എ.കെ.ജി. മുതലിങ്ങോട്ട് തുടര്‍ച്ചയായി സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ മാത്രം ലോക്സഭയിലെത്തിച്ചിട്ടുള്ള കാസര്‍കോട് മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വിജയം ഏറ്റവും അനിവാര്യമായ കാലഘട്ടത്തില്‍ അവതരിപ്പിക്കാന്‍ സതീഷ് ചന്ദ്രനോളം അനുയോജ്യനായ മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്നതാണ് വസ്തുത
എല്ലാ കാലത്തും മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ 1987 മുതല്‍ ഇന്നു വരെയുള്ള കാലഘട്ടത്തില്‍ ഒറ്റത്തവണയേ സി.പി.ഐ.എമ്മിന് ജയം കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. നാലു തവണ തുടര്‍ച്ചയായി മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുള്ള മുസ്ലിം ലീഗിന്റെ അതികായനായിരുന്ന ചെര്‍ക്കളം അബ്ദുള്ള 2006ല്‍ അഞ്ചാം തവണയും ജനവിധി തേടിയപ്പോള്‍, സി.പി.ഐ.എമ്മിന്റെ സി.എച്ച് കുഞ്ഞമ്പു ചെര്‍ക്കളത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അട്ടിമറി വിജയം കൈവരിച്ചത്. ലീഗ്-ബി.ജെ.പി മത്സരങ്ങള്‍ മാത്രം നടന്നു പോന്നിരുന്ന മഞ്ചേശ്വരത്ത് ചെര്‍ക്കളത്തെപ്പോലൊരു ശക്തനായ എതിരാളിയെ തറപറ്റിച്ച് കുഞ്ഞമ്പു ജയിച്ചുകയറിയത് ചരിത്രം തന്നെയായിരുന്നു.
വോട്ടെണ്ണലും ജയപ്രഖ്യാപനവും കഴിഞ്ഞ ശേഷം അന്ന് ചെര്‍ക്കളം കൗണ്ടിംഗ് ബൂത്തില്‍ നിന്നുമിറങ്ങി നേരേ പോയത് കുഞ്ഞമ്പുവിനെ കണ്ട് അഭിനന്ദനമറിയിക്കാനായിരുന്നില്ല. സി.പി.ഐ.എമ്മിന്റെ വിജയത്തില്‍ ചെര്‍ക്കളം നേരിട്ടു ചെന്ന് അഭിനന്ദിച്ചത് അന്നത്തെ എല്‍.ഡി.എഫിന്റെ മഞ്ചേശ്വരം മണ്ഡലം കമ്മറ്റി കണ്‍വീനറെയായിരുന്നു. മഞ്ചേശ്വരത്ത് കുഞ്ഞമ്പുവിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ച അന്നത്തെ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രനാണ് ഇത്തവണ കാസര്‍കോടിന്റെ ഇടതുപാരമ്പര്യം നിലനിര്‍ത്താന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. കാസര്‍കോട്ടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.ഐ.എമ്മിന് അവതരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനാണെന്ന് പ്രവര്‍ത്തകരും പ്രദേശവാസികളും വിലയിരുത്തുന്നതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്.
സി.പി.ഐ.എമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ തൃക്കരിപ്പൂര്‍ എം.എല്‍.എയുമായ സതീഷ്, കാസര്‍കോട്ടുകാര്‍ക്കിടയില്‍ ഏറെ ജനസമ്മതനായ നേതാവാണ്. 1996-2001, 2001-2006 എന്നിങ്ങനെ പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി പഴയ തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുമുള്ള എം.എല്‍.എയായിരുന്ന സതീഷ് ചന്ദ്രനെക്കുറിച്ച് ഇന്നും പൊതുജനത്തിന് നല്ല മതിപ്പാണുള്ളത്. നാട്ടുഭാഷയിലുള്ള സരസമായ പ്രസംഗശൈലിയും, ചോദ്യങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പൊതുപ്രസംഗങ്ങളെ പൊതുജനത്തോട് ചേര്‍ത്തു നിര്‍ത്തുന്ന രീതിയുമെല്ലാം സതീഷ് ചന്ദ്രന്‍ എന്ന ജനപ്രതിനിധിയെ മണ്ഡലത്തിനകത്തും പുറത്തും ജനപ്രിയനാക്കിയ ഘടകങ്ങള്‍ തന്നെയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല, സാധാരണക്കാരായ വോട്ടര്‍മാര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സ്വീകാര്യനും, രാഷ്രീയ എതിരാളികള്‍ക്കു പോലും എതിര്‍പ്പുകാണിക്കാനാകാത്ത വ്യക്തിപ്രഭാവത്തിനുടമയുമായ സതീഷ് ചന്ദ്രനെക്കുറിച്ചാണ് തൃക്കരിപ്പൂരുകാര്‍ക്ക് സംസാരിക്കാനുള്ളത്.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതമാരംഭിച്ച സതീഷ് ചന്ദ്രന്‍, നീലേശ്വരം രാജാസ് സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കു തന്നെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ശേഷം മടപ്പള്ളി കോളേജിലെ പ്രീഡിഗ്രി കാലഘട്ടത്തിലും പാര്‍ട്ടിയുടെ യൂണിറ്റ് ഭാരവാഹിത്വം സതീഷ് ചന്ദ്രന്‍ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തായിരുന്നു സതീഷ് ചന്ദ്രന്റെ ബിരുദപഠന കാലം. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, അടിയന്തരാവസ്ഥയ്ക്കെതിരായ പല സുപ്രധാന സമരങ്ങളിലും പങ്കാളിയായ ചരിത്രവും സതീഷ് ചന്ദ്രനുണ്ട്. പഴയ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രസിഡണ്ടായും, അതിനു ശേഷം സംസ്ഥാന വൈസ് പ്രസിഡന്റായും പിന്നീട് കേന്ദ്ര കമ്മറ്റിയംഗമായും സംഘടനാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയിലെത്തി കാസര്‍കോട് ജില്ലാ സെക്രട്ടറി സ്ഥാനവും സംസ്ഥാന ഭാരവാഹിത്വും കേന്ദ്ര കമ്മറ്റിയംഗത്വവും വഹിച്ചിട്ടുള്ള സതീഷ് ചന്ദ്രനെ, ചെറുപ്പക്കാര്‍ കണ്ടു പഠിക്കേണ്ടതുണ്ടെന്നായിരുന്നു അന്നു നായനാരുടെ നിര്‍ദ്ദേശം. സി.പി.ഐ.എമ്മിന്റെ നിലേശ്വരം ഏരിയാ സെക്രട്ടറി പദവിയും കാസര്‍കോട് ജില്ലാ സെക്രട്ടറി പദവിയും വഹിച്ച ശേഷം സംസ്ഥാന കമ്മറ്റിയിലും അംഗമായിരുന്നിട്ടുണ്ട്.
എ.കെ.ജി. മുതലിങ്ങോട്ട് തുടര്‍ച്ചയായി സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ മാത്രം ലോക്സഭയിലെത്തിച്ചിട്ടുള്ള കാസര്‍കോട് മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വിജയം ഏറ്റവും അനിവാര്യമായ കാലഘട്ടത്തില്‍ അവതരിപ്പിക്കാന്‍ സതീഷ് ചന്ദ്രനോളം അനുയോജ്യനായ മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്നതാണ് വസ്തുത. പെരിയ ഇരട്ടക്കൊലപാതകവും അനുബന്ധപ്രശ്നങ്ങളുമായി സി.പി.ഐ.എമ്മിനെതിരായ പ്രചരണായുധങ്ങള്‍ എതിര്‍കക്ഷികളുടെ പക്കല്‍ ധാരാളമുണ്ടെന്നിരിക്കേ, ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അനായാസ വിജയം കൊയ്യാനാകുമെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നു വേണം വിലയിരുത്താന്‍. മൂന്നു വട്ടം കാസര്‍കോട്ടു നിന്നും ജയിച്ചു കയറിയ പി.കരുണാകരന്‍ ഇത്തവണ കളത്തിലിറങ്ങില്ലെന്ന് ഉറപ്പായതോടെ, മണ്ഡലത്തിലുടനീളം മികച്ച പ്രതിച്ഛായയുള്ള സതീഷ് ചന്ദ്രനെ മത്സരിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു പാര്‍ട്ടി. എതിര്‍ കക്ഷികള്‍ക്കു പോലും അഭിമതനായ, എം.എല്‍.എ സ്ഥാനമൊഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഇപ്പോഴും തൃക്കരിപ്പൂരുകാര്‍ ‘എം.എല്‍.എ സതീശന്‍’ എന്നു വിളിക്കുന്ന സതീഷ് ചന്ദ്രനല്ലാതെ മറ്റൊരാളേയും സി.പി.ഐ.എമ്മിന് ഇത്തവണ കാസര്‍കോട് വിശ്വസിച്ചേല്‍പ്പിക്കാനാകില്ല.
മഞ്ചേശ്വരം, ഉദുമ, കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്നു തവണയും പി.കരുണാകരന്‍ മത്സരിച്ചു ജയിച്ച മണ്ഡലമാണ് കാസര്‍കോടെങ്കിലും, ഓരോ വര്‍ഷവും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു വന്നതും കണക്കിലെടുക്കേണ്ടതുണ്ട്. 2004ല്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച കരുണാകരന്‍, 2014ല്‍ ടി. സിദ്ധീഖിനെ തോല്‍പ്പിച്ചത് ഏഴായിരത്തില്‍ത്താഴെ വോട്ടുകള്‍ക്കാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സതീഷ് ചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.ഐ.എമ്മിന് നിര്‍ണായകമാകുന്നത്. കരിവെള്ളൂര്‍, പെരളം പഞ്ചായത്തുകളടക്കം സി.പി.ഐഎമ്മിന്റെ പയ്യന്നൂര്‍ ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുന്ന പഴയ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം സതീഷ് ചന്ദ്രനുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ പയ്യന്നൂരും കല്യാശ്ശേരിയും ഉള്‍പ്പെടുന്നത് തീര്‍ച്ചയായും സതീഷ് ചന്ദ്രനു ഗുണം ചെയ്യും. എം.എല്‍.എ സതീശന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ നേരിട്ടു കണ്ട പരിചയം ഇവിടത്തുകാര്‍ക്കുണ്ട്.
പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളില്‍ സതീഷിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കാസര്‍കോട്ടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കുണ്ട്. അതേസമയം, ലീഗിനും ബി.ജെ.പിക്കും സ്വാധീനമേഖലകളുള്ള മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് സി.പി.ഐ.എമ്മിന്റെ മറ്റൊരു ആവശ്യം. എം.എല്‍.എ സ്ഥാനമൊഴിഞ്ഞ് സംഘടനാതല പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞ കാലത്ത് മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരിചയം മഞ്ചേശ്വരത്തെ ഫലത്തെ സ്വാധീനിച്ചേക്കാനുള്ള സാധ്യതയും പ്രവര്‍ത്തകര്‍ തള്ളിക്കളയുന്നില്ല. തന്ത്രപരമായ നീക്കങ്ങളില്ലെങ്കില്‍ എല്‍.ഡി.എഫിന് ഒരു കാലത്തും പിടിക്കാനാകാത്ത മഞ്ചേശ്വരം മണ്ഡലത്തില്‍ സി.എച്ച് കുഞ്ഞമ്പുവിനെ ജയിപ്പിച്ചെടുത്ത സതീഷ് ചന്ദ്രന്, ബൂത്തു കമ്മറ്റികളിലടക്കം വ്യക്തിബന്ധങ്ങളുണ്ട്. സതീഷിന്റെ വ്യക്തി മികവിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു 2006ലെ ജയം എന്ന തിരിച്ചറിവുള്ള പാര്‍ട്ടിക്ക്, മഞ്ചേശ്വരം മണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ചലനമുണ്ടാക്കാന്‍ ചെറിയ ശേഷിയെങ്കിലുമുള്ള മറ്റൊരു സ്ഥാനാര്‍ത്ഥിയെ വേറെ കണ്ടെത്താനുമാകില്ല. നിഷ്പക്ഷ വോട്ടുകള്‍ പിടിക്കാന്‍ സതീഷ് ചന്ദ്രന്റേതു പോലെ സ്വീകാര്യതയുള്ള ഒരു മുഖം തന്നെയാണ് പാര്‍ട്ടിക്ക് ആവശ്യം.
പെരിയ ഇരട്ടക്കൊലപാതകങ്ങള്‍ക്കു ശേഷം സി.പി.ഐ.എം ഏറെ പ്രതിരോധത്തിലായിട്ടുള്ളത് ഉദുമയിലാണ്. ഉദുമയില്‍ ഭൂരിപക്ഷം നേടാനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും, കാസര്‍കോട്ടെയും മഞ്ചേശ്വരത്തേയും യു.ഡി.എഫിന്റെ ഭൂരിപക്ഷം പിടിച്ചുകെട്ടാനായാല്‍ സി.പി.ഐ.എമ്മിന് പ്രതീക്ഷയ്ക്ക് വകയുണ്ടാകും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക കൂടി വരുന്നതോടെ, കാസര്‍കോട്ടെ പോരാട്ടത്തിന് അന്തിമ മുഖമാകും. കാസര്‍കോട്ട് കൈവിടുമോ എന്ന ആശങ്ക നിലനില്‍ക്കേ, സി.പി.ഐ.എമ്മിന് സതീഷ് ചന്ദ്രനോളം വിശ്വസിക്കാവുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.