നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ രണ്ടു തവണ പാസ്സായിട്ടും സ്ഥലമില്ലാത്തതിനാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവാതിരിക്കുകയാണ് കുറിച്യാര്‍മല സ്‌കൂള്‍ അധികൃതര്‍
ഏറെ ഉത്സാഹത്തോടെയാണ് കുറിച്യാര്‍മലയിലെത്തുന്നവര്‍ക്ക് അഭിജിത്ത് താന്‍ പഠിക്കുന്ന സ്‌കൂള്‍ കാണിച്ചു കൊടുക്കുന്നത്. മേല്‍മുറിയിലെ മദ്രസക്കെട്ടിടത്തിനു മുകളില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ, ഒട്ടേറെ ചിത്രങ്ങളും നിറങ്ങളുമുള്ള ക്ലാസ് മുറികള്‍ ചൂണ്ടിക്കാട്ടി സ്‌കൂളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അഭിജിത്തിനു മാത്രമല്ല, കുറിച്യാര്‍മല എല്‍.പി സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിക്കും മുഖം നിറയെ പുഞ്ചിരിയാണ്. “പഴയ സ്‌കൂളല്ല, ഈ സ്‌കൂളാ ഇഷ്ടം” എന്നുപറഞ്ഞ് അഭിജിത്ത് കാണിച്ചു തരുന്ന ഈ താത്ലിക കെട്ടിടമാണ് ആറാം മൈല്‍, മേല്‍മുറി, കുറിച്യാര്‍മല പ്രദേശത്തുള്ളവരെല്ലാം പ്രാഥമികവിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന കുറിച്യാര്‍മല എല്‍.പി സ്‌കൂള്‍. മാസങ്ങള്‍ക്കു മുന്‍പ് പ്രളയാനന്തര കേരളത്തിന്റെ വാര്‍ത്താമുറികളില്‍ നിറഞ്ഞ അതേ സ്‌കൂള്‍.
ഓഗസ്തില്‍ കുറിച്യാര്‍മലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ വീടുകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കുമൊപ്പം പാടേ നശിച്ചുപോയതാണ് കുറിച്യാര്‍മല എല്‍.പി സ്‌കൂള്‍ കെട്ടിടം. ക്ലാസ്മുറികളില്‍ മുട്ടൊപ്പം ചെളിയടിഞ്ഞുറഞ്ഞ് കടക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ബെഞ്ചുകളും ഷെല്‍ഫുകളും തകര്‍ന്നു. സ്‌കൂള്‍ കെട്ടിടം തന്നെ ഉപയോഗശൂന്യമായി. അമ്പതോളം ഏക്കര്‍ സ്ഥലം ഇടിഞ്ഞുപോയ കുറിച്യാര്‍മലയില്‍, സ്‌കൂള്‍ കെട്ടിടത്തിലേക്ക് ആരും വരാത്ത അവസ്ഥയായി. എല്ലാം നശിച്ച് ആദ്യം മുതല്‍ തുടങ്ങണം എന്ന അവസ്ഥയില്‍ ആശങ്കപ്പെട്ടിരിക്കുന്ന കുറിച്യാര്‍മലയിലെ കുട്ടികളുടെ കഥ നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്‌കൂളും സ്‌കൂളിലേക്കുള്ള വഴിയും തകര്‍ന്നുപോയി എന്ന കാരണത്താല്‍ 91 വിദ്യാര്‍ത്ഥികളുടെ അധ്യയനം ഒരു ദിവസം പോലും മുടങ്ങിക്കൂടാ എന്ന തീരുമാനം പ്രദേശവാസികളും സമൂഹമാധ്യമങ്ങള്‍ വഴി കഥയറിഞ്ഞവരും എടുത്തതോടെയാണ് കുറിച്യാര്‍മല സ്‌കൂള്‍ പുനര്‍ജനിക്കുന്നത്.
പ്രലയത്തിനും മണ്ണിടിച്ചിലിനുമൊടുവില്‍ സ്കൂള്‍
മേല്‍മുറി മഹല്ല് കമ്മിറ്റി, മദ്രസയുടെ മുകള്‍ഭാഗം വിട്ടു തരാമെന്ന് സമ്മതിക്കുകയും പി.ടി.എ, നാട്ടുകാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെല്ലാം എന്തിനും മുന്‍പന്തിയിലുണ്ടായിട്ടും, ക്ലാസ് മുറികള്‍ എത്രയും പെട്ടന്ന് ഒരുക്കുക എന്നത് വലിയ പ്രതിസന്ധിയായിത്തന്നെ നിന്നിരുന്നു. എന്നാല്‍, വിവരമറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നായി കുറിച്യാര്‍മലയിലെത്തിയ ചെറുപ്പക്കാരുടെ സംഘങ്ങള്‍ വെറും 72 മണിക്കൂറിനുള്ളിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കിയത്. കലാസംവിധായകന്‍ അനീസ് നാടോടിയുടെ നേതൃത്വത്തിലുള്ള സംഘം ക്ലാസ് മുറികള്‍ കുട്ടികള്‍ക്ക് പ്രിയങ്കരമാകുന്ന കലാസൃഷ്ടികള്‍ കൊണ്ട് അലങ്കരിക്കുക കൂടി ചെയ്തതോടെ, പുതിയ മുഖച്ഛായയില്‍ കുറിച്യാര്‍മല എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തന സജ്ജമായി. മറ്റു സ്‌കൂളുകള്‍ പ്രളയ ശേഷം തുറന്നു പ്രവര്‍ത്തിച്ച ഓഗസ്ത് 29നു തന്നെ കുറിച്യാര്‍മല സ്‌കൂളും അധ്യയനം പുനരാരംഭിച്ചു.
പ്രളയകാലത്ത് ഏറെ ആശ്വാസം നല്‍കിയ വാര്‍ത്തകളിലൊന്നായി മാറിയ കുറിച്യാര്‍മല സ്‌കൂള്‍ ഇപ്പോഴും താത്ക്കാലിക കെട്ടിടത്തില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, വളരെ ഗൗരവമുള്ള ചില ആശങ്കകള്‍ സ്‌കൂളിന്റെ ഭാവിയെപ്പറ്റി ഉയരുന്നുണ്ടു താനും. പ്രളയത്തിനു ശേഷം ആറുമാസമായിട്ടും സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള പ്രാരംഭഘട്ട നടപടികള്‍ പോലും ഉണ്ടായിട്ടില്ല എന്നത് അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. പുതിയ കെട്ടിടം പണിയാന്‍ വേണ്ട ഫണ്ടുകള്‍ ലഭ്യമായിട്ടു പോലും സ്ഥലം കണ്ടെത്തി ഏറ്റെടുക്കാന്‍ നാളിതുവരെ സാധിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപകന്‍ ശശി പറയുന്നു. “ഇതുവരെ നമുക്കൊരു ബദല്‍ സംവിധാനമായിട്ടില്ല. മൂന്നേക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള ഒരു പ്രപ്പോസല്‍ വച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ ഒരു ധാരണയുമായിട്ടില്ല. അടുത്ത അധ്യയന വര്‍ഷത്തിലേക്ക് എങ്ങനെ കടക്കുമെന്നാണ് പ്രധാന ആശങ്ക. സ്‌കൂള്‍ അടയ്ക്കാന്‍ ഇനി ഒരു മാസമേയുള്ളൂ. വേനലവധി കഴിഞ്ഞ് അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ മറ്റൊരു രണ്ടു മാസവും. മൂന്നു മാസത്തിനിടെ എങ്ങനെയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുക. പൊതുവിദ്യാഭ്യാസ രംഗം ഇത്രയേറെ പുരോഗമിച്ചിട്ടുള്ള ഈ കാലത്ത് വിദ്യാലയത്തിന് താഴു വീഴില്ല എന്നുതന്നെയാണ് പ്രതീക്ഷ”.
നിലവില്‍ മൂന്നരക്കോടിയോളം രൂപ കെട്ടിട നിര്‍മാണത്തിനായി വകയിരുത്താനുള്ള ശേഷി സ്‌കൂളിനുണ്ട്. എം.എസ്.ഡി.പി വഴി 50 ലക്ഷം രൂപയും, കിഫ്ബി വഴി ഒരു കോടി രൂപയും സ്‌കൂളിനു വേണ്ടി പാസ്സായിട്ടുള്ളതാണ്. ഈ ഒന്നരക്കോടിക്കു പുറമേ, രണ്ടു കോടി പാസ്സാക്കാനുള്ള ജില്ലാ കലക്ടറുടെ ശുപാര്‍ശയും നിലവിലുണ്ട്. ഇത്രയും തുക സ്‌കൂളിന്റെ കൈയിലുണ്ടായിട്ടും, സ്ഥലം ഏറ്റെടുക്കാനുള്ള തടസ്സങ്ങളില്‍ കുരുങ്ങിയാണ് കെട്ടിട നിര്‍മാണം വഴിമുട്ടുന്നത്. നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ രണ്ടു തവണ പാസ്സായിട്ടും സ്ഥലമില്ലാത്തതിനാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവാതിരിക്കുകയാണ് അധികൃതര്‍. കുറിച്യാര്‍മലയ്ക്കു സമീപം തന്നെ കണ്ടെത്തിയിട്ടുള്ള മൂന്നേക്കര്‍ സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന തുക കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പേരിലാണ് നിര്‍മാണം തടസ്സപ്പെട്ടിരിക്കുന്നതെന്ന് പ്രധാനാധ്യാപകന്‍ പറയുന്നു.
അതേ സമയം, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ അതിവേഗം നീങ്ങുന്നുണ്ടെന്നും, എല്ലാ പദ്ധതികള്‍ക്കും സ്വാഭാവികമായി എടുത്തേക്കാവുന്ന കാലതാമസമാണ് സ്‌കൂളിന്റെ കാര്യത്തിലുമുണ്ടായിട്ടുള്ളതെന്നുമാണ് വാര്‍ഡ് മെംബര്‍ ബാബുവിന്റെ പക്ഷം. “ഫയലുകളെല്ലാം ധ്രുതഗതിയില്‍ നീങ്ങുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിലേക്ക് ഫയലുകള്‍ കൈമാറും. മൂന്നേക്കര്‍ സ്ഥലം നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ ഉടമസ്ഥന്‍ ഏക്കറിന് നാല്‍പ്പതു ലക്ഷമാണ് ആവശ്യപ്പെടുന്നത്. മാര്‍ച്ച് മാസത്തോടെ സ്ഥലം ഏറ്റെടുക്കാനാകും എന്നാണ് പ്രതീക്ഷ. എം.എല്‍.എ എ.കെ ശശീന്ദ്രനടക്കമുള്ളവര്‍ സ്‌കൂളിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയെടുക്കുന്നുണ്ട്. പ്രളയത്തിന്റെ രണ്ടാഴ്ച മുന്നെയാണ് കല്‍പറ്റ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഹൈടെക് സ്‌കൂളായി കുറിച്യാര്‍മല എല്‍.പി സ്‌കൂളിനെ പ്രഖ്യാപിക്കുന്നത്. അതിന്റെ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. സ്വാഭാവികമായ കാലതാമസം മാത്രമാണ് ഈ വിഷയത്തിലുണ്ടായിട്ടുള്ളത്. പ്രദേശവാസികള്‍ക്ക് ചെറിയ ആശങ്കയുണ്ടെന്നു മാത്രം.”
കുറിച്യാര്‍മല പ്രദേശത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ ലഭ്യമായ ഒരേയൊരു കേന്ദ്രമാണ് കുറിച്യാര്‍മല എല്‍.പി സ്‌കൂള്‍. മൂന്നു കിലോമീറ്റര്‍ അകലെയുള്ള അടുത്ത സ്‌കൂളില്‍ പോയി പഠിക്കുക എന്നത് പ്രദേശത്തിന്റെ ഭൂപ്രകൃതി കണക്കിലെടുത്താല്‍ വലിയൊരു പ്രതിസന്ധി തന്നെയാണ്. കുന്നുകളും മലകളും കയറിയിറങ്ങി അടുത്തുള്ള മറ്റൊരു സ്‌കൂളില്‍ പോയി പഠിക്കേണ്ടി വന്നാല്‍, പ്രദേശത്തുള്ള മിക്കവാറും കുട്ടികളുടെ വിദ്യാഭ്യാസം ആരംഭത്തില്‍ത്തന്നെ നിന്നുപോകുമെന്നാണ് അധ്യാപകര്‍ക്കും പറയാനുള്ളത്. പഴയ സ്‌കൂള്‍ കെട്ടിടത്തിലേക്ക് തിരിച്ചു പോകണമെന്ന ആഗ്രഹം ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞ ഇവിടുത്തെ നൂറോളം കുട്ടികള്‍ക്ക് അടുത്ത വര്‍ഷവും അധ്യയനം തടസ്സമില്ലാതെ തുടരാനാകുമോ എന്ന് രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. പ്രളയകാലത്ത് സമൂഹമാധ്യമങ്ങള്‍ വേണ്ടുവോളം ആഘോഷിച്ച തങ്ങളുടെ വിദ്യാലയത്തിന് അത്തരമൊരവസ്ഥ ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണിവര്‍.