UPDATES

കുട്ടനാട്ടിലെത്തുന്ന അഞ്ചു നദികളിലെ വെള്ളം എന്തു ചെയ്യും? വെള്ളപ്പൊക്കത്തിന് കാരണങ്ങളുണ്ട്

വെള്ളപ്പൊക്കത്തെ പഴിക്കുന്നതിന് പകരം അത് ഉണ്ടാവാനുള്ള സാഹചര്യങ്ങളെ ചികിത്സിക്കുകയാണ് ചെയ്യേണ്ടത്- ഭാഗം 2

പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍, മൂവാറ്റുപുഴ നദികള്‍ എത്തിച്ചേരുന്ന ഡെല്‍റ്റ പ്രദേശമാണ് കുട്ടനാട്. ഭൂപ്രകൃതിയും പാരിസ്ഥിതിക സന്തുലനാവസ്ഥയും നിലനിര്‍ത്താന്‍ ഇതിലൊരു പങ്ക് വെള്ളം അവിടെ പരന്നൊഴുകണം. എന്നാല്‍ കുട്ടനാട്ടിലെത്തുന്ന ഈ നദികളിലെ ബാക്കി വെള്ളം പുറത്തേക്ക് ഒഴുകി പോയില്ലെങ്കില്‍ എന്തു സംഭവിക്കും? അതാണ് ഇപ്പോള്‍ ആ പ്രദേശം നേരിടുന്ന വലിയ പ്രതിസന്ധി. കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രദേശത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും വെള്ളം മൂടിക്കിടക്കുന്നു. ഒപ്പം ഇവിടുത്തെ രണ്ടാംകൃഷി പൂര്‍ണമായും നശിച്ചു. 97 ശതമാനം കൃഷിയും നശിച്ചതായാണ് അവസാന റിപ്പോര്‍ട്ടുകള്‍. കൃഷിവകുപ്പ് നഷ്ടം പൂര്‍ണമായും വിലയിരുത്തിയിട്ടില്ലെങ്കിലും പത്ത് കോടിയിലധികം രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചതായാണ് കണക്കുകൂട്ടല്‍. എന്താണ് കുട്ടനാടിനെ ഇത്ര വലിയ വെള്ളപ്പൊക്കത്തിലേക്ക് ഇത്തവണ നയിച്ചത്? ആദ്യറിപ്പോര്‍ട്ട് ഇവിടെ വായിക്കാം: കുട്ടനാട്ടിലെ വെള്ളപ്പൊക്കം, കൃഷി, കര്‍ഷകര്‍, കാര്‍ഷിക വകുപ്പ്; എവിടെയാണ് പാളിച്ചകള്‍?

ഭാഗം 2

കുട്ടനാട്ടില്‍ വെള്ളമേറ്റമുണ്ടാവുക സാധാരണമാണെങ്കിലും വെള്ളമൊഴുകി പോവാത്തതാണ് ഇപ്പോഴുണ്ടായിട്ടുള്ള ദുരിതത്തിന് പ്രധാന കാരണം. വെള്ളമൊഴുകി പോവാനുള്ള സംവിധാനങ്ങള്‍ ശക്തമല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ബണ്ടുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണം, കനാലുകളുടെ നവീകരണമില്ലായ്മ തുടങ്ങിയ നിരവധി കാരണങ്ങളാണ് ഇതിന് വിദഗ്ദ്ധര്‍ പറയുന്നത്.

കായല്‍ വെള്ളപ്പൊക്കവും കടല്‍ കയറ്റവും ചേര്‍ന്നാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ ഇത്രയും രൂക്ഷമാക്കിയത്. കേരള തീരത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ തിരകള്‍ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നെങ്കിലും രണ്ട് മീറ്ററോളം ഉയരത്തിലാണ് തിരയടിച്ചത്. ഒരു മിനിറ്റില്‍ അഞ്ചുമുതല്‍ പത്ത് വട്ടം വരെ തിരകള്‍ അടിക്കുകയും ചെയ്തതോടെ കുട്ടനാട്ടിലെത്തുന്ന പുഴകള്‍ക്ക് കടലിലേക്കെത്താന്‍ മാര്‍ഗമില്ലാതായി. ഇതിനൊപ്പം പുഴവെള്ളവും കായല്‍വെള്ളവും ഏറിയതോടെ വെള്ളപ്പൊക്ക നിരപ്പ് ഏറുകയും ചെയ്തു. ഇപ്പോഴും കുട്ടനാട്ടില്‍ നിന്ന് ചെറിയ ശതമാനം വെള്ളം മാത്രമേ ഒഴിഞ്ഞുപോവുന്നുള്ളൂ. കടല്‍ അടങ്ങിയാല്‍ മാത്രമേ പൂര്‍ണമായും വെള്ളമൊഴിയൂ എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കനാലുകളുടേയും കായലിന്റെയും അഴികളുടേയും പൊഴികളുടേയും തടസ്സമില്ലാത്ത തുടര്‍ച്ചയും ശൃംഖലയും കുട്ടനാട്ടിലെ വെള്ളമൊഴുക്കിനെ സുഗമമാക്കിയിരുന്നു. ഈ സ്വാഭാവിക നീരൊഴുക്ക് സംവിധാനമാണ് കുട്ടനാടിനെ വെള്ളക്കെട്ടില്‍ നിന്ന് രക്ഷിച്ചിരുന്നത്. എന്നാല്‍ കുട്ടനാട്ടില്‍ മനുഷ്യര്‍ നടത്തിയ ഇടപെടലുകളിലൂടെ സ്വാഭാവിക നീരൊഴുക്ക് ഏറെക്കുറെ ഇല്ലാതാക്കി. മഴക്കാലത്തും പാടങ്ങളിലെ വെള്ളം വറ്റിച്ച് ചെയ്യുന്ന രണ്ടാം കൃഷിയും പാടങ്ങളോട് ചേര്‍ന്ന കനാലുകളിലൂടെയുള്ള നീരൊഴുക്ക് സംവിധാനം ദുര്‍ബലമായതുമാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് ഗവേഷകനും കുട്ടനാട് പാക്കേജ് ശുപാര്‍ശ ചെയ്ത സ്വാമിനാഥന്‍ കമ്മീഷനില്‍ അംഗവുമായിരുന്ന ഡോ. കെ.ജി പത്മകുമാര്‍ പറയുന്നു.

കുറേ വര്‍ഷങ്ങളായിട്ട് രണ്ടാംകൃഷിയുടെ വിസ്തൃതി വര്‍ദ്ധിച്ചുവരുന്നു എന്നത് തന്നെയാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. മഴകൃഷിയോടാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ താത്പര്യം. എന്നാല്‍ വെള്ളത്തിലെ കൃഷിയുമല്ല. വയലുകളെല്ലാം വറ്റിച്ച് അതില്‍ കൃഷിചെയ്യുകയാണ്. അത് ആത്മഹത്യാപരമാണ്. കുട്ടനാട് തണ്ണീര്‍ത്തടമാണ്. വെള്ളംകെട്ടി നില്‍ക്കേണ്ടത് കുട്ടനാടിന്റെ കൂടി ആവശ്യമാണ്. അത് നിര്‍വ്വഹിക്കപ്പെടാന്‍ വയലുകളെ അനുവദിക്കുന്നില്ല. ഉയരത്തില്‍ ബണ്ടുകളുണ്ടാക്കി വെള്ളം പാടത്ത് കയറാതെയും നിര്‍ത്തുന്നു. വയലുകളില്‍ കയറാത്ത ഒഴുക്കുള്ള വെള്ളം ബണ്ടുകള്‍ക്ക് പുറത്ത് പൊങ്ങാന്‍ തുടങ്ങും.
വയലുകളിലും പുറത്തുമുള്ള വെള്ളം ഒഴുകാനും കുട്ടനാട്ടില്‍ മാര്‍ഗങ്ങളുണ്ട്. എല്ലാ പാടങ്ങളോടും ചേര്‍ന്ന് കിലോമീറ്ററുകളോളം നീളത്തില്‍ 900 കനാലുകള്‍ ഉണ്ട്. 1250 പാടശേഖരങ്ങളാണ് കുട്ടനാട്ടിലുള്ളത്. ഇവയിലും പുറത്തും നിറയുന്ന വെള്ളം കനാലുകള്‍ വഴിയാണ് ഒഴുകിപ്പോവേണ്ടത്. കനാലുകളിലൂടെ വേമ്പനാട് കായലിലെ വെള്ളം കൊച്ചിക്കായലിലൂടെ അറബിക്കടല്‍ അല്ലെങ്കില്‍ തോട്ടപ്പള്ളി സ്പില്‍വേയിലേക്ക് വെള്ളമെത്തണം. എന്നാല്‍ ഈ കനാലുകളെല്ലാം എക്കല്‍ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കനാലുകളുടെ ആഴം കൂട്ടി നീരൊഴുക്ക് ശക്തമാക്കണമെന്നതായിരുന്നു കുട്ടനാട് പാക്കേജിലെ ഒരു നിര്‍ദ്ദേശം. അതിനായി നാനൂറ് കോടി അനുവദിക്കുകയും ചെയ്തു. പക്ഷെ നടന്നത് ആഴം കൂട്ടലല്ല. പകരം കനാലുകളും പാടശേഖരങ്ങളും വേര്‍തിരിയുന്ന ഭാഗത്ത് വലിയ കരിങ്കല്‍ മതിലുകളാണ് ഉയര്‍ന്നത്. ഇതോടെ പത്ത് മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന കനാല്‍, കരിങ്കല്‍ കെട്ടും കഴിച്ച് ആറ് മീറ്ററായും ചുരുങ്ങി.

പാടങ്ങളെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാനോ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനോ അല്ല കനാലുകള്‍ ആഴം കൂട്ടണമെന്നും ഭിത്തി കെട്ടി സംരക്ഷിക്കണമെന്നും പറഞ്ഞത്. പക്ഷെ വെള്ളം കയറാതിരിക്കാന്‍ മതിലിന്റെ പൊക്കം കൂട്ടിയേക്കാം എന്നതായിരുന്നു കര്‍ഷകരുടേയും പാക്കേജ് നടപ്പാക്കിയ ഉദ്യോഗസ്ഥരുടേയും ചിന്താഗതി. ബണ്ടിന്റെ പൊക്കം കൂടിയതോടെ വെള്ളം ഒഴുകാനുള്ള മാര്‍ഗങ്ങള്‍ വീണ്ടും തടസ്സപ്പെട്ടു. കനാല്‍ ആഴം കൂട്ടല്‍ നടക്കാത്തതോടെ അതുവഴിയുള്ള നീരൊഴുക്കും സ്വാഭാവികരീതിയിലായില്ല. മടവീഴ്ച കൂടിയില്ലായിരുന്നെങ്കില്‍ കുട്ടനാട് മുഴുവന്‍ വെള്ളത്തിനടിയിലായേനെ. കെട്ടി നില്‍ക്കുന്ന വെള്ളത്തിന്റെ മര്‍ദ്ദം താങ്ങാനാവാതെ വരുമ്പോഴാണ് മട വീഴുന്നത്. പാടശേഖരങ്ങള്‍ക്ക് ഇരുവശവും മടകള്‍ വേണമെന്നായിരുന്നു സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം, ഒന്ന് വെള്ളം പാടത്തേക്ക് കയറാനും മറ്റൊന്ന് വെള്ളമിറങ്ങിപ്പോവാനും. പക്ഷെ അതൊന്നും നടപ്പിലായില്ല.

വെള്ളപ്പൊക്കത്തെ പഴിക്കുന്നതിന് പകരം അത് ഉണ്ടാവാനുള്ള സാഹചര്യങ്ങളെ ചികിത്സിക്കുകയാണ് ചെയ്യേണ്ടത്. വെള്ളം കെട്ടിനില്‍ക്കേണ്ടയിടത്ത് സ്ഥലം അനുവദിക്കുകയും, വെള്ളം ഒഴികിപ്പോവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യണം. അല്ലെങ്കില്‍ കുട്ടനാട് ഇനിയും വെള്ളക്കെട്ടില്‍ തന്നെയാവും.”- അദ്ദേഹം പറയുന്നു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം, കൃഷി, കര്‍ഷകര്‍, കാര്‍ഷിക വകുപ്പ്; എവിടെയാണ് പാളിച്ചകള്‍?

ഒറ്റപ്പെട്ട് കുട്ടനാട്; ജനങ്ങള്‍ കഞ്ഞി വീഴ്ത്ത് കേന്ദ്രങ്ങളില്‍; മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പോലും വഴിയില്ല

വെള്ളപ്പൊക്കം; ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കോളേജ് പ്രിന്‍സിപ്പലും സംഘവും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍