UPDATES

പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീംപാര്‍ക്ക്; അനുമതി നല്‍കിയത് സിപിഎമ്മും കോണ്‍ഗ്രസും അടങ്ങിയ ഉപസമിതി

പഞ്ചായത്ത് നിര്‍ദേശം തള്ളി സെക്രട്ടറിയാണ് അനുമതി നല്‍കിയതെന്ന വാദം പൊളിഞ്ഞു

നിലമ്പൂരിലെ സിപിഎം സ്വതന്ത്രനായ എംഎല്‍എ പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയത് പഞ്ചായത്ത് സെക്രട്ടറിയാണെന്ന വാദം പൊളിയുന്നു. തങ്ങളുടെ നിര്‍ദേശം തള്ളി സെക്രട്ടറി അനുമതി നല്‍കുകയായിരുന്നുവെന്ന യുഡിഎഫ് ഭരണസമിതിയുടെ ന്യായീകരണം തെറ്റാണെന്നും കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതി തന്നെയാണ് പാര്‍ക്കിന് അനുമതി നല്‍കിയതെന്നുമുള്ള രേഖകള്‍ പുറത്തുവന്നു. എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ഉപസമിതി.

പാര്‍ക്കില്‍ കഴിഞ്ഞ ജൂണ്‍ 21-ന് പഞ്ചായത്ത് ഉപസമിതി സന്ദര്‍ശനം നടത്തിയിരുന്നു. പ്രസിഡന്റിനു പുറമെ കോണ്‍ഗ്രസ്, സിപിഎം പ്രതിനിധികള്‍, സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയുടെ കണ്ടെത്തല്‍ പാര്‍ക്കിന് അനുകൂലമായിട്ടായിരുന്നു. പാര്‍ക്കിന് അനുമതി രേഖകള്‍ ഉണ്ടെന്നും നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനമാണ് ഇതെന്നുമായിരുന്നു സമിതിയുടെ വിലയിരുത്തല്‍. മതിയായ രേഖകള്‍ ഇല്ലാത്തതിന് പിഴ ഈടാക്കാനും ഉപസമിതി നിര്‍ദേശം നല്‍കിയിരുന്നു.

ഫയര്‍ സേഫ്റ്റ് സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെയും അനുമതി പാര്‍ക്കിന് ഉണ്ടെന്നും ഉപസമിതി വിലയിരുത്തി. ഇതോടൊപ്പം കാലാവധി കഴിഞ്ഞ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഹാജരാക്കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കാനും സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശം ഉണ്ടെന്നും ഉപസമിതി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മലയാള മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്ന കൂടരഞ്ഞി പഞ്ചായത്ത് പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഒപ്പം ഉപസമിതി റിപ്പോര്‍ട്ട് തള്ളി പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് അനുമതി നല്‍കിയതെന്ന വാദം പൊളിയുകയും ചെയ്യുന്നു. അന്‍വറിനെ സഹായിക്കുന്നവരില്‍ കോണ്‍ഗ്രസിലും സിപിഎമ്മിലും ഉള്ളവര്‍ ഒരുമിച്ചുണ്ടെന്ന വിവരം ഇതോടെ വ്യക്തമായതായും ആരോപണം ഉയരുന്നു.

മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദ് ചെയ്തിരിക്കുകയാണ്. ചട്ടങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ലൈസന്‍സ് റദ്ദ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍