UPDATES

‘സ്‌കൂളിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു, പോയതെല്ലാം തിരിച്ച് പിടിച്ചു’; അതിജീവനത്തിന്റെ കുട്ടനാടന്‍ മാതൃക

പ്രളയം ഉഴുത് മറിച്ച വയലുകളില്‍ വിത്തിറക്കി റെക്കോര്‍ഡ് വിളവ് നേടിയ അതേ സന്തോഷമാണ് ഇവര്‍ക്ക് എസ്എസ്എല്‍സി ഫലം വന്നപ്പോഴും.

‘ക്യാമ്പില്‍ നിന്ന് തിരിച്ച് ചെന്നപ്പോള്‍ വീടില്ല, വീടിനുള്ളില്‍ ഉണ്ടായിരുന്നതും ഇല്ല. പഠിക്കാനുള്ള എല്ലാം നഷ്ടപ്പെട്ടു. ആരൊക്കെയോ സഹായിച്ച് കുറച്ച് ഉടുപ്പുകള്‍ കിട്ടി. സ്‌കൂളില്‍ പോവാന്‍ തുടങ്ങിയപ്പഴേക്കും പാഠപുസ്തകമൊക്കെ സര്‍ക്കാര്‍ തന്നെ തന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് എന്റെ കൊച്ച് സ്‌കൂളില്‍ പോയത്. പത്താംക്ലാസ് ആയതുകൊണ്ട് അതിന്റിടയില്‍ ഇതൊക്കെ വന്നത് കൊണ്ട് ആകെ ആവലാതി ആയിരുന്നു. പക്ഷെ കൊച്ച് പഠിച്ചു. സ്‌കൂളിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോയതെല്ലാം തിരിച്ച് പിടിച്ചു.’ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കുട്ടനാട് സ്വദേശി അനഘയുടെ അച്ഛന്‍ കൃഷ്ണനുണ്ണി പറയുന്നു. പ്രളയത്തില്‍ മുഴുവനായും മുങ്ങിയതാണ് കുട്ടനാട്. ഒരു തവണയല്ല, രണ്ട് തവണ. എന്നാല്‍ അതിജീവനം എങ്ങനെയെന്ന് കാണിച്ച് തരികയാണ് കുട്ടനാട്ടുകാര്‍. പ്രളയം ഉഴുത് മറിച്ച വയലുകളില്‍ വിത്തിറക്കി റെക്കോര്‍ഡ് വിളവ് നേടിയ അതേ സന്തോഷമാണ് ഇവര്‍ക്ക് എസ്എസ്എല്‍സി ഫലം വന്നപ്പോഴും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, എല്ലാം ചേര്‍ത്ത് 33 സ്‌കൂളുകളാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍. ഇതില്‍ 31 സ്‌കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി. അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മൂന്നും നൂറ് ശതമാനത്തില്‍ തൊട്ടു.

വിദ്യാഭ്യാസ ജില്ലയില്‍ നൂറ് ശതമാനം നഷ്ടമായത് രണ്ട് സ്‌കൂളുകള്‍ക്ക് മാത്രം. 96ഉും 75ഉഉം ശതമാനം വിജയവുമായി അവയും ഒട്ടും പിന്നിലല്ല. കുട്ടനാടിന് ഈ വിജയം പുത്തരിയല്ല. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം സ്‌കൂളുകള്‍ നൂറ് ശതമാനം നേടിയ വിദ്യാഭ്യാസ ജില്ലയായിരുന്നു കുട്ടനാട്. യാത്രാ സൗകര്യമോ, അടിസ്ഥാന വികസന പ്രശ്നങ്ങളോ ഒന്നും പഠനത്തില്‍ കുട്ടനാടിനെ പിന്നോട്ട് തള്ളിയില്ല. എന്നാല്‍ ഇത്തവണ ഈ വിജയത്തിന് മധുരം ഏറി. ആഴ്ചകളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന കുട്ടനാട്ടില്‍ മൂന്ന് മാസത്തോളം പഠനം മുടങ്ങി. ജൂലൈ മാസം ആദ്യ ആഴ്ച കഴിഞ്ഞ്, കാലവര്‍ഷം ശക്തമായത് മുതല്‍ കുട്ടനാട്ടില്‍ പല സ്‌കൂളുകളും ദുരിതാശ്വാസ കേന്ദ്രങ്ങളായി. ജൂലൈ രണ്ടാമത്തെ ആഴ്ച ശക്തമായ മഴയില്‍ മുഴുവന്‍ കുട്ടനാടന്‍ പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു. ആയിരത്തോളം ക്യാമ്പുകള്‍ സ്‌കൂളുകളിലും മറ്റുമായി പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാഴ്ചയില്‍ അധികമെടുത്തു അതില്‍ നിന്ന് കരകയറാന്‍. തിരികെ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങിയപ്പോഴേക്കും കേരളത്തെ ഒന്നടങ്കം വെള്ളത്തിലാക്കി മഹാപ്രളയം വന്നു. അതില്‍ കുട്ടനാടന്‍ ജനതയ്ക്ക് എല്ലാം നഷ്ടപ്പെട്ടു. വീടുകള്‍ പോയി, പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ഒലിച്ച് പോയി. സ്‌കൂളുകള്‍ വെള്ളത്തില്‍ മുങ്ങി ഫയലുകളും പുസ്തകങ്ങളും ലാബും എല്ലാം പൂര്‍ണമായും ഇല്ലാതായി. കേരളത്തില്‍ മറ്റെല്ലായിടത്തും പ്രളയം ജലം ഒഴിഞ്ഞ് പോയപ്പോള്‍ കുട്ടനാട് അപ്പോഴും മുങ്ങിക്കിടക്കുകയായിരുന്നു. ക്ലാസ് മുറികളില്‍ പോലും വെള്ളം കെട്ടി നിന്നതിനാല്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമായിരുന്നില്ല. പല സ്‌കൂളുകളും മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അതിജീവനം ഏറെ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ നിന്ന് അവര്‍ പതിയെ ഉയിര്‍ത്തെഴുന്നേറ്റു.

അധ്യാപകനായ സൂരജ് പറയുന്നു, ‘ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഒരു കാര്യമേയുള്ളൂ. ഇത് കുട്ടനാട്ടുകാരാണെന്നത് തന്നെ. വള്ളം തുഴഞ്ഞും കിലോമീറ്ററുകള്‍ നടന്നുമെല്ലാം സ്‌കൂളില്‍ എത്തുന്ന കുട്ടികളുള്ള സ്ഥമാണിത്. വെള്ളപ്പൊക്കം ഇവരുടെ കൂടെയുള്ളതാണ്. അതിലൊന്നും കുട്ടനാട്ടുകാര്‍ തളരില്ല. എക്കാലവും കുട്ടനാട്ടില്‍ വലിയ വിജയം തന്നെയാണ് ഉണ്ടാവാറ്. അത് ഇത്തവണയും ആവര്‍ത്തിച്ചു. ഞങ്ങളുടെയെല്ലാം പരിശ്രമങ്ങള്‍ വെറുതെയായില്ല.’

മഴ ശക്തമായത് മുതല്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്ക് അവധി അനുവദിച്ചുകൊണ്ടുള്ള കളക്ടറുടെ അറിയിപ്പ് ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെയാണ് എത്തിയിരുന്നത്. അധ്യന ദിനങ്ങള്‍ നഷ്ടപ്പെട്ടത് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടായെങ്കിലും പിന്നീട് കൂട്ടായ പരിശ്രമത്തിലൂടെ എല്ലാം വിജയകരമായി തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഏറ്റവും അധികം ദിവസം വെള്ളത്തില്‍ മുങ്ങി നിന്ന കുപ്പപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാനേജര്‍ പ്രമോദ് പറയുന്നതിങ്ങനെ ‘കേരളത്തില്‍ തന്നെ ഏറ്റവും അധികം കെടുതി അനുഭവിച്ച പള്ളിക്കൂടം കുപ്പപ്പുറമായിരിക്കും. കായലിനോട് ചേര്‍ന്നാണ് സ്‌കൂള്‍. കൈനകരിയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സ്‌കൂളും ഇത് തന്നെയാണ്. നൂറ് ശതമാനം വിജയവും നേടി. സത്യത്തില്‍ പഠനം തുടരാന്‍ സ്‌കൂള്‍ ഉണ്ടാവുമോ എന്ന് പോലും ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. അതുകണക്കായിരുന്നു വെള്ളം പൊങ്ങിയത്. ബാക്കി പല സ്ഥലങ്ങളിലും വെള്ളം താന്നപ്പോഴും ഇവിടെ ഞങ്ങള്‍ പുതുതായി ഉണ്ടാക്കിയ ബില്‍ഡിങ്ങില്‍ പോലും വെള്ളക്കെട്ടായിരുന്നു. അതുകൊണ്ട് ക്ലാസ് തുടങ്ങാന്‍ പറ്റിയില്ല.

ജൂലൈ 14 മുതല്‍ അവധി തുടങ്ങിയതാണ്. ആദ്യത്തെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ സ്‌കൂളിലെ വെള്ളം വറ്റിച്ച് ചെളിയെല്ലാം കോരിക്കളഞ്ഞ് ഓഗസ്ത് പത്തോടെ ക്ലാസ് തുടങ്ങാന്‍ ഇരുന്നതാണ്. അപ്പഴേക്കും പിന്നെയും മഴ ശക്തമായി വെള്ളമേറ്റമുണ്ടായി. പ്രളയം വന്നു. കുട്ടനാട്ടില്‍ മുഴുക്കെ മടവീണു. മടവീഴ്ച വന്നപ്പോള്‍ സ്‌കൂളിനെ അത് നേരിട്ട് ബാധിച്ചു. മൂന്ന് മാസത്തില്‍ കൂടുതല്‍ പിന്നെയും ക്ലാസ് തുടങ്ങാന്‍ കഴിഞ്ഞില്ല. പക്ഷെ കൊച്ചുങ്ങളെ സമ്മതിക്കണം. വീടും കിടപ്പാടവും ഇല്ലാതായി, നോട് ബുക്കും പുസ്തകവും യൂണിഫോണും ഒന്നും ഇല്ലാത്ത അവസ്ഥയില്‍ നിന്ന് അവര് പഠിച്ച് ജയിച്ചതിന് കയ്യടി കൊടുക്കണം. എല്ലാവരും ഒന്നിച്ച് നിന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. പുസ്തകവും യൂണിഫോമും സര്‍ക്കാര്‍ കൊടുത്തു. നോട്ട് ബുക്ക് പോയ കുട്ടികള്‍ക്കെല്ലാം അതുവരെ എഴുതിയ നോട്ടുകള്‍ അധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്ന് കാശ് എടുത്ത് കോപ്പി എടുത്ത് നല്‍കി. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെ ക്ലാസ് തുടര്‍ന്നു. അങ്ങനെ പോയ ദിവസങ്ങളെല്ലാം തിരിച്ചുപിടിച്ചു’.

*ചിത്രം – കൊടുപ്പുന്ന സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍

 

Read More: പ്രിയങ്കരം പൊതുവിദ്യാലയങ്ങള്‍; പ്രവേശനം തുടങ്ങി ആദ്യ മൂന്ന് ദിവസത്തിനകം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കാല്‍ലക്ഷത്തിലേറെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍