UPDATES

ട്രെന്‍ഡിങ്ങ്

വി.ടി ബല്‍റാമിനെ പരോക്ഷമായി തള്ളിപ്പറഞ്ഞ് മുല്ലപ്പള്ളി; സൈബര്‍ രാഷ്ട്രീയത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്

സ്വകാര്യ പേജിലും ഹാന്റിലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ വ്യക്തിപരമായിരിക്കുമെന്നും അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം അതത് വ്യക്തികളില്‍ നിക്ഷിപ്തമായിരിക്കുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്

കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭാരഹാവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ മീഡിയ ഇടപെടലില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സാഹിത്യകാരി കെ ആര്‍ മീരയ്‌ക്കെതിരേ ആക്ഷേപകരമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച വി.ടി ബല്‍റാം എംഎല്‍എയുടെ പ്രവര്‍ത്തി ഏറെ പരാതികള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് കര്‍ശന നിര്‍ദേശങ്ങളുമായി കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ സാമാന്യ മര്യാദയും നിയമങ്ങളും പിന്തുടരണമെന്നും ഇത് നടപ്പിലാക്കാന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ ചുമതലപ്പെടുത്തുകയാണെന്നും മുല്ലപ്പള്ളി പറയുന്നു.

കെപിസിസി പ്രസിഡന്റ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്;

മറ്റുള്ളവരുടെ സര്‍ഗ്ഗ രചനകള്‍, കൃതികള്‍, ലേഖനങ്ങള്‍ തുടങ്ങിയവ അവരുടെ അനുമതി കൂടാതെ ഉപയോഗിക്കരുത്.

മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ അവരുടെ അനുമതി കൂടാതെ ഉപയോഗിക്കരുത്.

പരിഷ്‌കൃതവും സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം വൈകൃതം, അശ്ലീലം എന്നിവ അടങ്ങിയ പോസറ്റുകള്‍ നടത്തരുത്.

അശ്ലീല ചിത്രങ്ങള്‍, അനഭിലഷണീയമായ സന്ദേശങ്ങള്‍, ആശയങ്ങള്‍ എന്നിവ അടങ്ങിയ പോസ്റ്റുകള്‍ ചെയ്യരുത്.

ആളുകളെ ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ നടത്തരുത്.

വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കരുത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനം, ആഹ്വാനം ചെയ്യരുത്.

സ്ത്രീത്വം, ലൈംഗിക അഭിരുചികള്‍ എന്നിവയെ അപമാനിക്കരുത്.

വിഭാഗീയ പ്രവര്‍ത്തനം, ചേരിതിരിഞ്ഞുള്ള അനഭിലഷണീയമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്.

സൈബര്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തനായ പ്രതിനിധിയായ വി ടി ബല്‍റാം ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന വിവാദത്തില്‍ എംഎല്‍എയെ പരോക്ഷമായി തള്ളിപ്പറയാനും തന്റെ പ്രസ്താവനയിലൂടെ കെപിസിസി പ്രസിഡന്റ് ശ്രമിച്ചിട്ടുണ്ട്. സ്വകാര്യ പേജിലും ഹാന്റിലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ വ്യക്തിപരമായിരിക്കുമെന്നും അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം അതത് വ്യക്തികളില്‍ നിക്ഷിപ്തമായിരിക്കുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. അത്തരം പ്രസിദ്ധീകരണങ്ങളുടെ ഉത്തരവാദിത്വം കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ഏറ്റെടക്കില്ലെന്നു കൂടി അദ്ദേഹം വ്യക്തമാക്കുന്നു. സ്വകാര്യ പേജുകളിലും ഹാന്റിലിലും പാര്‍ട്ടി നേതൃത്വത്തെയോ നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന മുന്നറിയിപ്പ് കൂടി കെപിസിസി പ്രസിഡന്റ് നല്‍കുന്നുണ്ട്. മുല്ലപ്പള്ളി അധ്യക്ഷനായ ശേഷം വി ടി ബല്‍റാമിന്റെ വിമര്‍ശനാത്മകമായ ചില പോസ്റ്റുകള്‍ക്കെതിരേ രംഗത്തു വന്നിട്ടുള്ളതാണ്.

Also Read: കെ.ആര്‍ മീരയോട് മാപ്പു പറയാന്‍ വി.ടി ബല്‍റാമിന് ബാധ്യതയുണ്ട്, ഒപ്പം പൊതുസമൂഹത്തോടും

സൈബര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കോണ്‍ഗ്രസുകാര്‍ ആരോഗ്യകരവും അച്ചടക്കത്തോടെയുമുള്ള പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായയും സല്‍പ്പേരും സംരക്ഷിക്കാന്‍ പ്രതിജ്ഞാദ്ധരാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്റെ പ്രസ്താവനയില്‍ ഓര്‍മപ്പെടുത്തുന്നു. പാര്‍ട്ടി നേതൃത്വത്തെയോ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെയോ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവപൂര്‍വം കാണുമെന്നും മാതൃകപരമായ അച്ചടക്ക നടപടികള്‍ എടുക്കുമെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു പറയുന്നു.

അതേസമയം, പാര്‍ട്ടി നേതാക്കന്മാരും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടണമെന്നും കെപിസിസി പ്രസിഡന്റ് ആഹ്വാനം നടത്തുന്നു. സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിഷയങ്ങള്‍, അതിലെ പ്രതികരണങ്ങള്‍, സംവാദങ്ങള്‍ മറ്റു പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ എന്നിവ സജീവമായി പിന്തുടരാനും നിരീക്ഷിക്കാനും സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ സദാ ശ്രമിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്.

ലോകത്ത് ഏറ്റവുമധികം സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങള്‍ ദൈവരഹിതമായിരിക്കുന്നത് എന്ത്‌കൊണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍