UPDATES

കേരളം

കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിനും പെന്‍ഷനും പണമില്ലെങ്കിലും സ്വകാര്യ ടാങ്കര്‍ ലോറി മാഫിയകളെ സഹായിക്കാന്‍ ഒരു തടസവുമില്ല

ഡിപ്പോകളിലേക്ക് ഡീസല്‍ എത്തിക്കല്‍; ഐഒസിയുമായുള്ള കരാര്‍ പുതുക്കാതെ കെഎസ്ആര്‍ടിസി

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി പുതുക്കാത്തതിന് പിന്നില്‍ സ്വകാര്യ ടാങ്കര്‍ ലോറി മാഫിയയെ സഹായിക്കാനുള്ള അധികൃതരുടെ ഗൂഢ നീക്കമെന്ന് ആരോപണം. കെഎസ്ആര്‍ടിസി ഡിപ്പോകളിലേക്ക് ഡീസല്‍ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസിയുടെ തന്നെ ടാങ്കറുകള്‍ ഉപയോഗിക്കുന്നതിനുള്ള കരാറിന്റെ കാലാവധി ഓഗസ്ത് ഒന്നിന് അവസാനിച്ചു. എന്നാല്‍ നാല് വര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന കരാര്‍ ഇത്തവണ പുതുക്കാനുള്ള നടപടികള്‍ കെഎസ്ആര്‍ടിസി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

കെ.എസ്ആര്‍ടിസിയുടെ ടാങ്കര്‍ ലോറികളില്‍ ഡിപ്പോയില്‍ ഓടാതെ കിടക്കുമ്പോള്‍ സര്‍വീസ് നടത്തുന്നത് സ്വകാര്യ ടാങ്കറുകളാണ്. ഇതുമൂലം കെഎസ്ആര്‍ടിസിക്ക് പ്രതിദിനം രണ്ട് ലക്ഷത്തിലധികം രൂപ നഷ്ടമുണ്ടാവുന്നതായാണ് കണക്ക്. കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുറവിളി കൂട്ടുന്ന അധികൃതര്‍ തങ്ങളുടെ അനാസ്ഥ മൂലം ദിവസേന ഇത്രയും തുക നഷ്ടം വരുത്തുന്നതില്‍ ജീവനക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

‘പെന്‍ഷന്‍ കൊടുക്കാനും ശമ്പളം കൊടുക്കാനും കോര്‍പ്പറേഷന്റെ കയ്യില്‍ കാശില്ല. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് സര്‍വീസ് വെട്ടിക്കുറക്കുന്നു, ദിവസവേതനക്കാരുടെ ജോലിസമയം കുറയ്ക്കുന്നു, ജീവനക്കാരെ പിരിച്ചുവിടുന്നത് പോലുള്ള നടപടികളിലേക്ക് വരെ കോര്‍പ്പറേഷന്‍ കടന്നു. എന്നിട്ടാണ് ഇത്രയും പണം നഷ്ടം വരുമെന്നറിഞ്ഞിട്ടും ഐ.ഒ.സി.യുമായുള്ള കരാര്‍ പുതുക്കാത്തത്. പല മാസങ്ങളിലും ശമ്പളം കിട്ടുമ്പോള്‍ മാസാവസാനമാവും. പെന്‍ഷന്‍കാര്‍ക്ക് കാശ് കൊടുത്തിട്ട് കാലങ്ങളായി. വെറുതെ കളയുന്ന ഈ പൈസ മിച്ചം വച്ചാല്‍ ഒരു ഡിപ്പോയിലെ ജീവനക്കാര്‍ക്കെങ്കിലും ശമ്പളം കൊടുക്കാമല്ലോ’ കെഎസ്ആര്‍ടിസി ജീവനക്കാരനും, സി.ഐ.ടി.യു അംഗവുമായ സി.എസ് രാജേഷ് ചോദിക്കുന്നു.

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ടാങ്കര്‍ ലോറികളും ഐ.ഒ.സിയുമായുള്ള കരാര്‍ പുതുക്കാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഓടാതെ കിടക്കുകയാണ്. ഐ.ഒ.സിയില്‍നിന്നും കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളിലേക്ക് ഇന്ധനം എത്തിക്കുന്നത് ഈ ടാങ്കറുകളിലായിരുന്നു. ഒരു ടാങ്കറിന് 28,000 രൂപ മുതല്‍ 33000 രൂപ വരെ പ്രതിദിനം ഇതിലൂടെ ലഭിച്ചിരുന്നു. ടാങ്കറുകള്‍ ഓടാതായതോടെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇരുപത്തഞ്ചിലധികം ജീവനക്കാരുടെ ജോലിയും ഇല്ലാതായി.

"</p

‘ഒരു ദിവസം 450 രൂപ ദിവസ വേതനത്തിലാണ് ഞങ്ങള്‍ ജോലിയെടുത്തിരുന്നത്. എറണാകുളം ഡിപ്പോയില്‍ ഏഴ് ടാങ്കറും കാസര്‍ഗോഡ് ഡിപ്പോയില്‍ രണ്ട് ടാങ്കറുമാണ് കെഎസ്ആര്‍ടിസിക്കുള്ളത്. വര്‍ഷങ്ങളായി ഈ ടാങ്കറുകളിലാണ് ഡിപ്പോകളിലേക്ക് ഡീസല്‍ എത്തിക്കുന്നത്. ഇരുപത്തിയെട്ട് ജീവനക്കാരുണ്ട്. ടാങ്കര്‍ ഓടിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് ശമ്പളം കിട്ടുകയുള്ളൂ. ഒരാഴ്ചയിലധികമായി ജോലിയില്ല. ഇനി എന്ന് ജോലിക്ക് കയറാന്‍ പറ്റുമെന്ന് ഉറപ്പുമില്ല. ഞങ്ങളുടെ കുടുംബം പട്ടിണിയിലായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ദിവസക്കൂലിയാണെങ്കിലും കെഎസ്ആര്‍ടിസിയില്‍ ഒരു ജോലിയുണ്ടെന്ന വിശ്വാസത്തിലാണ് ജീവിച്ച് പോവുന്നത്. ഇപ്പോള്‍ ഞങ്ങളുടെയും കുടുംബങ്ങളുടെയും ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കെഎസ്ആര്‍ടിസി അധികൃതര്‍ ഉടനെ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ചെയ്യേണ്ടി വരും.‘ ടാങ്കര്‍ ഡ്രൈവര്‍ അനീശന്‍ പറഞ്ഞു.

കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ഐ.ഒ.സി ഒരു മാസം മുമ്പ് തന്നെ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കത്തയച്ചതായാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാട്ടിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ദിവസേന രണ്ട് സര്‍വീസ് നടത്തിയിരുന്ന ടാങ്കറുകളുടെ സര്‍വീസ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പകുതിയായി വെട്ടിച്ചുരുക്കിയിരുന്നു. സ്വകാര്യ ടാങ്കര്‍ ലോബിയെ സഹായിക്കാനുള്ള നീക്കമാണിതെന്ന് വിവിധ യൂണിയന്‍ ഭാരവാഹികളും ജീവനക്കാരും മുമ്പ് തന്നെ ആരോപണമുന്നയിച്ചിരുന്നു. നിലവില്‍ കരാര്‍ പുതുക്കാതിരിക്കുന്നത് ഈ ആരോപണത്തെ ബലപ്പെടുത്തുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ‘എങ്ങനെ നോക്കിയാലും കെഎസ്ആര്‍ടിസിയ്ക്ക് ലാഭം മാത്രം നല്‍കുന്നതാണ് ടാങ്കര്‍ സര്‍വീസുകള്‍. ഒരു ബസ് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ സര്‍വീസ് നടത്തിയാല്‍ 15,000 മുതല്‍ 18,000 രൂപ വരെയേ പരമാവധി കെഎസ്ആര്‍ടിസിക്ക് ലഭിക്കൂ. എന്നാല്‍ ടാങ്കറുകളുടെ ഒരു സര്‍വ്വീസില്‍ നിന്ന് തന്നെ ചുരുങ്ങിയത് 25,000 രൂപയെങ്കിലും കോര്‍പ്പറേഷന് ലഭിക്കും. അങ്ങനെയുള്ളപ്പോള്‍ അത് വേണ്ടെന്ന് വക്കുന്നത് സ്വകാര്യ ടാങ്കറുകളെ സഹായിക്കാനല്ലാതെ വേറെന്തിനാണ്? സിഐടിയുവും ബിഎംഎസ്സും ഈ നടപടിയെ ചോദ്യം ചെയ്ത് എം.ഡിക്ക് കത്തയച്ചിട്ടുണ്ട്. കരാര്‍ പുതുക്കാന്‍ ഇനിയും താമസമുണ്ടായാല്‍ പ്രതിഷേധ സമരങ്ങള്‍ ആരംഭിക്കും’- ടാങ്കര്‍ ജീവനക്കാരനായ സുരേഷ്ബാബു പറയുന്നു.

എന്നാല്‍ കരാര്‍ പുതുക്കുന്ന കാര്യങ്ങള്‍ അതിവേഗത്തില്‍ ചെയ്യാനാവില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. ‘കരാര്‍ പുതുക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. അത് ഓരോന്നോരോന്നായി കോര്‍പ്പറേഷന്‍ ചെയ്തുവരികയാണ്. ടാങ്കറുകളുടെ പരിശോധനയുള്‍പ്പെടെ നടത്തേണ്ടതുണ്ട്. ടാങ്കറുകള്‍ ഓടിയത് കൊണ്ട് പല മെച്ചങ്ങളും ഉണ്ട്. സാമ്പത്തികമായി വലിയ ലാഭം ഉണ്ടെന്ന് പറയാന്‍ പറ്റില്ല. ജീവനക്കാരുടെ ശമ്പളവും ടയറിന്റെ തേയ്മാനവുമൊക്കെ കണക്കിലെടുക്കുമ്പോള്‍ അത് വലിയ ലാഭമല്ല. പക്ഷെ ഐ.ഒ.സി. ടാങ്കറുകള്‍ മിന്നല്‍ പണിമുടക്കും മറ്റും നടത്തുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ സ്വന്തം ടാങ്കറുകള്‍ കോര്‍പ്പറേഷന് വലിയ ആശ്വാസമാണ്. പക്ഷെ കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് സ്വകാര്യ ടാങ്കറുകള്‍ കൊണ്ട് വന്നാലും കെഎസ്ആര്‍ടിസിയുടെ ടാങ്കറുകളില്‍ കൊണ്ടു വന്നാലും ഒരേ വിലയാണ്. അതുമാത്രമല്ല, ഈ ഒമ്പത് ടാങ്കറുകളുടെ ഒരു സര്‍വീസ് കൊണ്ട് മാത്രം കെഎസ്ആര്‍ടിസിയുടെ ആവശ്യങ്ങള്‍ തീരില്ല. സ്വകാര്യ ടാങ്കറുകളേയും ആശ്രയിച്ചാണ് കോര്‍പ്പറേഷന്‍ മുമ്പും മുന്നോട്ട് പോയിട്ടുള്ളത്’- കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.ടി സുകുമാരന്‍ പറഞ്ഞു.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍