UPDATES

ട്രെന്‍ഡിങ്ങ്

മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് ബിജെപി നേതാക്കളുടെ മൗനാനുവാദത്തോടെ; എന്തുകൊണ്ട് പത്രസമ്മേളന ബഹിഷ്ക്കരണം?

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ വിശദീകരിക്കുന്നു

ശബരിമലയില്‍ യുവതീ പ്രവേശനം നടന്നതിന് ശേഷം രണ്ട് ദിവസമായി കേരളത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എന്നാല്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. ഈ ആക്രമണങ്ങള്‍ക്ക് നേതാക്കളുടെ മൗനാനുവാദവുമുണ്ട്. കാരണം ഇവയ്‌ക്കെതിരെ അപലപിക്കാനോ ഖേദം പ്രകടിപ്പിക്കാനോ ഇനിയും ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങള്‍ തയ്യാറായിട്ടില്ല. ഇന്നലെ ഹര്‍ത്താല്‍ അനുകൂല സംഘടനകളുടെ നേതാക്കളുടെ പത്രസമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ഇതിന് തിരിച്ചടി നല്‍കിയത്. ഉച്ചയോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനവും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനവും മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. കോട്ടയത്ത് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല വാര്‍ത്താ സമ്മേളനത്തിനായി പ്രസ്‌ക്ലബ്ബ് ഹാള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ ഇത്തരമൊരു നിലപാട് സ്വീകരിച്ച സാഹചര്യം വിശദീകരിക്കുകയാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെ യു ഡബ്ല്യൂ ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍. അഴിമുഖം പ്രതിനിധിയുമായി അദ്ദേഹം നടത്തിയ സംഭാഷണത്തില്‍ നിന്നും:

യഥാര്‍ത്ഥത്തില്‍ പ്രതിഷേധിക്കുന്നത് ശബരിമല കര്‍മ്മ സമിതിയെ മുന്‍നിര്‍ത്തിക്കൊണ്ട് സംഘപരിവാര്‍ ആണ്. അവരുടെ പ്രതിഷേധം സര്‍ക്കാരിനോടും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളോടുമാണ് ഇവര്‍ പ്രതിഷേധം കാണിക്കേണ്ടത്. സ്വാഭാവികമായും അത് മാധ്യമപ്രവര്‍ത്തകരെ ബാധിക്കേണ്ടതല്ല. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ കണ്ട് വരുന്ന കാഴ്ച മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ആക്രമണ ലക്ഷ്യമാകുന്നതാണ്. ഇത് അത്യന്തം അപലപനീയമാണ്. ഞാന്‍ കൃത്യമായ കണക്ക് എടുത്ത് വരുന്നതേയുള്ളൂ. അക്രമ സംഭവങ്ങളില്‍ പരിക്കേറ്റ പോലീസുകാരെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരാണ്. സര്‍ക്കാരിനോടുള്ള പ്രതിഷേധമോ സര്‍ക്കാരിന്റെ നടപടിയോടുള്ള പ്രതിഷേധമോ ആണെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടേണ്ടതില്ല. സന്ദര്‍ഭവശാല്‍ ഏതെങ്കിലും പ്രക്ഷോഭ വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റപ്പെട്ട തരത്തില്‍ ആക്രമിക്കപ്പെടാറുണ്ട്. അങ്ങനെ സംഭവിച്ചു കഴിയുമ്പോള്‍ അതിന് ഉത്തരവാദികളായവര്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയോ ആക്രമണങ്ങളെ തള്ളിപ്പറയുകയോ ചെയ്യാറുണ്ട്.

എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ പല ജില്ലകളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത് അത്തരം ആക്രണമല്ല. അതിന് നേതാക്കന്മാരുടെ മൗനാനുവാദം കൂടി ലഭിക്കുന്നുവെന്നതിനാലാണ് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഞങ്ങളുടെ നയമല്ലെന്ന് പറഞ്ഞ് സംഘപരിവാര്‍ നേതാക്കന്മാരോ ബിജെപി നേതാക്കന്മാരോ അവരുടെ സാമൂഹിക ബോധമുള്ള നേതാക്കന്മാരോ മുന്നോട്ട് വന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ തൊഴില്‍ ചെയ്യുന്നവര്‍ അവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ട് അതിലുള്ള വിയോജനം അവര്‍ ഔദ്യോഗികമായി പ്രകടിപ്പിക്കുന്നില്ല. ഇക്കാര്യത്തില്‍ അവരോട് വളരെയധികം പ്രതിഷേധം ഞങ്ങള്‍ക്കുണ്ട്. അവരുടെ മൗനമാണ് ഇത്തരം ആക്രമണങ്ങള്‍ തുടരാന്‍ കാരണമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഇത് കക്ഷി രാഷ്ട്രീയത്തിനോ ജാതി മത വ്യത്യാസമോ നോക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുള്ള പൊതുവികാരമാണ്. അതുകൊണ്ടാണ് ഇന്ന് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നത്. പ്രതീകാത്മക പ്രതിഷേധമായാണ് സംഘപരിവാര്‍, ബിജെപി നേതാക്കള്‍ മാധ്യമങ്ങളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതിന് പോകേണ്ടതില്ലെന്ന നിലപാടും സ്വീകരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ അതിനെ തടയാന്‍ ശ്രമിക്കാത്തവര്‍ തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിച്ചുകൊണ്ട് നടത്തുന്ന പത്രസമ്മേളനങ്ങള്‍ കേള്‍ക്കാന്‍ പോകേണ്ടതില്ലെന്നാണ് ഞങ്ങള്‍ സ്വീകരിക്കുന്ന നിലപാട്. ഇത് ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെ നിലപാടാണ്. അതിനാലാണ് വിവിധ ജില്ലകളിലെ പത്രസമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചത്.

ബിജെപി നേതാക്കളുടെ വാര്‍ത്ത സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍: ശശികലയ്ക്ക് കോട്ടയം പ്രസ്‌ക്ലബ്ബ് വിട്ടുനല്‍കിയില്ല

ഈയൊരു സമരത്തില്‍ മാത്രമല്ല, ശബരിമല വിഷയം ആരംഭിച്ചപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകരെയെല്ലാം അടിച്ചോടിക്കുകയും അതിഭീകരമായി ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാമൊരു പൊതു മനശാസ്ത്രമുണ്ട്. അത് ഫാസിസ്റ്റ് മനശാസ്ത്രവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് പൊതുവെ പറയാന്‍ സാധിക്കുക. സ്വതന്ത്രമായ മാധ്യപ്രവര്‍ത്തനമെന്നത് ഉന്നതമായ ജനാധിപത്യത്തിന്റെ ഭാഗം കൂടിയാണ്. മാധ്യമങ്ങള്‍ എന്ത് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും അത് തങ്ങള്‍ക്ക് അനുകൂലമായേ റിപ്പോര്‍ട്ട് ചെയ്യാവൂവെന്ന നിര്‍ബന്ധ ബുദ്ധിയുടെ ഭാഗമാണ് ഈ ആക്രമണങ്ങള്‍. ഈ നിര്‍ബന്ധബുദ്ധിയുടെ ഭാഗമാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. ശാരീരികമായ ആക്രമണത്തിലൂടെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന മിഥ്യാബോധമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഇവര്‍ക്ക് ഇഷ്ടമല്ല. അവരുടെ സമരം റിപ്പോര്‍ട്ട് ചെയ്യാനാണ് നമ്മള്‍ പോകുന്നത്. ആ സമരത്തെ പുറംലോകത്തേക്ക് എത്തിക്കുകയെന്ന കര്‍മ്മമാണ് നമ്മള്‍ ചെയ്യുന്നത്. ആ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും അനുവദിക്കുന്നില്ലെന്നതിന്റെ അര്‍ത്ഥം ‘ഞങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ ആരെയും അറിയിക്കേണ്ടതില്ല, അത് ഞങ്ങള്‍ ചെയ്തുകൊള്ളാം എന്നൊരു നിലപാടാണ്. ആ നിലപാട് വളരെ പ്രതിലോമകരമാണ്.

മാധ്യപ്രവര്‍ത്തകരോടുള്ള സംഘപരിവാറിന്റെ അസഹിഷ്ണുത ഈയടുത്തൊരു ദിവസം തുടങ്ങിയതല്ല. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തന്നെ കേരളത്തില്‍ ബിജെപിക്കോ സംഘപരിവാറിനോ ഭരണപരമായ നേതൃത്വം ഇല്ലെങ്കിലും അവര്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ എപ്പോഴും ഭീകരമായി ആക്രമിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മുമ്പും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ തന്നെ പലതവണ അത്തരം സംഭവങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് സംഘപരിവാറിനോട് പ്രത്യേകമായി ഒരു ശത്രുതയില്ല. എല്ലാത്തിനുമപ്പുറം സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള സാഹചര്യം ഒരുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് തടസമുണ്ടാക്കുന്ന കാര്യങ്ങളെ ഞങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ എതിര്‍ക്കുക തന്നെ ചെയ്യും. മുമ്പ് സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാറിന്റെ വധഭീഷണിയുണ്ടായപ്പോഴും ഞങ്ങള്‍ അതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ ഭാഗം തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ശാരീരികവും സോഷ്യല്‍ മീഡിയയിലൂടെയും നടക്കുന്ന ആക്രമണങ്ങള്‍.

ഒരു ‘ആചാര’വും ലംഘിച്ചില്ല, സ്വന്തം ജോലി ചെയ്ത ഒരു പെണ്ണിനെയാണ് ആക്രമിച്ചത്; ക്യാമറ ജേര്‍ണലിസ്റ്റ് ഷജില സംസാരിക്കുന്നു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍