UPDATES

ട്രെന്‍ഡിങ്ങ്

റിസോര്‍ട്ടുകാരുടെ സ്വന്തം കുമരകം; മൂന്നാറില്‍ എന്തു സംഭവിച്ചോ കുമരകം അതിന്റെ വാതില്‍ക്കലാണ്

ടൂറിസം വളരുകയും എന്നാല്‍ അതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ലെന്നും കണ്ടതോടെയാണ് പഞ്ചായത്ത് പത്തുവര്‍ഷം മുമ്പ് ഉത്തരവാദിത്വ ടൂറിസം പദ്ധതി കുമരകത്ത് നടപ്പാക്കിയത്

വേമ്പനാട് കായലിലേക്ക് വന്നു ചേരുന്ന മീനച്ചിലാറിന്റെ കൈവഴികളില്‍ നിന്നുള്ള എക്കലടിഞ്ഞ് രൂപപ്പെട്ട കരയാണ് കുമരകം. കുമരന്റെ (സുബ്രഹ്മണ്യന്‍) അകം എന്നത് ലോപിച്ച് കുമരകം ആയതാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ജന്മിമാരുടെ പണിയാളര്‍ക്ക് താമസിക്കാന്‍ ചെളിയും മണ്ണുമടിഞ്ഞു ചേര്‍ന്നിടം കുത്തിയെടുത്ത് കരഭൂമിയാക്കി തീര്‍ത്ത കുമരകം പ്രകൃതിയുടെ സഹായത്താല്‍ മനുഷ്യനിര്‍മിതമായ നാട് എന്നു വിളിക്കാം. വേമ്പനാട് കായല്‍ തന്നെയായിരുന്നു ആദികാലം മുതല്‍ കുമരകത്തിന്റെ അനുഗ്രഹം. കുമരകത്തെ ജനങ്ങള്‍ കായലിനെ ആശ്രയിച്ചു തന്നെയാണ് കഴിഞ്ഞുപോന്നത്.

ഏതാണ്ട് കാല്‍നൂറ്റാണ്ടിനടുത്ത് ആയിട്ടേയുള്ളൂ വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയില്‍ കുമരകം അറിയപ്പെടാന്‍ തുടങ്ങിയിട്ട്. വേമ്പനാട്ടുകായലും കുമരകത്തെ ഇടത്തോടുകളുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിച്ചത്. ഇന്നിപ്പോള്‍ വര്‍ഷം ഒരുലക്ഷത്തിനുമേല്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ കുമരകത്ത് എത്തുന്നുണ്ടെന്നാണ് കണക്ക്. 28 -ഓളം റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളുമാണ് കുമരകത്തിപ്പോള്‍ ഉള്ളത്. ഭൂരിഭാഗവും നക്ഷത്രസൗകര്യത്തിലുള്ളവ. പുതിയ റിസോര്‍ട്ടുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ലോകശ്രദ്ധയില്‍ പതിഞ്ഞിരിക്കുന്ന കുമരകത്തെ വിനോദസഞ്ചാര സാധ്യതകളാണ് റിസോര്‍ട്ട് വ്യവസായത്തെ കുമരകത്തേക്ക് ആകര്‍ഷിക്കുന്നത്.

ടൂറിസത്തിന്റെ വളര്‍ച്ച കുമരകത്തിന്റെ വികസനത്തിന് വലിയ തോതിലുള്ള സഹായമാണ് ചെയ്യുന്നത്. വര്‍ഷം ആയിരത്തോളം തദ്ദേശീയര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള തൊഴില്‍ ലഭിക്കുന്നതായി പഞ്ചായത്ത് പറയുന്നു. നല്ല റോഡുകള്‍, കെട്ടിടങ്ങള്‍ എല്ലാം ടൂറിസത്തിന്റെ ഭാഗമായി ഉണ്ടാകുന്നു. എന്നാല്‍ ഈ വികസനം മറ്റൊരു തരത്തില്‍ കുമരകത്തിന് ദോഷമാണ്. എങ്ങനെയെന്നാല്‍ മൂന്നാറില്‍ എന്തു സംഭവിച്ചോ, അത്തരമൊരു അപകടത്തിന്റെ വാതില്‍ക്കലാണ് കുമരകം ഇപ്പോഴുള്ളത്.

‘ഈ റിസോര്‍ട്ട് ഞങ്ങളുടെ ജീവിതം തകര്‍ക്കുന്നു’; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എം പിയുടെ നിരാമയക്കെതിരെ നാട്ടുകാര്‍

വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള ബിസിനസ് മുതലാക്കാന്‍ മൂന്നാറില്‍ റിസോര്‍ട്ട് മാഫിയ ആധിപത്യം സ്ഥാപിച്ചതോടെയാണ് പരിസ്ഥി സംരക്ഷണ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അവിടെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും വ്യാപകമായത്. ഇന്നിപ്പോള്‍ മൂന്നാറിന് വലിയ പാരിസ്ഥിതികാഘാതം സൃഷ്ടിച്ചുകൊണ്ട് പറിച്ചെറിയാനാകാത്തവിധം കയ്യേറ്റക്കാര്‍ വേരിറക്കി കഴിഞ്ഞു. ടൂറിസം തന്നെയാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ മൂന്നാറിന് വിനയായത്. അതേ അവസ്ഥയാണ് കുമരകത്തെയും കാത്തിരിക്കുന്നത്. അതിനുള്ള ഒരുദാഹരണമാണ് ഇപ്പോള്‍ വിവാദമായിട്ടുള്ള പള്ളിച്ചിറയിലെ നിരാമയ റിട്രീറ്റ് റിസോര്‍ട്ട്. കുമരകത്ത് നിരാമയയെപോലെ പുറമ്പോക്ക് ഭൂമിയും കായലും കയ്യേറ്റം നടത്തിയിരിക്കുന്ന ഒട്ടനവധിപ്പേര്‍ ഉണ്ടെന്ന് പഞ്ചായത്ത് തന്നെ സമ്മതിക്കുന്നുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ തന്നെ ഗൗരവമായി തന്നെ ഇടപെടുന്നുണ്ടെന്നും ഭരണസമതി പറയുന്നു. എങ്കില്‍പ്പോലും ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിനു വേണ്ടി പുതിയ പുതിയ റിസോര്‍ട്ടുകളെ വരവേല്‍ക്കുമ്പോള്‍ വരുന്നവര്‍ വരുന്നവര്‍ തങ്ങളുടെ സൗകര്യാര്‍ത്ഥം കായലും ഭൂമിയുമെല്ലാം കയ്യേറിയെടുക്കുകയാണ്.

അതീവസംരക്ഷണം നല്‍കേണ്ട വേമ്പനാട് കായല്‍ തന്നെ റിസോര്‍ട്ട് മാഫിയകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതുപോലെ വളച്ചുകെട്ടിയും നികത്തിയുമെല്ലാം എടുക്കുന്നത്. ഇപ്പോള്‍ തന്നെ കായലിന്റെ നല്ലൊരു ഭാഗം നികന്നു കഴിഞ്ഞു. ആഴവും വീതിയും കുറഞ്ഞ് നാശത്തിന്റെ കരയായി മാറിക്കൊണ്ടിരിക്കുകയാണ് വേമ്പനാട് കായല്‍. ഇതേ കായലിന്റെ പേരു പറഞ്ഞു നടക്കുന്ന ടൂറിസം തന്നെ വേമ്പനാടിന്റെ അകാലമൃതിക്കും കാരണമാകുന്ന കാഴ്ചയാണ് കുമരകത്ത് കാണാനാകുന്നത്. സാധാരണക്കാര്‍ക്ക് കാറ്റു കൊള്ളാനും കായല്‍ സൗന്ദര്യം ആസ്വദിക്കാനും മൂന്നോ നാലോ ഇടങ്ങളിലേ സാധ്യമാകുന്നുള്ളൂ, ബാക്കിഭാഗമെല്ലാം റിസോര്‍ട്ടുകാരുടെ കൈയിലാണെന്നു പഞ്ചായത്ത് തന്നെ പറയുന്നതില്‍ നിന്നും മനസിലാക്കാം, കുമരകത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന്.

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറ്റം: നടപടി ഉടനെന്ന് റവന്യു വകുപ്പ്; വാക്കാലുള്ള നടപടി പോരെന്ന് പഞ്ചായത്ത്

കായലും തോടുകളും ചുറ്റിനില്‍ക്കുന്ന കുമരകത്ത് ആദ്യകാലത്ത് സഞ്ചാരത്തിന് വള്ളങ്ങളും പിന്നീട് ബോട്ടുകളുമൊക്കൊയിരുന്നു.നാടു വളരാന്‍ തുടങ്ങിയതോടെ തോടുകള്‍ക്കു മുകളില്‍ പാലങ്ങള്‍ വന്നു. റോഡുകളും വന്നു. അതോടെ വാഹനങ്ങളും. ജലമാര്‍ഗത്തിലൂടെ സഞ്ചാരം കുറയുകയും കരമാര്‍ഗമുള്ളവ കൂടുതല്‍ വേഗത കൈവരിക്കുകയും ചെയ്തതോടെ കൂടുതല്‍ കൂടുതല്‍ പാലങ്ങളും റോഡുകളും വരാന്‍ തുടങ്ങി. ഇതോടെ പല തോടുകളും കൈവഴികളുമെല്ലാം അടഞ്ഞു. കുമരകത്തെ പ്രകൃതിയ്ക്ക് മനുഷ്യന്‍ തന്നെ തിരിച്ചടികള്‍ നല്‍കി തുടങ്ങുന്നത് ഇങ്ങനെയാണ്. ഇതിനു പിന്നാലെയാണ് കുമരകത്തിന് ഏറ്റവും വലിയ തിരിച്ചടി നല്‍കി കൊണ്ട് തണ്ണീര്‍മുക്കം ബണ്ട് വരുന്നത്. ബണ്ട് കുമരകത്തെ വലിയതോതില്‍ തന്നെ പ്രതികൂലമായി ബാധിച്ചു. സാധാരണ കടലില്‍ വേലിയേറ്റമുണ്ടാകുമ്പോള്‍ ഉപ്പുവെള്ളം കായലിലക്ക് ഒഴുകിയെത്തും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വേമ്പനാട് കായലില്‍ ഇത്തരത്തില്‍ ഉപ്പുവെള്ളം നിറയും. ഈ ഉപ്പുവെള്ളം കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന പാടത്തേക്ക് മട തുറന്നു കയറ്റിവിടും. കിടബാധയില്ലാതാകാനും പോളകളും പായലുമൊന്നും വളരാതിരിക്കാനും ഉപ്പുവെള്ളം നല്ലതാണ്. ബണ്ട് വന്നതോടെ ഓരുവെള്ളം കയറാതെയായി. ഉപ്പു നിറയുന്ന സമയത്ത് ബണ്ടിന്റെ ഷട്ടറുകള്‍ താഴ്ത്തും.

മത്സ്യബന്ധനമായിരുന്നു കുമരകത്തെ ജനങ്ങളുടെ പ്രധാനഉപജീവനമാര്‍ഗം. ഇന്നത് ഏതാണ്ട് നിലച്ച മട്ടാണ്. വേമ്പനാട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നതാണ് ഇതിനു കാരണം. കായല്‍ മലിനമാകുന്നതും ആഴവും വീതിയും ഇല്ലാതാകുന്നതുമൊക്കെ മത്സ്യങ്ങളുടെ നാശത്തിനും കൂടിയാണ് വഴിവയ്ക്കുന്നത്. ശുദ്ധജലത്തില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ ഉപ്പുവെള്ളം നിറയുന്ന സമയത്ത് മീനച്ചാലാറിന്റെ കൈവഴികളിലേക്ക് കയറി കിഴക്കോട്ട് പോകും. കുമരകത്ത് വേമ്പനാട്ടു കായലിലേക്കു തുറക്കുന്ന മീനച്ചാലാറിന്റെ ഒമ്പത് മുഖങ്ങളുണ്ട്. കിഴക്കോട്ട് പോകുന്ന മീനുകള്‍ കൈവഴികളുടെ അറ്റത്ത് ചെറുതടാകങ്ങള്‍ പോലുളളിടത്ത് മുട്ടയിട്ട് പെരുകി തിരികെ കായലിലേക്ക് തന്നെ പോരുമായിരുന്നു. ഊത്തകള്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. തോടുകളില്‍ നിന്നും ഊത്തകളെ പിടിച്ചാലും നല്ലൊരു പങ്ക് കായലില്‍ തന്നെ എത്തുമായിരുന്നു. ബണ്ട് വന്നതോടെ ഈ പ്രക്രിയയ്ക്ക് തടവീണു. കായലില്‍ മത്സ്യവും കുറഞ്ഞു. മീന്‍പിടുത്തം പോലെ തന്നെ കക്കവാരലും മണലു വാരലും കുമരകത്തുകാരുടെ ജീവിതമാര്‍ഗങ്ങളായിരുന്നു. കക്കയുടെ ദൗര്‍ലഭ്യവും മണല്‍ വാരലില്‍ വന്ന കുറവും ജനങ്ങളെ സാരമായി ബാധിച്ചു. ആദ്യകാലത്ത് ഒരുപ്പു കൃഷിയും പിന്നീട് ഇരുപ്പൂ കൃഷിയുമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ കൃഷിയും കുറഞ്ഞു.

കുമരകത്ത് കായല്‍ കയ്യേറി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട്; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒളിച്ചു കളിച്ച് റവന്യൂ വകുപ്പ്‌; പരാതിയുമായി പ്രസിഡന്റ്

കൃഷിയും മത്സ്യബന്ധനവുമെല്ലാം കുറഞ്ഞതോടെ ടൂറിസത്തിന്റെ സാധ്യകള്‍ മുതലാക്കാന്‍ ജനങ്ങളും തുടങ്ങി. ഇതിനിടയില്‍ പലരും റിസോര്‍ട്ടുകാരുടെ മോഹവിലയ്ക്കു മുന്നില്‍ വസ്തവിറ്റ് കുമരകം വിട്ടു. കുമരകത്തെ തണ്ണീര്‍ത്തടങ്ങളും മറ്റും കയ്യേറുന്നത് റിസോര്‍ട്ടുകാര്‍ മാത്രമല്ല, നാട്ടുകാരും തങ്ങളുടെ വസ്തു വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടു മൂടല്‍ നടത്തുന്നുണ്ട്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും പോലും റിസോര്‍ട്ടുകാര്‍ വ്യാപാരതാത്പര്യാര്‍ത്ഥം നടത്തുന്ന കയ്യേറ്റങ്ങളോളം ഭീകരമല്ല അവ. കുമരകത്തെ തോടും വെള്ളക്കെട്ടുകളുമെല്ലാം ഇപ്പോള്‍ കിഴക്കന്‍മലകള്‍ ഇടിച്ചുകൊണ്ടുവന്ന് നികത്തി കൊണ്ടിരിക്കുകയാണ്. മലകള്‍ ഇടിഞ്ഞു വീഴുന്നിടത്തും പ്രകൃതിനാശം, അതുകൊണ്ടുവന്ന് മൂടുന്നിടത്തും നാശം. മലയിടിച്ചുകൊണ്ടു വരുന്ന പൂഴിക്കും മണ്ണിനുമൊപ്പം ആവശ്യമില്ലാത്ത കുറെ സസ്യങ്ങളും കുമരകത്തേക്കു എത്തുന്നുണ്ട്. പാമ്പുശല്യത്തിനും ഒരു പ്രധാനകാരണം മണ്ണടി തന്നെയാണെന്നു നാട്ടുകാര്‍ പറയുന്നു.

ടൂറിസം വളരുകയും എന്നാല്‍ അതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ലെന്നും കണ്ടതോടെയാണ് പഞ്ചായത്ത് പത്തുവര്‍ഷം മുമ്പ് ഉത്തരവാദിത്വ ടൂറിസം പദ്ധതി കുമരകത്ത് നടപ്പാക്കിയത്. ജി സി ദാമോദരന്‍ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു കുമരകം പഞ്ചായത്തില്‍ ഉത്തരവാദിത്വ ടൂറിസം പദ്ധതി കൊണ്ടുവരുന്നത്. കേരളത്തില്‍ കുമരകം പഞ്ചായത്തായിരുന്നു ആദ്യമായി ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതും. തദ്ദേശീയ ഉത്പന്നങ്ങള്‍ ടൂറിസം വിപണനത്തില്‍ ഉപയോഗിക്കുക. അതുവഴി തദ്ദേശീയരായവര്‍ക്ക് തൊഴില്‍ ലഭിക്കുക; ഇതായിരുന്നു ഉത്തരവാദിത്വ ടൂറിസത്തിന്റെ ലക്ഷ്യം. മത്സ്യം, കോഴി, പച്ചക്കറി ഉത്പന്നങ്ങളൊക്കെ നാട്ടുകാരില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും റിസോര്‍ട്ടുകാരും വിനോദ സഞ്ചാര കേന്ദ്രങ്ങളും വാങ്ങുക. അതോടൊപ്പം കരകൗശല വസ്തുക്കളുടെ നിര്‍മാണം, ജൈവപച്ചക്കറികള്‍, കളള് ചെത്ത്, കയറുപിരി, നാടന്‍ കലാപ്രകടനങ്ങള്‍ എന്നിവയെല്ലാം ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിച്ചു. പിന്നീട് ഈ പദ്ധതി അല്‍പ്പം പിറകോട്ട് പോയെങ്കിലും വീണ്ടും സജീവമാക്കാനുള്ള പദ്ധതികളുമായി പഞ്ചായത്ത് രംഗത്തുണ്ട്.

ടൂറിസത്തിന് അനുയോജ്യമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ പഞ്ചായത്തിനു കഴിയുന്നുണ്ട്. ഉത്തരവാദിത്വടൂറിസത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഉള്‍പ്പെടെ ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പഞ്ചായത്തിനെ തേടിയെത്തിയിട്ടുമുണ്ട്. കുമരകത്തിന്റെ ടൂറിസം സാധ്യകള്‍ മനസിലാക്കി, വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും കിട്ടുന്നുണ്ട്. കിഫ്ബി വഴി 125 കോടിയുടെ റോഡ് വികസനത്തിന് ഒരുങ്ങുകയാണ് കുമരകം. അതോടൊപ്പം ജലമാര്‍ഗങ്ങളുടെ നവീകരണവും നടക്കുന്നു. ഹൗസ്‌ബോട്ട് ടെര്‍മിനല്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത്. തോടുകള്‍ ആഴം കൂട്ടി, അവിടെ ആമ്പലും താമരയും നട്ടുപിടിപ്പിക്കല്‍ തുടങ്ങി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കായി എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി ഭരണകൂടം നില്‍ക്കുമ്പോള്‍ തന്നെയാണ് അതേ സാധ്യതകള്‍ ചൂഷണം ചെയ്ത് കയ്യേറ്റങ്ങളും വര്‍ദ്ധിക്കുന്നത്.

കയ്യേറ്റവും നിയമ ലംഘനവും മാത്രമല്ല, തൊഴിലാളി വഞ്ചനയും; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടില്‍ തൊഴിലാളി സമരം

“റിസോര്‍ട്ടുകള്‍ കൂടുതല്‍ വരുന്നത് ടൂറിസത്തിന് അനുകൂലമാണ്. കൂടാതെ കെട്ടിടനികുതിയിനത്തില്‍ പഞ്ചായത്തിന് വലിയ വരുമാനവും അതിലൂടെ കിട്ടുന്നു. എന്നാല്‍ ഇതിനു പിന്നില്‍ നടക്കുന്ന കയ്യേറ്റങ്ങളോ നിയമലംഘനങ്ങളോ ഒരുതരത്തിലും പ്രോത്സഹിപ്പിക്കില്ല. പക്ഷേ പലപ്പോഴും ഇത്തരം കൈയേറ്റങ്ങള്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ നിന്നും മറച്ചുുപിടിക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കി കഴിഞ്ഞാല്‍ പിന്നെ പ്രസ്തുത സ്ഥലത്ത് പഞ്ചായത്ത് പ്രതിനിധി ചെല്ലുന്നത് കെട്ടിട നമ്പര്‍ കൊടുക്കാനാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നടക്കുന്ന ഇതരപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിയമസൗകര്യങ്ങളില്ല. ജിയോടാഗ് പോലുള്ള സംവിധാനം നിര്‍മാണമേഖലയിലേക്കും കൊണ്ടുവരേണ്ട ആവശ്യകത ഇവിടെയാണ് കൂടുതല്‍ പ്രസക്തമാകുന്നത്. കെട്ടിടനിര്‍മാണ പെര്‍മിറ്റ് മൂന്നുവര്‍ഷത്തേക്കാണ് നല്‍കുന്നത്. ഈ കാലയളവില്‍ പഞ്ചായത്തില്‍ നിന്നും ആരും പ്രസ്തുത സൈറ്റില്‍ പരിശോധനയ്ക്കു പോകാറില്ല. പിന്നീട് നമ്പറിടാന്‍ പോകുമ്പോഴാണ് പരിശോധന. വ്യത്യാസം കണ്ടെത്തുന്നുണ്ടെങ്കില്‍ അവ റഗുലറൈസ് ചെയ്തു കൊടുക്കാനും ഇപ്പോള്‍ നിയമം ഉണ്ട്.

വേമ്പനാട് കായലില്‍ നിന്നും 50 മീറ്റര്‍ മാറി വേണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നാണ് 2010 ലെ സിആര്‍ ഇസ്ഡ് നിയമം പ്രകാരം പറയുന്നത്. ഈ നിയമം വരുന്നതിനു മുമ്പ് പെര്‍മിറ്റ് സ്വന്തമാക്കിയ റിസോര്‍ട്ടുകളും ഇവിടെയുണ്ട്. അമ്പത് മീറ്റര്‍ എന്നതിലും കള്ളത്തരം കാണിക്കുന്നുണ്ട്. കയ്യേറി നികത്തിയിടത്തു നിന്നും 50 മീറ്റര്‍ അകലം എന്നാക്കിയാണ് പലരും റിസോര്‍ട്ട് കോട്ടേജുകള്‍ പണിയുന്നത്. നിര്‍മാണ സമയത്ത് തന്നെ ഇവ ശ്രദ്ധയില്‍പ്പെടാതെ പോകുന്നിടത്താണ് അപകടം. എന്നാല്‍ ഇവ കണ്ടെത്തുന്നതോടെ വേണ്ട നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നുണ്ട്. നിരാമയ റിസോര്‍ട്ടിന്റെ കാര്യത്തിലടക്കം അതാണ് ചെയ്യുന്നത്. പഞ്ചായത്തിന് ഈ കാര്യത്തില്‍ റവന്യു ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സഹായവും ആവശ്യമാണ്. കുമരകത്തെ ടൂറിസം ഇനിയും അന്താരാഷ്ട്രതലങ്ങളില്‍ എത്തണം. അതിനുവേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്യാന്‍ പഞ്ചായത്ത് സര്‍വാത്മനാ ഒരുക്കമാണ്. എന്നാല്‍ യാതൊരുവിധ കയ്യേറ്റങ്ങളോ നിയമലംഘനങ്ങളോ ഇതിന്റെ പേരില്‍ അനുവദിക്കുകയുമില്ല. കുരകം ഒരിക്കലും മറ്റൊരു മൂന്നാറാകില്ല, അതിനനുവദിക്കില്ല എന്നു തന്നെയാണ് ഞങ്ങളുടെ തീരുമാനം”- കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി സാലിമോന്‍ പറയുന്നു.

"</p

പഞ്ചായത്തിന്റെ ഈ ഉറപ്പ് വിശ്വസിക്കാമെങ്കിലും കയ്യേറ്റങ്ങളും കായല്‍ നികത്തലുമെല്ലാം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനും പ്രകൃതിയെ സംരക്ഷിച്ചു നിലനിര്‍ത്താനും സര്‍ക്കാരിനും ബാധ്യതയുണ്ട്. കണ്ടെത്തിയ കയ്യേറ്റങ്ങളില്‍പോലും നടപടി വൈകിപ്പിക്കുന്ന സ്ഥിതി ഉണ്ടാവുന്നത് കുമരകത്തിന്റെ ഭാവിക്ക് ഗുണമല്ല. റവന്യു വകുപ്പ് ഉള്‍പ്പെടെ ഈകാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. റവന്യു മന്ത്രിയുടെ ശ്രദ്ധ കുമരകത്തേക്ക് നീളണം…

രാജീവ് ചന്ദ്രശേഖര്‍ മാധ്യമ മുതലാളി മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി കൂടിയാണ് മാധ്യമ സുഹൃത്തുക്കളേ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍