UPDATES

സര്‍ക്കാരേ, പെന്‍ഷന്‍ കാശ് കിട്ടീട്ട് സുഖിക്കാനല്ല, ജീവിക്കാനാണ്; ഈ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ എന്തു ചെയ്യണം?

കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് എത്ര നാള്‍ ഇവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കും?

‘ഓരോ ദിവസവും മകളുടെ ഡയാലിസിസിന് ആയിരം രൂപയിലധികം വേണം. പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നരമാസക്കാലമായി. അതിനുവേണ്ടി ഒരു മാസമായി ഇവിടെ ധര്‍ണ ഇരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് പെന്‍ഷന്‍ മുടങ്ങി ആര്‍ക്കും സമരം ഇരിക്കേണ്ടി വരില്ല എന്നാണ്, എന്നാല്‍ ഇതുവരെ പെന്‍ഷന്‍ കൃത്യമായി ലഭിച്ചിട്ടില്ല. പെന്‍ഷന്‍ കാശല്ലാതെ മറ്റൊരു മാര്‍ഗമില്ല ജീവിക്കാന്‍. 28 കൊല്ലം കെ.എസ്.ആര്‍.ടി.സിയില്‍ സേവനമനുഷ്ഠിച്ചു, ഇതാണ് തിരിച്ചു കിട്ടുന്നത്. ഞങ്ങള്‍ക്കും ജീവിക്കേണ്ടേ… എന്റെ മകള്‍ക്ക്…’

രവീന്ദ്രന്റെ വാക്കുകള്‍ മുറിഞ്ഞു. പൊടിഞ്ഞ കണ്ണുനീര്‍ തുടച്ചു. ആ ദീര്‍ഘനിശ്വാസത്തിനു മുന്നിലൂടെ കെ.എസ്.ആര്‍.ടിസി.ബസ് അപ്പോഴും കുതിച്ചു പാഞ്ഞു. കുന്ദമംഗലം സ്വദേശിയായ രവീന്ദ്രന്‍ 27 വര്‍ഷമാണ് കെ.എസ്ആര്‍.ടി.സിയില്‍ മെക്കാനിക്കായി ജോലി ചെയ്തത്. മകളുടെ ജീവിതത്തിനായി സ്വന്തം കിഡ്‌നി നല്‍കാന്‍ തുനിഞ്ഞ ഈ പിതാവിനെ പോലെ 42,000 ത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കും പറയാന്‍ ഇതുപോലുള്ള ഒരായിരം ജീവിതകഥകളുണ്ട്. അവര്‍ക്കെല്ലാം തന്നെ തെരുവിലേക്കിങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവില്‍. കഴിഞ്ഞ ഒരുമാസമായി കേരളത്തിലെ ജില്ലാ കേന്ദ്രങ്ങളില്‍ പെന്‍ഷന്‍ മുടങ്ങിയ കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സമരത്തിലാണ്.
ധര്‍ണയുടെ ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ പ്രതിനിധികള്‍ ഓഗസ്റ്റ് 1-നു മുഴുവന്‍ പെന്‍ഷനും നല്‍കി തീരുമെന്നു പറഞ്ഞെങ്കിലും ഓഗസ്റ്റ് 8 ആയിട്ടും ഇതുവരെ ആര്‍ക്കും പെന്‍ഷന്‍ പണം കിട്ടിയിട്ടില്ലെന്നാണ് സത്യം.

"</p

29 വര്‍ഷം കെ.എസ്.ആര്‍.ടി.സി മെക്കാനിക്കായിരുന്ന മൊയ്തീന്‍ കോയ സമരപ്പന്തലിരിക്കുന്നത് മറ്റൊരു കഥയുമായിട്ടാണ്. പെണ്‍മക്കളുടെ കല്ല്യാണ ശേഷമുള്ള കടബാധ്യത തീര്‍ക്കാന്‍ ആകെയുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലവും ഇദ്ദേഹത്തിനു വില്‍ക്കേണ്ടി വന്നു. വാടക വീടുകളിലെ താമസം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി. ബിസിനസ് നടത്തി കടക്കെണിയിലായ മകനെ ഒന്നര ലക്ഷം വായ്പയെടുത്ത് ഗള്‍ഫിലേക്കയച്ചു. നിത്യചെലവും വായ്പ തിരിച്ചടയ്ക്കാനും മകന്‍ അയച്ചു തരുന്ന പണം കൊണ്ട് ഇദ്ദേഹത്തിനാകുന്നില്ല. മൊയ്തീന്റെ ഭാര്യയുടെ ചികിത്സയ്ക്കും വലിയ തുക ആവശ്യമായി വന്നു. ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഏക ആശ്വാസം പെന്‍ഷന്‍ കാശായിരുന്നു. അതുകൂടി മുടങ്ങിയതോടെ മൊയ്തീന്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

‘ഇത് എന്റെ മാത്രം അവസ്ഥയല്ല മക്കളേ, എന്നെപ്പോലെ നിസ്സഹായരായ നിരവധി പേര്‍ വിവിധ ഇടങ്ങളിലുണ്ട്. സര്‍ക്കാര്‍ പറയുന്നു കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന്, എന്നാല്‍ ഒന്നു ചോദിക്കട്ടെ, കെ.എസ്.ആര്‍.ടി.സി മാത്രമാണോ നഷ്ടത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനം? അല്ല. പക്ഷേ പെന്‍ഷന്‍ വിതരണം കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടേത് മാത്രം മുടങ്ങുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് ഈ അവസ്ഥ നേരിടേണ്ടി വരുന്നത്. ഇതിനെതിരെ ഏതു രാഷ്ട്രീയപാര്‍ട്ടിയും പ്രതികരിക്കുന്നില്ല. ഒരു മാസമായി സമരം തുടങ്ങിയിട്ട്. പെന്‍ഷന്‍ കാശ് കിട്ടിയിട്ട് സുഖിക്കാനൊന്നുമല്ല മക്കളേ, ജീവിക്കാനാണ്. വേറെ മാര്‍ഗമില്ലാഞ്ഞിട്ടാണ് ‘ മൊയ്തീന്‍ കോയ പറയുന്നു. ഓഗസ്റ്റ് 9 നകം കാശ് കിട്ടിയില്ലെങ്കില്‍ പത്താം തീയതി മുതല്‍ ജില്ലാ കേന്ദ്രങ്ങള്‍ ഉപരോധിക്കാനാണ് തീരുമാനം. അതിനുശേഷം ബസ് തടയല്‍ അടക്കമുള്ള സമരപരിപാടികളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ പറയുന്നു.

‘കെ.എസ്.ആര്‍.ടി.സി എംഡി രാജമാണിക്യം കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കേന്ദ്രത്തിലെത്തിയപ്പോള്‍ പറഞ്ഞത് പെന്‍ഷന്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നാണ്. അതിനു കോര്‍പ്പറേഷനുമായി ബന്ധമില്ലെന്നും. സര്‍ക്കാറാണെങ്കില്‍ നാളെ നാളെ… നീളെ നീളെ എന്ന സ്ഥിതിയിലുമാണ്. ഇവിടെ തന്നെ നോക്കൂ, ക്ഷേമനിധി ഓഫീസടക്കം പ്രവര്‍ത്തിക്കുന്നത് വാടകകെട്ടിടത്തിലാണ്. ഇവിടെ കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി കെട്ടിടമുള്ളപ്പോഴാണ് അത്. അത്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ കെട്ടിടത്തിലേക്ക് മാറിയാല്‍ തന്നെ വലിയ ലാഭം കിട്ടും. വാടക കൊടുക്കുന്ന പണം ലാഭിക്കാം. പിന്നെ നൂതന ബസുകള്‍ വാങ്ങുന്നു. എന്നാല്‍ അവയൊന്നും കേരളത്തിലെ റോഡുകള്‍ക്ക് യോജിച്ചവയല്ല. അവ ഓടിക്കാനുള്ള തൊഴിലാളികളെ വാഹന കമ്പനി നല്‍കുന്നു. ഇത് തൊഴിലാളി വിരുദ്ധമാണ്. 2006-ലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സിയുടെ മുഖം മിനുക്കിയതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ സ്ഥിതിയിലെത്തി. ‘ പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയംഗം രാരിക്കുട്ടി പറഞ്ഞു. പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഓര്‍ഗനൈസേഷന്‍ കത്തു നല്‍കിയിരുന്നു. ആ കത്തിലെ വരികള്‍ ചുവടെ ചേര്‍ക്കുന്നു.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നല്ല കാര്യങ്ങളില്‍ അഭിമാനിക്കുന്നുവെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷണറായ ഞാനും കുടുംബവും നിരാശയിലാണ്. പെന്‍ഷന്‍ മുടങ്ങില്ലെന്ന് പ്രകടന പത്രികയിലും ഓര്‍ഗനൈസേഷന്‍ കേന്ദ്ര ഓഫീസ് ഉദ്ഘാടനവേളയില്‍ പെന്‍ഷനു വേണ്ടി ഇനിയൊരു സമരം വേണ്ടിവരില്ലെന്ന് അങ്ങ് നേരിട്ടും പറഞ്ഞപ്പോള്‍ ഞാനും എന്നെപ്പോലുള്ള ആയിരങ്ങളും ഏറെ സന്തോഷിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഒരു മാസം പോലും പെന്‍ഷന്‍ കൃത്യമായി ലഭിക്കാത്ത ദു:ഖം അങ്ങയെ അറിയിക്കുന്നു. മരുന്നു വാങ്ങാന്‍ പോലും മാര്‍ഗമില്ലാത്ത എന്നെ ആത്മഹത്യയിലേക്ക് തള്ളി വിടാതെ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃത്യമായി വിതരണം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.’

"</p

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്നു കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മഹത്യ ചെയ്തു. ഇങ്ങനെയാണെങ്കില്‍ ഇനിയും നിരവധി പേര്‍ക്ക് തൂക്കുകയര്‍ അഭയം തേടേണ്ടി വരുമെന്ന് ധര്‍ണയിരിക്കുന്നവര്‍ ഒന്നടങ്കം പറയുന്നു.

‘കക്കോടി പത്മനാഭന്‍ എന്നൊരു പെന്‍ഷനറുണ്ട്. ക്യാന്‍സറാണ് . ചികിത്സപോലും മുടങ്ങി നില്‍ക്കുന്ന അവസ്ഥ. ദയനീയമാണ്. ഇടയ്ക്ക് ഞങ്ങള്‍ക്കാകുന്ന സഹായം ചെയ്ത് നല്‍കും. അതിനു പരിമിതികളുണ്ടല്ലോ. അങ്ങനെ നിരവധി പേര്‍. ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയുടെ ഹൃദയമെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. ഈ ധര്‍ണയ്ക്കു പോലും വരാനാകാത്ത സ്ഥിതിയില്‍ വീട്ടിലിരിക്കുന്നുണ്ട്. ഇതിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ട് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. ‘ പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയംഗം ഭരതന്‍ പറയുന്നു.

നഷ്ടക്കണക്കുകളുടെ പട്ടിക കാണിച്ച് ഇനിയും തങ്ങളുടെ ജീവിതത്തിനു മേല്‍ തൂക്കുകയറിടരുതെന്ന് ഇവര്‍ പറയുന്നു. ഈ സമരം ജീവിക്കാനാണ്. പെന്‍ഷന്‍ കാശ് കൃത്യമായി ലഭ്യമാക്കാനാനുള്ള നടപടി, എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ ചെയ്തില്ലെങ്കില്‍, കെ.എസ്.ആര്‍.ടി.സിയെ സേവിച്ച് ജീവിതം തീര്‍ത്ത തങ്ങള്‍ക്ക് അതേ കെ.എസ്.ആര്‍.ടി.സി കാരണം തന്നെ ജീവിതം അവസാനിപ്പിക്കേണ്ടിയും വരുമെന്ന് അവര്‍ പറയുന്നു. അവശതപോലും വകവെക്കാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ചു വന്ന് കോഴിക്കോടടക്കമുള്ള കേന്ദ്രങ്ങളില്‍ ഇവര്‍ ധര്‍ണ ഇരിക്കുന്നത് അവര്‍ ഏത് അവസ്ഥയിലാണ് എത്തപ്പെട്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍