UPDATES

ട്രെന്‍ഡിങ്ങ്

എത്ര നന്നാക്കിയാലും നന്നാവില്ലെന്ന് കെഎസ്ആര്‍ടിസി; സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പ്രധാന ഡിപ്പോകളില്‍ നിന്ന് മാത്രമാക്കാന്‍ പുതിയ തീരുമാനം

ഇതിനിടെ ഏപ്രില്‍ മാസത്തില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് കളക്ഷന്‍ നേടി നേട്ടമുണ്ടാക്കാനും കോര്‍പ്പറേഷനായി

കല്ലട ബസ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ അയല്‍ സംസ്ഥാനങ്ങളിലേക്ക് 50 പുതിയ ബസുകള്‍ ആരംഭിക്കാനും ഈ മേഖലയില്‍ തങ്ങളുടെ സര്‍വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുമൊക്കെയുള്ള തീരുമാനങ്ങള്‍ കെഎസ്ആര്‍ടിസിക്ക് ഈയടുത്ത ദിവസങ്ങളില്‍ കൈയ്യടി നേടിക്കൊടുത്തിരുന്നു. ഒപ്പം, മികച്ച രീതിയില്‍ സര്‍വ്വീസുകള്‍ പുന:ക്രമീകരിക്കുകയും പ്രത്യേകം ടാര്‍ഗറ്റ് നിശ്ചയിച്ചുമൊക്കെ ഏപ്രില്‍ മാസത്തില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് കളക്ഷന്‍ നേതാനും കോര്‍പ്പറേഷനായി. എന്നാല്‍, പടിക്കല്‍ കൊണ്ട് കലമുടയ്ക്കുന്ന പരിപാടിയാണ് കെഎസ്ആര്‍ടിസി തുടര്‍ച്ചയായി ചെയ്യുന്നത് എന്ന വിമര്‍ശനവും ശക്തമാണ്. അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ഇന്ന് മുതല്‍ നടപ്പിലാവുന്ന പുതിയ പരിഷ്കാരം.

സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പ്രധാന ഡിപ്പോകളില്‍ നിന്ന് മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന തീരുമാനമാണ് പുതിയത്. ബസുകളുടെ ക്രമീകരണത്തിലും ഡ്യൂട്ടി ഷെഡ്യൂളുകളിലും മാറ്റം വരുത്തി അടിക്കടിയുണ്ടാവുന്ന മാറ്റങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കാതെ മാനേജ്‌മെന്റ് മുന്നോട്ട് പോവുകയാണ്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ പരമാവധി രണ്ട് ജില്ലകളില്‍ മാത്രമായി സര്‍വീസ് ഒതുക്കണമെന്ന തീരുമാനം കഴിഞ്ഞയാഴ്ച വന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആ ഉത്തരവ് മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പിടിവീണിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ഡിപ്പോകളില്‍ നിന്ന് മാത്രം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തിയാല്‍ മതി എന്നാണ് തീരുമാനം. ഇന്ന് മുതല്‍ ഈ തീരുമാനം പ്രാവര്‍ത്തികമാകും. തെക്കന്‍ ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്ന് സര്‍വീസ് ആരംഭിച്ചിരുന്ന 27 ബസുകള്‍ ഇന്ന് മുതല്‍ ഉണ്ടാവില്ല. ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന 14 ബസുകളും എം സി റോഡില്‍ സര്‍വീസ് നടത്തുന്ന 12 ബസുകളുമാണ് കെഎസ്ആര്‍ടിസി സര്‍വീസ് പുന:ക്രമീകരണത്തിനായി പിന്‍വലിച്ചത്. തെക്കന്‍ ജില്ലകളില്‍ ഭൂരിഭാഗം പേരും കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നതെന്നതിനാല്‍ പുതിയ തീരുമാനം യാത്രാക്ലേശമുണ്ടാക്കും. പത്തനംതിട്ട, ആലപ്പുഴ, മാരാരിക്കുളം, കായംകുളം, കരുനാഗപ്പള്ളി തുടങ്ങി നിരവധി ഡിപ്പോകളില്‍ നിന്ന് സര്‍വീസ് ആരംഭിച്ചിരുന്ന സൂപ്പര്‍ഫാസ്റ്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും മൂന്ന് ബസുകളും കായംകുളം, കോട്ടയം, പെരുമ്പൂവൂര്‍ ഡിപ്പോകളില്‍ നിന്ന് രണ്ടും ചേര്‍ത്തല, ഹരിപ്പാട്, ആറ്റിങ്ങല്‍ ഡിപ്പോകളിലെ ഓരോ ബസുകളും തിരുവല്ല, വൈക്കം, തൊടുപുഴ, പിറവം, പെരുമ്പാവൂര്‍, ഡിപ്പോകളിലെ മുഴുവന്‍ ബസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടും. ഇനി പ്രധാന ഡിപ്പോകളില്‍ നിന്ന് മാത്രമായിരിക്കും ഇവ സര്‍വീസ് നടത്തുക.

പ്രധാന ഡിപ്പോകളില്‍ നിന്ന് മാത്രം സര്‍വീസ് ആരംഭിക്കുമ്പോള്‍ മറ്റ് ജില്ലകളിലെ ഡിപ്പോകളില്‍ നിന്നോ സ്‌റ്റോപ്പുകളില്‍ നിന്നോ കയറുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം ഇല്ലാതാവും എന്നതാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം. ഇത് സ്വകാര്യ ബസുകളെ സഹായിക്കാനുള്ള തീരുമാനമായി മാറുമെന്നാണ് ഇവരുടെ വാദം. “തിങ്ങിഞെരുങ്ങിയാണ് പലപ്പോഴും സൂപ്പര്‍ ഫാസ്റ്റുകള്‍ സര്‍വീസ് നടത്തുന്നത്. തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും. പല ഡിപ്പോകളില്‍ നിന്നായി കൂടുതല്‍ ബസ് സര്‍വീസ് നടത്തിയിരുന്നപ്പോള്‍ ഇതിന് മാറ്റമുണ്ടായിരുന്നു. എന്നാല്‍ പ്രധാന ഡിപ്പോകളില്‍ നിന്ന് മാത്രം സര്‍വീസ് ആവുമ്പോള്‍ ആളുകള്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സാധ്യതയടയും. സര്‍വീസ് ആരംഭിക്കുന്ന ഡിപ്പോകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും ഇരിക്കാന്‍ സൗകര്യം ലഭിക്കുക. ദീര്‍ഘദൂര യാത്രക്കാര്‍ പലരും ട്രെയിനും സ്വകാര്യബസുകളും ആശ്രയിക്കുന്ന അവസ്ഥയിലേക്ക് ഇത് മാറും”, ഡിപ്പോകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തി യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ പുതിയ തീരുമാനം.

Also Read: കല്ലടമാരുടെ കുത്തക പൊളിക്കാന്‍ കെഎസ്ആര്‍ടിസിയും രംഗത്ത്; 50 ബസുകള്‍ ഉടന്‍ നിരത്തില്‍

ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ സര്‍വീസ് ദൂരം കുറയ്ക്കണമെന്ന കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ വിഭാഗം മേധാവിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ എംഡി മരവിപ്പിച്ചിരുന്നു. അപ്രായോഗികമായ ഉത്തരവ് നടപ്പിലായാല്‍ സര്‍വീസുകള്‍ ആകെ താളംതെറ്റുമെന്നും യാത്രാക്ലേശം വര്‍ധിക്കുമെന്നും ഡിപ്പോ മേധാവികള്‍ തന്നെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചത്. രണ്ട് ജില്ലകളില്‍ മാത്രം ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് നടത്തണമെന്ന തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളേറെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് പിന്നാലെ വന്ന സൂപ്പര്‍ഫാസ്റ്റുകളെ നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ്.

പതിനഞ്ച് മിനിറ്റ് ഇടവിട്ട് ദേശീയപാതയിലും എംസിറോഡിലുമുള്‍പ്പെടെ ഒരു സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് ഉണ്ടാവുമെന്ന് എംഡി എം പി ദിനേശ് അറിയിച്ചു. എന്നാല്‍ എന്നാല്‍ നിന്നുള്ള യാത്ര ഭയന്ന് ആളുകള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നും അത് വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്നുമാണ് ജീവനക്കാരുടെ വിമര്‍ശനം. “സൂപ്പര്‍ഫാസ്റ്റ് ബസില്‍ ആളുകളെ നിര്‍ത്തിക്കൊണ്ട് പോവരുതെന്നാണ് 2018ലെ ഹൈക്കോടതി വിധി. പരമാവധി 12 പേരെ നിര്‍ത്തിക്കൊണ്ട് യാത്ര ചെയ്യാമെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നുണ്ട്. പക്ഷെ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ പലപ്പോഴും ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളേക്കാള്‍ തിരക്കാണ് കാണാറ്. അതാണ് യാഥാര്‍ഥ്യം എന്നിരിക്കെ ഇത്തരം തീരുമാനം എന്തുകൊണ്ട് ഉണ്ടാവുന്നു എന്നറിയില്ല.”

ഇതിന് പുറമെ സിംഗിള്‍ ഡ്യൂട്ടി വീണ്ടും ഡബിള്‍ ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറിയതിനെതിരെയും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്. ദീര്‍ഘദൂര ബസുകളില്‍ കണ്ടക്ടറെ ഒഴിവാക്കാനുള്ള ആലോചനകളും സജീവമായുണ്ട്. ഡ്രൈവര്‍ തന്നെ ടിക്കറ്റ് നല്‍കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഓരോ സ്‌റ്റോപ്പില്‍ നിന്നും കയറുന്നവര്‍ക്ക് ഡ്രൈവര്‍ ടിക്കറ്റ് നല്‍കിയതിന് ശേഷമേ യാത്ര ആരംഭിക്കാന്‍ കഴിയൂ. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല എന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. ഈ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാവുമെന്ന് ജീവനക്കാരും ഡിപ്പോ അധികൃതരും പറയുന്നു.

ഇതിനിടെ ഏപ്രില്‍ മാസത്തില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് കളക്ഷന്‍ നേടി നേട്ടമുണ്ടാക്കാന്‍ കോര്‍പ്പറേഷനായി. ഏപ്രില്‍ മാസം കെഎസ്ആര്‍ടിസിയുടെ വരുമാനം 189.84 കോടി രൂപയായി വര്‍ധിച്ചു. ജനുവരി മാസത്തില്‍ 189.71 കോടി രൂപ കളക്ഷന്‍ ലഭിച്ചിരുന്നെങ്കിലും ഫെബ്രുവരി മാസത്തില്‍ ഇത് 168.58 കോടിയായി കുറഞ്ഞിരുന്നു. മാര്‍ച്ച് മാസത്തില്‍ 183.68 കോടിയും ലഭിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൈകിയിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തെ ശമ്പളം യഥാസമയം നല്‍കാന്‍ കഴിഞ്ഞു. ഇത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് എം ഡി എം പി ദിനേശ് പറഞ്ഞു. “ശബരിമല സീസണ്‍ ഉള്‍പ്പെടെ വരുന്ന ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31 ദിവസത്തെ കളക്ഷനേക്കാള്‍ അധിക വരുമാനം 30 ദിവസം മാത്രമുള്ള ഏപ്രില്‍ മാസത്തില്‍ ലഭിക്കുവാനായി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഏറെ പരിമിതമായ സാഹചര്യങ്ങളിലും അതും ഓരോ റൂട്ടുകളിലും ബസ്സുകളുടെ കോണ്‍വോയ് ഒഴിവാക്കി ക്രോണോളജി സെറ്റ് ചെയ്ത് നിലവിലുള്ള ചെയിന്‍ സര്‍വീസുകള്‍ അടക്കം അറേഞ്ച് ചെയ്തത് വഴി വരുമാന വര്‍ദ്ധനവ് ഉണ്ടാവുകയാണ് ചെയ്തത്. മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെയും യൂണിറ്റ് ഓഫീസര്‍മാരുടെയും പ്രത്യേകം പ്രത്യേകമായുള്ള അവലോകന യോഗങ്ങളും തുടര്‍ന്നുള്ള ഫോളോ അപ്പ് വര്‍ക്കുകളും ആണ് ഇത്തരത്തിലൊരു വരുമാന വര്‍ദ്ധനവിന് കാരണമായത്”.

എല്ലാ ഡിപ്പോകള്‍ക്കും പ്രത്യേകം പ്രത്യേകം ടാര്‍ജ്റ്റ് നിശ്ചയിച്ചു നല്‍കി ഓരോ ഡിപ്പോയിലെയും ഷെഡ്യൂളുകളും ആനുപാതികമായി ടാര്‍ജറ്റ് നിശ്ചയിച്ച് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കി മേല്‍നോട്ടച്ചുമതല നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഒരു പരിധിവരെ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അധികൃതരുടെ വിശ്വാസം. എന്നാല്‍ യാത്രക്കാരെ കണക്കിലെടുക്കാതെയുള്ള പരിഷ്‌ക്കാരങ്ങള്‍ കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാവുമെന്ന് ജീവനക്കാരും പറയുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍