UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഡോക്ടര്‍മാരില്ല; ഉള്ളവര്‍ക്ക് സ്വകാര്യ പ്രാക്ടീസ്; ഓപ്പറേഷന്‍ തീയേറ്റര്‍ അടച്ചിട്ടിരിക്കുന്നു; ഒരു സര്‍ക്കാര്‍ ആശുപത്രിയാണ്

അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാമുണ്ടെങ്കിലും കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ അവസ്ഥയാണിത്‌

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കാലിനുപറ്റിയ പരിക്കുമായി രാവിലെ പത്തുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ്, വൈകിട്ട് ഏഴ് മണി കഴിഞ്ഞു ഒരു എല്ലുരോഗ വിദഗ്ധനെ ലഭ്യമാകാൻ. കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിലെ എല്ലുരോഗ വിഭാഗത്തിൽ ഒരു ഡോക്ടറെങ്കിലും ഉണ്ടായിരുന്നെങ്കിൽ വേദന മുഴുവൻ സഹിച്ച്, അത്രയും മണിക്കൂറുകൾ സ്വകാര്യ ആശുപത്രികളിൽ കയറിയിറങ്ങേണ്ടി വരില്ലായിരുന്നു. ഇനിയും ഈ ദുരിതം സഹിക്കാൻ ഞങ്ങൾ സാധാരണക്കാർക്കാവില്ല”
വാക്കുകൾ തൊട്ടിൽപ്പാലം സ്വദേശി കുഞ്ഞമ്മദിന്റെതാണ്. ജനങ്ങൾക്ക് സേവനം നൽകാൻ ബാധ്യസ്ഥമായി കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രി സമീപത്ത് സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ അഭാവം മൂലമാണ് 56-കാരനായ കുഞ്ഞമ്മദിന് കാലിന് പറ്റിയ ചതവുമായി സ്വകാര്യ ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നത്. കുഞ്ഞമ്മദിന് മാത്രമല്ല, ഏഴു പഞ്ചായത്തുകളുടെ ഏക ആശ്രയമായ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രി ഇന്ന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള ഹോസ്പിറ്റലിൽ ഡോക്ടർമാർ ഇല്ലാത്തതും ഓപ്പറേഷൻ തീയേറ്ററുകൾ പ്രവർത്തനരഹിതമായതുമാണ് ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തിരിച്ചടിയായിരിക്കുന്നത്. മലയോര മേഖലയായ കുറ്റ്യാടിയിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും കാർഷിക വൃത്തിയും മറ്റ് നാടൻ പണികളുമെടുത്ത് ഉപജീവനം നടത്തുന്ന സാധാരണക്കാരായതിനാൽ സ്വകാര്യ ആശുപത്രിയിലെ ചിലവുകൾ ഒന്നുംതന്നെ തങ്ങാനാവുന്നതല്ല. എല്ലാവർക്കും ഏക ആശ്രയം കുറ്റ്യാടിയിലെ ഈ സർക്കാർ ആശുപത്രിയാണ്. എന്നാൽ അവർ നൽകുന്ന സേവനം തികഞ്ഞ അലംഭാവവും.

വർഷങ്ങൾക്ക് മുൻപ് ഇ.കെ നായനാർ മുഖ്യമന്ത്രിയും എ.സി ഷണ്മുഖ ദാസ് ആരോഗ്യമന്ത്രിയുമായിരിക്കുന്ന കാലഘട്ടത്തിലാണ് കുറ്റ്യാടിയിൽ സർക്കാർ ആശുപത്രി സ്ഥാപിക്കപ്പെടുന്നത്. അന്ന് തൊട്ട് ശസ്ത്രക്രിയകളും പ്രസവവുമുൾപ്പെടെ എല്ലാതരം ചികിത്സകളും ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്ന ആശുപത്രിയെക്കുറിച്ചാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പരാതിയുയർന്നിരിക്കുന്നത്. മലയോര മേഖലയായതിനാൽ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളിലെല്ലാം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്കാണ് ജനങ്ങൾ ഓടിയെത്തിയിരുന്നത്. പ്രാദേശിക പഞ്ചായത്തുകളിലെ ജനങ്ങൾക്ക് നൽകുന്ന ചികിത്സയ്ക്ക് പുറമെ, വയനാട് ചുരത്തിലും മറ്റും സംഭവിക്കുന്ന അപകടങ്ങളിലെല്ലാം ആളുകൾ അഭയം തേടുന്നതും ഈ സർക്കാർ ആശുപത്രിയെയാണ്. സമീപ കാലങ്ങളിൽ ഭൂരിഭാഗം വരുന്ന ഡോക്ടർമാർ അവധിയിലായിരിക്കുന്നത്, പ്രത്യേകിച്ച് എല്ല്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാർ എല്ലാ സമയങ്ങളിലും ലഭ്യമാകാത്തതും ഗുരുതര പിഴവുകളായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

“ഇടത് കാലിന് ഒരപകടം പറ്റിയതിനെത്തുടർന്നാണ് രാവിലെ പത്തുമണിക്ക് ഞാൻ ആശുപത്രിയിലേക്ക് തിരിച്ചത്. കലശലായ വേദന അനുഭവപ്പെട്ടതിനാൽ അടിയന്തിര ചികിത്സയ്ക്കായി സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം അന്വേഷിച്ചു. എല്ലുവിഭാഗം ഡോക്ടർ ഇല്ല എന്ന് പറഞ്ഞതിനെത്തുടർന്ന് കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിൽ പോയി. ഡോക്ടർ ഉണ്ട് എന്നും ഹോസ്പിറ്റലിന് പുറത്തുള്ള ക്വോർട്ടേഴ്‌സിൽ ഒരു മണിക്കൂർ കഴിഞ്ഞാണ് ചികിത്സ എന്നും സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ക്വോർട്ടേഴ്‌സിന് മുൻപിൽ കാത്തിരിപ്പ് തുടങ്ങി. അടഞ്ഞു കിടന്നിരുന്ന വാതിലിന് മുൻപിൽ ഡ്യൂട്ടി സമയവും ബുക്കിംഗ് നമ്പറുകളുമാണ് എഴുതിയിട്ടിരുന്നത്. വേദന മുഴുവൻ സഹിച്ച് ഒരു മണിക്കൂർ കാത്തിരുന്നെങ്കിലും ആരും വന്നിരുന്നില്ല. ഒടുവിൽ ഡോക്ടർ അവധിയാണെന്ന് പ്രദേശവാസികൾ വഴിയാണ് അറിയാൻ സാധിച്ചത്. ആശുപത്രി ജീവനക്കാർക്കും അധികൃതർക്ക് പോലും ഒരു ഡോക്ടർ ഉണ്ടോ ഇല്ലയോ എന്ന് അറിയാത്ത സ്ഥിതിവിശേഷമാണ്. മാത്രവുമല്ല, അവധിയിലാകുന്ന ദിവസം ക്ലിനിക്കിന് മുൻപിൽ, അവധിയാണെന്ന ബോർഡ് സ്ഥാപിക്കേണ്ടതും ഒരു ഡോക്ടറുടെ ഉത്തരവാദിത്തമാണ്. ഇതൊന്നും പാലിക്കാതെ, വേദനകൾ സഹിച്ച് ഹോസ്പിറ്റലിൽ എത്തുന്നവരെ വീണ്ടും കുത്തിനോവിക്കുന്ന നിലപാടുകളാണ് അവർ സ്വീകരിക്കുന്നത്. 

ഇതൊരു മലയോര മേഖലയാണ്. നിരവധി പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന ഒരു പ്രദേശം. പശുക്കടവ് ദുരന്തം പോലുള്ള മുൻ അനുഭവങ്ങൾ ഇന്നും ഭയപ്പെടുത്തുന്ന ഓർമയാണ്. ഒരു അപകടമോ, ഇത്തരം ദുരന്തങ്ങളോ വീണ്ടും സംഭവിച്ചാൽ ഞങ്ങൾ സാധാരണക്കാർ എന്തു ചെയ്യണമെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. നാട്ടിൽ ഒരു സർക്കാർ ആശുപത്രി നിലവിലുണ്ടായിട്ടും ജനങ്ങൾക്ക് സ്വകാര്യ ആശുപത്രിയുടെ ചിലവുകൾ ചുമക്കേണ്ടി വരുന്നത് നമ്മുടെ സർക്കാരിന് തന്നെ വലിയ അപമാനമാണ്. അടിയന്തിര ചികിത്സകൾ നൽകാൻ കൂടുതൽ ഡോക്ടർമാർ വരേണ്ടതുണ്ട്. രോഗികള്‍ക്ക് രാവും പകലും ഒരേപോലെ ആശ്രയിക്കാൻ പറ്റുന്ന രീതിയിലേക്ക് ആശുപത്രിയും സ്റ്റാഫുകളും മാറേണ്ടതാണ്. ചുരുങ്ങിയ പക്ഷം, അപകടം പറ്റിയ രോഗിക്ക് പ്ലാസ്റ്റർ ഇട്ടുകൊടുക്കാൻ എങ്കിലും ഒരു ഡോക്ടർ വേണം. എന്റേത് മാത്രമല്ല, എന്നെപ്പോലെയുള്ള നിരവധി പേരുടെ അഭ്യർത്ഥനയാണിത്.” തൊട്ടിൽപ്പാലം സ്വദേശി കുഞ്ഞമ്മദ് കാര്യാട്ട് പരാതിപ്പെടുന്നു.

ജീവന്‍വച്ചുള്ള ചില കൊള്ളകള്‍; വണ്ടാനം മെഡിക്കല്‍ കോളേജ് അനുഭവം

കുറ്റ്യാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ കാഷ്വാലിറ്റി പോലെ അടിയന്തിര ചികിത്സാ വിഭാഗങ്ങൾ എല്ലാം 24 മണിക്കൂറും പ്രവർത്തന യോഗ്യമാകണമെന്ന് ജനങ്ങൾ ഒരേപോലെ അഭിപ്രായപ്പെടുന്നു. എല്ലുരോഗ വിഭാഗത്തിലെയും ഗൈനക്കോളജി വിഭാഗത്തിലെയും ഡോക്ടർമാർ ഇല്ലാത്തതും കുറേക്കാലമായി ഓപ്പറേഷൻ തീയേറ്ററുകൾ പൂട്ടിക്കിടക്കുന്നതുമാണ് ജനങ്ങളിൽ ഇത്രയധികം പരാതിയുയരുന്നതിന് കാരണമായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുണ്ടെങ്കിലും അതൊന്നും ഡോക്ടർമാർ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്. ഇതോടൊപ്പം മറ്റു ക്രമക്കേടുകളെക്കുറിച്ചും അവർ പ്രതികരിക്കുന്നു. “ആഴ്ച്ചയിൽ രണ്ടു ദിവസം മാത്രമാണ് ഡോക്ടർമാരെ ലഭ്യമാകുന്നത്. രണ്ടുദിവസം രോഗികളെ പരിശോധിക്കുക, രണ്ടുദിവസം ശസ്ത്രക്രിയ, മറ്റു രണ്ടുദിവസം സ്വകാര്യ പ്രാക്ടീസ്‌ ഇങ്ങനെയാണ് സമയക്രമീകരണം നടത്തിയിരിക്കുന്നത്. ജനങ്ങൾക്ക് ലഭ്യമാകുന്ന രണ്ടുദിവസത്തെ പരിശോധനയിൽ ഓരോ ദിവസവും 100 പേരെ വീതമാണ് ചികിൽസിക്കുന്നത്. അതായത്, ഒരാഴ്‌ച്ചയിൽ ഏഴു പഞ്ചായത്തുകളിൽ നിന്നു വരുന്ന വലിയ എണ്ണം രോഗികളിൽ 200 പേർക്ക് മാത്രമാണ് ചികിത്സ ലഭ്യമാകുന്നത്. നിത്യരോഗികളായ പലർക്കും ആ ചിലവ് താങ്ങാനാവുന്നതല്ല.
ഡോക്ടറെ കാണണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. പുലർച്ചെ ആറുമണിക്ക് ആശുപത്രിയിലെത്തി ക്യൂ നിന്നെങ്കിൽ മാത്രമേ, വൈകീട്ട് അഞ്ചു മണിയോടെയെങ്കിലും ഒരു ദിവസം പരോശോധനയ്ക്ക് വിധേയരാകുന്ന നൂറ് പേരിൽ ഉൾപ്പെടാൻ സാധിക്കുകയുള്ളൂ. അതായത്, ജോലിയിൽ നിന്ന് പോലും അവധിയെടുത്ത് ആശുപത്രിയിൽ ക്യൂ നിന്നെങ്കിൽ മാത്രമേ അസുഖത്തിന് ചികിത്സ ലഭ്യമാവുകയുള്ളൂ. രോഗാവസ്ഥയിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്നതാണ് മറ്റൊരു ബുദ്ധിമുട്ട്. സൗകര്യങ്ങൾ നിരവധിയുണ്ടെങ്കിലും കാര്യക്ഷമമായി ഒന്നും ഉപയോഗപ്പെടുത്തുന്നില്ല. ഓപ്പറേഷൻ തീയേറ്ററുകൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി, ആവശ്യത്തിന് ഡോക്ടർമാരില്ല, ഒരു ഡോക്ടർ രണ്ടു ദിവസം കൊണ്ട് നൽകുന്ന പരിശോധന എല്ലാ രോഗികൾക്കും ലഭ്യമാകുന്നില്ല, പ്രസവം വരെ നടത്താറുണ്ടായിരുന്ന ആശുപത്രി ഇപ്പോൾ അതെല്ലാം നിർത്തിവച്ചിരിക്കുന്നു. മാത്രമല്ല, ഗൈനക്കോളജി വിഭാഗം ഡോക്ടർ കുറേക്കാലമായി അവധിയിലുമാണ്.

സർക്കാർ ആശുപത്രിയായിട്ടും സമീപത്തുള്ള ക്വാർട്ടേഴ്‌സില്‍ ഡോക്ടർമാർ സ്വകാര്യപരിശോധനയാണ് നടത്തുന്നത്. ഒരു രോഗിക്ക് 200 രൂപ വീതം ഫീസ് വാങ്ങുകയും ചെയ്യുന്നു. സൗജന്യ സേവനങ്ങൾ പോലും പണം കൊടുത്ത് ലഭ്യമാക്കേണ്ട അവസ്ഥയാണ്. എല്ലുരോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ നിരവധിയാണ്. അതിനാൽ തന്നെ ഒരപകടം പറ്റിയാൽ അടിയന്തിര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ പോകേണ്ടി വരുന്നു. പലപ്പോഴും കുറ്റ്യാടി ആശുപത്രിയിലെ ഡോക്ടർമാർ അപകടം പറ്റിയ രോഗിയെ പരിശോധിക്കുക പോലും ചെയ്യാതെയാണ് മെഡിക്കൽ കോളേജിലേക്കുള്ള റഫറൻസ് ലെറ്റർ കൈമാറുന്നത്. കുറ്റ്യാടിയിൽ നിന്നും 60 കിലോമീറ്റർ ദൂരമുണ്ട് മെഡിക്കൽ കോളേജിലേക്ക്. ആംബുലൻസ് ചാർജ് 1600 രൂപയാണ്. അധിക പണം നൽകിയാണ് ഈ നാട്ടിലെ സാധാരണക്കാർ ഇന്ന് അടിയന്തിര ചികിത്സ നേടുന്നത്.

“ആൾക്കാർടെ സന്തോഷം, അതാണ് മൂപ്പർടെ ഫീസ്”; പയ്യോളിക്കാരുടെ സ്വന്തം മുഹമ്മദ്‌ ഡോക്ടര്‍ തിരിച്ചെത്തിയിട്ടുണ്ട്

പോസ്റ്റുമോർട്ടം ചെയ്യുന്നതിലെ ക്രമക്കേടാണ് മറ്റൊന്ന്. ഡ്യൂട്ടി സമയം കഴിഞ്ഞ്, ഉച്ച രണ്ടു മണിയോടെ മാത്രമേ മോർച്ചറിയിൽ ഡോക്ടർമാർ എത്തുകയുള്ളൂ. അത്രയധികം മണിക്കൂറുകൾ മൃതദേഹവുമായി ബന്ധുക്കൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. വൈകുന്നേരമോ രാത്രിയിലോ ആണ് മരണപ്പെടുന്നതെങ്കിലും പിറ്റേന്ന് ഉച്ച വരെ കാത്തിരിക്കണം. അത്ര ദയനീയ സ്ഥിതിയാണ്. കൂടുതൽ എണ്ണം ഡോകടർമാരുണ്ടായിരുന്നെങ്കിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം സമീപത്തുവച്ച് ഇത്രയും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകില്ല.
രക്തബാങ്ക് പോലും കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിൽ ഇല്ല എന്നതാണ് മറ്റൊരു വാസ്തവം. അടിയന്തിര ശസ്ത്രക്രിയകൾക്കും മറ്റുമായി 60 കിലോമീറ്റർ ദൂരം പിന്നിട്ട് കോഴിക്കോട് നിന്നാണ് രക്തം കൊണ്ടുവരുന്നത്. ഇതിനെല്ലാം പ്രായോഗിക ബുദ്ധിമുട്ടുകൾ ഒരുപാടുണ്ട്. പക്ഷെ സാധാരണക്കാര്‍ക്ക് മറ്റു മാർഗങ്ങളില്ല.

എക്‌സ്-റെ, സ്കാനിംഗ് എന്നീ സൗകര്യങ്ങൾ ഇല്ലാത്തതും, ഇസിജി രാത്രിയിൽ ലഭ്യമല്ലാത്തതും പ്രദേശത്തെ മറ്റു സ്വകാര്യ ലാബുകളിലേക്കാണ് ജനങ്ങളെ തള്ളിവിടുന്നത്. ഉയർന്ന പണം നൽകി വേണം ഓരോ പരിശോധനയും നടത്താൻ. അത്തരം സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന നിലപാടാണ് ഡോക്ടർമാർ കുറച്ചു കാലങ്ങളായി സ്വീകരിക്കുന്നത്. രക്ത പരിശോധനയ്ക്കുള്ള ലബോറട്ടറി, ആശുപത്രിയുടെ മൂന്നാം നിലയായിലായതിന്റെ ബുദ്ധിമുട്ടുകളും വലുതാണ്. പ്രായമായവരും ഗർഭിണികളും തുടങ്ങി ശാരീരിക അവശതകൾക്ക് ചികിത്സ തേടുന്ന ഓരോ രോഗിയും ലിഫ്റ്റ് ഇല്ലാത്തതിനാൽ മൂന്നു നിലകൾ പടികൾ കയറേണ്ടതുണ്ട്. ശുചിയല്ലാത്ത ആശുപത്രി പരിസരവും ബാത്ത്റൂമുകളും പൈപ്പ് ചോർച്ചയുമെല്ലാം മറ്റു വശങ്ങളാണ്. ഇതെല്ലാം സഹിക്കേണ്ടി വരുന്നത് സാധാരണക്കാരന്റെ നിവൃത്തികേടാണ്” – കുറ്റ്യാടി സ്വദേശിയായ യുവാവ് പ്രതികരിക്കുന്നു.

ജനങ്ങളുടെ ആരോഗ്യത്തിന് സംരക്ഷണം നൽകേണ്ട സർക്കാർ ആശുപത്രികൾ തന്നെ ജനങ്ങൾ വലയ്ക്കുന്നത് ആദ്യസംഭവമല്ല. സർക്കാറും മേലുദ്യോഗസ്ഥരും സാധാരണക്കാര്‍ക്ക് നേരെ കണ്ണടയ്ക്കുകയാണോ എന്ന് കുറ്റ്യാടിയിലെ ജനങ്ങൾ ചോദിക്കുന്നു. കൂടുതൽ ഡോക്ടർമരുടെ സേവനം തങ്ങൾക്ക് അത്യാവശ്യമാണെന്ന് ജനങ്ങൾ പറയുന്നു. ആശുപത്രി അധികൃതരുടെ വിശദീകരണത്തിനായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും അവര്‍ പ്രതികരിച്ചില്ല.

എനിക്കുമുണ്ടൊരു മകള്‍, ഡോക്ടറായ മകള്‍; ഒരു റിക്ഷാവാലയുടെ ജീവിതാനുഭവം

80,000 ആദിവാസികളുടെ ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുന്ന ഒരേ ഒരാള്‍

ട്രോമ യൂണിറ്റില്‍ ഈച്ച കയറിയാല്‍ പിഴ, ചെരിപ്പ് റാക്കിലല്ലെങ്കില്‍ പിഴ, രോഗി ഓടിയാല്‍ പിഴ… ശമ്പളവുമില്ല, പിരിച്ചുവിടലും; ചേര്‍ത്തല കെ.വി.എം ആശുപത്രി നഴ്സുമാരുടെ നരകജീവിതം

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍