UPDATES

മരം മുറിക്കാന്‍ കെഎസ്ഇബി; ശാന്തിവനത്തിന് സംരക്ഷണ വലയമൊരുങ്ങുന്നു

ശാന്തിവനത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്

ശാന്തിവനത്തിന് സംരക്ഷണവലയമൊരുക്കി രാഷ്ട്രീയ-ജനകീയ കൂട്ടായ്മ. 110 കെ വി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ടവര്‍ നിര്‍മിക്കുന്ന ജോലികള്‍ പുരോഗമിക്കവെ ശാന്തിവനത്തില്‍ നിന്നും മരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി അധികൃതര്‍ ഇന്നെത്തുമെന്ന സൂചനയിലാണ് രാവിലെ 10 മണിയോടെ സംരക്ഷണ വലയം തീര്‍ക്കുന്നത്. ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ഉടനെ മരങ്ങള്‍ മുറിച്ച് ലൈന്‍ വലിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് കെഎസ്ഇബി ഒരുങ്ങുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും മരങ്ങള്‍ മുറിക്കാമെന്ന ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ എന്തു വന്നാലും ശാന്തിവനത്തിലെ മരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് തടയുമെന്നാണ് സംരക്ഷണ സമര സഹായസമിതി പറയുന്നത്. തിങ്കളാഴ്ച്ച ടവര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ചൊവ്വാഴ്ച്ച രാവിലെ ബാക്കി നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി മരങ്ങള്‍ മുറിക്കാനായിരിക്കും ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍ എന്ന അനുമാനത്തിലാണ് ഇന്നു രാവിലെ സംരക്ഷണ വലയം തീര്‍ക്കുന്നത്. വെള്ള പൈന്‍ മരം പോലും പാഴ്മരമാണെന്ന വിവരക്കേട് വിളിച്ചു പറയുന്ന കെഎസ്ഇബി വക്താക്കളാണുള്ളതതെന്നും അവര്‍ ശാന്തിവനത്തെ ടവര്‍ നിര്‍മാണത്തിന്റെ പേരില്‍ തകര്‍ക്കുന്നത് എന്തു വിലകൊടുത്തും തടയുക തന്നെ ചെയ്യുമെന്നും ശാന്തിവനം സംരക്ഷണ സമിതി വ്യക്തമാക്കുന്നു.

സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ നേതൃത്വത്തിലായിരിക്കും ഇന്നു സംരക്ഷണ വലയം തീര്‍ക്കുന്നതെന്നു ശാന്തിവനം സംരക്ഷണ സമര സഹായ സമതി പറഞ്ഞു. കഴിഞ്ഞ ദിവസം ശാന്തിവനത്തിനു സമീപമുള്ള കെഎസ്ഇബി ഉന്നതന്റെതെന്നു പറയുന്ന ഭൂമിയില്‍ കൊടി നാട്ടിയിരുന്നു. ഈ സ്ഥലം ആരുടെതാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍ പ്രസ്തുത ഭൂമിയിലൂടെ ലൈന്‍ പോകുന്നത് ഒഴിവാക്കാനാണ് ശാന്തിവനത്തില്‍ കൂടി ടവര്‍ നിര്‍മാണം നടത്തുന്നതെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ആരോപണം. എഐവൈഎഫിനെ കൂടുതെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, സിപിഐ(എംഎല്‍) തുടങ്ങി വിവിധ രാഷ്ട്രീയ-യുവജനസംഘടനകളും ജനകീയ കൂട്ടായ്മകളും ശാന്തിവനം സംരക്ഷണത്തിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി തുനിഞ്ഞാല്‍ ഓരോ ദിവസവും ഓരോ സംഘടനകള്‍ വീതം മനുഷ്യപ്രതിരോധം തീര്‍ത്ത് അറസ്റ്റ് വരിക്കാനാണ് തീരുമാനമെന്നും സഹായ സമിതി അറിയിക്കുന്നു.

ശാന്തിവനം സംരക്ഷണ സമരത്തെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന പ്രചാരണത്തെയും സംരക്ഷണ സമിതി തള്ളിക്കളയുന്നു. എഐവൈഎഫ് ഇവിടെയെത്തി തങ്ങളുടെ പിന്തുണ അറിയിക്കുകയായിരുന്നു. മരം മുറിക്കുന്നത് തടയാന്‍ തങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. വി എം സുധീരന്‍ നല്‍കിയ ഉറപ്പും എന്തു വിലകൊടുത്തും മരം മുറിക്കുന്നത് തടയും എന്നായിരുന്നു. സംഘപരിവാര്‍ സംഘടനകളും ഇതേപോലെ അവരുടെ പിന്തുണയും അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ എപ്പോഴെങ്കിലും കെഎസ്ഇബി മരങ്ങള്‍ മുറിക്കാമെന്നിരിക്കെ ഓരോ ദിവസവും ഓരോ സംഘടനകളുടെ നേതൃത്വത്തില്‍ സംരക്ഷണവലയം തീര്‍ക്കാമെന്നാണ് ധാരണ. ഇതില്‍ ഒരു ഹൈജാക്കിംഗും ഇല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല, വിവിധ സംസ്‌കാരിക-പാരിസ്ഥിതിക സംഘടനകളും ശാരീരികമായി തന്നെ മരങ്ങള്‍ മുറിക്കുന്നത് തടയാന്‍ സന്നദ്ധത വ്യക്തമാക്കി രംഗത്തു വന്നിട്ടുണ്ട്. കൂടാതെ വ്യക്തിപരമായി തന്നെ ജനങ്ങളും ശാന്തിവനത്തിനു വേണ്ടി മുന്നിട്ടിറങ്ങി വരികയാണ്. വലിയൊരു ജനകീയ സമരമായി ഇത് മാറുന്നത് തടയാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും സംരക്ഷണ സമിതി പറയുന്നു.

കെഎസ്ഇബി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ശാരീരികമായി തന്നെ തടയണമെന്ന ആവശ്യം മുന്‍പേ ഉയര്‍ന്നതാണെങ്കിലും അത് മറ്റൊരു രീതിയില്‍ എതിരാളികള്‍ക്ക് സഹായം ചെയ്യുമെന്നതിനാല്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്നും സംരക്ഷണ സമിതി പറയുന്നു. നിര്‍മാണം തടഞ്ഞ് അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ച് മുതിര്‍ന്ന പരിസ്ഥിതി സ്‌നേഹികള്‍ ഉള്‍പ്പെടെ മുന്നോട്ടു വന്നതാണ്, അവരെ അറസ്റ്റ് ചെയ്താല്‍ സമരത്തിന് അതൊരു ആക്കം കൂട്ടുമെങ്കിലും പോലീസ് അവസരം മുതലെടുത്ത് ഇവിടെയാകെ അരക്ഷിതാവസ്ഥ സൃഷ്ടിക്കും, ഇത് ജനങ്ങളെ ശാന്തിവനത്തിലേക്ക് എത്തുന്നതില്‍ നിന്നും തടയുന്നതിന് കാരണമാകും. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ മനുഷ്യകവചങ്ങള്‍ പോലുള്ള സമര മുറകളിലേക്ക് തിരിയാതിരുന്നതെന്നും സംരക്ഷണ സമിതി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

ശാന്തിവനത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനായിരിക്കും കോടതി സാധാരണഗതിയില്‍ പറയുക എന്നു സംരക്ഷണ സമിതി അംഗങ്ങള്‍ തന്നെ വ്യക്തമാക്കുമ്പോഴും ഇപ്പോള്‍ നടക്കുന്ന ജനകീയ മുന്നേറ്റം കോടതിയുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ടെങ്കില്‍ തങ്ങള്‍ക്ക് അനുകൂലമായൊരു നിര്‍ദേശം ഉണ്ടാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. പ്രതികൂലമായ കാര്യങ്ങളാണ് കോടതിയില്‍ നിന്നുണ്ടാകുന്നതും അതിന്റെ മറവില്‍ കെഎസ്ഇബി ശാന്തിവനത്തില്‍ ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാലും ലൈനുകള്‍ ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞിട്ടാണെങ്കിലും നിയമ നടപടികളുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നും നിര്‍മാണം നീക്കം ചെയ്യാന്‍ കഴിയുമെന്നും ശാന്തിവനം സംരക്ഷണ സമിതി അറിയിക്കുന്നു. നിര്‍മാണത്തിലെയും അലൈമെന്റിലേയും അപാകതകള്‍ ചൂണ്ടിക്കാട്ടിയാകും തങ്ങളുടെ നിയമപോരാട്ടമെന്നും അവര്‍ പറയുന്നു.

കെഎസ്ഇബി ഇറക്കിയ പത്രക്കുറിപ്പില്‍ ടവര്‍ മൂന്ന് മീറ്റര്‍ ഉയരം കൂട്ടിയായിരിക്കും സ്ഥാപിക്കുക എന്ന ഉറപ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരം ഉറപ്പുകള്‍ ഒന്നും പാലിക്കാതെയാണ് ടവര്‍ നിര്‍മാണം നടക്കുന്നതെന്നാണ് സംരക്ഷണ സമിതി ആരോപിക്കുന്നത്. മൂന്നു മീറ്റര്‍ ഉയരം കൂട്ടണമെങ്കില്‍ നിലവിലുള്ള അമ്പത് മീറ്റര്‍ പൈലിംഗ് മതിയാവില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. അമ്പത് മീറ്ററിനു മുകളിലുള്ള ബീമിനു മുകളില്‍ മാത്രമെ മൂന്നു മീറ്റര്‍ ഉയരം കൂട്ടിയ ടവറുകള്‍ സ്ഥാപിക്കാന്‍ കഴിയൂ എന്നിരിക്കെ ശാന്തിവനത്തിലെ ടവര്‍ നിര്‍മാണത്തില്‍ കെഎസ്ഇബി കള്ളക്കളികള്‍ നടത്തിയിട്ടുണ്ട്. അക്കാര്യങ്ങള്‍ നിയമപരമായി തങ്ങള്‍ ചോദ്യം ചെയ്യുമെന്നാണ് സമിതി പ്രവര്‍ത്തകര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍