UPDATES

കല്ലടമാരുടെ കുത്തക പൊളിക്കാന്‍ കെഎസ്ആര്‍ടിസിയും രംഗത്ത്; 50 ബസുകള്‍ ഉടന്‍ നിരത്തില്‍

ഗതാഗത സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ സഹായിക്കാനെന്നും ആരോപണം

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ കെ എസ് ആര്‍ ടിസിയും. അമ്പത് ബസുകള്‍ ഉടന്‍ നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്മന്റ് തീരുമാനിച്ചിരിക്കുന്നത്. ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് ആരംഭിക്കും. ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചതായി കെഎസ്ആര്‍ടിസി എംഡി എം പി ദിനേശ് വ്യക്തമാക്കി. ബസ് സര്‍വീസ് നടത്തേണ്ട സമയക്രമം തീരുമാനിച്ചിട്ടില്ലെങ്കിലും യാത്രക്കാര്‍ക്ക് അനുയോജ്യമായ സമയമായിരിക്കും തിരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും അത് പത്തില്‍ താഴെ മാത്രമാണ്. സമയക്രമത്തിലെ പോരായ്മകളും ഏറെ നേരത്തെ കാത്തിരിപ്പുമെല്ലാം യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. അതിനാല്‍ ഭൂരിഭാഗം പേരും സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വീസുകള്‍ ഭീമമായ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടാക്കിയിരുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് മാനേജ്‌മെന്റിന്റെ ഇടപെടല്‍.

കല്ലട ബസില്‍ യുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതിന് ശേഷം കല്ലടട ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. പലരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പ്രതികരിച്ചു. കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടിയുള്ള പോസിറ്റീവ് കാമ്പയിനും ആരംഭിച്ചിരുന്നു. കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന ബസുകള്‍ക്ക് ബുക്കിങ് വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും കെഎസ്ആര്‍ടിസിയുടെ ബസ് സമയത്തില്‍ പലരും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതോടെയാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇതിന് പുറമെ കര്‍ണാടക സര്‍ക്കാരുമായി സഹകരിച്ച് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന കാര്യവും ആലോചനയിലുണ്ട്. ഗതാഗത സെക്രട്ടറിമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

‘ഇതുവരെ കെഎസ്ആര്‍ടിസിയ്ക്ക് ലഭിക്കേണ്ട ലാഭം കൊണ്ടുപോയിക്കൊണ്ടിരുന്നത് സ്വകാര്യബസ് ലോബിയാണ്. കോര്‍പ്പറേഷന്റെ ഭാഗത്ത് വീഴ്ചകളുണ്ട്. രാത്രി കാലങ്ങളിലാണ് പലരും യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത്. ആ സമയത്ത് ആവശ്യത്തിന് ബസ് സര്‍വീസ് നടത്തിയിരുന്നെങ്കില്‍ ആളുകള്‍ കെഎസ്ആര്‍ടിസിയില്‍ തന്നെ പോവുമായിരുന്നു. കെഎസ്ആര്‍ടിസിയേക്കാള്‍ മൂന്നും നാലും ഇരട്ടി യാത്രാക്കൂലിയാണ് സ്വകാര്യ ബസുകള്‍ വാങ്ങുന്നത്. എന്നിട്ടും ആളുകള്‍ അതാണ് തിരഞ്ഞെടുത്തിരുന്നത്. കൂടുതല്‍ അന്തര്‍ സംസ്ഥാന സ്ലീപ്പര്‍ ബസുകള്‍ സര്‍വീസ് നടത്തണമെന്നുള്ള ആവശ്യം മുമ്പ് തന്നെ പലരും ഉന്നയിച്ചിട്ടുള്ളതാണ്. പക്ഷെ സത്യത്തില്‍ ഉദ്യോഗസ്ഥരും സര്‍ക്കാരിലെ ചിലരും സ്വകാര്യ ബസ് ലോബികള്‍ക്ക് സഹായകമാകുന്ന തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഇപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയുണ്ടായത് സോഷ്യല്‍ മീഡിയ വഴി കാമ്പയിന്‍ വന്നതുകൊണ്ടാണ്. ഇപ്പോള്‍ ആളുകള്‍ വ്യാപകമായി കെഎസ്ആര്‍ടിസിയോട് കൂടുതല്‍ ബസുകള്‍ ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ ബസ് ഇറക്കുന്നതോടെ പൊതുജനം കൂടുതല്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കും എന്ന് തന്നെയാണ് വിശ്വാസം.’ കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.

കെഎസ്ആര്‍ടിസിയുടെ ചുവടുപിടിച്ചുകൊണ്ടാണ് സ്വകാര്യ ബസുകള്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചത്. എന്നാല്‍ സര്‍വ്വീസുകള്‍ കൃത്യമായി ഓപ്പറേറ്റ് ചെയ്യാതെ കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സ്വകാര്യ ബസ് ലോബിയ്ക്ക് സഹായം ചെയ്തുകൊടുക്കുകയാണെന്ന ആക്ഷേപം മുമ്പേയുള്ളതാണ്. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ നിയമവിരുദ്ധമായാണ് സര്‍വ്വീസ് നടത്തുന്നതെന്ന് വ്യക്തമായിട്ടും അത് നിയന്ത്രിക്കാനുള്ള നടപടികളൊന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നില്ല. സര്‍ക്കാരിന് മാനേജ്‌മെന്റ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായതുമില്ല.

പരാതികള്‍ പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുമ്പോള്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാക്കെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ പിടികൂടാന്‍ മോട്ടോര്‍വാഹന വകകുപ്പ് നടത്തിവരുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സില്‍ എഴുന്നൂറിലധികം ബസുകള്‍ക്കെതരെ കേസ് ചുമത്തി. ഏഴ് ലക്ഷത്തോളം രൂപ പിഴയീടാക്കി. ലൈസന്‍സില്ലാത്ത 41 ബുക്കിങ് ഓഫീസുകള്‍ക്കെതിരെ നോട്ടീസയച്ചു.

അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുടെ ലൈസന്‍സിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നു. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനില്‍ പശ്ചാത്തലം പാടില്ല എന്നതാണ് പ്രധാന നിര്‍ദ്ദേശം. അംഗീകൃത സര്‍വ്വീസിനുള്ള എല്‍എപിടി ലൈസന്‍സ് നിര്‍ബന്ധമാക്കി. ബുക്കിങ് ഓഫീസില്‍ യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും വേണം. ബസ് ജീവനക്കാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം പാടില്ല എന്നീ നിര്‍ദ്ദേശങ്ങളും ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഉണ്ട്. യാത്രാവഴിയില്‍ ഓരോ അമ്പത് കി.മീ. ദൂരത്തിലും യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ്, റിഫ്രഷ്‌മെന്റ് സൗകര്യം ലഭ്യമാക്കണം, യാത്രക്കാരുടെ ലഗേജ് അല്ലാതെ പാഴ്‌സലുകള്‍ കൊണ്ടുപോവാനാവില്ല, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ബസ് ബുക്കിങ് ഓഫീസോ പാര്‍ക്കിങ് കേന്ദ്രമോ അനുവദിക്കില്ല, ബുക്കിങ് ഓഫീസിന് ചുരുങ്ങിയത് 150 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം വേണം, സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് യാത്രക്കാര്‍ക്കെങ്കിലും ഇവിടെ ഇരിക്കാന്‍ സൗകര്യം വേണം, ടോയ്‌ലറ്റ്, ലോക്കര്‍ സംവിധാനങ്ങളുള്ള ക്ലോക്ക്‌റൂം വേണം, ആറ് മാസം ബാക്ക് അപ് ഉള്ള സിസിടിവി, കുടിവെള്ളം, അഗ്നിരക്ഷാ സംവിധാനങ്ങള്‍ എന്നിവയും ഓഫീസില്‍ ഉണ്ടാവണമെന്നാണ് നിര്‍ദ്ദേശം.

Watch Video: കോടതി വരാന്തയിലെ കാളിമൂപ്പന്‍; ദൈവങ്ങള്‍ ഉപേക്ഷിച്ച ഒരു പോരാളിയുടെ ജീവിതം / ഡോക്യുമെന്ററി

എന്നാല്‍ ഈ സര്‍ക്കുലറിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരില്‍ തന്നെ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് എടുത്ത് സ്റ്റേജ് ക്യാരിയര്‍ ആയി അനധികൃത സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കുലര്‍ അനധികൃതമായി സര്‍വീസ് നടത്തുന്നവരെ സഹായിക്കുന്നതാണെന്നാണ് ആരോപണം. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ, ‘കെഎസ്ആര്‍ടിസി ഡിപ്പോയുടെ അഞ്ഞൂറ് മീറ്റര്‍ അകലെ ബുക്കിങ് കൗണ്ടറുകളും ഓരോ അമ്പത് കിലോമീറ്ററിലും വിശ്രമ കേന്ദ്രങ്ങളും ഡിപ്പോകളും തുടങ്ങാനുള്ള അനുവാദമാണ് ഗതാഗത വകുപ്പ് സര്‍ക്കുലറിലൂടെ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. കോണ്‍ട്രാക്ട് പെര്‍മിറ്റ് എടുത്ത വാഹന മുതലാളിമാര്‍ക്ക് പിന്‍വാതിലിലൂടെ സ്റ്റേജ് ക്യാരേജ് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. എല്‍എപിടി പെര്‍മിറ്റ് ടൂര്‍ ആന്‍ഡ് ഗൈഡ് പെര്‍മിറ്റ് ആണ്. ഇതിന്റെ മറവില്‍ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് വില്‍ക്കാനാണ് പോവുന്നത്.’

സ്വകാര്യ ബസുകള്‍ക്ക് യാത്രാ സര്‍വീസുകള്‍ നടത്തണമെങ്കില്‍ സ്‌റ്റേജ് ക്യാരേജ് ലൈസന്‍സ് വേണമെന്നിരിക്കെ വിനോദയാത്രാ സര്‍വീസുകള്‍ നടത്താനുള്ള കോണ്‍ട്രാക്ട് ക്യാരേജ് ലൈസന്‍സാണ് സര്‍ക്കാര്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെടുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം. നിലവില്‍ കോണ്‍ട്രാക്ട് ക്യാരേജ് ലൈസന്‍സിലാണ് സ്വകാര്യ ബസുകള്‍ യാത്രാ സര്‍വീസുകള്‍ നടത്തിയിരുന്നത്. ഇത് അനധികൃതമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ നടപ്പിലായാല്‍ കോണ്‍ട്രാക്ട് ക്രായരേജ് ലൈസന്‍സില്‍ തന്നെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ഇതുവഴി സര്‍ക്കാര്‍ അനധികൃത സര്‍വീസുകളെ അംഗീകൃത സര്‍വീസുകളാക്കുകയാണെന്ന വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്.

ഇത് സംബന്ധിച്ച് ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനോട് പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍