ഏറ്റെടുത്ത ഭൂമിയുടെ വിലയെ സംബന്ധിച്ചും ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും ആരോപണം
സ്ഥാപിക്കപ്പെട്ട് ഏഴ് വര്‍ഷത്തിന് ശേഷവും സ്വന്തമായി കെട്ടിടമില്ലാത്ത മലയാള സര്‍വകലാശാല ഇന്നൊരു വിവാദത്തില്‍പ്പെട്ടിരിക്കയാണ്. കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച ഭൂമിയുമായി ബന്ധപ്പെട്ടാണ് ഭരണ, പ്രതിപക്ഷങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അമിത വില നല്‍കിയ കെട്ടിട നിര്‍മ്മാണത്തിന് യോജ്യമല്ലാത്ത ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ഇതിന് പിന്നില്‍ ഇടതുപക്ഷ നേതാക്കളുടെ താല്‍പര്യമാണുള്ളതെന്നും പ്രതിപക്ഷം ആരോപിക്കുമ്പോള്‍, യുഡിഎഫ് ഭരണകാലത്ത് നടത്തിയ അഴിമതി തിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടതുപക്ഷവും പറയുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
മലയാള ഭാഷ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് 2012-ല്‍ മലയാളം സര്‍വകാലശാല സ്ഥാപിക്കപ്പെട്ടത്. ഭാഷാപിതാവിന്റെ സ്മരണാര്‍ത്ഥം രൂപീകരിക്കപ്പെട്ട തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, തിരൂരില്‍ തന്നെ സ്ഥാപിക്കാനും തീരുമാനിച്ചു. വാക്കാട് തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിന്റെ കീഴിലുള്ള അഞ്ചേക്കര്‍ സ്ഥലത്ത്, പുതിയതായി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തിലാണ് മലയാള സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്.
സ്വന്തമായി ഭൂമിയേറ്റെടുക്കാന്‍ ശ്രമിച്ചിട്ടുള്ളപ്പോഴെല്ലാം, സര്‍വകലാശാല വിവാദത്തിലായിട്ടുമുണ്ട്. 2015 മുതല്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന മലയാള സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കല്‍ വിവാദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിയമസഭയിലും ചര്‍ച്ചയാവുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലമേറ്റെടുപ്പില്‍ അഴിമതി കാണിക്കുന്ന എന്ന വാദവുമായി പ്രതിപക്ഷവും, യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതിക്കരാര്‍ തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന മറുവാദവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയും മലയാള സര്‍വകലാശാല വിഷയത്തില്‍ പോരടിക്കുകയാണ്.
ആതവനാട്, വെട്ടം, തെക്കനന്നാര എന്നിങ്ങനെ പലയിടങ്ങളില്‍ നിന്നും സര്‍വകലാശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും, നിലവില്‍ മാങ്ങാട്ടിരിയിലുള്ള പതിനൊന്നേക്കറാണ് അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നത്. മാങ്ങാട്ടിരിയിലെ ഈ ഭൂമിയുമായി ബന്ധപ്പെട്ടാണ് വര്‍ഷങ്ങളായി വിവാദം നിലനില്‍ക്കുന്നതും. ‘പൂര്‍ണമായും വെള്ളം കെട്ടി നില്‍ക്കുന്നയിടം’ അഥവാ നഞ്ച ഭൂമി എന്ന് റവന്യൂ രേഖകളില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്ന സര്‍വേ നമ്പരുകളിലാണ് മാങ്ങാട്ടിരിയിലെ നിര്‍ദ്ദിഷ്ട സ്ഥലം നില്‍ക്കുന്നത്. കണ്ടല്‍ക്കാടുകളും നീര്‍ക്കെട്ടുകളും നിറഞ്ഞയിടമാണ് മാങ്ങാട്ടിരിപ്പാലത്തിനു സമീപം സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കാനൊരുങ്ങുന്നതെന്ന് പ്രദേശവാസികളും പറയുന്നു. റോഡില്‍ നിന്നും ചുരുങ്ങിയത് ഏഴടിയെങ്കിലും താഴ്ചയുള്ള, നികത്തണമെങ്കില്‍ ലോഡു കണക്കിന് മണ്ണു വേണ്ടി വരുന്ന, പ്രാദേശിക വ്യവഹാരങ്ങളില്‍ ഒട്ടും വിലയില്ലാത്ത ഈ ഭൂമി സര്‍വകലാശാലയ്ക്കായി സര്‍ക്കാര്‍ ഏറ്റടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അതില്‍ തീര്‍ച്ചയായും എന്തോ പന്തികേടുണ്ടെന്ന് തദ്ദേശവാസികളും വിഷയത്തില്‍ ഇടപെട്ടിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സംശയിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ഭൂമി വിവാദത്തില്‍ ഇരു മുന്നണികള്‍ക്കും പങ്കുള്ള റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ കഥയാണ് അന്വേഷണത്തില്‍ തെളിയുന്നത്.
എന്തുകൊണ്ട് മാങ്ങാട്ടിരിയിലെ പതിനേഴ് ഏക്കര്‍?
2012ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരൂരില്‍ മലയാള സര്‍വകലാശാല പ്രഖ്യാപിച്ചപ്പോള്‍ വൈസ് ചാന്‍സലറായി നിയമിച്ചത് ഡോ. കെ. ജയകുമാര്‍ ഐഎഎസിനെയായിരുന്നു. മലയാള സര്‍വകലാശാല എന്ന ആശയം രൂപം കൊണ്ടപ്പോള്‍ത്തന്നെ ക്യാബിനറ്റ് സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയ ഡോ. ജയകുമാറിനെ വി.സിയായി പ്രഖ്യാപിച്ചതോടൊപ്പമാണ് സര്‍വകലാശാലയ്ക്ക് ഉചിതമായ സ്ഥലം ഏറ്റെടുക്കാനുള്ള അധികാരവും അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നത്. തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയ്ക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നീക്കവും അക്കാലത്തു തന്നെ തുടങ്ങിയിരുന്നു. ആതവനാട് പല വ്യക്തികളുടെ കീഴിലായുള്ള സ്ഥലമായിരുന്നു ആദ്യ ഘട്ടം മുതല്‍ പരിഗണിക്കപ്പെട്ടിരുന്നതായി കേട്ടത്. വെട്ടം പഞ്ചായത്തില്‍ വരുന്ന മുപ്പതേക്കര്‍ ഭൂമിയും, തിരൂരില്‍ തെക്കനന്നരയിലുള്ള ബെഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിനു കീഴിലെ ഇരുപത്തിയഞ്ചേക്കറുമെല്ലാം ഇങ്ങനെ പല ഘട്ടങ്ങളിലായി പരിഗണിക്കപ്പെട്ട സ്ഥലങ്ങളാണ്. ഇതിനിടെ, ആതവനാടുള്ള ഭൂമി സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
ചര്‍ച്ചകളും സ്ഥലപരിശോധനയും നിര്‍ബാധം തുടര്‍ന്നതിനു ശേഷം 2015-ലാണ് നിലവില്‍ വിവാദത്തിലായ 17.27 ഏക്കര്‍ സ്ഥലം കണ്ടെത്തുന്നത്. കണ്ടല്‍ക്കാടുകള്‍ അടക്കം ഉള്‍പ്പെടുന്ന ഈ നഞ്ചഭൂമി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത് അന്നത്തെ വി.സി ഡോ. ജയകുമാര്‍ തന്നെയാണെന്ന് വിഷയത്തില്‍ ഇടപെട്ട് പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ ആരോപിക്കുന്നു. സ്ഥലമേറ്റെടുക്കലില്‍ ഉദ്യോഗസ്ഥ തലത്തില്‍ നടന്ന നീക്കങ്ങളെക്കുറിച്ച് സിദ്ധീഖ് പറയുന്നതിങ്ങനെ: “വിസി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതാണ് വെട്ടം പഞ്ചായത്തിലെ പതിനേഴ് ഏക്കര്‍ ഭൂമി. അങ്ങനെയാണ് ഈ സ്ഥലം ചിത്രത്തില്‍ വരുന്നത്. ഈ സ്ഥലമാണ് അനുയോജ്യമെന്ന് തീരുമാനിച്ച ശേഷം സര്‍വകലാശാല ഒരു സാങ്കേതിക കമ്മിറ്റിയെ വിഷയം പഠിക്കാനായി നിയോഗിച്ചിരുന്നു. നിയമപരമായി സാധുവായ ഒരു കമ്മിറ്റിയായിരുന്നില്ല അത്. എന്‍ഐടിയിലെ ഒരു പ്രൊഫസര്‍, സര്‍വകലാശാലയുടെ ഭാഗത്തു നിന്നുമൊരാള്‍, മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മൂന്നു പേര്‍ അടങ്ങിയ ആ കമ്മിറ്റിയാണ് ഈ ഭൂമി ഏറ്റെടുക്കാന്‍ അനുയോജ്യമാണ് എന്ന റിപ്പോര്‍ട്ട് ആദ്യം കൊടുക്കുന്നത്. അതിനു ശേഷം 2016 ഫെബ്രുവരിയിലാണ് ഡിസ്ട്രിക്ട് ലാന്‍ഡ് പര്‍ച്ചേസ് കമ്മറ്റിക്കു മുമ്പാകെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ യോഗം ചേരുന്നത്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ടെക്നിക്കല്‍ കമ്മറ്റിയിലോ, സ്ഥലമെടുപ്പുമായി നടന്ന ചര്‍ച്ചകളിലോ ജനപ്രതിനിധികളോ മന്ത്രിസഭയില്‍ നിന്നുള്ളവരോ ആരുമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ മാത്രമാണ് എല്ലാ ഘട്ടത്തിലും തീരുമാനങ്ങളെടുത്തത്. അന്നത്തെ വിസിക്ക് ഈ ഭൂമിയിലുണ്ടായിരുന്ന താത്പര്യമായിരുന്നു ഇതിലേക്ക് എത്തിച്ച ആദ്യത്തെ ഘടകം. കമ്മിറ്റികളിലൊന്നും ജനപ്രതിനിധികളെ ഉള്‍പ്പെടുത്താതിരുന്നതും അതുകൊണ്ടായിരിക്കണം.”
സ്ഥലമേറ്റെടുക്കലിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ തലത്തിലുള്ള ആരും ഇടപെട്ടിരുന്നില്ലെന്നും, സര്‍വകലാശാലാ അധികൃതരും ഉദ്യോഗസ്ഥരും മാത്രമായിരുന്നു ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നും സിദ്ധീഖ് പറയുന്നുണ്ട്. എന്നാല്‍, ഏകദേശം ഒരുവര്‍ഷക്കാലത്തോളം തുടര്‍ന്ന ഈ ചര്‍ച്ചകള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെയോ തദ്ദേശീയരായ രാഷ്ട്രീയപ്രവര്‍ത്തകരുടെയോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്ന വാദത്തിന് എന്തു സാധുതയാണുള്ളത് എന്നും പരിശോധിക്കേണ്ടതുണ്ട്. 2016 ഫെബ്രുവരി അവസാനമാണ് സ്ഥലത്തിന് വില നിശ്ചയിക്കുന്ന യോഗം നടന്നതെന്നും, ചര്‍ച്ചയ്ക്കു ശേഷം വില നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ച കാര്യം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചാല്‍ മാത്രമേ ആ തീരുമാനത്തില്‍ സര്‍ക്കാര്‍ പങ്കാളിയായതായി കണക്കാക്കാനാകൂ എന്നുമാണ് സിദ്ധീഖിന്റെയും തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടിയുടെയും വാദം. 2016 ഫെബ്രുവരിയില്‍, തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുന്നെ മാത്രമാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തതെന്നും, തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ജയം മുന്നില്‍ക്കണ്ട് അതിനു ശേഷം നീക്കാനായി സ്ഥലമേറ്റെടുപ്പിന്റെ ഫയലുകള്‍ വൈകിപ്പിക്കുകയായിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍ നിഷേധിച്ചിരുന്നു.
എംഎല്‍എ മമ്മൂട്ടിയുടെ ആരോപണമിങ്ങനെ: “ജില്ലാ കലക്ടര്‍ ഭൂവുടമകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടി വില നിശ്ചയിക്കാനുള്ള ചര്‍ച്ചകളിലേക്ക് കടന്നത് 2016 ഫെബ്രുവരി 17-നാണ്. യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടായി അയയ്ക്കുന്നത് ജൂണ്‍ 23-നും. ഇതിനിടെ തെരഞ്ഞെടുപ്പു വിജ്ഞാപനം നിലവില്‍ വന്നിരുന്നു. 2016 ജൂണ്‍ ആറിന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ ഒരു കത്തയച്ചിരുന്നു. ആ കത്തില്‍ പറയുന്നത്, വില നിശ്ചയിക്കേണ്ടതുണ്ടെന്നും സമിതി നിശ്ചയിച്ച വിലയിലും കുറച്ച് ബെഞ്ച്മാര്‍ക്ക് ഗ്രൂപ്പ് സ്ഥലം വിട്ടുതരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ്. അതായത്, അപ്പോഴും സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറി ദിവസങ്ങള്‍ക്കു ശേഷമാണിത്. അനുയോജ്യമെന്നു കണ്ടെത്തിയ 17.21 ഏക്കര്‍ ഭൂമി യുടെ വില കുറയ്ക്കാനാകുമോ എന്നന്വേഷിക്കാനും സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സ്ഥലമിടപാട് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അത്തരമൊരു നിര്‍ദ്ദേശം വയ്ക്കേണ്ട കാര്യമില്ലല്ലോ”. എന്നാല്‍, സി. മമ്മൂട്ടി എംഎല്‍എ ചൂണ്ടിക്കാട്ടുന്ന അതേ റിപ്പോര്‍ട്ടില്‍ കലക്ടറുടെ തന്നെ മറ്റൊരു പരാമര്‍ശവുമുണ്ട്. സാങ്കേതിക സമിതി അനുയോജ്യമെന്നു കണ്ടെത്തിയ മങ്ങാട്ടിരിയിലെ 17.27 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട് എന്നതാണത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തും ഇതേ സ്ഥലം ഏറ്റെടുക്കാനായി ചരടുവലികള്‍ നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
നടപ്പുവില നാല്‍പ്പതിനായിരം, സര്‍ക്കാര്‍ കൊടുക്കുന്നത് ഒന്നര ലക്ഷം
യുഡിഎഫ് സര്‍ക്കാരിന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പങ്കില്ലെന്ന് എംഎല്‍എ അടക്കമുള്ളവര്‍ ആവര്‍ത്തിക്കുന്നതില്‍ കഴമ്പുണ്ടെന്ന് കരുതാനാവില്ലെങ്കിലും, സിദ്ധീഖ് പന്താവൂരും സി. മമ്മൂട്ടിയുമടക്കമുള്ളവര്‍ മുന്നോട്ടുവയ്ക്കുന്ന ആരോപണങ്ങള്‍ തള്ളികളയാവുന്നതല്ല. ഏക്കറിന് ഒന്നരക്കോടിയോളം രൂപ അധികവില നല്‍കിയാണ് സര്‍ക്കാര്‍ മങ്ങാട്ടിരിയിലെ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആരോപണം. “വെള്ളക്കെട്ടുള്ള സ്ഥലമാണ്. അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ പറ്റില്ല. വിറ്റാല്‍ വലിയ വിലയും കിട്ടില്ല. സെന്റിന് അമ്പതിനായിരം ഒക്കെ കിട്ടിയാല്‍പ്പോലും വന്‍ ലാഭമാണ്. പതിനായിരം രൂപയ്ക്കു വരെ ഈ വെള്ളക്കെട്ടുള്ള സ്ഥലം വിറ്റൊഴിവാക്കിയവരുണ്ട്. യൂണിവേഴ്സിറ്റി ഏറ്റെടുക്കാന്‍ പോകുന്ന സ്ഥലം ചുരുങ്ങിയ വിലയ്ക്കാണ് ഇവര്‍ വാങ്ങിച്ചതെന്നാണ് അറിവ്”, പ്രദേശവാസികളൊരാള്‍ പറയുന്നു. സെന്റിന് 40,110 രൂപ നടപ്പുവില നിര്‍ണ്ണയിച്ചിരിക്കുന്നയിടത്താണ് 1,70,000 രൂപയ്ക്ക് സര്‍വകലാശാല അധികൃതരുമായി ഭൂവുമകള്‍ വില്‍പ്പനയ്ക്കൊരുങ്ങിയിരുന്നത്. 2016 ഫെബ്രുവരിയില്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തുക നിര്‍ണ്ണയിക്കപ്പെട്ടത്.
അയ്യായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ മാത്രം മൂല്യം വരുന്ന നഞ്ച നിലങ്ങള്‍ക്ക് ഭൂവുടമകള്‍ ആദ്യം ആവശ്യപ്പെട്ടത് മൂന്നു ലക്ഷമാണെന്ന് സിദ്ധീഖ് ആരോപിക്കുന്നു. “ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥര്‍, ഭൂവുടമകള്‍ എന്നിവരാണ് കമ്മറ്റിയില്‍ ചര്‍ച്ചയ്ക്കിരുന്നത്. മൂന്നു ലക്ഷം രൂപയാണ് ഭൂവുടമകള്‍ പറഞ്ഞ വില. ജില്ലാ കലക്ടര്‍ ഒരു ലക്ഷം രൂപ വരെ പറയുകയും ചെയ്തു. ഭൂമിയുടെ സ്വഭാവമനുസരിച്ച് റോഡുള്ളത്, റോഡില്ലാത്തത്, വെള്ളത്താല്‍ ചുറ്റപ്പെട്ടത് എന്നിങ്ങനെ മൂന്നു വിഭാഗമാക്കിത്തിരിച്ച് പ്രത്യേകം വിലകള്‍ നിശ്ചയിക്കാം എന്ന് കലക്ടര്‍ പറഞ്ഞെങ്കിലും അതും തീരുമാനമായില്ല. ഈ ചര്‍ച്ചയുടെ അവസാനത്തിലാണ് 1,70,000 എന്ന് വില നിശ്ചയിക്കുന്നത്. 2016 ജൂണിലാണ് ഇതിന്റെ പേപ്പറുകള്‍ സര്‍ക്കാരിലേക്കെത്തുന്നത്. അപ്പോള്‍ മാത്രമാണ് ഈ ഭൂമിയാണ് എടുക്കാന്‍ പോകുന്നതെന്നും, വില സംബന്ധിച്ച വിവരങ്ങളും പൊതു പ്രവര്‍ത്തകര്‍ അറിയുന്നത്. ഒരു ഭൂമി സര്‍ക്കാര്‍ ആവശ്യത്തിന് ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം വിശദമായി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. പരിശോധനയ്ക്കു ശേഷം മൂന്നു കാര്യങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യേണ്ടത്. ഒന്ന്, ഭൂമിയുടെ സ്വഭാവം. മറ്റൊന്ന് വില. മൂന്നാമതായി, ഈ ആവശ്യത്തിന് പ്രസ്തുത ഭൂമി ഏറ്റെടുത്ത് ഉപയോഗിക്കാന്‍ സാധിക്കുമോ എന്നത്. ഭൂമിയുടെ വില നിശ്ചയിക്കാനും കൃത്യമായ മാനദണ്ഡങ്ങള്‍ നെഗോഷിയേഷന്‍ കമ്മറ്റി പാലിക്കേണ്ടതുണ്ട്. ഭൂമിയിരിക്കുന്ന സ്ഥലത്ത് അവസാനം നടന്ന പതിനൊന്ന് സ്ഥലമിടപാടുകള്‍ പരിശോധിച്ച് അതിന്റെ ശരാശരിയാണ് ശുപാര്‍ശ ചെയ്യേണ്ട വില. ആ വിലയിലാണ് പിന്നെ ചര്‍ച്ച നടക്കേണ്ടത്. അങ്ങനെ ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം ഈ സര്‍വേ നമ്പറിലുള്ള ഭൂമിക്ക് നിശ്ചയിച്ചിരിക്കുന്ന വില 40,110 രൂപയാണ്. ആ വിലയിലാണ് ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നത്. അതില്‍ നിന്നും പത്തോ ഇരുപയോ അമ്പതോ ശതമാനം വരെ ആവശ്യമനുസരിച്ച് വില വര്‍ദ്ധിപ്പിച്ചു കൊടുക്കാം. ഇവിടെ പക്ഷേ ഈ വിലയുടെ നാന്നൂറു ശതമാനത്തിലധികം വില വര്‍ദ്ധിപ്പിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. കൃത്യമായ ചട്ടലംഘനമാണത്.”
“ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ജില്ലാ ഭരണകൂടം നിശ്ചയിച്ച ഭൂമിയല്ല. വൈസ് ചാന്‍സിലര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. ജില്ലാ ഭരണകൂടം സമര്‍പ്പിച്ച സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 41,110-യാണ് സ്ഥലത്തിന്റെ വില” , ജില്ലാ കലക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെ സൂചിപ്പിച്ചിട്ടുള്ളതായി സി. മമ്മൂട്ടി എംഎല്‍എയും പറയുന്നുണ്ട്. ആതവനാടും തെക്കനന്നരയുമുള്ള സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് സര്‍വകലാശാലാ അധികൃതര്‍ മങ്ങാട്ടിരിയിലെ സ്ഥലം മതിയെന്നു തീര്‍ച്ചപ്പെടുത്തിയതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. കരഭൂമിയിലുള്ള ഈ രണ്ട് നിര്‍ദ്ദേശങ്ങളും നിലനില്‍ക്കേ, പ്രദേശവാസികളെ പറഞ്ഞു ബോധ്യപ്പെടുത്തി അവ പരിഗണിക്കാന്‍ നോക്കാതെ നഞ്ച ഭൂമി തന്നെ നികത്തണം എന്നു തീരുമാനിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിക്കുന്നു. ആതവനാട് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്ന ഭൂവുടമകളും, ജോസി മാഞ്ഞൂരാന്‍ എന്ന സ്വകാര്യ വ്യക്തിയും തങ്ങളുടെ ഭൂമി സര്‍വകലാശാലാ ഉദ്യോഗസ്ഥരോ സമിതിയോ പരിഗണിച്ചില്ല എന്ന പരാതിയുമായി മുന്നോട്ടു വന്നിരുന്നു. സ്ഥലമേറ്റെടുക്കലുമായി സര്‍ക്കാരിനു മുന്നോട്ടു പോകാം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഭൂവുടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇക്കഴിഞ്ഞ ദിവസം തള്ളിപ്പോയിരുന്നു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രീം കോടതി ഇടപെടേണ്ടതില്ലെന്നും, ആരുടെ സ്ഥലം വാങ്ങിക്കണം എന്നു നിര്‍ദ്ദേശിക്കാന്‍ കോടതിയ്ക്ക് കഴിയില്ലെന്നും നിരീക്ഷിച്ചായിരുന്നു അപ്പീല്‍ തള്ളിയത്. എന്നാല്‍, സ്ഥലമേറ്റെടുത്തിരിക്കുന്നത് ശരിയായ മാര്‍ഗ്ഗത്തിലാണെന്ന് വിലയിരുത്തി കേസ് തള്ളിയതല്ല, മറിച്ച് കോടതി ഇടപെടേണ്ടതില്ലെന്ന് അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് സി. മമ്മൂട്ടി എംഎല്‍എയുടെ പക്ഷം.
Azhimukham Special: സിപിഎം ചിലവില്‍ കോണ്‍ഗ്രസിനെ തേടിവരുന്ന വിജയങ്ങള്‍; ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിയില്‍ സംഭവിക്കുന്നത്
ആരാണ് പതിനേഴ് ഏക്കര്‍ നഞ്ച നിലത്തിന്റെ ഉടമകള്‍?
1,70,000 രൂപ എന്ന വിലയില്‍ നിന്നും അല്‍പ്പം കുറയ്ക്കാന്‍ സാധ്യമാണോ എന്നു പരിശോധിക്കാന്‍ 2016-ല്‍ സര്‍ക്കാര്‍ സമിതിയോട് നിര്‍ദ്ദേശിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് 2017 മേയ് 30ന് വിലയിരുത്തല്‍ ചര്‍ച്ച നടന്നതും, പതിനായിരം രൂപ കുറച്ച് 1,60,000 രൂപയായി വില മാറ്റി നിര്‍ണ്ണയിച്ചതും. പതിനേഴ് ഏക്കറിനു പകരം കണ്ടല്‍ക്കാടുകള്‍ വരുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 11 ഏക്കറാക്കി ചുരുക്കിയതും ആ യോഗത്തില്‍ത്തന്നെ. യുഡിഎഫ് സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ച അഴിമതിയുടെ ആഘാതം കുറയ്ക്കുകയാണ് താന്‍ ചെയ്തതെന്ന് മന്ത്രി കെ.ടി ജലീല്‍ പറയുകയും ചെയ്തു. നാല്‍പ്പതിനായിരം രൂപ മാത്രം നടപ്പുവില വരുന്ന ഭൂമി, ആദ്യത്തെ തീരുമാനത്തില്‍നിന്നും വെറും പതിനായിരം രൂപ മാത്രം കുറച്ച് 1,60,000 രൂപയ്ക്ക് നിജപ്പെടുത്തുന്നതിലും ക്രമക്കേടുണ്ട് എന്ന വാദത്തിനോടു മാത്രം മന്ത്രി വ്യക്തമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍, കെ.ടി ജലീലിനും ഇടതുപക്ഷ സര്‍ക്കാരിനും മങ്ങാട്ടിരിയിലെ ഭൂമിയില്‍ പ്രത്യേക താല്‍പര്യമുണ്ടാകാന്‍ പല കാരണങ്ങളുമുണ്ട് എന്നാണ് മുസ്ലിം ലീഗ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. നിലവില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഭൂമിയുമായി താനൂരിലെ ഇടതുപക്ഷ എംഎല്‍എ വി. അബ്ദുറഹ്മാനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി തിരൂരില്‍ മത്സരിച്ചിരുന്ന ഗഫൂര്‍ പി. ലില്ലിസിനും അടുത്ത ബന്ധമുണ്ടെന്നാണ് സിദ്ധീഖ് ഉയര്‍ത്തുന്ന ആരോപണം.
“ഒമ്പതു പേരുടെ പക്കലുള്ള ഭൂമിയാണ് ഈ പതിനേഴ് ഏക്കര്‍. അതില്‍ അഞ്ചു പേര്‍ ഗഫൂര്‍ പി. ലില്ലിസും അദ്ദേഹത്തിന്റെ നാലു സഹോദരന്മാരുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂര്‍ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയും, ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എല്‍ഡിഎഫിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റുമായിരുന്നു ഗഫൂര്‍. താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന്റെ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ബാക്കി. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഈ പ്രദേശത്ത് ഏഴായിരത്തിനും രണ്ടായിരത്തിനും ഇടയിലാണ് ഫെയര്‍ വാല്യു. നടപ്പുവില അന്വേഷിച്ചാല്‍ത്തന്നെ റോഡെത്തുന്നയിടത്ത് നാല്‍പ്പതിനായിരം രൂപ മാത്രമാണ്. റോഡെത്താത്ത ഭാഗങ്ങളെല്ലാം പുഞ്ചക്കണ്ടങ്ങളാണ്. റവന്യൂ രേഖകളില്‍ ഇവിടെ നഞ്ച ഭൂമിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യായിരം മുതല്‍ പതിനയ്യായിരം വരെയാണ് ഈ ഭാഗങ്ങള്‍ക്ക് വില. ഇതേ ഭൂമി നിലവിലെ ഉടമകള്‍ എത്ര രൂപയ്ക്കാണ് വാങ്ങിയതെന്ന് അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന കണക്കുകളാണ്. ഒമ്പതിനായിരം രൂപയാണ് ഇവര്‍ ഭൂമിയ്ക്കായി മുടക്കിയിരിക്കുന്ന ഏറ്റവും കൂടിയ വില. നഞ്ച ഭൂമി പൊതു ആവശ്യത്തിനായി നികത്താം എന്ന നിയമം അന്നു നിലനിന്നിരുന്നു. അതിനുള്ള കൃഷി ഓഫീസറുടെ അനുമതിയും നേടിയിട്ടുണ്ട്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ സ്ഥലമാണിത്. എങ്ങനെ നോക്കിയാലും ഇടതുപക്ഷ നേതാക്കള്‍ക്ക് മാത്രമാണ് ഈ കച്ചവടത്തില്‍ ലാഭം”, സിദ്ധിഖ് ആരോപിക്കുന്നു.
സിദ്ധിഖിന്റെ ആരോപണത്തിനു തുടര്‍ച്ചയായി, ഈ വിഷയം നിയമസഭയില്‍ ഉയര്‍ത്തിയ സി. മമ്മൂട്ടി എംഎല്‍എ പറയുന്നതിങ്ങനെ: “മെയ് 30ന് നടന്ന വില നിര്‍ണയ യോഗത്തില്‍ പങ്കെടുത്തത് വി അബ്ദുറഹ്മാനെന്ന താനൂര്‍ എംഎല്‍എയുടെ സഹോദരപുത്രന്മാരും ഗഫൂര്‍ പിയുടെ സഹോദരങ്ങളാണ്. പുറത്തുള്ള ഒരാള്‍ പോലുമില്ല. എടുക്കുന്നത് ഇടതുപക്ഷ സര്‍ക്കാരും വില്‍ക്കുന്നത് ഇടതുപക്ഷ നേതാക്കളും ആയതോടെ നെഗോഷിയേഷനൊന്നും നടന്നില്ല എന്നതാണ് വാസ്തവം. ‘സ്ഥലപരിശോധനയില്‍ വെള്ളക്കെട്ടുള്ള സ്ഥലമാണെന്ന് ഫിനാന്‍സ് ഓഫീസറും ഡെപ്യൂട്ടി കലക്ടറും അഭിപ്രായപ്പെട്ടു’ എന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. നീരൊഴുക്കിനെ ബാധിക്കാതെ ഭൂമി പരിവര്‍ത്തനപ്പെടുത്താന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പക്ഷേ, ഈ സ്ഥലം ഒരിക്കലും നിര്‍മാണയോഗ്യമല്ല. ഇപ്പോഴത്തെ സ്ഥലമുടമകള്‍ ഈ ഭൂമി വാങ്ങുന്നത് 2015ല്‍ മാത്രമാണ്. അന്ന് സ്ഥലം രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതിന്റെ ഫെയര്‍വാല്യു വെറും മൂവായിരം രൂപയായിരുന്നു. സെന്റിന് ഒമ്പതിനായിരം രൂപയ്ക്ക് പരിസരവാസികളില്‍ നിന്നും ഇവര്‍ സ്ഥലം വാങ്ങിച്ചതിന്റെ രേഖകള്‍ എന്റെ പക്കലുണ്ട്. സ്ഥലമുടമകളെ കണ്ട് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, വെള്ളക്കെട്ടുള്ള ഈ സ്ഥലത്തിന് ഒമ്പതിനായിരം കിട്ടിയത് ലാഭമാണെന്നാണ്. സര്‍ക്കാരിനെക്കൊണ്ട് ഈ ഭൂമി വാങ്ങിപ്പിക്കാം എന്ന കണക്കുകൂട്ടലിലാണ് സ്ഥലമെടുത്തെന്നത് വ്യക്തം. ഒരേക്കറിന് ഒന്നരക്കോടി രൂപയാണ് ഇവര്‍ക്ക് ലാഭമായി കിട്ടുന്നത്.”
ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ടെങ്കിലും, വിഷയത്തില്‍ പ്രതികരിക്കാന്‍ വി. അബ്ദുറഹ്മാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, സി. മമ്മൂട്ടി എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കെ.ടി ജലീല്‍ ഉന്നയിക്കുന്നതും ശക്തമായ ആരോപണങ്ങള്‍ തന്നെയാണ്. സര്‍വകലാശാലയ്ക്കായി ആതവനാട് അടക്കമുള്ള മറ്റു ഭൂമികള്‍ ഏറ്റെടുക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടെന്ന് മന്ത്രി ആരോപിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നു തീരുമാനിച്ച ഭൂവുടമകളുടെ താല്‍പര്യത്തിനൊപ്പമാണ് പ്രാദേശിക യുഡിഎഫ് നേതൃത്വം നിലകൊള്ളുന്നതെന്നും ആരോപണമുണ്ട്. വൈസ് ചാന്‍സലറായിരുന്ന ഡോ. കെ. ജയകുമാര്‍ ഐ.എ.എസിനെയാണ് വിഷയത്തില്‍ സിദ്ധിഖ് അടക്കമുള്ളവര്‍ പഴിചാരുന്നത്. “2017-ല്‍ ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തിവച്ചു എന്ന് അന്നത്തെ വിസി പറഞ്ഞിരുന്നതാണ്. അന്നത്തെ ആരോപണങ്ങളില്‍ നിന്നും തലയൂരാന്‍ വേണ്ടി മാത്രം ചെയ്തതാണിത്. അതിനു ശേഷം വന്ന വിസിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വളരെ വേഗത്തിലാണ് തീരുമാനമെടുത്തിട്ടുള്ളത്” എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാല്‍, ഇരുമുന്നണികള്‍ക്കും പങ്കുള്ള അഴിമതിയാണ് മലയാള സര്‍വകലാശാല വിഷയത്തില്‍ നടന്നിരിക്കുന്നത് എന്ന് അനുമാനിക്കാനും കാരണങ്ങളുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനപ്രതിനിധികളോ മന്ത്രിസഭാംഗങ്ങളോ അറിയാതെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരു വര്‍ഷക്കാലത്തോളം നീണ്ടുപോയി എന്നതു തന്നെ വിശ്വസനീയമല്ലാത്ത വാദമാണെന്നത് ഒരു വശം. മങ്ങാട്ടിരിയിലെ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു എന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് പരിഗണിക്കേണ്ട മറ്റൊരു വസ്തുത. സാങ്കേതിക സമിതിയും പൊതുസഭയും യോഗം ചേരുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്താണ് മങ്ങാട്ടിരിയിലെ ഭൂമി അനുയോജ്യമാണെന്നു കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം അംഗീകരിക്കുന്നുണ്ട്. മലയാള സര്‍വകലാശാലയുടെ പരമാധികാര സഭയായ പൊതുസഭയിലെ ഔദ്യോഗിക അംഗങ്ങളിലൊരാളാണ് സി. മമ്മൂട്ടി എംഎല്‍എ. എന്നാല്‍, പൊതുസഭ അറിഞ്ഞിരിക്കുകയും അംഗീകരിക്കുകയും ചെയ്ത ഒരു വിഷയത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല എന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. വസ്തുതകളിലുള്ള ഈ പൊരുത്തക്കേടുകള്‍ തന്നെയാണ് മലയാള സര്‍വകലാശാലയില്‍ നടക്കുന്നത് ഇരു മുന്നണികള്‍ക്കും പങ്കുള്ള അഴിമതിയാണെന്ന വാദത്തിന്റെ അടിസ്ഥാനവും.
‘പഠിപ്പിക്കുന്നത് പരിസ്ഥിതി പാഠം, പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി വിരുദ്ധതയും’
പാരിസ്ഥിതിക പഠനം എന്ന ഒരു പഠന വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല. സര്‍വകലാശാലയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ മങ്ങാട്ടിരിയില്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതികാഘാതങ്ങള്‍ക്ക് കണക്കിലെടുക്കുന്നില്ലെങ്കില്‍, അത്തരമൊരു വിഭാഗത്തിന്റെ ആവശ്യം തന്നെ എന്താണെന്നു ചിന്തിക്കേണ്ടിവരും. കരഭൂമികള്‍ പാടേ ഒഴിവാക്കി, നഞ്ച നിലം തന്നെ സര്‍വകലാശാലയ്ക്കായി കണ്ടെത്തിയിരിക്കുന്നതിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പാടേ എതിര്‍ക്കുകയാണ്. കണ്ടല്‍ക്കാടും നീര്‍ക്കെട്ടുമുള്ള ഭൂമി ഏറ്റെടുത്തു നികത്തിയാല്‍ അതു വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കും എന്നത് ഫ്രണ്ട്സ് ഓഫ് നേച്ചര്‍ പ്രവര്‍ത്തകന്‍ റഫീഖ് ബാബുവും ശരിവയ്ക്കുന്നു. ഏഴടിയോളം മണ്ണിട്ട് ഉയര്‍ത്തിയെടുത്ത് പരിവര്‍ത്തനപ്പെടുത്തേണ്ടിവരുന്നതും ഒരു വലിയ പ്രശ്നം തന്നെയാണ്. അഴിമതി യുഡിഎഫ് സര്‍ക്കാരിന്റേതാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേതാണെന്നും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടയിലും, ജനപ്രതിനിധികള്‍ ശ്രദ്ധിക്കേണ്ട കാര്യവും ഇതാണ്. നിലവില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ള പതിനൊന്ന് ഏക്കറിന്റെ പരിസരപ്രദേശങ്ങളിലുള്ള സമാനമായ ഭൂമിയും ഇതേ ഭൂവുടമകളുടെ കൈവശമാണുള്ളത്. സര്‍വകലാശാല ഇവിടെ സ്ഥാപിക്കപ്പെട്ടാല്‍, കാലക്രമേണ ഈ സ്ഥലങ്ങളെല്ലാം വലിയ വിലയ്ക്കു തന്നെ ഇവരില്‍ നിന്നും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കുമെന്നും പരാതിക്കാര്‍ സൂചിപ്പിക്കുന്നുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നിലനിന്നിരുന്നെന്നും, ഏറെക്കാലം ഇക്കാര്യം തീരുമാനമാകാതെ പോയത് ഈ എതിര്‍പ്പു കൊണ്ടാണെന്നും പ്രദേശവാസികളില്‍ ചിലരെങ്കിലും വെളിപ്പെടുത്തുന്നുണ്ട്. വിഷയം നിയമസഭയിലടക്കം ചര്‍ച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, സ്ഥലമേറ്റെടുപ്പിലെ അഴിമതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായേക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരിക്കുകയാണെങ്കിലും, അടുത്ത നിയമനടപടിക്ക് ഒരുങ്ങുമെന്നാണ് പരാതിക്കാരുടെ പക്ഷം. മലയാള സര്‍വകലാശാല സ്ഥാപിക്കപ്പെട്ടതു തന്നെ അഴിമതിയ്ക്കു വേണ്ടിയാണെന്ന വാദം 2012 മുതല്‍ക്കു നിലനില്‍ക്കുന്നതാണ്. നിയമനത്തിലെ ക്രമക്കേടുകളും ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയും നിരവധി തവണ ചര്‍ച്ചയായിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ ക്യാംപസ്സിനായി സ്ഥലമേറ്റെടുക്കുന്നതിലും വിവാദമുയരുന്നതോടെ, വലിയ പ്രതീക്ഷകളോടെ സ്ഥാപിക്കപ്പെട്ട ഒരു സര്‍വകലാശാലയാണ് കരിനിഴലിലാകുന്നത്.