പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി പൊലീസിനെതിരേ ആരോപണം
കേരളം ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(കെടിഡിസി) കായംകുളം ദേവികുളങ്ങരയിലുള്ള യൂണിറ്റിലെ ജീവനക്കാരനായ ദളിത് യുവാവിനെ യൂണിറ്റ് ഓഫിസറും സഹായികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ കുറുവ സമുദായത്തില്‍പ്പെട്ട സുനു(28)വിനെ കള്ളക്കേസില്‍ കുടുക്കാനും ഇയാളെ മര്‍ദ്ദിച്ചവരെ രക്ഷപെടുത്താനും പൊലീസും കൂടി ഇടപെട്ട് ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണം. എസ് സി/എസ് ടി അട്രോസിറ്റി ആക്ട് പ്രകാരം കേസ് എടുത്തെങ്കിലും സുനുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്തതും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുപോലും എഫ് ഐ ആറിന്റെ കോപ്പി നല്‍കാന്‍ തയ്യാറാകാത്തതുമാണ് കായംകുളം പൊലീസിനെതിരേയുള്ള ആക്ഷേപം. അതേസമയം സുനുവിനെ മര്‍ദ്ദിച്ച യൂണിറ്റ് ഓഫിസര്‍ (മാനേജര്‍) യുവാവിനെതിരേ നല്‍കിയ കേസില്‍ ജാമ്യം എടുക്കാന്‍ പൊലീസ് സുനുവിനോട് ആവശ്യപ്പെട്ടതും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ വലിയ ഇടപെടലുകള്‍ നടക്കുന്നതിന്റെ തെളിവായി ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുനുവിനെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്ത് പറഞ്ഞയച്ചതാണ്.
ഈ സംഭവത്തെ കുറിച്ച് സുനു പറയുന്നത് ഇപ്രകാരമാണ്; കായംകുളം ദേവികുളങ്ങര കെടിഡിസിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അകൗണ്ട് ട്രെയിനിയായി കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തുവരികയായിരുന്നു ഞാന്‍. ഈ മാസം(ഫെബ്രുവരി) കരാര്‍ അവസാനിക്കാനിരിക്കുകയാണ്. ഇവിടുത്തെ മനേജര്‍(യൂണിറ്റ് ഓഫിസര്‍) രാജേഷ്. ജി തുടക്കം മുതല്‍ വൈരാഗ്യപൂര്‍ണമായ സമീപനമായിരുന്നു കാണിച്ചിരുന്നത്. മനേജറുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകളും ക്രമക്കേടുകളും ചൂണ്ടിക്കാണിക്കുന്നതാണ് വൈരാഗ്യത്തിനു കരാണം. പലതരത്തില്‍ മാനസികപീഡനത്തിന് വിധേയനാക്കുമായിരുന്നു. ജാതി പറഞ്ഞുള്ള ആക്ഷേപവും നടത്തിയിരുന്നു. എന്നോടു മാത്രമല്ല, മറ്റ് ജീവനക്കാരോടുമുള്ള സമീപനവും മോശമായിരുന്നു. ഈ വിവരങ്ങളൊക്കെ റിജീയണല്‍ മനേജരെയും മറ്റ് മേലുദ്യോഗസ്ഥരെയും അറിയിക്കുകയും അതിന്‍മേല്‍ മാനേജരോട് വിശദീകരണം തേടുകയും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ എന്നോടുള്ള വൈരാഗ്യം കൂട്ടാന്‍ കാരണമായിട്ടുണ്ട്.
ഈയൊരു സാഹചര്യം നിലനില്‍ക്കെയാണ് ഫെബ്രുവരിയില്‍ എന്റെ കരാര്‍ അവസാനിക്കുന്നത്. കരാര്‍ നീട്ടി കിട്ടുമായിരുന്നു. അതിന് യൂണിറ്റ് ഓഫിസര്‍ ആയ രാജേഷ് കരാര്‍ നീട്ടി നല്‍കികൊണ്ട് ഒരു കത്ത് ഒപ്പിട്ട് നല്‍കണം. ഇതിനായി മാനേജറെ സമീപിച്ചെങ്കിലും യാതൊരു കാരണവശാലും ഒപ്പിട്ട് നല്‍കില്ലെന്ന നിലപാടായിരുന്നു മനേജര്‍ക്ക്. ഇക്കാര്യം ഞാന്‍ റിജീയണല്‍ മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തി. മാനേജര്‍ വ്യക്തിപരമായ പക വച്ചുകൊണ്ടാണ് തനിക്കെതിരേ നില്‍ക്കുന്നതെന്ന കാര്യം റിജീയണല്‍ മാനേജരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മാനേജരെ വിളിക്കുകയും എന്നോടുള്ള സമീപനത്തെ ചോദ്യം ചെയ്യുകയും കരാര്‍ നീട്ടിക്കൊടുത്തുകൊണ്ടുള്ള കത്ത് ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ മനേജര്‍ക്ക് വേറെ വഴിയില്ലാതാവുകയും എനിക്ക് കത്ത് ഒപ്പിട്ട് നല്‍കുകയും ചെയ്തു. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒന്നുകൊണ്ടു മാത്രമാണ് മനേജര്‍ എനിക്ക് കത്ത് നല്‍കിയത്. ഇത് കൂടുതല്‍ വൈരാഗ്യം എന്നോട് ഉണ്ടാകുന്നതിനും കാരണമായി.
കത്ത് നല്‍കുന്നത് ജനുവരി 29 ന് ആയിരുന്നു. അന്നേ ദിവസം തന്നെ ഒരു കൊറിയര്‍ അയക്കുന്നതിനായി ഓഫിസില്‍ നിന്നും നാലേമുക്കാലോടു കൂടി എനിക്ക് ഇറങ്ങേണ്ടി വന്നു. മനേജരോട് പറഞ്ഞിട്ടാണ് ഇറങ്ങുന്നത്. എന്നാല്‍ വഴിയില്‍വച്ച് മാനേജര്‍ എന്നെ വിളിച്ചു. ഓഫിസിലേക്ക് തിരിച്ചു വരണം, കൊറിയര്‍ അയക്കേണ്ടതില്‍ എന്തോകൂടി എഴുതി ചേര്‍ക്കേണ്ടതുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്. സംശയം തോന്നിയതുകൊണ്ട് റിജീയണല്‍ മനേജറെ ഞാന്‍ വിളിച്ചു. റിജീയണല്‍ മനേജര്‍ പറഞ്ഞതിന്‍ പ്രകാരമാണ് കൂടുതലെന്തോ എഴുതി ചേര്‍ക്കണമെന്ന് മനേജര്‍ പറഞ്ഞിരുന്നത്. അതുകൊണ്ടാണ് റിജീയണല്‍ മാനേജറെ വിളിച്ചത്. എന്നാല്‍ താന്‍ അത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നായിരുന്നു റിജീയണല്‍ മാനേജറുടെ മറുപടി. എങ്കിലും മനേജറെ ദേഷ്യം പിടിപ്പിക്കേണ്ടെന്നു കരുതി, ഞാന്‍ ഓഫിസിലേക്ക് മടങ്ങിച്ചെന്നു.
ഓഫിസില്‍ എത്തിയയുടനെ മനേജര്‍ എന്നോടു പറഞ്ഞത്, നിന്നെ പിടിക്കാന്‍ ഞാനൊരു അവസരം നോക്കിയിരിക്കുകയായിരുന്നു എന്നായിരുന്നു. ആരോടും ചോദിക്കാതെ ഓഫിസില്‍ നിന്നും നേരത്തെ ഇറങ്ങിയതിന് വിശദീകരണം നല്‍കണമെന്നായിരുന്നു മാനേജറുടെ ആവശ്യം. ഞാന്‍ അദ്ദേഹത്തോട് അനുവാദം വാങ്ങിച്ചിട്ടാണ് പോകുന്നത്. എന്നിട്ടും എന്നെ മനഃപൂര്‍വം കുടുക്കാന്‍ വേണ്ടി വിശദീകരണം ചോദിക്കുകയായിരുന്നു. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്, ഞാന്‍ മാനേജറോട് അനുവദം വാങ്ങിയാണ് ഇറങ്ങിയതെന്നും ഓഫീസ് സംബന്ധമായ കാര്യത്തിനു തന്നെയാണ് നേരത്തെ ഇറങ്ങിയതെന്നും, ഇറങ്ങിയ സമയവും രേഖപ്പെടുത്തിയാണ് വിശദീകരണം എഴുതിയത്. എന്നാല്‍ മാനേജര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല, ഇങ്ങനെയാണോടാ വിശദീകരണം എഴുതുന്നതെന്നായിരുന്നു ചോദ്യം. ഞാന്‍ ഒരു മാതൃക കാണിച്ചു തരാം അങ്ങനെ എഴുതണമെന്നു പറഞ്ഞ് ഒരു കടലാസ് എനിക്ക് തന്നു. മാനേജര്‍ കാണിച്ച മാതൃകയുടെ ഫോട്ടോ ഞാന്‍ മൊബൈലില്‍ പകര്‍ത്തി. നീ എന്തിനാടാ ഫോട്ടോ എടുക്കുന്നതെന്നു ചോദിച്ചു ചീത്ത വിളിച്ചുകൊണ്ട് മനേജര്‍ എന്റെ നേര്‍ക്കു വന്നു. ഈ സമയം മറ്റ് രണ്ടുപേര്‍ കൂടി മാനേജരുടെ കൂടെയുണ്ടായിരുന്നു. മൂന്നുപേരും കൂടി എന്നെ മര്‍ദ്ദിക്കുകയായിരുന്നു. നിലത്തിട്ടു ചവിട്ടുകയും തലയില്‍ അടിക്കുകയും ചെയ്തു. മുറിയടിച്ചിട്ടായിരുന്നു മര്‍ദ്ദനം. ശബ്ദം കേട്ട് സെക്യൂരിറ്റി ഓടിവന്ന് വാതില്‍ ശക്തമായി മുട്ടിയപ്പോഴാണ് അവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായത്. പിന്നീട് സെക്യൂരിറ്റിയും മറ്റൊരു ജീവനക്കാരും ചേര്‍ന്നാണ് എന്നെ കായംകുളം ഗവ. ആശുപത്രിയില്‍ കൊണ്ടു പോകുന്നത്.
സുനുവിന് മര്‍ദ്ദനമേറ്റ വിവരം തങ്ങള്‍ അപ്പോള്‍ തന്നെ കായംകുളം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടും അവിടെ നിന്നും ഒരാള്‍പോലും വിവരം തിരക്കി എത്തിയില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. പിറ്റേ ദിവസം ഉച്ചയായിട്ടും പൊലീസുകാരെ കാണാതിരുന്നതിനെ തുടര്‍ന്നു ഞങ്ങള്‍ സ്റ്റേഷനില്‍ നേരിട്ട് ചെന്നു വിവരം തിരക്കിയപ്പോള്‍ മറ്റ് ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കായതുകൊണ്ടാണ് വരാന്‍ കഴിയാതിരുന്നതെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ എത്താമെന്നു പറഞ്ഞു. പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ പൊലീസ് എത്തി. സുനുവിന്റെ മൊഴിയെടുക്കാന്‍ വന്ന പൊലീസുകാര്‍ പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ മൊഴി മാറ്റുന്നതിനായി സുനുവിനെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനെ ഞങ്ങള്‍ എതിര്‍ത്തു. കാര്യങ്ങള്‍ കൃത്യമായി എഴുതണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടു. എന്നിട്ടും മാനേജര്‍ തന്നെ നുണ പറഞ്ഞാണ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്ന സുനുവിന്റെ മൊഴി പൊലീസുകാര്‍ രേഖപ്പെടുത്തിയില്ല. അക്കാര്യം എഴുതണമെന്നു ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ നിങ്ങള്‍ പറയുന്നത് കേട്ട് എഴുതാനിരിക്കുകയല്ല ഞാന്‍ എന്നു ദേഷ്യപ്പെട്ടിട്ട് പൊലീസുകാരന്‍ പോവുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ പേപ്പറിന്റെ അവസാന പേജില്‍ മാത്രമാണ് സുനുവിനെക്കൊണ്ട് അവര്‍ ഒപ്പ് ഇടിപ്പീച്ചതും. അന്ന് വൈകിട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നു പറഞ്ഞ് മെസേജ് വന്നു. എസ് സി അട്രോസിറ്റി ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും മെസേജില്‍ ഉണ്ടായിരുന്നു. ഇത്തരമൊരു മെസേജ് അയച്ചതല്ലാതെ മറ്റൊരു നടപടിയും പൊലീസില്‍ നിന്നും ഉണ്ടായിട്ടില്ല. എഫ് ഐ ആറിന്റെ കോപ്പിയും മൊഴിപ്പകര്‍പ്പും ആവശ്യപ്പെട്ട് രണ്ടു മൂന്നു തവണ സ്റ്റേഷനില്‍ ചെന്നിട്ടും തരാന്‍ പൊലീസ് തയ്യാറാകുന്നില്ല. ശരിയായിട്ടില്ലെന്നു മാത്രമാണ് പറയുന്നത്.
വെള്ളിയാഴ്ച്ച വീണ്ടും എഫ് ഐ ആറിന്റെ കോപ്പിയും മൊഴിപ്പകര്‍പ്പും വാങ്ങാന്‍ വേണ്ടി സ്റ്റേഷനില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ പൊലീസ് പറയുന്നത് സുനുവിനെതിരേ കേസ് വന്നിട്ടുണ്ടെന്നും ജാമ്യം എടുക്കണമെന്നുമായിരുന്നു. അല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്ന്. മനേജര്‍ രാജേഷും കൂടെയുള്ളവരും സുനുവിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും അവരാണ് ആദ്യം പരാതി നല്‍കിയതെന്നുമാണ് പൊലീസിന്റെ വാദം. അതായത് മര്‍ദ്ദനമേറ്റ സുനു ഇപ്പോള്‍ കേസില്‍ പ്രതിയായിരിക്കുന്നു. അക്കാര്യത്തില്‍ പൊലീസ് ആവേശം കാണിക്കുന്നുമുണ്ട്. എന്നാല്‍ സുനുവിന്റെ കാര്യത്തില്‍ മൊഴിയെടുത്ത് പോയതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഉന്നതങ്ങളില്‍ രാജേഷ് സമ്മര്‍ദ്ദം ചെലത്തുന്നുണ്ടെന്നതിന്റെ തെളിവുകളാണിതൊക്കെ.
ഇതിനു പുറമെയാണ് വെള്ളിയാഴ്ച്ച രാത്രി സുനുവിനെ കായംകുളം ആശുപത്രിയിലെ ഡോക്ടര്‍ ഡിസ്ചാര്‍ജ് ആകണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ട് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിക്കുന്നത്. തലയില്‍ സാരമായി മുറിവേറ്റ് നാല് തുന്നിക്കെട്ടുകള്‍ ഉള്ള ഒരാളോടാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്തു പോണമെന്നു പറഞ്ഞത്. അച്ചന്‍ നേരത്തെ മരിച്ചു പോയതിനാല്‍ ഒരു കുടുംബത്തിന്റെ ചുമതല നോക്കിനടത്തുന്ന ചെറുപ്പക്കാരനാണ് സുനു. അങ്ങനെയുള്ള ഒരാളെയാണ് ക്രൂരമായി മര്‍ദ്ദിച്ചതും അതിന്റെ പിന്നിലുള്ളവരെ രക്ഷപ്പെടുത്താന്‍ പൊലീസ് ഉള്‍പ്പെടെ ശ്രമിക്കുന്നതും. ഇതിനെതിരേ ശക്തമായി നടപടികള്‍ ഉണ്ടായേ പറ്റൂ; സുനുവിന്റെ സുഹൃത്തായ ശ്രീകുമാര്‍ പറയുന്നു.
സുനുവിന്റെ പരാതിയില്‍ കുറ്റം ആരോപിക്കുന്ന കെടിഡിസി ദേവികുളങ്ങര യൂണിറ്റ് ഓഫിസര്‍ രാജേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഓഫിസില്‍ ബന്ധപ്പെട്ടപ്പോള്‍ രാജേഷ് ലീവില്‍ ആണെന്ന മറുപടിയാണ് കിട്ടിയത്. സുനുവിന് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും അഴിമുഖവുമായി സംസാരിച്ച കെടിഡിസി ജീവനക്കാരന്‍ പറഞ്ഞു.
അന്വേഷണം നടക്കുന്നുണ്ടെന്നു പൊലീസ്
സുനുവിന്റെ പരാതിയില്‍ പ്രകാരം അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കായംകുളം ഡിവൈസ്പിയെ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി. എഫ് ഐ ആറിന്റെ കോപ്പിയും മൊഴിപ്പകര്‍പ്പും സ്റ്റേഷനില്‍ നിന്നും പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് നല്‍കാതിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സ്‌റ്റേഷനില്‍ നിന്നും കിട്ടിയില്ലെങ്കില്‍ ഡിവൈഎസ്പി ഓഫിസില്‍ വന്നാല്‍ നല്‍കാമെന്നാണ് ഡിവൈഎസ്പിയുടെ മറുപടി. ഇദ്ദേഹത്തെ ബന്ധപ്പെടും മുമ്പ് കായംകുളം സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ കെടിഡിസി മാനേജര്‍ രാജേഷിന്റെ പരാതിയുടെ കാര്യമാണ് പൊലീസ് അദ്യം പറഞ്ഞത്. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ കാര്യമായ ഇടപെടല്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന ബന്ധുക്കളുടെ പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പൊലീസിന്റെ മറുപടി ഇങ്ങനെ; പുതിയ ഉത്തരവ് പ്രകാരം എസ് സി/എസ് ടി പരാതികളില്‍ ആദ്യം നിജസ്ഥിതി ബോധ്യപ്പെടാനാണ് പൊലീസ് ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടതിനു ശേഷം മാത്രമെ പ്രതിയെ അറസ്റ്റ് ചെയ്യാവൂ എന്ന് സുപ്രിം കോടതിയുടെ ഉത്തരവുണ്ട്. മുമ്പ് എസ് ടി എസ് സി പരാതികള്‍ കെട്ടിച്ചമച്ചതാണോ എന്നു തിരക്കാന്‍ നില്‍ക്കാതെ പ്രതികളായി പറയുന്നവരെ അറസ്റ്റ് നടത്തി റിമാന്‍ഡ് ചെയ്യുമായിരുന്നു. എസ് സി /എസ് ടി അട്രോസിറ്റി ആക്ട് വ്യാപകമായി ദുര്യോപയോഗം ചെയ്യപ്പെടുന്നതുകൊണ്ട് ഇപ്പോള്‍ ഇത്തരം കേസുകളുടെ അന്വേഷണ ചുമതല ഡിവൈഎസ്പിമാര്‍ക്കാണ്. എസ് ടി എസ് സി അക്ട് പ്രകാരമുള്ള പരാതിയാണെങ്കില്‍ എഫ് ഐ ആര്‍ ഇട്ട് സിഡി ആക്കി എസ്പിക്ക് കൈമാറും അവിടെ നിന്ന് അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറുകയാണ്. ഡിവൈഎസ്പി അന്വേഷണം നടത്തി പരാതിയില്‍ വാസ്തവം ഉണ്ടെങ്കില്‍ മാത്രമെ അറസ്റ്റ് നടക്കൂ. സുനുവിന്റെ പരാതിയിലും എഫ് ഐ ആര്‍ ഇട്ട് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇനി അദ്ദേഹമാണ് അന്വേഷണം നടത്തേണ്ടത്.
പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നു പറയുമ്പോഴും കേസ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നു സുനുവിനൊപ്പമുള്ളവര്‍ ആരോപിക്കുന്നു. ഉന്നതരുടെ ഇടപെടലും ഇതിനു പിന്നിലുണ്ടെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. പ്രതി ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി തന്നെയാണ് കേസ് സുനുവിന് എതിരെ ആക്കിയിട്ടുള്ളതെന്ന് കെടിഡിസി ഓഫീസില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നു പേരെ പ്രതി ചേര്‍ത്ത് നല്‍കിയ പരാതിയില്‍ നിന്ന് മുഖ്യ പ്രതിയായ യൂണിറ്റ് ഓഫീസര്‍ രാജേഷിനെ സംരക്ഷിക്കുന്ന തരത്തിലാണ് കേസിന്റെ നിലവിലെ അവസ്ഥയെന്നും ആക്ഷേപം ഇവര്‍ ഉയര്‍ത്തുന്നു.