UPDATES

ട്രെന്‍ഡിങ്ങ്

ജാതി മതിലിനെതിരായ സമരം പൊളിച്ചതിന് പിന്നില്‍ ബിജെപിയോ? മുകളില്‍ നിന്നും പോലീസിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി സ്ഥലം എം എല്‍ എ സജീന്ദ്രന്‍

മാവോയിസ്റ്റ് ആരോപണത്തിന് പിന്നാലെ മുസ്ലീം തീവ്രവാദ സംഘടനകളുടെ പിന്തുണയും സമരക്കാര്‍ക്കുണ്ടെന്ന തരത്തില്‍ വ്യാപക പ്രചാരണം നടക്കുന്നു

ഭൂമി പിടിച്ചെടുത്ത് കെട്ടിടം പണിതുയര്‍ത്തിയവരെപ്പോലും ഭൂമിയില്‍ നിന്ന് അടിച്ചിറക്കി കെപിഎംഎസ്. കോലഞ്ചേരി വടയമ്പാടിയില്‍ ജാതിമതിലിനെതിരെ സമരം തുടരുന്നവര്‍ കെപിഎംഎസ് കെട്ടിടത്തോട് ചേര്‍ന്ന് സമരപ്പന്തല്‍ കെട്ടിയത് ഇന്ന് രാവിലെ കെപിഎംഎസ് പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി. പ്രദേശത്തെ ദളിതരില്‍ ഭൂരിഭാഗവും കെപിഎംഎസ് അംഗങ്ങളാണെന്നിരിക്കെ പ്രവര്‍ത്തകരുടെ നടപടി സമരക്കാരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രദേശവാസിയും സമരസമിതി അംഗവുമായ മോഹനന്‍ പറയുന്നത് ‘എന്‍എസ്എസിനോട് ഒത്തിരി പടവെട്ടിയാണ് ഈ പുറമ്പോക്ക് ഭൂമി ഞങ്ങള്‍ പുലയര്‍ പിടിച്ചെടുത്തത്. ഇപ്പോഴും പട്ടയം കിട്ടിയിട്ടില്ല എന്നത് വാസ്തവം. എന്നാല്‍ ഈ ഭൂമിയും കെപിഎംഎസിനായി ഒരു കെട്ടിടവും അന്ന് ഞങ്ങളുടെ സ്വപ്നമായിരുന്നു. കൂലികൊടുക്കാന്‍ കാശില്ലാത്തത് കൊണ്ട് ഞാനടക്കമുള്ള നാലഞ്ച് ചെറുപ്പക്കാരാണ് അന്ന് കെട്ടിടം പണിതത്. കെട്ടിടം പണിയൊന്നും വശമുണ്ടായിട്ടല്ല, അത് ഞങ്ങളുടെ അഭിമാന പ്രശ്നമായതുകൊണ്ട് എന്തുവന്നാലും അത് നടത്തിയെടുക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് നടന്നതാണ്. അടക്കാമരമൊക്കെയെടുത്ത് വച്ച് മേല്‍ക്കൂര കൂട്ടിയത് വരെ ഞങ്ങളാണ്. ആ ഞങ്ങളെയാണ് ഇന്ന് ആ ഭൂമിയില്‍ നിന്ന് കെപിഎംഎസ് തെരുവിലേക്കിറക്കിയിരിക്കുന്നത്.’

വടയമ്പാടി ക്ഷേത്രത്തിനോട് ചേര്‍ന്നുണ്ടായിരുന്ന സമരപ്പന്തല്‍ റവന്യൂ അധികാരികളും പോലീസുമെത്തി പൊളിച്ചത് കഴിഞ്ഞ ദിവസമാണ്. തുടര്‍ന്ന് ക്ഷേത്രത്തിനടുത്ത് തന്നെയുള്ള കെപിഎംഎസ് ഓഫീസ് കെട്ടിടത്തിന് സമീപം താല്‍ക്കാലിക സമരപ്പന്തല്‍ കെട്ടുകയായിരുന്നു. ഇന്നലെ കെപിഎംഎസ് പ്രസിഡന്റും സെക്രട്ടറിയും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുകയും സമരപ്പന്തല്‍ പൊളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതി പ്രകാരം സമരപ്പന്തല്‍ 24 മണിക്കൂറിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ പന്തല്‍ പൊളിച്ചുനീക്കാന്‍ തയ്യാറല്ലായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ കെപിഎംഎസ് പ്രവര്‍ത്തകരെത്തി പന്തല്‍ പൊളിച്ചുനീക്കി. സമരസമിതി നേതാവ് മാനുവല്‍ പറയുന്നു ‘ കെപിഎംഎസ് ബാബു വിഭാഗത്തിന്റെയാണ് ഓഫീസ്. അവര്‍ രാവിലെയെത്തി പൊളിച്ചുനീക്കുകയായിരുന്നു. ഞങ്ങള്‍ അവരുമായി തര്‍ക്കത്തിനോ വഴക്കിനോ പോയില്ല. കാരണം സമുദായാംഗങ്ങള്‍ തമ്മില്‍ തന്നെ ശണ്ഠ കൂടി ശക്തി തകര്‍ക്കാനാണ് എതിര്‍കക്ഷികളുടെ ശ്രമം. ഇങ്ങനെയൊരവസരത്തില്‍ തമ്മില്‍തല്ലുന്നത് ശരിയല്ലാത്തതിനാല്‍ അവരുടെ തീരുമാനത്തിന് വഴങ്ങിക്കൊടുത്തു. എന്‍എസ്എസിനോടൊപ്പം ഇതേവരെ ആര്‍എസ്എസ് പിന്തുണയൊന്നും ഇല്ലായിരുന്നു. എന്നാല്‍ കെപിഎംഎസ് ഔദ്യോഗിക വിഭാഗക്കാര്‍ സമരപ്പന്തല്‍ പൊളിച്ചുനീക്കിയ സാഹചര്യത്തില്‍ എതിര്‍കക്ഷികള്‍ക്ക് ബിജെപി പിന്തുണയുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു.’

50 ശതമാനം ആക്റ്റിവിസ്റ്റുകളും 50 ശതമാനം മാധ്യമ പ്രവര്‍ത്തകരുമായ ചില ‘പ്രാന്തവത്കൃതര്‍’

സമരപ്പന്തല്‍ പൊളിച്ചുനീക്കിയസംഭവത്തെ തുടര്‍ന്ന് ആംആദ്മി, വെല്‍ഫെയര്‍, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് ആരോപണത്തിന് പിന്നാലെ മുസ്ലീം തീവ്രവാദ സംഘടനകളുടെ പിന്തുണയും സമരക്കാര്‍ക്കുണ്ടെന്ന തരത്തില്‍ സ്ഥലത്ത് വ്യാപക പ്രചാരണം നടക്കുന്നുണ്ട്. അതോടെ എന്‍എസ്എസിന് പിന്തുണയുമായി ബിജെപിയും ആര്‍എസ്എസും എത്തിയതായാണ് സമരക്കാരില്‍ ചിലര്‍ ആരോപിക്കുന്നത്. കെപിഎംഎസിന്റെ നടപടി ഇതിന്റെ ഭാഗമാണെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ ‘പിന്തുണയുമായെത്തുന്നവര്‍ സമരത്തോടുള്ള അവരുടെ പിന്തുണ അറിയിക്കാനായി എത്തിയതാണ്. അവരും സമരക്കാരും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതിന്റെ പേരില്‍ ഞങ്ങളെ കുറ്റക്കാരാക്കുന്നതും ശരിയല്ല’ എന്ന് മാനുവല്‍ പറഞ്ഞു.

സര്‍ക്കാരേ, നിങ്ങള്‍ മാവോയിസ്റ്റാക്കുന്ന ദളിതര്‍ പോരാടിയത് അയിത്തത്തിനും ജാതിമതിലിനുമെതിരെയാണ്; മറക്കരുത്

ഇതിനിടെ വടയമ്പാടിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡിലായിരുന്ന മൂന്ന് പേര്‍ക്കും ജാമ്യം ലഭിച്ചു. ന്യൂസ്പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ്, ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്ന അനന്തു എന്നിവരെ സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് സമരസമിതി അംഗമായ ശശിധരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് അനാവശ്യ അറസ്റ്റ് ആയിരുന്നെന്നും അറസ്റ്റിന് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം പോലീസിന് ലഭിച്ചിരുന്നതായാണ് അവരുമായി സംസാരിച്ചപ്പോള്‍ മനസ്സിലായതെന്നും വി പി സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. സമരം ചെയ്യുന്നവര്‍ പാവപ്പെട്ടവരാണെന്നും അവരെ ഉപദ്രവിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും സജീന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു.

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

‘വടയമ്പാടിയില്‍ ഭജനമഠം ക്ഷേത്ര സമിതി മതില്‍ കെട്ടിയുയര്‍ത്തിയപ്പോള്‍ തന്നെ ആ വിഷയത്തില്‍ ഞാന്‍ ഇടപെട്ടിരുന്നു. മതില്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പ്രദേശത്തെ ദളിതര്‍ ആ മതില്‍ തകര്‍ത്തു. അതോടെ പ്രശ്നം അവസാനിച്ചെന്നാണ് കരുതിയത്. അവരിപ്പോഴും സമരം തുടരുകയാണെന്ന് എനിക്ക് അറിവില്ലായിരുന്നു. പിന്നീട് സമരപ്പന്തല്‍ പൊളിച്ചുനീക്കിയ വിഷയം വന്നപ്പോഴാണ് അക്കാര്യം അറിയുന്നത്. അവരെന്തിനാണ് അവിടെ സമരപ്പന്തല്‍ നിലനിര്‍ത്തിയിരുന്നതെന്ന് അറിയില്ല. എന്തായാലും പോലീസ് നടപടി അംഗീകരിക്കാനാവുന്നതല്ല. അറസ്റ്റ് നടന്നത് ന്യായീകരിക്കാനുമാവില്ല. ഇപ്പോള്‍ ശശിധരനേയും മറ്റ് രണ്ട് പേരേയും അറസ്റ്റ് ചെയ്യേണ്ട ആവശ്യവുമില്ലായിരുന്നു. ശശിയുടെ ഭാര്യവിളിച്ച് കരഞ്ഞപ്പോഴാണ് ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് പോലീസിനോട് ഇക്കാര്യം സംസാരിച്ചിരുന്നു. സമരം ചെയ്യുന്ന പാവപ്പെട്ടവരെ ഉപദ്രവിക്കരുതെന്ന് പറയുകയും ചെയ്തു. എന്നാല്‍ പോലീസ് അപ്പോള്‍ മറ്റ് ചില കാരണങ്ങളാണ് പറയുന്നത്. പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ സമരത്തിലുണ്ടെന്നും പോലീസ് പറയുന്നു. മുകളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോള്‍ മനസ്സിലായ കാര്യം. ഈ വിഷയത്തില്‍ ഞാന്‍ പ്രദേശത്തെ ദളിതരോടൊപ്പമാണ്. സമരം ചെയ്യുന്നത് അവിടുത്തെ ദളിതരാണ്. അവര്‍ ഉപയോഗിച്ചിരുന്ന ഭൂമിയിലാണ് ക്ഷേത്രസമിതിക്കാര്‍ മതില്‍ ഉയര്‍ത്തിയത്. ചരിത്രം പരിശോധിക്കുമ്പോള്‍ ആ ക്ഷേത്രം പോലും ദളിതരുടേതായിരുന്നു എന്നും പിന്നീട് ക്ഷേത്രം നടത്താനുള്ള സാമ്പത്തിക ശേഷിയില്ലാതായതോടെ അത് എന്‍എസ്എസ് ഏറ്റെടുക്കുകയുമായിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്’

സമരപ്പന്തല്‍ പൊളിച്ചുമാറ്റിയെങ്കിലും തെരുവില്‍ സമരം തുടരാനാണ് സമര സമിതി പ്രവര്‍ത്തകരുടെ തീരുമാനം.

ആഢ്യ മാധ്യമപ്രവര്‍ത്തകരേ, ഇവരെ മാത്രം നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? അനന്തുവിന്റെ അമ്മ ചോദിക്കുന്നു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍