‍ഷമായിട്ടും ആറ് വരി പാതയും ഇരട്ട തുരങ്കങ്ങളും ഇനിയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. റോഡിന്റെ നിര്‍മ്മാണം പലയിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കുതിരാന്‍ മല തുരന്നുള്ള ഇരട്ട തുരങ്കങ്ങളില്‍ ഒന്നിന്റെ 90 ശതമാനവും മറ്റൊന്നിന്റെ 40 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തോടെ നിര്‍മ്മാണ കമ്പനിയായ കെഎംസി റോഡിന്റെയും തുരങ്കങ്ങളുടെയും നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തി. സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. ഇതിന് മുമ്പും നിര്‍മ്മാണത്തിനിടെ ഇരുപതിലധികം തവണ പണി തടസ്സപ്പെടുകയും പിന്നീട് നാളുകള്‍ക്ക് ശേഷം പുനരാരംഭിക്കുകയുമുണ്ടായി. തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്തതിനെ തുടര്‍ന്ന് തൊഴില്‍ സ്തംഭനമുണ്ടായി. നിര്‍മ്മാണാവശ്യത്തിന് വാടകക്കെടുത്ത ലോറികളുടേയും മറ്റ് വാഹനങ്ങളുടേയും സാമഗ്രികളുടേയും പണം നല്‍കാതായതോടെ ഇവര്‍ കമ്പനിയുടെ ഓഫീസിന് മുന്നില്‍ പ്രക്ഷോഭം ആരംഭിച്ചു. പണിമുടക്കി. നിര്‍മ്മാണ സാധനങ്ങള്‍ക്കുള്ള കൂലി മുടങ്ങിയപ്പോള്‍ കമ്പനിക്കായി സാധനങ്ങള്‍ നല്‍കുന്നത് പലരും നിര്‍ത്തി. കുടിശിക തീര്‍ക്കാതെ സാധനങ്ങള്‍ തരില്ല എന്ന് തീര്‍ത്ത് പറഞ്ഞതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കേണ്ടി വന്നു. ഇതിന് പുറമെ തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കെഎംസി പ്രഗതി എന്ന കമ്പനിക്ക് ഉപ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കെഎംസി വലിയ തോതില്‍ കുടിശിക വരുത്തിയതോടെ പ്രഗതി കമ്പനി തുരങ്ക നിര്‍മ്മാണം പാതിവഴിക്ക് ഉപേക്ഷിച്ചു. ഇതോടെ നിര്‍മ്മാണം വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് പ്രഗതി കമ്പനിയെ ഉപ കരാറില്‍ നിന്ന് ഒഴിവാക്കുകയും കെഎംസി നേരിട്ട് തുരങ്ക നിര്‍മ്മാണം ഏറ്റെടുക്കുകയും ചെയ്തു. കെഎംസി തങ്ങള്‍ക്ക് 40 കോടി രൂപ നല്‍കാനുണ്ടെന്നാണ് പ്രഗതി കമ്പനിയുടെ വാദം. എന്നാല്‍ അത്രത്തോളം പണം നല്‍കാനില്ലെന്നാണ് കെഎംസി കമ്പനിയുടെ പ്രതികരണം.

കഴിഞ്ഞ പ്രളയത്തില്‍ കുതിരാനില്‍ മണ്ണിടിഞ്ഞ് വലിയ അപകടങ്ങള്‍ ഉണ്ടായപ്പോഴും, മണ്ണ് നീക്കം ചെയ്യാന്‍ പോലും കെഎംസി കമ്പനി ഒരു ഇടപെടലും നടത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഹൈക്കോടതിയും കേന്ദ്രമന്ത്രിയും എംപിമാരും എംഎല്‍എമാരും ജില്ലാ കളക്ടറും പലകുറി അന്ത്യശാസനങ്ങള്‍ നല്‍കി. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തിയ വടക്കഞ്ചേരി-മണ്ണൂത്തി റോഡിന്റെയും തുരങ്കങ്ങളുടേയും നിര്‍മ്മാണം ഇനിയും പുനരാരംഭിച്ചിട്ടില്ല. കെഎംസി കമ്പനിക്ക് ദേശീയപാതാ അതോറിറ്റി നല്‍കിയ ഗ്യാരന്റിയില്‍ ഏഴ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആണ് റോഡ് നിര്‍മ്മാണത്തിനുള്ള വായ്പ നല്‍കിയത്. 500 കോടി രൂപ ആദ്യഘട്ടത്തില്‍ കമ്പനിക്ക് അനുവദിച്ചു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് തുടര്‍ന്ന് പണം നല്‍കില്ല എന്ന ഉറച്ച തീരുമാനത്തില്‍ എത്തി. ബാങ്കുകാരുടെ കരാര്‍ പ്രകാരം 2017 ജൂലൈ മുതല്‍ ടോള്‍ പിരിവ് ആരംഭിച്ച് വായ്പ തിരിച്ചടക്കണമെന്നായിരുന്നു. എന്നാല്‍ അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇ്ത് സാധ്യമായില്ല. ഒടുവില്‍ കുതിരാന്‍ തുരങ്കങ്ങളുടേയും ദേശീയപാതയുടേയും നിര്‍മ്മാണത്തിന് കമ്പനിയെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചനയിലാണ്. ബിഒടി വ്യവസ്ഥയിലുള്ള നിര്‍മ്മാണമായതിനാല്‍ സര്‍ക്കാരിന് നേരിട്ട് പണം നല്‍കാനാവില്ല. അതിനാല്‍ എല്‍ ആന്‍ഡ് ടി ഫിനാന്‍സില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരിക്കുന്നത്. ഇത്രയും സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന, ഏറ്റെടുത്ത നിര്‍മ്മാണം പത്ത് വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കമ്പനിക്ക് പുതിയ കരാര്‍ നല്‍കിയതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. ദേശീയപാതാ അതോറിറ്റിയും കെഎംസി കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണ് പലരും ഇതില്‍ ആരോപിക്കുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകനായ മോഹനന്‍ മണലില്‍ പറയുന്നു, “കെഎംസി എന്ന കമ്പനി 2010 മുതല്‍ തുടങ്ങിയതാണ് ഇത്. എന്‍എച്ച്എഐയും കമ്പനിയും തമ്മില്‍ വലിയ ഇടപെടലുകളുണ്ട്. അല്ലെങ്കില്‍ ഒരിടത്ത് സാമ്പത്തിക പ്രതിസന്ധി മൂലം പണി നിര്‍ത്തിപ്പോയ കമ്പനിക്ക് മറ്റൊരു പ്രോജക്ട് എങ്ങനെയാണ് അതോറിറ്റി നല്‍കുന്നത്. സാമ്പത്തിക ഭദ്രതയുള്ള കമ്പനിയാണോ ടെന്‍ഡറില്‍ പങ്കെടുക്കുന്നതെന്ന് പ്രീ-ബിഡില്‍ തന്നെ ഉറപ്പാക്കിയിട്ട് വേണം ടെക്നിക്കല്‍ ബിഡിലേക്ക് കടക്കാന്‍. അത് ചെയ്തിട്ടില്ലെങ്കില്‍ ടെന്‍ഡര്‍ നടപടികള്‍ തന്നെ വേണ്ട വിധം പാലിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. കരാര്‍ കാലാവധിയും പദ്ധതിയും നീളുന്നത് വഴി സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. കെഎംസി കമ്പനിക്കെതിരെ 2012ല്‍ ഞാന്‍ സമ്പാദിച്ച വിവരാവകാശ രേഖകള്‍ തന്നെ മതി കമ്പനിയുടെ തട്ടിപ്പുകള്‍ മനസ്സിലാക്കാന്‍. സംസ്ഥാനത്തെ രണ്ട് വരി പാതകള്‍ നാല് വരി പാതകളാക്കാന്‍ നല്‍കിയ ടെന്‍ഡറില്‍ വലിയ ക്രമക്കേടുകളാണ് നടന്നത്. ദേശീയപാതയിലെ വെങ്ങളം-കണ്ണൂര്‍ (82 കിലോമീറ്റര്‍), വെങ്ങളം-കുറ്റിപ്പുറം (88 കിലോമീറ്റര്‍), തൃശൂര്‍- വടക്കാഞ്ചേരി (30 കിലോമീറ്റര്‍), തൃശൂര്‍-അങ്കമാലി-ഇടപ്പള്ളി (65 കിലോമീറ്റര്‍) എന്നീ ദേശീയപാതകള്‍ നാലുവരിയാക്കുന്ന പ്രവൃത്തികളിലാണ് നിബന്ധന പാലിക്കാതെ കരാര്‍ നല്‍കിയത്. നോര്‍ത്ത് മലബാര്‍ എക്സ്പ്രസ് വേ, സൗത്ത് മലബാര്‍ എക്സ്പ്രസ് വേ, തൃശൂര്‍ എക്സ്പ്രസ് വേ, ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനികള്‍ക്കായിരുന്നു കരാര്‍. ടെന്‍ഡറില്‍ പങ്കെടുക്കാത്തവയാണിവയെല്ലാം എന്നതാണ് ഏറ്റവും ശ്രദ്ധേയം. കൂടാതെ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ ഹൈവേ നിര്‍മാണ പരിചയം നാല് കമ്പനികള്‍ക്കുമില്ല. നാല് ടെന്‍ഡറുകളിലും പങ്കെടുത്ത് യോഗ്യതനേടിയത് കെഎംസി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ്. വെങ്ങളം-കണ്ണൂര്‍, വെങ്ങളം-കുറ്റിപ്പുറം ഭാഗങ്ങളുടെ ടെന്‍ഡര്‍ വിളിച്ചത് 2008 ജൂലൈ 27നായിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് നോര്‍ത്ത് മലബാര്‍ എക്സ്പ്രസ് വേ, സൗത്ത് മലബാര്‍ എക്സ്പ്രസ് വേ കമ്പനികള്‍ക്കാണ്. എന്നാല്‍ ഇവ രൂപീകരിച്ചത് യഥാക്രമം 2009 സെപ്തംബര്‍ 7നും സെപ്തംബര്‍ അഞ്ചിനുമാണ്. തൃശൂര്‍-വടക്കാഞ്ചേരി റീച്ചിന് ടെന്‍ഡര്‍ വിളിച്ചത് 2007 ഡിസംബര്‍ 19ന്. കരാര്‍ കിട്ടിയത് തൃശൂര്‍ എക്സ്പ്രസ് വേ കമ്പനിക്കാണെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) പുറത്തുവിട്ട രേഖകളിലുള്ളത്. കമ്പനി രൂപീകരിച്ചതാകട്ടെ 2009 ഏപ്രില്‍ എട്ടിനും. തൃശൂര്‍-അങ്കമാലി-ഇടപ്പള്ളിയുടെ ടെന്‍ഡര്‍ 2005 മെയ് 27ന്. കരാര്‍ കിട്ടിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 2005 നവംബര്‍ 24നാണ് രജിസ്റ്റര്‍ ചെയ്തത്. ടെന്‍ഡര്‍ വിളിച്ച് മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രൂപീകൃതമായ കമ്പനികള്‍ക്ക് കരാര്‍ കിട്ടിയതിനെപ്പറ്റി എന്‍എച്ച്എഐ ഇതേവരെ വിശദീകരിച്ചിട്ടില്ല. കെഎംസി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിക്ക് എല്ലാ കരാറുകളും ലഭിച്ചതിലെ നിയമവിരുദ്ധതയും സാധുതയും ചോദ്യംചെയ്യപ്പെട്ടാല്‍ അത് മറികടക്കാനായി രൂപീകരിച്ച കടലാസ് സ്ഥാപനങ്ങളാണ് മറ്റുള്ളവ. 9999 ഓഹരികള്‍ കെഎംസിയുടെ ഉടമസ്ഥതയിലാക്കി രൂപീകരിച്ചവയാണ് കരാര്‍ ലഭിച്ച നാല് കമ്പനികളും. നാല് കമ്പനികളുടെയും വിലാസം ഒന്നാണ്. ഇത്രയും വിവരങ്ങള്‍ പൊതുവിടത്തില്‍ പറഞ്ഞിട്ടും ദേശീയപാതാ അതോറിറ്റി ഒരു മറുപടി പോലും ഇതേവരെ നല്‍കിയിട്ടില്ല”, ഇക്കാര്യങ്ങളില്‍ കെഎംസി കമ്പനി പ്രതിനിധികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.

ദേശീയപാതാ അതോറിറ്റിയുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പദ്ധതി രാജ്യത്തെ തന്നെ ഏറ്റവും ചിലവേറിയ ബൈപ്പാസുകളിലൊന്ന്. ഒരു കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണത്തിന് നിലവിലെ നിരക്കില്‍ 60 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി. നാല് വലിയ പാലങ്ങള്‍, എട്ട് ഫ്ലൈ ഓവറുകള്‍, 102 കലുങ്കുകള്‍, നാല് അടിപ്പാതകള്‍, 16 ചെറിയ അടിപ്പാതകള്‍, 26 ജംഗ്ഷനുകള്‍, 34 ബസ് ബേകള്‍ എന്നിവ ഉള്‍പ്പെടുന്ന ബൃഹത് പദ്ധതി എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ളതാണ് കോഴിക്കോട് ദേശീയ പാതാ ബൈപ്പാസ്. രാമനാട്ടുകര ഇടിമൂഴിക്കല്‍ മുതല്‍ വെങ്ങളം വരെയുള്ള 28.4 കിലോമീറ്ററാണ് ആറുവരി പാതയാക്കുന്നത്. കോഴിക്കോട് നഗരത്തില്‍ കടക്കാതെ രാമനാട്ടുകരയില്‍ നിന്ന് വെങ്ങളത്ത് എത്താവുന്ന പദ്ധതി നിരവധി വര്‍ഷങ്ങളായി പരിഗണനയിലുള്ളതാണ്. കിലോമീറ്ററിന് മതിപ്പുവില നോക്കുമ്പോള്‍ ഏറ്റവും ചെലവേറിയ ദേശീയ പാതകളില്‍ ഒന്നായി ഇത് മാറും. പാത കടന്ന് പോകുന്ന പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് ജനങ്ങളുടെ ആവശ്യവും തുടര്‍ച്ചയായ അഭ്യര്‍ത്ഥനയും മാനിച്ച് എട്ട് മേല്‍പ്പാലങ്ങള്‍ക്കാണ് പദ്ധതിയില്‍ അനുമതിയുള്ളത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്-പാലാഴി, പന്തീരങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ വരുക. ദേശീയപാത അടിയിലൂടെ കടന്നുപോകാന്‍ മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളില്‍ രണ്ട് ഓവര്‍ പാസുകളും അംഗീകരിച്ചിട്ടുണ്ട്. ക്രോസ് റോഡുകള്‍ കടന്നുപോകാനായി അമ്പലപ്പടി, മൊകവൂര്‍, കൂടത്തുമ്പാറ, വയല്‍ക്കര എന്നിവിടങ്ങളിലായി നാല് അടിപ്പാതകളും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കും. കൊടല്‍നടക്കാവ് മേല്‍നടപ്പാതയും ഇതിന്റെ ഭാഗമായ് വരും. ഇത്രയും നിര്‍മ്മാണങ്ങള്‍ കൂടി ഉള്‍പ്പെടെയാണ് വലിയ ചെലവ് കണക്കാക്കുന്നത്. ദേശീയപാത വികസന പദ്ധതിയുടെ മൂന്നാംഘട്ടമെന്ന നിലയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് പദ്ധതി നടപ്പാക്കാനാണ് മന്ത്രാലയം തീരുമാനിച്ചത്.

2016ല്‍ ആറുവരി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു. 2017ല്‍ ടെന്‍ഡര്‍ വിളിച്ചു. കോഴിക്കോട് ജില്ലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമായ ഊരാളുങ്കല്‍ സൊസൈറ്റിയുള്‍പ്പെടെ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഏറ്റവും ചെറിയ തുകയായ 1710 കോടി രൂപയ്ക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ച കെഎംസി കമ്പനിക്ക് 2017 ഡിസംബറില്‍ ദേശീയ പാതാ അതോറിറ്റി നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. 2018 ഏപ്രില്‍ 18ന് ദേശീയ പാതാ അതോറിറ്റി കെഎംസിയുമായി കരാര്‍ ഉറപ്പിച്ചു. എന്നാല്‍ ഇതിനോടകം കെഎംസി കമ്പനിയുടെ ഗുഡ് വില്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ വരികയും സാമ്പത്തിക ഭദ്രതയില്ലാത്ത കമ്പനിക്ക് വലിയ പ്രോജക്ട് നല്‍കിയതിനെ എതിര്‍ത്ത് പലരും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ദേശീയപാതാ അതോറിറ്റി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. പകരം സ്ഥലമേറ്റെടുപ്പ് നടപടികള്‍ ആരംഭിച്ചു. പാതയുടെ നിര്‍മ്മാണത്തിന് ആവശ്യമായത് 127.8 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ 125 ഹെക്ടര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍