UPDATES

ട്രെന്‍ഡിങ്ങ്

‘എനിക്ക് വിശക്കുന്നു’: ഈ കുഞ്ഞുങ്ങളുടെ നിലവിളി കേള്‍ക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇനിയെന്ത് ശരിയാക്കാനാണ്

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ അവസാനിച്ചു

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ച് സെക്രട്ടറിയറ്റിന് മുന്നിലെത്തി. കൂട്ടായ്മ നേതാവ് ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. പിരിച്ചുവിടപ്പെട്ട തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാലായിരത്തിലധികം പേരാണ് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിരിക്കുന്നത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്ന് ദിനേഷ് ബാബു പറഞ്ഞു. ആലുപ്പഴയില്‍ നിന്നും 19നാണ് ലോംഗ് മാര്‍ച്ച് ആരംഭിച്ചത്.

ഒരു ഫോണ്‍ കോള്‍ കൊണ്ട് ഒത്തുകൂടിയ ആള്‍ക്കൂട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വിവിധ തൊഴിലാളി യൂണിയനുകളില്‍പ്പെട്ടവരാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഒരു സുപ്രഭാതത്തിലുണ്ടായ തീരുമാനത്തിലല്ല എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യം കെഎസ്ആര്‍ടിസിക്കുള്ളിലെ കാര്യങ്ങള്‍ അറിയാവുന്ന തങ്ങള്‍ക്കറിയാം. കെഎസ്ആര്‍ടിസിയെന്ന പൊതുമേഖലാ സ്ഥാപനം നഷ്ടത്തിലല്ല. നിങ്ങളേത് താല്‍ക്കാലിക ജീവനക്കാരനെ ചര്‍ച്ചയ്ക്ക് വിളിച്ചാലും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കും. പൊതുമേഖലാ സ്ഥാപനത്തിന്റെ മൂലധന നിക്ഷേപം നടത്തുന്നത് ബ്ലേഡ് കമ്പനികളല്ലെന്നും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണ് അത് നടക്കുന്നതെന്നും ദിനേഷ് ബാബു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളത്തില്‍ കെടിഡിഎഫ്‌സി പോലുള്ള ബ്ലേഡ് കമ്പനികളാണ് കെഎസ്ആര്‍ടിസിയില്‍ മൂലധനനിക്ഷേപം നടത്തിയിരിക്കുന്നത്. അതിന്റെ പ്രശ്‌നങ്ങളാണ് കെഎസ്ആര്‍ടിസി ഇന്ന് നേരിടുന്നത്. അവരില്‍ നിന്നും പണം വാങ്ങി മറ്റ് കൈകളിലൂടെ വിതരണം ചെയ്തതിന്റെ പരിണിതഫലമാണ് കെഎസ്ആര്‍ടിസി ഇന്ന് അനുഭവിക്കുന്നത്. എന്നാല്‍ എല്ലാ കാലഘട്ടങ്ങളിലും ഇത് മറച്ചുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നാലായിരത്തിലേറെ വരുന്ന തൊഴിലാളികള്‍ പീഡന പര്‍വം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിട്ട് പി എസ് സി വഴി നിയമനം നടപ്പാക്കാനാണ് ഹൈക്കോടതി വിധി. തങ്ങളാരും പി എസ് സി നിമയനത്തിന് എതിരല്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് ന്യായമായ നീതി കിട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. താല്‍ക്കാലിക ജീവനക്കാരുടെ നിയമനം 180 ദിവസത്തില്‍ കൂടരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 179-ാമത്തെ ദിവസം തങ്ങളെ പിരിച്ചുവിടാത്തവര്‍ ആരാണെന്നാണ് ഇവരുടെ ചോദ്യം. അത് ചെയ്യാതെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തങ്ങളെ പരമാവധി ചൂഷണം ചെയ്യുകയായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു. പത്തും പന്ത്രണ്ടും വര്‍ഷം ഞങ്ങളെ ഊറ്റിക്കുടിച്ച് ചണ്ടിയാക്കി വലിച്ചെറിഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കുമെന്ന് കരുതേണ്ടെന്നും ദിനേഷ് പറഞ്ഞു. പുരോഗമന പ്രസ്ഥാനങ്ങളുടെ കേളി കേട്ട കേരളത്തില്‍ അത് നടക്കില്ല.

എംപാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ച് ആരംഭിക്കുമ്പോള്‍ തങ്ങളെ അഭിസംബോധന ചെയ്യാന്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്നാണ് കരുതിയിരുന്നത്. നിങ്ങളുടെ മനുഷ്യാവകാശത്തിന്റെ മറ്റൊരു ഭാഷയാണ് ഞങ്ങള്‍ക്ക് മനസിലായത്. 165 കിലോമീറ്റര്‍ പിന്നിട്ട ഈ ലോംഗ് മാര്‍ച്ചിലേക്ക് ഇവിടുത്തെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെങ്കിലും വന്നോയെന്നും അദ്ദേഹം ചോദിച്ചു. നിങ്ങളെല്ലാം ധരിച്ചിരിക്കുന്നത് ഞങ്ങളുടേത് പിന്‍വാതില്‍ നിയമനമാണെന്നാണ്. 179-ാം ദിവസം പിരിച്ചുവിട്ടില്ലെങ്കില്‍ 180-ാം ദിവസം സ്ഥിരപ്പെടേണ്ട ആളുകളായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ക്കൊപ്പം മറ്റ് വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരായി കയറിയ പലരും ഇന്ന് സ്ഥിരജീവനക്കാരാണ്. എന്തുകൊണ്ട് ഈയൊരു പൊതുബോധം സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇനി ഞങ്ങള്‍ തിരുത്തുകയാണ്. അവകാശങ്ങള്‍ നേടിയെടുക്കുന്നത് വരെ ഞങ്ങള്‍ ശക്തമായ പോരാട്ടത്തിനിറങ്ങുകയാണ്.

മാനേജ്‌മെന്റിന്റെ പിടിപ്പുകേട് കൊണ്ടാണ് ഇത്തരമൊരു കോടതി വിധി വന്നത്. ഇത് വളരെ ആസൂത്രിതമായ നീക്കമാണ്. ഇത്രയധികം തൊഴിലാളികളെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. തൊഴിലാളികളുടെ എണ്ണം കുറച്ച് ഉള്ള തൊഴിലാളികളെ അമിത ജോലിയെടുപ്പിക്കാനാണ് നീക്കം. ഒരു പൊതുമേഖലാ സ്ഥാപനം എല്ലാക്കാലവും ലാഭത്തിലാകണമെന്ന് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും പറയില്ല. അത് മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്.

ജീവനക്കാര്‍ കുട്ടികളെ ഉള്‍പ്പെടെയുള്ളവരുമായി ലോംഗ് മാര്‍ച്ചിന് ഇറങ്ങിയിരിക്കുന്നത്. പ്ലക്കാര്‍ഡുകളുമേന്തിയാണ് കുട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. വൈകാരികമാണ് പ്ലക്കാര്‍ഡിലെ വാക്കുകള്‍. ഒരു കുട്ടി പിടിച്ചിരിക്കുന്ന പ്ലക്കാര്‍ഡില്‍ ‘എനിക്ക് വിശക്കുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്. ‘ഞങ്ങളുടെ രക്ഷിതാക്കളെ തിരിച്ചെടുക്കൂ. മറ്റു കുട്ടികളെ പോലെ ഞങ്ങള്‍ക്കും ജീവിക്കണം. ജീവിക്കാന്‍ അനുവദീക്കൂ’ എന്നാണ് ഒരു ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ‘ഇതാ വരുന്നു ലോംഗ് മാര്‍ച്ച്, കണ്ണീരില്‍ മുങ്ങിയ ലോംഗ് മാര്‍ച്ച്, പട്ടിണി ആയ തൊഴിലാളികളുടെ ഹൃദയം കരയും ലോംഗ് മാര്‍ച്ച്’, ‘ഞങ്ങളില്‍ ഇല്ല രാഷ്ട്രീയം, ഞങ്ങളില്‍ ഇല്ല കൊടിയുടെ നിറം, ഒറ്റക്കെട്ടായ് മുന്നോട്ട്’, ‘പണിയെവിടെ തുണയെവിടെ ജനകീയ സര്‍ക്കാരേ’ എന്നിങ്ങനെ പോകുന്നു പ്ലക്കാര്‍ഡുകളിലെ മുദ്രാവാക്യങ്ങള്‍.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍