UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുട്ടിക്കൊപ്പം 23 ദിവസം വനത്തില്‍ കഴിഞ്ഞ അപ്പുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുള്ള വനത്തിലാണ് ഇവര്‍ ദിവസങ്ങളോളം കഴിഞ്ഞത്

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തില്‍ പാര്‍പ്പിച്ച അപ്പുവിനെതിരെ ബലാത്സംഗത്തിനും തട്ടിക്കൊണ്ട്‌ പോകലിനും കേസെടുത്തു. പോക്‌സോ നിയമപ്രകാരവും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് വിധേയയായതായി കണ്ടെത്തി. കുട്ടിയെ ഷെല്‍റ്റര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അപ്പുവിനൊപ്പം ജീവിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് പെണ്‍കുട്ടി എന്നാണ് വിവരം.

23 ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. സണ്‍ഡേ സ്‌കൂളില്‍ പോവാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അപ്പുവിനൊപ്പം പോവുകയായിരുന്നു. ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുള്ള വനത്തിലാണ് ഇവര്‍ ദിവസങ്ങളോളം കഴിഞ്ഞത്. 75 പോലീസുകാരും 200-ഓളം നാട്ടുകാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് പതിനഞ്ച് ദിവസത്തോളം തിരച്ചില്‍ നടത്തി. പെണ്‍കുട്ടിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുണ്ടെന്ന് മനസ്സിലാക്കി. എന്നാല്‍ പിടികൂടാനായില്ല. ഇതിനിടെ പോലീസുകാരും നാട്ടുകാരും രഹസ്യമായി പ്രദേശത്ത് താമസിക്കുന്നുമുണ്ടായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഇരുവരും പോലീസിന് മുന്‍പില്‍പെടുകയായിരുന്നു. തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍നിന്ന് തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാനും ഇരുവരും ശ്രമം നടത്തി. രണ്ട് ദിക്കിലേക്കാണ് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതിനിടെ രക്ഷപ്പെട്ട പെണ്‍കുട്ടി ഓടിത്തളര്‍ന്ന് ശരംകുത്തിയിലെ ഒരു വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ച് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു. തീര്‍ത്തും അവശനിലയിലായിരുന്ന കുട്ടിക്ക് വീട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കി വിശ്രമിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ പോലീസിന് കൈമാറുകയായിരുന്നു.

Also Read: കാടിനെ നാടാക്കിയവന്‍, മിന്നായം പോലെ വന്ന് പായുന്നവന്‍… പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി 23 ദിവസം വനത്തില്‍ കഴിഞ്ഞ അപ്പു ജോര്‍ജിനെക്കുറിച്ച് നാട്ടുകാര്‍

കുടയത്തൂര്‍വഴി ആനക്കയത്തേക്ക് ഓടിയ യുവാവിനെയും നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇലവീഴ് പൂഞ്ചോല വന പ്രദേശത്തെ കുറിച്ച് വ്യക്തമായി ധാരണയുള്ള വ്യക്തിയാണ് യുവാവ്. വനത്തിലെ മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്. വനത്തിനുള്ളില്‍ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെണ്‍കുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍