UPDATES

കെ എസ് ഇ ബിയുടേത് കോടതി അലക്ഷ്യം, കളക്ടറുടേത് ഒളിച്ചുകളി; നിയമ യുദ്ധവും സമരവും കടുപ്പിച്ച് ശാന്തിവനം സംരക്ഷണ സമിതി

തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്ന് സമര സമിതി

ശാന്തിവനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ശാന്തിവനം സംരക്ഷണ സമിതി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നാണ് സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ഈ ജൈവ സമ്പത്തിന് നേരെ നടക്കുന്ന അന്യായങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചു.

ശാന്തിവനത്തില്‍ കെഎസ്ഇബി നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോടതിയലക്ഷ്യമാണെന്നാണ് സംരക്ഷണ സമിതി പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോടതിവിധി പറയുന്ന പ്രകാരം ശാന്തിവനം ഉടമസ്ഥയായ മീനാ മേനോന് മറ്റ് ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഈ അലൈന്‍മെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈയൊരു സാഹചര്യം മാനിക്കാതെ ആണ് വിധി പകര്‍പ്പ് കയ്യില്‍ കിട്ടാന്‍ പോലും കാത്തുനില്‍ക്കാതെ കെഎസ്ഇബി ഏപ്രില്‍ ആറാം തീയതി രാവിലെ തന്നെ ശാന്തി വനത്തിലേക്ക് ജെസിബിയുമായി പ്രവേശിക്കുകയും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതെന്നു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

കെഎസ്ഇബി നിയമലംഘനങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ നിയമപരമായ കാര്യങ്ങളിലേക്ക് നീങ്ങാനാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ തീരുമാനം. ഇതിനുമുന്‍പുണ്ടായ കേസില്‍, കെ എസ് ഇ ബി വ്യാജരേഖകള്‍ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൗരവമേറിയ കുറ്റം ചെയ്തിട്ടുണ്ടെന്നും ശാന്തിവനം സംരക്ഷണ സമിതി ആരോപിക്കുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സമയത്ത് തന്നെ ഇലക്ട്രിക് ലൈന്‍ വലിക്കല്‍ ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞു എന്ന തെറ്റായ വിവരം കെഎസ്ഇബി നല്‍കി. മൂന്നാമത്തെ കാവിന്റെ സ്ഥാനം തെറ്റായി രേഖപ്പെടുത്തിയ റൂട്ട് മാപ്പ് കോടതിയില്‍ ഹാജരാക്കി. ഇത് പ്രകാരം നേര്‍രേഖയില്‍ വലിച്ചാല്‍ രണ്ട് കാവുകള്‍ ബാധിക്കപ്പെടുമെന്ന് പറഞ്ഞു കോടതിയെ തെറ്റിദ്ധരിപ്പിച്ചു. കൂടാതെ, കോടതിയില്‍ കേസ് വരുന്ന സമയത്തിനകം തന്നെ ശാന്തിവനത്തിനകത്ത് മാത്രം 10.5 ലക്ഷം മുടക്കി പണികള്‍ നടത്തിയതായി കോടതിയില്‍ രേഖാമൂലം ബോധിപ്പിച്ചു. വാസ്തവത്തില്‍ ആ സമയത്തിനുള്ളില്‍ മൂന്നുമണിക്കൂറോളം ഉണ്ടാക്കിയ നാശനഷ്ടങ്ങളും ഒരു കുഴിയെടുക്കലും മാത്രമാണ് നടത്തിയിരുന്നത്. ഇതിന്റെ ചിലവ് ഏതാണ്ട് മൂവായിരം രൂപയില്‍ കൂടുതല്‍ വരില്ല എന്നതാണ് സത്യം. അതേസമയം ശാന്തിവനത്തിനു ഭീമമായ നഷ്ടം സംഭവിക്കുകയും ചെയ്തു; കെഎസ്ഇബിയുടെ അന്യായങ്ങളായി ശന്തിവനം സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളാണിവ.

കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതും നിരുത്തരവാദപരമായ സമീപനമാണെന്നു സംരക്ഷണ സമിതി പരാതിപ്പെടുന്നുണ്ട്. കോടതി ഉത്തരവിലെ സാധ്യതകളുടെ അടിസ്ഥാനത്തില്‍ ശാന്തിവനം ഉടമ മീന മേനോന്‍ വീണ്ടും കളക്ടറുടെ മുന്നില്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നതാണെന്നും എന്നാല്‍ ഇതുവരെ കളക്ടര്‍ മെമ്മോറാണ്ടത്തെക്കുറിച്ച് യാതൊരു വിധത്തിലുള്ള മറുപടിയും നല്‍കിയിട്ടില്ലെന്നാണ് പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറും ശാന്തിവനം സന്ദര്‍ശിച്ചപ്പോള്‍ അവിടെ നടക്കുന്ന അനീതി ബോധ്യപ്പെട്ടതാണ്. ഈ സന്ദര്‍ശനത്തിനു ശേഷം നടത്തിയ ആദ്യ മീറ്റിംഗില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ശാന്തിവനം ജൈവസമ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ‘ഫോറസ്റ്റ്’ എന്ന നിര്‍വചനത്തില്‍ ‘ശാന്തിവനം’ ഉള്‍പ്പെടുത്താവുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, കെഎസ്ഇബി മരങ്ങള്‍ മുറിച്ചു മാറ്റിയത് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ അനുമതിയോടെ അല്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളതാണ്; സംരക്ഷണ സമിതി പറയുന്നു.

കളക്ടറുടെ ഇപ്പോഴത്തെ തീരുമാനത്തിന് മുന്‍പുണ്ടായ ചര്‍ച്ച വെറും പ്രഹസനമായിരുന്നുവെന്നും ശാന്തിവനം സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു. ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കെ എസ് ഇ ബിയുടെ പത്രപ്രസ്താവന വരികയും അതില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ് തങ്ങളെ വിളിച്ചിരുത്തി പറഞ്ഞു കേള്‍പ്പിക്കുക മാത്രമാണ് കളക്ടര്‍ ചെയ്തതെന്നാണ് സംരക്ഷണ സമിതി വെളിപ്പെടുത്തുന്നത്. ഇപ്പോഴത്തെ തീരുമാനത്തില്‍, മുറിക്കുന്ന മരങ്ങളുടെ എണ്ണത്തെക്കുറിച്ച് മാത്രമാണ് കളക്ടര്‍ തീരുമാനമെടുത്തത്. മറിച്ച് ശാന്തിവനത്തിന്റെ ആവാസവ്യവസ്ഥയില്‍ 110കെവി ലൈന്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചോ, അവിടെ ഇതിനകം ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ, അലൈന്മെന്റില്‍ സംഭവിച്ചിട്ടുള്ള അന്യായത്തെക്കുറിച്ചോ യാതൊന്നും പ്രതിപാദിക്കുന്നില്ല. മാത്രമല്ല അവയെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കണമെന്ന ആവശ്യങ്ങളില്‍ തികച്ചും മൗനം പാലിക്കുകയാണ് കളക്ടര്‍ ചെയ്യുന്നത്; സമര സമിതി പറയുന്നു.

ഈയൊരു പശ്ചാത്തലത്തില്‍ ശാന്തി വനത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള ബദല്‍ സാധ്യതകള്‍ പരിഗണിക്കണമെന്നാണ് ശാന്തിവനം സംരക്ഷണ സമിതി തങ്ങളുടെ തീരുമാനമായി മുന്നോട്ടുവയ്ക്കുന്നത്. ശാന്തിവനത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും 110 കെവി ലൈന്‍ ശാന്തിവനത്തിന്റെ ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുള്ളതും ഇനി ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാനും ഒരു വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കുന്നതുവരെ ശാന്തിവനത്തില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നും അല്ലാത്തപക്ഷം നിസ്സഹായ അവസ്ഥയില്‍ ഉള്ള ഒരു വ്യക്തി കാത്ത് സൂക്ഷിക്കുന്ന ജൈവ സമ്പത്തിന് നേരെ നടന്ന അന്യായം വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ശാന്തിവനം സമരസമിതി കണ്‍വീനര്‍ പ്രൊഫ. കുസുമം ജോസഫ്, അംഗങ്ങളായ പ്രൊഫ. എം കെ പ്രസാദ്, പ്രൊഫ. ശോഭീന്ദ്രന്‍, അഡ്വ. ശിവന്‍ മഠത്തില്‍, സലീന മോഹന്‍ എന്നിവര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍