UPDATES

ട്രെന്‍ഡിങ്ങ്

അഞ്ചു വയസുകാരന്‍ ഷഫീക്കിന്റെ അനുഭവം ഇനിയൊരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നില്ലേ അന്ന്, എന്നിട്ടോ?

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് ഒരു ഏഴു വയസുകാരന്‍ ആശുപത്രിയില്‍ മൃതപ്രായനായി കിടക്കുമ്പോള്‍ മുന്നില്‍ വരുന്ന മുഖം മറ്റൊരു അഞ്ചു വയസുകാരന്റെയാണ്

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് ഒരു ഏഴു വയസുകാരന്‍ ആശുപത്രിയില്‍ മൃതപ്രായനായി കിടക്കുമ്പോള്‍ മുന്നില്‍ വരുന്ന മുഖം മറ്റൊരു അഞ്ചു വയസുകാരന്റെയാണ്. കുമളി സ്വദേശിയായ ഷഫീക്കിന്റെ. രണ്ടു കുട്ടികളുടെ കാര്യത്തിലും സമാനതകള്‍ ഏറെ. തൊടുപുഴയിലെ കുട്ടിയോട് രണ്ടാനച്ഛന്‍ എന്നു പറയുന്നയാളാണ് ക്രൂരത കാട്ടിയതെങ്കില്‍, ഷഫീക്കിനെ മരണത്തിന്റെ പടിവാതില്‍ വരെ വലിച്ചെറിഞ്ഞത് സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്നായിരുന്നു. തീരെ ചെറിയ ഈ രണ്ടു ശരീരങ്ങളും ഏറ്റു വാങ്ങേണ്ടി വന്നതാകട്ടെ കൊടിയ പീഡനങ്ങളും.

തൊടുപുഴയിലെ കുട്ടിയെ അരുണ്‍ ആനന്ദ് എന്നയാള്‍ നിലത്തിട്ട് ചവിട്ടുകയും രണ്ടു തവണ നിലത്തേക്ക് വലിച്ചെറിയുകയും വടികൊണ്ട് തലയിലും മേലാസകലം തല്ലുകയുമൊക്കെയായിരുന്നു. കുട്ടിയുടെ തലയോട്ടി പൊട്ടുകയും ശ്വാസകോശത്തിനും ഹൃദയത്തിനും വരെ പരിക്കേല്‍ക്കുകയും ചെയ്തു. വീഴ്ച്ചയുടെ ആഘാതത്തില്‍ രണ്ടു കണ്ണുകളും പുറത്തേക്ക് തള്ളി വന്നു. അതീവ ഗുരുതരാവസ്ഥയിലാണ് ഈ കുട്ടി. എന്തും സംഭവിക്കാമെന്ന സാഹചര്യം.

ഏതാണ്ട് ഇതേ അവസ്ഥയിലൂടെ തന്നെയാണ് 2013 ല്‍ ഷഫീക്കും കടന്നു പോയത്. ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നു വരെ കരുതിപ്പോയ നിമിഷങ്ങള്‍. അത്രയ്ക്ക് ഗുരുതരമായിരുന്നു അന്നത്തെയാ അഞ്ചുവയസുകാരന്റെ പരിക്കുകള്‍. ഒറ്റ ദിവസമല്ല, ദിവസങ്ങളോളം ആ കരുന്നു ശരീരം അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വന്നിരുന്നു. പല ദിവസങ്ങളിലും പട്ടിണിക്കിട്ടു. തീ പൊളിച്ചു, ക്രൂരമായി തല്ലി. ഇരുമ്പ് ദണ്ഡ് കൊണ്ട് സ്വന്തം അച്ഛന്‍ തന്നെ ഷഫീക്കിന്റെ കാല് തല്ലിയൊടിച്ചു. ശക്തമായ തൊഴിയേറ്റ ദിവസമാണ് കുട്ടി ബോധരഹിതനായി വീണത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ചതോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ആ കുഞ്ഞിനേല്‍ക്കേണ്ടി വന്നിട്ടുള്ള മര്‍ദ്ദനങ്ങള്‍ പുറം ലോകം അറിയുന്നത്. ശരീരത്തില്‍ പലഭാഗത്തായിട്ട് കമ്പി കൊണ്ട് കുത്തിയതിന്റെ പാടുകളായിരുന്നു. പലയിടത്തും പൊള്ളിച്ചിട്ടുമുണ്ടായിരുന്നു. നെറ്റിയില്‍ കമ്പി കുത്തിയിറക്കിയതിന്റെ അടക്കം മുറിവുകള്‍ ആ ശരീരത്തില്‍ ഉണ്ടായിരുന്നു.

തൊടുപുഴയിലെ കുട്ടി ബോധരഹിതനായതോടെയാണ് അമ്മയും രണ്ടാനച്ഛനും കൂടി ആശുപത്രിയില്‍ എത്തിക്കുന്നത്. വീണു പരിക്കേറ്റെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. പക്ഷേ കുട്ടിയുടെ ശരീരത്തിലെ മര്‍ദ്ദനങ്ങളുടെ പാടുകള്‍ കണ്ട് ആശുപത്രിയധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും വിവരം അറിയിക്കുകയും തുടര്‍ന്ന് അന്വേഷത്തില്‍ സത്യങ്ങള്‍ പുറത്തു വരികയുമായിരുന്നു. ഇതേ രംഗങ്ങള്‍ തന്നെയായിരുന്നു ഷഫീക്കിന്റെ കാര്യത്തിലും നടന്നത്. ബോധരഹിതനായ കുട്ടിയെ പിതാവ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞ കാരണവും ബോധം കെട്ട് വീണപ്പോള്‍ പറ്റിയ പരിക്കുകള്‍ എന്നായിരുന്നു. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരമാസകലം കമ്പികൊണ്ട് കുത്തിപ്പൊട്ടിച്ചതിന്റെയും തീകൊണ്ടു പൊള്ളിച്ചതിന്റെയും പാടുകള്‍ കണ്ടതോടെ അച്ഛന്‍ പറയുന്നത് നുണയാണെന്ന് തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് അച്ഛനും രണ്ടാനമ്മയും എല്ലാം തുറന്നു പറഞ്ഞത്.

തൊടുപുഴയിലെ കുട്ടിയുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചു പോയിരുന്നു. അതിനുശേഷമാണ് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് കുട്ടികളുടെ അമ്മയോടൊപ്പം കൂടിയത്. ഇവര്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുമിച്ചാണ് ജീവിക്കുന്നത്. തൊടുപുഴ കുമാരമംഗലത്ത് വാടക വീട്ടിലായിരുന്നു ഇപ്പോള്‍ താമസിച്ചു പോന്നിരുന്നത്. ഈ വീട്ടില്‍വച്ചാണ് കുട്ടിയെ മര്‍ദ്ദിക്കുന്നത്.

ഷഫീക്കിന്റെ അച്ഛന്‍ കുമളി ഒന്നാംമൈല്‍ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ്. രമ്യയും ഷെരീഫും വേര്‍പിരിഞ്ഞതോടെ അയാള്‍ അനീഷ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഷെഫീക്കിനെയും ചേട്ടന്‍ ഷെഫിനെയും ഇയാള്‍ക്കൊപ്പമായിരുന്നു വളര്‍ത്തിയത്. അനീഷയ്ക്കും ആദ്യബന്ധത്തില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. അനീഷയില്‍ നിന്നും ഷഫീക്കിനെപ്പോലെ ഷഫിനും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. രണ്ടാനമ്മ തന്റെ െൈകയിലും തീപ്പൊള്ളല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നു ഷെഫിന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. സ്ഥിരമായി കുട്ടികളെ പട്ടിണിക്കിടുന്നതും അനീഷയുടെ സ്വഭാവമായിരുന്നു. ഷെഫീക്കിനായിരുന്നു പീഡനങ്ങള്‍ ഏറെയും സഹിക്കേണ്ടി വന്നത്. രണ്ടാനമ്മയ്‌ക്കൊപ്പം സ്വന്തം അച്ഛനും അവനെ ഉപദ്രവിക്കുമായിരുന്നു. അതെത്രത്തോളം ക്രൂരമായിട്ടായിരുന്നുവെന്നതിന്റെ തെളിവായിരുന്നു ഇരുമ്പ് ദണ്ഡ് കൊണ്ട് ആ കുട്ടിയുടെ കാല് തല്ലിയൊടിച്ചത്. ഇത് നടന്ന് പതിനഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതും എല്ലാ ക്രൂരതകളും ലോകം അറിയുന്നതും.

ഇന്നിപ്പോള്‍ തൊടുപുഴയിലെ ഏഴു വയസുകാരന്റെ ജീവനു വേണ്ടി എല്ലാവരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന അതേ അവസ്ഥയായിരുന്നു ഷഫീക്കിന്റെയും. മസ്തിഷ്ക മരണം സംഭവിക്കുന്ന ഘട്ടത്തില്‍ വരെ ഷഫീക്ക് എത്തിയിരുന്നു. തൊടുപുഴയിലെ കുട്ടിയെ ഇപ്പോള്‍ വെന്റിലേറ്ററില്‍ കിടത്തിയിരിക്കുന്നതുപോലെ ദിവസങ്ങളോളം ഷെഫീക്കിനെയും ജീവന്‍രക്ഷ ഉപകരണങ്ങളോടെ സഹായത്തോടെ ഡോക്ടര്‍മാര്‍ പരിചരിച്ചിരുന്നു. ഷെഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ മസ്തികഷ്‌കം എഴുപത്തിയഞ്ച് ശതമാനത്തോളം പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. തലച്ചോറില്‍ അണുബാധ ഉണ്ടായതും ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ചികിത്സയ്ക്കിടയില്‍ കുട്ടിക്ക് അപസ്മാരവും ഉണ്ടായി. ശ്വാസഗതി ശരിയാകാതിരുന്നതിനെ തുടര്‍ന്ന് കഴുത്തില്‍ ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. കേരളം മുഴുവന്‍ ഷഫീക്കിനു വേണ്ടി ഈ ദിവസങ്ങളില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എല്ലാവരുടെയും കാത്തിരിപ്പിന്റെ ഫലം പോലെ, ഷഫീക്കിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന വാശിയോടെ നിന്ന ഡോക്ടര്‍മാരുടെ വിജയമെന്നപോലെ ഷഫീക്ക് അപകടാവസ്ഥകള്‍ കടന്നു തിരിച്ചെത്തി. ഷഫീക്കിന് ഇപ്പോള്‍ പുതിയൊരു ജീവിതമുണ്ട്… ഷഫീക്കിനെ പോലെ തൊടുപുഴയിലെ ആ ഏഴുവയസുകാരനും ജീവിതത്തിലേക്ക് തിരികെയെത്താന്‍ ഇപ്പോള്‍ എവരും കാത്തിരിക്കുകയാണ്. ഒരു പുതിയ ജീവിതം ആ കുട്ടിക്കും വേണ്ടി ഒരുക്കിവച്ച്… പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. ഷഫീക്കിന്റെ അനുഭവം ഇനിയൊരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നില്ലേ അന്ന്, എന്നിട്ടോ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍