UPDATES

കുമ്മനത്തിന്റെ ജനരക്ഷായാത്ര ഇന്ന് തീരുന്നു; അമിത് ഷാ വീണ്ടും കേരളത്തില്‍; അപ്പോള്‍ ഈ യാത്ര എന്തിനു വേണ്ടിയായിരുന്നു?

വൈകിട്ട് നാലു മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് സമാപനം

രണ്ട് തവണ മാറ്റിവച്ച ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഒക്ടോബറില്‍ തന്റെ ജനരക്ഷാ യാത്ര ഒടുവില്‍ ആരംഭിച്ചത്. ജൂലൈയില്‍ നടത്താമെന്ന് തീരുമാനിച്ചിരുന്ന യാത്ര ആസമയത്ത് ഏഷ്യാനെറ്റ് പുറത്തുവിട്ട മെഡിക്കല്‍ കോഴ വിവാദം മൂലം പിന്‍വലിക്കുകയായിരുന്നു. ഔദ്യോഗികമായി യാത്ര പ്രഖ്യാപിച്ചിരുന്നില്ല എന്നതിനാല്‍ തന്നെ ഇതേക്കുറിച്ച് ബിജെപി നേതൃത്വത്തിന് ഒരു വിശദീകരണത്തിന്റെ ആവശ്യം വന്നില്ല. എന്നാല്‍ ഓഗസ്റ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയെന്ന് നേതൃത്വം വ്യക്തമാക്കുകയും ചെയ്ത ശേഷവും ജനരക്ഷാ യാത്രയെന്ന കുമ്മനത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ജനരക്ഷാ യാത്ര സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ച് 23ന് തിരുവനന്തപുരത്ത് അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. അമിത്ഷായുടെ അസൗകര്യം മൂലം ഈ യാത്ര മാറ്റിവയ്ക്കുന്നതായി ഓഗസ്റ്റ് അവസാനത്തോടെയാണ് വിശദീകരണമുണ്ടായത്. എങ്കിലും അപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത അഴിമതിക്കഥകളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധമാറുകയെന്നതാണ് ബിജെപി രണ്ടാമതുള്ള ഈ യാത്ര മാറ്റിവയ്ക്കല്‍ കൊണ്ട് ഉദ്ദേശിച്ചതെന്ന് അന്നേ വാര്‍ത്തകള്‍ വന്നിരുന്നു.

ചുവപ്പ്, ജിഹാദി ഭീകരതയ്‌ക്കെതിരെ, എല്ലാവര്‍ക്കും ജീവിക്കണം എന്നീ സന്ദേശങ്ങളുയര്‍ത്തി കുമ്മനത്തിന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തുന്നുവെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കാസര്‍ഗോഡ്, വയനാട്, ഇടുക്കി എന്നിവ ഒഴികെയുള്ള ജില്ലകളിലൂടെയുള്ള പര്യടനമാണ് ജനരക്ഷാ യാത്ര കൊണ്ട് ഉദ്ദേശിച്ചത്. യാത്ര ആദ്യം തീരുമാനിച്ച സമയം ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ യോജിച്ച സമയവുമായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവും ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതും ഒക്കെ ചേര്‍ന്നുണ്ടായ അനുകൂലമായ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ അക്കാലത്തു തന്നെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ അവരെ അനുവദിച്ചില്ലെന്നതാണ് സത്യം. കൂടാതെ ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ബിജെപിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിവിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒക്ടോബര്‍ മൂന്നിലേക്ക് യാത്ര വീണ്ടും മാറ്റിവച്ചത്.

ഒക്ടോബര്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്തതോടെ കുമ്മനത്തിന്റെ മാസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. ആവേശത്തോടെ ആരംഭിച്ച അന്നുമുതല്‍ തന്നെ ജനരക്ഷാ യാത്രയ്‌ക്കൊപ്പം വിവാദങ്ങളും പദയാത്ര ആരംഭിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റവുമധികം നടക്കുന്ന കണ്ണൂരില്‍ നാല് ദിവസത്തെ പര്യടനം നടത്തി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാമെന്നും പ്രകോപനം സൃഷ്ടിക്കാമെന്നുമായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൂടെയുള്ള ബിജെപിയുടെ യാത്ര പദയാത്രയാക്കിയതും അതിനാലാണ്. അതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് യാത്രയ്ക്ക് ഒരുക്കിയിരുന്നത്. യാത്രയിലുടനീളം ബിജെപി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങളും നടത്തി. കേരളത്തില്‍ നിന്നും സിപിഎമ്മിനെ തുടച്ചു നീക്കുമെന്ന് പറഞ്ഞാണ് യാത്ര ആരംഭിച്ചത് തന്നെ. സിപിഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമിത് ഷാ പറഞ്ഞു. ഉച്ചവരെ കേരളത്തിലെ മാധ്യമങ്ങള്‍ അമിത് ഷായുടെ പദയാത്രയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതോടെ മാധ്യമങ്ങളും ജനങ്ങളും ആ വാര്‍ത്തയ്ക്ക് പിന്നാലെ പോയി. അതോടെ ജനരക്ഷാ യാത്ര ആരംഭിച്ചുവെന്ന വാര്‍ത്തയ്ക്ക് ബിജെപി ആഗ്രഹിച്ച വാര്‍ത്താ പ്രാധാന്യം ലഭിക്കാതെ പോകുകയും ചെയ്തു.

കുമ്മനത്തിന്റെ യാത്ര ‘പൊളിച്ചത്’ അമിത് ഷായും യോഗിയും..!

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാമിപ്യമായിരുന്നു യാത്രയുടെ രണ്ടാം ദിവസത്തെ പ്രത്യേകത. യോഗിയുടെ സ്വന്തം മണ്ഡലമായ ഘോരക്പൂരില്‍ അറുപതിലേറെ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതിന്റെ ഓര്‍മ്മകളാണ് ഇവിടെ ഉയര്‍ന്നത്. സ്വന്തം നാട്ടിലെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാകാതെ പോയ യോഗിയാണോ കേരളത്തെ രക്ഷിക്കാനെത്തുന്നതെന്നാണ് ആദ്യമേയുയര്‍ന്ന വിമര്‍ശനം. എന്നാല്‍ പദയാത്രയ്ക്കിടെ ആശുപത്രികളുടെ കാര്യത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ കണ്ട് പഠിക്കണമെന്ന് പറഞ്ഞതോടെ യോഗിയും ജനരക്ഷാ യാത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഈ വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് സാധിച്ചതുമില്ല. അതേദിവസമാണ് അമിത് ഷായുടെ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതും. അമിത് ഷാ നടത്തുന്ന യാത്ര ആട് ഇല കടിച്ച് നടക്കുന്നതുപോലെയാണെന്നായിരുന്നു കോടിയേരിയുടെ പരിഹാസം. ഇതിനിടയില്‍ ജനരക്ഷാ യാത്രയില്‍ സിപിഎമ്മിന് ജയ് വിളിക്കുന്നവരുടെ വീഡിയോ പുറത്തുവന്നതോടെ ജനരക്ഷാ യാത്ര തുടക്കത്തില്‍ തന്നെ പരിഹാസ്യമായി. ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ അണികളില്ലാത്തതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികളെ വാടകയ്‌ക്കെടുക്കുകയായിരുന്നെന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണത്തിന് ഇതോടെ ശക്തികൂടി.

മൂന്നാം ദിവസം കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലമായ പിണറായിയില്‍ അമിത് ഷാ പദയാത്ര നടത്തുമെന്നും പിണറായിയെ സ്വന്തം തട്ടകത്തില്‍ കയറി വെല്ലുവിളിക്കുമെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രഖ്യാപനം. എന്നാല്‍ അടിയന്തരമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരിക്കുന്നെന്ന് പറഞ്ഞ് അമിത് ഷാ പിണറായിയിലെ പദയാത്ര ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് പറന്നത് കുമ്മനത്തിന് തിരിച്ചടിയായി. നാല് ദിവസവും കണ്ണൂരില്‍ പദയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച അമിത് ഷായ്ക്ക് ഒരുദിവസം കൊണ്ട് തന്നെ മടുത്തെന്നും നടന്നു ശീലമില്ലാത്ത അമിത് ഷാ ചികിത്സയ്ക്കായി പോയതാണെന്നുമാണ് വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ മകന്‍ ജയ്‌ ഷായ്ക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് തടയിടാനാണ് അമിത് ഷാ തിടുക്കത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചത് എന്ന റിപ്പോര്‍ട്ടുകളും പുറകെ എത്തി. എന്തായാലും അമിത് ഷാ ‘മുങ്ങി’യതോടെ ‘അമിട്ടടിക്കുക’ എന്ന ഒരു പുതിയ പദപ്രയോഗവും കേരളത്തിലെ ട്രോളര്‍മാര്‍ക്ക് ലഭിച്ചു. ജനരക്ഷാ യാത്രയില്‍ സികെ പത്മനാഭന്‍ ‘ബലികുടീരങ്ങളേ…’ എന്ന കെപിഎസ്‌സി നാടക ഗാനം ആലപിച്ചതും കണ്ണൂരില്‍ വാര്‍ത്തയായി. ജനരക്ഷാ യാത്രയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കേരള സര്‍ക്കാര്‍ ഇവിടെയാണ് അഭിമാനത്തോടെ വ്യത്യസ്തത പുലര്‍ത്തുന്നതെന്ന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

പദയാത്ര നാലാം ദിവസം കണ്ണൂരിലെ കൂത്തുപറമ്പില്‍ എത്തിയതോടെ ബിജെപി നടത്തുന്ന ജനരക്ഷാ യാത്രയും ആഹ്വാനം ചെയ്യുന്നത് കലാപരാഷ്ട്രീയം തന്നെയാണെന്ന ആരോപണം ശക്തമായി. ബിജെപി നേതാവ് വി മുരളീധരന്‍ തന്നെയാണ് ഇതിനുള്ള തെളിവ് നല്‍കിയതും. സിപിഎം നേതാവ് പി ജയരാജനെതിരെയുള്ള കൊലവിളി മുദ്രാവാക്യമായിരുന്നു ഇത്. ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ലെന്നാണ് മുദ്രാവാക്യം മുഴങ്ങിയത്. വി മുരളീധരന്‍ ഇതിന്റെ ലൈവ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ മുരളീധരനെതിരെയും നിരവധി പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് യാത്ര കടന്നു പോയത്. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ ജനരക്ഷാ യാത്രയ്ക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്നു. എന്നാല്‍ മലപ്പുറം വിട്ട് പാലക്കാടെത്തിയപ്പോള്‍ മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമായി കണക്കാക്കരുതെന്നും കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കൊലയായിരുന്നു അതെന്നും ആരോപിച്ച് കുമ്മനം തന്നെ അടുത്ത വെടിപൊട്ടിച്ചു. മലപ്പുറത്തിന്റെ മണ്ണില്‍ നിന്ന് പറയാതെ പാലക്കാട് ജില്ലയിലെത്തിയാണ് ഇത് പറഞ്ഞതെന്നത് ഇവിടെ ശ്രദ്ധേയമാണ്. മാറാട് കലാപത്തെക്കുറിച്ചും മാപ്പിള ലഹളയെക്കുറിച്ചും വിവാദപ്രസ്താവനകളിറക്കി ജാതി രാഷ്ട്രീയത്തിന് ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം വിഷയം വ്യതിചലിച്ചു. ആ ദിവസങ്ങളില്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ അഴിമതി കഥകളിലാണ് മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തിയത്.

പരീക്കര്‍ മുഖ്യമന്ത്രി, താങ്കള്‍ ‘തെമ്മാടികള്‍’ എന്നു വിളിച്ചാക്ഷേപിച്ചത് മോദിയുടെ ടീം ഇന്ത്യയെ തന്നെയാണ്

ഇതിനിടെ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികളും വെറുതെയിരുന്നില്ല. അമിത് ഷായുടെയും കുമ്മനത്തിന്റെ യാത്രയില്‍ അണിനിരന്നിരിക്കുന്ന ജനക്കൂട്ടമെന്ന് ചിത്രീകരിച്ച് ഒട്ടനവധി പോസ്റ്ററുകളാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. എന്നാല്‍ അവയില്‍ പലതും തിരിച്ചടിയായി. തൃശൂര്‍ റൗണ്ടിലെ ആള്‍ക്കൂട്ടമെന്ന് രീതിയില്‍ തൃശൂര്‍പൂരത്തിന്റെ ഫോട്ടോയും സോളാര്‍ സമരത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ അണിനിരന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ടത്തിന്റെ ചിത്രവുമെല്ലാം പുറത്തുവിട്ടത് സോഷ്യല്‍ മീഡിയ നന്നായി തന്നെ ആഘോഷിച്ചു. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ അവരെ കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിന്റെ ചിത്രം അമിത് ഷായുടെ യാത്രയില്‍ പങ്കെടുക്കാനെത്തിയരെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു. ഫോട്ടോഷോപ്പില്‍ കൃത്രിമത്വം കാണിക്കുന്നവരെന്ന ചീത്തപ്പേര് മുമ്പേ തന്നെയുള്ള ബിജെപിക്ക് ഇതെല്ലാം തിരിച്ചടിയായിരുന്നു. ഇതിനിടയില്‍ തൃശൂരില്‍ ജനരക്ഷാ മാര്‍ച്ച് റിപ്പോര്‍ട്ട് കവര്‍ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മദ്യവും ബീഫും നല്‍കി സല്‍ക്കരിച്ചതിന്റെ വാര്‍ത്തയും പുറത്തുവന്നു.

കൊച്ചിയില്‍ മഹാരാജസ് കോളേജിന് മുന്നില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വച്ച ബോര്‍ഡുകളാണ് ജനരക്ഷാ യാത്രയെ സ്വീകരിച്ചത്. എന്നാല്‍ ഇത് പ്രകോപനം സൃഷ്ടിക്കുമെന്നതിനാല്‍ പോലീസ് ഇടപെട്ട് അവ നീക്കം ചെയ്തു. ആലപ്പുഴയില്‍ ജനരക്ഷ യാത്ര റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടന്നത് ബിജെപിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി. ജയ് അമിത് ഷായുടെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വാര്‍ത്ത ദ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടതിന് ശേഷം എല്ലാ ജില്ലകളിലും അതിന് മറുപടി പറയേണ്ട ബാധ്യതയും കുമ്മനത്തിന് വന്നുചേര്‍ന്നു. അഴിമതിക്ക് മുന്നില്‍ ബന്ധുക്കളില്ലെന്ന് തുടര്‍ച്ചയായി പറയുന്ന നരേന്ദ്ര മോദിയും അമിത് ഷായെ പിന്തുണച്ചിട്ടും ഈ അഴിമതിയെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ ഒരു കച്ചിത്തുമ്പും കിട്ടാതെ ജനരക്ഷാ യാത്ര വിഷമിച്ചു. അതോടെ പൂര്‍ണമായും നിറംമങ്ങിയ അവസ്ഥയിലായി കുമ്മനത്തിന്റെ യാത്ര. ഈ ജില്ലകളിലെല്ലാം വിവിധ കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരുമുള്‍പ്പെടെ പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പോലും പങ്കെടുത്തിട്ടും ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ ജനരക്ഷാ യാത്രയ്ക്ക് സാധിച്ചതുമില്ല. അഴിമതി ആരോപണങ്ങളെ ആരോഗ്യപരമായി നേരിടാന്‍ ബിജെപിക്കറിയില്ലെന്ന നിരീക്ഷണത്തെ ഇത്‌ അരക്കിട്ടുറപ്പിച്ചു.

കോട്ടയത്ത് ജനരക്ഷാ യാത്രയോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനമായിരുന്നു കല്ലുകടിയായത്. ജയ്ഷായുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും അതിനൊന്നും മറുപടി പറയാന്‍ കുമ്മനം തയ്യാറായില്ല. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സാഹചര്യം ഇവിടെയും ആവര്‍ത്തിക്കപ്പെടരുതെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ വന്ദേമാതര ആലാപനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേറ്റ് നില്‍ക്കാത്തതിന് അവരെ ശകാരിക്കുകയാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ ചെയ്തത്.

ഒടുവില്‍ രാം നാഥ് കോവിന്ദും കുമ്മനത്തെ തോല്‍പ്പിച്ചു!

യാത്ര പത്തനംതിട്ടയിലെത്തിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റേതായിരുന്നു വിവാദ പ്രസ്താവനകള്‍. കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയും പങ്കെടുത്ത ഇവിടുത്തെ പദയാത്രകളില്‍ അല്‍ഫോണ്‍സ് ആരോപിച്ചത് കേരളത്തിലേതാണ് ഏറ്റവും മോശം ഭരണമെന്നാണ്. കൂടാതെ കേരളത്തിലുള്ള ചിലര്‍ ജോലിയൊന്നുമില്ലാത്തതിനാലാണ് തന്നെ പരിഹസിക്കുന്നതെന്നും അല്‍ഫോണ്‍സ് പ്രസ്താവിച്ചു. അതോടെ അല്‍ഫോണ്‍സിന് നേരെയായി എല്ലാവരുടെയും ശ്രദ്ധ. ബംഗാളിലെയും കേരളത്തിലെയും സര്‍ക്കാരുകളെ വേണ്ടിവന്നാല്‍ പിരിച്ചുവിടുമെന്നും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും ബിജെപി നേതാവ് സരോജ് പാണ്ഡെ ചത്തീസ്ഗഡിലിരുന്ന് പ്രസ്താവിച്ചതോടെ യാത്രയുടെ അവസാന ദിവസങ്ങളിലെ ശ്രദ്ധ അവര്‍ക്കു നേരെയായി. ഇതിനിടെ അമിത് ഷായുടെ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഡല്‍ഹിയിലെ കേന്ദ്ര ആസ്ഥാനത്തേക്ക് മുറ പോലെ എല്ലാ ദിവസവും ജനരക്ഷായാത്ര നടത്തിയിരുന്നു. എന്നാല്‍ ഇതിന് കാര്യമായ മാധ്യമശ്രദ്ധ ലഭിച്ചുമില്ല. ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി സിപിഎം, ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധയാത്രയാകട്ടെ ദേശീയ മാധ്യമങ്ങളുടെ അടക്കം ശ്രദ്ധയിലെത്തുകയും ചെയ്തു.

ഇത്തരത്തില്‍ ജനരക്ഷാ യാത്രയുടെ ഓരോ ഘട്ടത്തിലും വിഷയം വ്യതിചലിക്കപ്പെടുകയും ബിജെപി ആഗ്രഹിച്ച രീതിയില്‍ അതിന് ശ്രദ്ധ ലഭിക്കാതെ പോകുകയുമായിരുന്നു. കുമ്മനം രാജശേഖരനാകട്ടെ യാത്രയുടെ ഒരുഘട്ടത്തിലും ശ്രദ്ധേയമായ പ്രസ്താവനകളിലൂടെ, യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് താനാണെന്ന് തെളിയിക്കാനും സാധിച്ചില്ല. ഈ യാത്രക്കിടയിലാണ് സോളാര്‍ കേസ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനമുണ്ടായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടപടിയുണ്ടാകുമെന്ന് ആ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയെങ്കിലും അതിനെതിരെ കുമ്മനത്തിന്റെ പ്രതികരണം വന്നെങ്കിലും അതൊന്നും ഏശിയില്ല. അതേസമയം യുവ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ പ്രസ്താവനയില്‍ പിടിച്ചു തൂങ്ങി ടി പി ചന്ദ്രശേഖരന്‍ വധക്കേസിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതും ദാരുണമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ എന്ന യാത്രയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കാനോ യാത്രയുടെ രാഷ്ട്രീയം പറയാനോ ജനരക്ഷാ യാത്രയ്ക്ക് സാധിച്ചില്ല.

ഗുര്‍ദാസ്പുരും വേങ്ങരയും; അമിത്ഷായ്ക്കും കുമ്മനത്തിനും ഒരു ഷോക്ക് ട്രീറ്റ്മെന്‍റ്

ഇന്ന് ജനരക്ഷായാത്ര തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുകയാണ്. വൈകിട്ട് നാലു മണിക്ക് അമിത് ഷായാണ് ഉത്ഘാടനം. തീര്‍ച്ചയായും വലിയ ജനക്കൂട്ടത്തെ തന്നെ ഇവിടെ പ്രതീക്ഷിക്കുന്നുമുണ്ട്‌. കേരള രാഷ്ട്രീയത്തില്‍ കുമ്മനത്തിന്റെ ജനരക്ഷായാത്രയുടെ സ്ഥാനം എന്തായിരുന്നു എന്ന് ഈ സമാപന സമ്മേളനം കഴിയുമ്പോഴുള്ള ദിവസങ്ങള്‍ വ്യക്തമാക്കിയേക്കും. കേരളത്തിലെ ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനേക്കാള്‍ മാതൃസംഘടനയായ ആര്‍എസ്എസിനെ ചൂടുപിടിപ്പിക്കുകയും സംഘടനാസംവിധാനങ്ങള്‍ ശക്തമാക്കുകയുമായിരുന്നു യാത്രയുടെ പുറത്തു പറയാതിരുന്ന ലക്ഷ്യം എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്; അതിന്റെ ബാക്കിപത്രം എന്തായിരിക്കും എന്നു കൂടിയാണ് ഇനി അറിയാനുള്ളത്.

എന്നാല്‍ ചോദ്യങ്ങള്‍ ഇവിടെ ബാക്കിയാണ്. ജിഹാദി കേന്ദ്രമെന്ന് ബിജെപി വിശേഷിപ്പിക്കുന്ന മലപ്പുറവും ചുവപ്പ് ഭീകരതയുടെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരും തെക്കന്‍ കേരളത്തില്‍ രക്തസാക്ഷികളുടെ മണ്ണായ ആലപ്പുഴയും കടന്നു പോയപ്പോളും ജനരക്ഷ യാത്രയ്ക്ക് നേരെ ഒരു കല്ലേറ് പോലുമുണ്ടായതായി എവിടെയും വാര്‍ത്ത കണ്ടില്ല. അതേസമയം യാത്ര റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അപ്പോള്‍ ആരാണ് ഇവിടെ ഭീകരത സൃഷ്ടിക്കുന്നത്? എന്തിന് വേണ്ടിയായിരുന്നു ഈ യാത്ര ഇവിടെ സംഘടിപ്പിച്ചത്?

ആ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മറന്നു തുടങ്ങിയിട്ടില്ല; നിങ്ങളെയാണോ കേരളം കണ്ടുപഠിക്കേണ്ടത്?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍