UPDATES

ശാന്തിവനത്തിലെ നിര്‍മാണപ്രവര്‍ത്തികള്‍ താത്കാലം പുനഃരാരംഭിക്കില്ല

ഇപ്പോഴുണ്ടായിരിക്കുന്നത് താത്കാലിക ആശ്വാസം മാത്രമാണെന്നും പൂര്‍ണമായി ടവര്‍ ലൈന്‍ വഴി മാറ്റി വിടുന്നതുവരെ തങ്ങളുടെ സമരം തുടരുമെന്നും ശാന്തിവനം സംരക്ഷണ സമിതി

ശാന്തിവനത്തില്‍ കൂടി 110 കെവി ലൈന്‍ വലിക്കുന്ന കെഎസ്ഇബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ച സ്ഥിതി തുടരും. ഇന്ന് എറണാകുളം ജില്ല കളക്ടറുടെ ചേംബറില്‍ ശാന്തിവനം സംരക്ഷണ സമിതി പ്രവര്‍ത്തകരും കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് ഇങ്ങനെയൊരു തീരുമാനം കളക്ടര്‍ അറിയിച്ചത്. അന്തിമമായൊരു തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് ധാരണ.

തത്കാലം പണി തുടങ്ങില്ലെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് ചര്‍ച്ചയില്‍ കളക്ടര്‍ അറിയിച്ചതെന്നാണ് ശാന്തിവനം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോഴുണ്ടായിരിക്കുന്നത് താത്കാലിക ആശ്വാസം മാത്രമാണെന്നും ശാന്തിവനത്തില്‍ നിന്നും പൂര്‍ണമായി ടവര്‍ ലൈന്‍ വഴി മാറ്റി വിടുന്നതുവരെ തങ്ങളുടെ സമരം തുടരുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ശാന്തിവനത്തില്‍ നിന്നും ഡോ. വി എസ് വിജയന്‍, പ്രൊഫ. കുസുമം ജോസഫ്, മീന ശാന്തിവനം, ഉത്തര എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ ഉടനീളം കെഎസ്ഇബി പ്രതിനിധികള്‍ കളക്ടറെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ശാന്തിവനം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ശാന്തിവനത്തെ തൊടാതെയുള്ള ലൈന്‍ മാത്രമെ തങ്ങള്‍ അനുവദിക്കൂവെന്ന നിലപാടില്‍ തന്നെയാണ് ചര്‍ച്ചയില്‍ ഉടനീളം ഉറച്ചു നിന്നതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ തീരുമാനം ആകുന്നതുവരെ ശാന്തി വനത്തില്‍ നിക്ഷേപിച്ച സ്ലറി കെഎസ്ഇബി നീക്കംചെയ്യും. ഇതിന്റെ മേല്‍നോട്ടം വനം വകുപ്പ് വഹിക്കും.

കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്ന തീരുമാനത്തിന്റെ പുറത്ത് കഴിഞ്ഞ ദിവസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ധാരണയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നു കളക്ടറുടെ ചേംബറില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ അന്തിമമായൊരു തീരുമാനം എടുക്കാന്‍ സാധിച്ചില്ല.

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ രണ്ട് ഏക്കറോളം വിസ്തൃതിയിലായി കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി ജൈവവൈവിദ്ധ്യശേഖരമായി പരിപാലിച്ചുപോരുന്ന ഒന്നാണ് ശാന്തിവനം. രണ്ടേക്കര്‍ വനത്തില്‍ മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉണ്ട്. പലതരം ഔഷധസസ്യങ്ങളും പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളും ഇവിടെയുണ്ട്. ശാന്തിവനത്തിന്റെ ഇപ്പോഴത്തെ ഉടമ മീന മേനോന്റെ പിതാവ് രവീന്ദ്രനാഥ് ആയിരുന്നു ശാന്തിവനത്തിന്റെ സൃഷ്ടാവ്.

2019 മാര്‍ച്ച് 14 നാണ് കെഎസ്ഇബി ശാന്തിവനത്തിലൂടെയുള്ള 110 കെ വി ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വനത്തിലെ നിരവധി ചെറുവൃക്ഷങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മീന മേനോന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിച്ചത്.

ശാന്തിവനം: കെഎസ്ഇബിക്ക് ടവറുകള്‍ ഇനിയും പണിയാം, 200 വര്‍ഷം പഴക്കമുള്ള ജൈവവൈവിധ്യ മേഖലയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍