UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ 79% ദളിതരും 26,193 കോളനികളില്‍; ഒന്നാം നമ്പര്‍ കേരളത്തിലെ ഭൂരഹിതരുടെ ഞെട്ടിക്കുന്ന കണക്കുകള്‍

തൊവരിമല തുടക്കമോ ഒടുക്കമോ അല്ല; കേരളത്തിലെ ദളിത്‌-ആദിവാസി ഭൂസമരങ്ങളുടെ ചരിത്രം വഞ്ചിക്കപ്പെട്ടവരുടേത് കൂടിയാണ്

“ഓരോ ഭൂസമരവും വരുമ്പോള്‍ കുറേ ആളുകള്‍ അഭിപ്രായം പറയും. അത് പറയുകയും എഴുതുകയും ഒക്കെ ചെയ്ത് അതോടെ തീരും. പ്രശ്‌നത്തിന് ആത്യന്തികമായി ഒരു പരിഹാരവും ഉണ്ടാവുന്നുമില്ല”, കേരളത്തിലെ ഒരു ഭൂസമരത്തിന് നേതൃത്വം നല്‍കിയിരുന്ന സ്ത്രീയുടെ പ്രതികരണം. ഓരോ ഭൂസമരങ്ങളുമുണ്ടാവുമ്പോള്‍ കേരളത്തിലെ ഒരു വിഭാഗമാളുകള്‍ ഉണരുകയല്ല, മറിച്ച് അവകാശ നിഷേധങ്ങള്‍ തുടരുന്നതിന്റെ നിരാശയില്‍ സ്വയം പഴിക്കുകയാണ്.

ഒരു ജനതയുടെ അവകാശങ്ങള്‍ക്കായുള്ള നിലവിളികള്‍ക്കും പോരാട്ടങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോഴും അവരെവിടെ നില്‍ക്കുന്നു എന്നതിനുള്ള മറുപടിയാണ് കേരളത്തില്‍ തുടരുന്ന, പുതുതായി രൂപം കൊള്ളുന്ന ഭൂസമരങ്ങള്‍. മരിച്ചാല്‍ അടക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ കേരളത്തില്‍ രണ്ടര ലക്ഷം കുടുംബങ്ങള്‍ ഔദ്യോഗിക കണക്കിലും നാല് ലക്ഷത്തോളം കുടുംബങ്ങള്‍ ഈ കണക്കില്‍ പെടാതെയും ജീവിക്കുന്നു. കേരളത്തിലെ 79 ശതമാനം ദളിതരും കഴിയുന്നത് 26,193 കോളനികളിലാണ്. 14,000 അധിവാസ മേഖലകളിലും 6742 കോളനികളിലുമായി കോളനികളില്‍ ആദിവാസികളും പതിനായിരത്തിലധികം ലയങ്ങളില്‍ തോട്ടംതൊഴിലാളികളും 522 കോളനികളില്‍ മത്സ്യത്തൊഴിലാളികളും ജീവിതം കഴിച്ചുകൂട്ടുന്നു. അതേസമയം കേരളത്തിന്റെ 58 ശതമാനം റവന്യൂ ഭൂമി ഇരുന്നൂറോളം വരുന്ന കുത്തകകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും അനധികൃതമായും കൈയ്യടക്കി വച്ച് അനുഭവിക്കുന്നു. ഭൂരഹിതരായവര്‍ തങ്ങള്‍ക്ക് ഭൂമി നല്‍കണമെന്ന ആവശ്യവുമായി വര്‍ഷങ്ങളായി ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ നിലവിളിക്കുന്നു. ഈ കണക്ക് നിരത്തലുകളും ദളിതരുടേയും ആദിവാസികളുടേയും ജീവിതങ്ങളും കണ്ണീര്‍കഥകളും പോരാട്ടങ്ങളും കേരളം കേള്‍ക്കാനും കാണാനും തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം മാത്രം ഉണ്ടായില്ല.

ഭൂസമരങ്ങളും പിന്നീടുണ്ടായതും

ഭൂസമരങ്ങള്‍ വിപ്ലവമുണ്ടാക്കിയ മണ്ണാണ് കേരളത്തിലേത്. കാര്‍ഷിക സമരങ്ങളും ഭൂസമരങ്ങളും നടത്തി മിച്ചഭൂമിയില്‍ കയറി അവകാശം സ്ഥാപിച്ചയിടം. പിന്നീട് ഭൂപരിഷ്‌ക്കരണം നിയമം നടപ്പിലാക്കി. എന്നാല്‍ സമരങ്ങള്‍ക്ക് മാത്രം ഇപ്പോഴും അവസാനമായിട്ടില്ല. ഭൂപരിഷ്‌ക്കരണം നടപ്പാക്കിയപ്പോഴും അതില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു തുണ്ട് ഭൂമിയില്ലാത്തവരും കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്ത കര്‍ഷകരും കാലങ്ങളായി അവരുടെ അവകാശത്തിനായി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. വര്‍ഗരാഷ്ട്രീയ സമീപനങ്ങളിലൂന്നിയ ഭൂസമരങ്ങളില്‍ നിന്ന് മാറി മറ്റൊരു രാഷ്ട്രീയം പറഞ്ഞുകൊണ്ടായിരുന്നു ആദിവാസി ജനത സംഘടിച്ചത്. 1960-ല്‍ മുത്തങ്ങയെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചപ്പോഴും 1980-കളില്‍ യൂക്കാലി പ്ലാന്റേഷന് വേണ്ടിയും ആയിരക്കണക്കിന് ആദിവാസികളെയാണ് സര്‍ക്കാര്‍ മുത്തങ്ങയില്‍ നിന്ന് ഒഴിപ്പിച്ചത്. ഭൂമിയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ പിന്നീട് വളരെയധികം മോശപ്പെട്ട സാഹചര്യങ്ങളിലാണ് ജീവിച്ച് വന്നത്. ആദിവാസികളുടെ പട്ടിണിമരണങ്ങള്‍ തുടര്‍സംഭവമായപ്പോഴാണ് 2001ല്‍ ആദിവാസികള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. 45000 ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ കൃഷിഭൂമി നല്‍കണ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി എകെ ആന്റണിയുടെ വീട്ടുപടിക്കല്‍ കുടില്‍ കെട്ടി സമരമാരംഭിച്ചു. 48 ദിവസത്തെ സമരത്തിനൊടുവില്‍ സര്‍ക്കാര്‍ ആദിവാസികളുടെ പുനരധിവാസവും ഭൂമിവിതരണവും ഉറപ്പ് നല്‍കി. സമരം അവസാനിച്ചു. പക്ഷെ ഉറപ്പുകള്‍ നടന്നില്ല. ഉറപ്പുകള്‍ പാലിക്കപ്പെടാതെ വന്നപ്പോള്‍ സി കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും നേതൃത്വത്തില്‍ ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനത്തില്‍ പ്രവേശിച്ചു. സ്വയംഭരണം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുത്തങ്ങ വനഭൂമിയില്‍ അവര്‍ അവകാശം സ്ഥാപിച്ചത്. അവര്‍ അവിടെ കൃഷി ആരംഭിച്ചു. എന്നാല്‍ 2003-ല്‍ സര്‍ക്കാര്‍ ഈ മുന്നേറ്റം അടിച്ചമര്‍ത്തി. ആദിവാസി കുടിലുകള്‍ തീവച്ച് നശിപ്പിക്കപ്പെട്ടു. ഇരുന്നൂറോളം ആദിവാസികളെ തുരത്താന്‍ പോലീസ് സകലസംവിധാനങ്ങളുമായി എത്തി. കണ്ണീര്‍വാതക പ്രയോഗിച്ചും വെടിവയ്പ്പുമായി പോലീസ് അതിക്രൂരമായി ആദിവാസികളെ ഒഴിപ്പിച്ചു. വനത്തില്‍ ഒളിച്ചിരുന്ന ആദിവാസികള്‍ക്ക് നേരെ വെടിവയ്പ്പുമുണ്ടായി. വ്യാപകമായ അറസ്റ്റും നടന്നു. 37 കുഞ്ഞുങ്ങളെയടക്കം ആദിവാസികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. നേതാക്കളായ ജാനുവിനേയും ഗീതാനന്ദനേയും അറസ്റ്റ് ചെയ്തു. അന്ന് പോലീസിന്റെ അടിയേറ്റ് വീര്‍ത്ത ജാനുവിന്റെ മുഖം ആ സമരത്തെ സര്‍ക്കാര്‍ നേരിട്ടത് എങ്ങനെയെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടുന്നതായിരുന്നു. പോലീസും സര്‍ക്കാരും ചേര്‍ന്ന് അതിക്രൂരമായി അടിച്ചമര്‍ത്തിയ ആദിവാസി മുന്നേറ്റം പലരീതിയില്‍ ചര്‍ച്ചയായി. പക്ഷേ, സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തങ്ങ പാക്കേജ് ഇപ്പോഴും നടപ്പായിട്ടില്ല.

മുത്തങ്ങ സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വളരെ പരിമിതമായ അളവില്‍ മാത്രമാണ് നടപ്പാക്കപ്പെട്ടത്. പിന്നീട് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2006 മെയ് 31-ന് മുമ്പ് ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുമെന്ന് 2006 സെപ്തംബര്‍ 27-ന് ഉറപ്പ് നല്‍കി. എന്നാല്‍ അത് നടപ്പിലാവാതിരുന്നതോടെ ളാഹാ ഗോപാലന്റെ നേതൃത്വത്തില്‍ 2007 ജനുവരിയില്‍ സാധുജന വിമോചന സംയുക്ത വേദി ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ സമരമാരംഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് വേണ്ടത് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതോടെ സമരം വേണ്ടെന്ന് വച്ചു. എന്നാല്‍ മാസങ്ങള്‍ പോയിട്ടും ഭൂമിവിതരണം ചെയ്യാനുള്ള നീക്കമില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തില്‍ 300 ഭൂരഹിത കുടുംബങ്ങള്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കുമ്പഴ എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത്. ഭൂവിഭവാധികാര രാഷ്ട്രീയത്തെ കേരളത്തിന്റെ പൊതുവിടത്തിലേക്കെത്തിച്ച സമരമായി പിന്നീട് ചെങ്ങറ ഭൂസമരം. ദളിതരും ആദിവാസികളുമുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ പെട്ട 7500-ഓളം ഭൂരഹിത കുടുംബങ്ങള്‍ പിന്നീട് ചെങ്ങറയിലെത്തി. നിരവധി സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ ഇവരെ ഒഴിപ്പിക്കാന്‍ പോലീസും റവന്യൂ അധികൃതരും സര്‍ക്കാരും ശ്രമിച്ചെങ്കിലും വിലപ്പോയില്ല. മുത്തങ്ങയില്‍ അതിക്രമം കാട്ടിയ യുഡിഎഫ് ചെങ്ങറയിലെ സമരക്കാര്‍ക്ക് പിന്തുണയായെത്തി. ചെങ്ങറിയിലെ ഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയവര്‍ കൃഷിയിറക്കുകയും എസ്റ്റേറ്റിലെ റബ്ബര്‍ വെട്ടി ഉപജീവനം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. അനധികൃതമായി ഹാരിസണ് കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യമാണ് സമരക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. 790 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 2009 ഒക്ടോബര്‍ അഞ്ചിന് 1432 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരം ഔദ്യോഗികമായി അവസാനിച്ചു. ഏഴായിരം കുടുംബങ്ങളിലധികം ചെങ്ങറയില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ 1738 പേരെ മാത്രമാണ് പരിഗണിച്ചത്. ഇതില്‍ മുന്നൂറ് പേരുടെ പേരില്‍ വസ്തുവുണ്ടായിരുന്നു എന്ന് പറഞ്ഞ് അവര്‍ക്ക് ഭൂമി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പുകളുണ്ടായിരുന്നിട്ടും നേതാക്കള്‍ ആ നിര്‍ദ്ദേശം അംഗീകരിച്ചു. ചെങ്ങറയില്‍ കുടിയേറിയവരില്‍ ചിലര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതം ചെയ്തു. എന്നാല്‍ പലരും ചെങ്ങറയില്‍ നിന്ന് പോവാന്‍ തയ്യാറല്ലായിരുന്നു. പാക്കേജ് അംഗീകരിച്ചവര്‍ക്ക് വയനാട്, കാസര്‍ഗോഡ്, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിലായി ഭൂമി ലഭിച്ചു. എന്നാല്‍ വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയതില്‍ പ്രതിഷേധിച്ച് പലരും ആ ഭൂമി വിട്ട് തിരികെ പോന്നു. വാസയോഗ്യമോ കൃഷിയോഗ്യമോ അല്ലാത്ത ഭൂമിയായിരുന്നു ഇവയില്‍ പലതും. ചിലര്‍ക്ക് ഒരേക്കര്‍ ഭൂമി ലഭിച്ചപ്പോള്‍ മറ്റുചിലര്‍ക്ക് 25 സെന്റ് ഭൂമിയുമാണ് ലഭിച്ചത്. ചെങ്ങറയില്‍ ഇപ്പോഴും മുവ്വായിരത്തലധികം പേര്‍ താമസിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വോട്ടവകാശമോ റേഷന്‍കാര്‍ഡോ പോലും ലഭിക്കാതെ ഇവര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.

2012 ഡിസംബര്‍ 31ന് രാത്രിയാണ് കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പ ഭൂമിയിലേക്ക് ഭൂരഹിതരായ ദളിതരും ആദിവാസികളും മറ്റു വിഭാഗങ്ങളും എത്തുന്നത്. കൃഷി ഭൂമി നല്‍കുക എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. “മൂന്ന് സെന്റ് ഭൂമി ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് കൃഷിചെയ്യാന്‍ ഭൂമി വേണം”, അരിപ്പ സമരക്കാരുടെ മുദ്രാവാക്യമിതായിരുന്നു. ഇപ്പോഴും പരിഹരിക്കപ്പെടാതെ അരിപ്പ ഭൂസമരം നിലനില്‍ക്കുന്നു. സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണം കഴിച്ചിരുന്ന അരിപ്പ സമരക്കാരോട് ഇനിമേല്‍ കൃഷിചെയ്യരുതെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയിരുന്ന 90 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തു. ഇതില്‍ 21.54 ഏക്കര്‍ ഭൂമി ചെങ്ങറ പാക്കേജിന്റെ ഭാഗമായി വിതരണം ചെയ്ത് പട്ടയം നല്‍കി. എന്നാല്‍ ബാക്കിയുള്ള ഭൂമി അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാണ് ഭൂസമരസമിതിയുടെ ആവശ്യം. സമരക്കാരിലെ ആദിവാസികള്‍ക്ക് മാത്രം ഭൂമി വിതരണം ചെയ്യാമെന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്കും ഭൂമി നല്‍കാതെ സര്‍ക്കാര്‍ ഡിമാന്‍ഡ് അംഗീകരിക്കാന്‍ കഴിയിലലെന്നാണ് സമരസമിതിയുടെ നിലപാട്.

പിന്നീടും നിരവധി ചെറുതും വലുതുമായ ഭൂസമരങ്ങള്‍ കേരളത്തിലുണ്ടായി. ചിലത് തുടരുന്നു.

ഏറ്റവും ഒടുവില്‍ കേരളത്തിന്റെ ശ്രദ്ധയിലേക്ക് വന്ന ഭൂസമരമാണ് തൊവരിമലയിലേത്. ആദിവാസികളുള്‍പ്പെടെ ആയിരക്കണക്കിന് ഭൂരഹിതര്‍ ഏപ്രില്‍ 21-ന് വൈകിട്ട് വയനാട്ടിലെ തൊവരിമലയില്‍ എത്തി കുടില്‍ കെട്ടി സമരം ആരംഭിച്ചു. തൊവരിമലയില്‍ ഹാരിസണില്‍ നിന്ന് 1970-ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനമേഖല ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നതായിരുന്നു അവരുടെ ആവശ്യം. തിരഞ്ഞെടുപ്പ് തലേന്നും തിരഞ്ഞെടുപ്പ് ദിവസവും ഒരുവിധ നടപടിക്കും മുതിരാതിരുന്ന സര്‍ക്കാര്‍ 24-ന് രാവിലെ എട്ട് മണിയോടെ ഭൂമിയിലെത്തി സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ചിതറിയോടിയവര്‍ ഒന്നിച്ച് കളക്ട്രേറ്റിന് മുന്നില്‍ സമരമാരംഭിച്ചു. സമരം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യുന്നുണ്ട്. ഇല്ലെങ്കില്‍ ഇത്രയും ആദിവാസികള്‍ക്ക് ഇതിനോടകം പട്ടയങ്ങള്‍ വിതരണം ചെയ്യില്ലായിരുന്നല്ലോ. ഈ പാവങ്ങള്‍ക്ക് ചിലപ്പോ ഭൂമി കിട്ടിക്കാണില്ല. അക്കാര്യം പരിശോധിക്കും. വേണ്ട നടപടികളെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്”. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. അറുന്നൂറ് കുടുംബങ്ങള്‍ക്ക് 70 ഏക്കര്‍ ഭൂമി നല്‍കാം എന്ന പരിഹാരം മുന്നോട്ടുവച്ചു. എന്നാല്‍ സമരക്കാര്‍ അത് അംഗീകരിച്ചില്ല. “സര്‍ക്കാര്‍ പറയുന്ന ഭൂമി വാങ്ങിയാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നത് 10 സെന്റും പതിനൊന്ന് സെന്‌റുമാണ്. അതിനായല്ല ഞങ്ങള്‍ സമരം ചെയ്തത്. ഭൂമിയില്ലാത്തവര്‍ അടിസ്ഥാന കര്‍ഷക വിഭാഗങ്ങളാണ്. അവര്‍ക്ക് കൃഷി ചെയ്യാനാണ് ഭൂമി വേണ്ടത്. വീണ്ടും മൂന്നും സെന്റും അഞ്ച് സെന്റും പത്ത് സെന്റും തന്ന് ഞങ്ങളെ അതിനുള്ളിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. കൃഷി ചെയ്യാന്‍ ഭൂമി ലഭിക്കാതെ സമരം അവസാനിക്കില്ല”, സമരസമിതി നേതാക്കള്‍ ഇതിനോടുള്ള പ്രതികരണമായി പറഞ്ഞു.

നിക്ഷിപ്ത വനഭൂമിയും കോര്‍പ്പറേറ്റുകളുടെ കൈവശമുള്ള ഭൂമിയും- സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ത്?

ശബരിമല വിഷയത്തിലേക്ക് കേരളം മുഴുവന്‍ ശ്രദ്ധതിരിച്ച സമയത്താണ്, കൃത്യമായി പറഞ്ഞാല്‍ 2018 ഒക്ടോബര്‍ 28-ന് സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുന്നത്. ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവരുടെ തോട്ടങ്ങളില്‍ നിന്ന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടും, കഴിഞ്ഞ എട്ട് വര്‍ഷമായി സ്വീകരിക്കാതിരുന്ന കരം സ്വീകരിക്കാനുമായിരുന്നു അത്. മുഖ്യമന്ത്രി, റവന്യൂ, വ്യവസായം, തൊഴില്‍, വനംവകുപ്പ് മന്ത്രിമാരും കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളും പങ്കെടുത്ത യോഗത്തിലായിരുന്നു നിര്‍ണായകമായ തീരുമാനം വന്നത്. കാലപ്പഴക്കം വരുന്ന മരങ്ങള്‍ വെട്ടിമാറ്റരുതെന്ന് കോടതി വിലക്കിയിരുന്നെങ്കിലും പിന്നീട് സീനിയറേജ് തീരുമാനിച്ച് ഉത്തരവിട്ടു. കാലപ്പഴക്കം വന്ന മരങ്ങള്‍ മുറിച്ച് മാറ്റുമ്പോള്‍ ഒരു മരത്തിന് 2500 രൂപ വീതം സര്‍ക്കാരിലേക്ക് അടയ്ക്കാനായിരുന്നു നിര്‍ദ്ദേശം. ഭൂമി കമ്പനികളുടേതാണെന്ന് തെളിയിച്ചാല്‍ സര്‍ക്കാര്‍ അത് തിരികെ നല്‍കും. വലിയതുക സര്‍ക്കാരിലേക്ക് അടക്കേണ്ടി വരുമെന്നതിനാല്‍ മിക്ക എസ്‌റ്റേറ്റുകളിലും മരംമുറി നടക്കുന്നില്ലായിരുന്നു. ഒക്ടോബര്‍ 28-ന് ചേര്‍ന്ന യോഗത്തില്‍ സീനിയറേജ് ഒഴിവാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിന് പുറമെയാണ് കരം സ്വീകരിക്കാനുള്ള തീരുമാനവും. ഇത് കുത്തക കമ്പനികളെ സംരക്ഷിക്കുന്ന നിലപാടാണെന്നും നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുക്കുന്നതിന് പകരം സര്‍ക്കാര്‍ തോട്ടം മുതലാളിമാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നും വലിയ വിമര്‍ശനമുയര്‍ന്നു. കോടതിയുടെ നിയന്ത്രണത്തിന് വിധേയമായി കരമടയ്ക്കാം എന്നാണ് സര്‍ക്കാര്‍ വച്ച നിര്‍ദ്ദേശം. ഇതിന്‍ പ്രകാരം 12 കമ്പനികള്‍ കരമടയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് സര്‍ക്കാരുകള്‍ നിശ്ചയിച്ച വിവിധ കമ്മീഷനുകള്‍ കണ്ടെത്തിയ ഭൂമിയുടെ കരം സ്വീകരിക്കുന്നതോടെ, തോട്ടം മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാര്‍ ഒത്താശചെയ്യുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

Also Read: കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങള്‍ എന്തുകൊണ്ട് ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നില്ല? എം. ഗീതാനന്ദന്‍ സംസാരിക്കുന്നു

തോട്ടംകുത്തകകള്‍ക്ക് അനുകൂലമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ ഹാരിസണിനെതിരെ എല്ലാ തെളിവുകളുമുണ്ടായിട്ടും കേസ് മന:പൂര്‍വ്വം തോറ്റ് കൊടുത്തതാണെന്ന വിമര്‍ശനമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. കെ സന്തോഷ് കുമാറിന്റെ നിരീക്ഷണം ഇങ്ങനെ: “നടപടിക്രമങ്ങള്‍ എല്ലാം നിയവിരുദ്ധവും അനധികൃതവും വ്യാജപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളെ മുഴുവന്‍ ടാറ്റ, ഹാരിസണ്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തോട്ടം കുത്തകള്‍ക്കു വേണ്ടിയും ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എന്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് നിവേദിത പി ഹരന്‍ റിപ്പോട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഡി സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ. എം ജി രാജമാണിക്യം റിപ്പോര്‍ട്ട് തുടങ്ങിയ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി വി ആശ ഹാരിസണ്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം ജി രാജമാണിക്യത്തെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. അദ്ദേഹം വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ടും നല്‍കി. കോടതിയില്‍ സത്യവാങ്മൂലം നല്‍കാതെയും കോടതി നടപടികള്‍ സ്വീകരിക്കാതെയും സ്പെഷ്യല്‍ ഓഫീസിന്റെ അധികാരം ദുര്‍ബലപ്പെടുത്തിയും ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് റവന്യു വകുപ്പും ഇടതുപക്ഷ സര്‍ക്കാരും നടത്തിയത്. ഹാരിസണ്‍ തോട്ടഭൂമി ഏറ്റെടുക്കണമെന്നത് സംബന്ധിച്ച അന്തിമവാദം 2018 ജനുവരി 30-ന് ഹൈക്കോടതി ആരംഭിച്ചു. ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മിലുള്ള കേസ് കോടതി മൂന്ന് പ്രാവശ്യം പരിഗണിച്ചപ്പോഴും കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അഭിഭാഷകര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. എന്ന് മാത്രമല്ല ഹാരിസണ്‍ കേസും അവര്‍ അനധികൃതമായും നിയമവിരുദ്ധമായും ഭൂമി മറിച്ചുവിറ്റ ടി ആര്‍ ആന്‍ഡ് ടി, റിയ, ചെറുവള്ളി, ബോയ്സ്, ബ്രൈമൂര്‍ കേസുകളും വാദിക്കാനാളില്ലാതെ തോട്ടങ്ങള്‍ക്ക് അനുകൂലമായ വിധി വരികയാണ് ചെയ്തത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആറ് അഭിഭാഷകരെ ഹാരിസണ്‍ കേസ് വാദിക്കുന്നതിനായി നിയമിച്ചത്. ഒരാളുപോലും ഈ അന്വേഷണ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ വിജിലന്‍സ് റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ കോടതിയില്‍ വാദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹാരിസണ്‍ മലയാളത്തിന് അനുകൂലമായ വിധി വരുന്നത്. ഈ വിധിയോട് കൂടിയാണ് മുഴുവന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളും അട്ടിമറിക്കപ്പെടുന്നത്. ഇതിലൂടെ കേരളത്തിന്റെ അഞ്ചുലക്ഷത്തി ഇരുപതിനായിരത്തിലധികം ഏക്കര്‍ ഭൂമി നഷ്ടപ്പെടുകയാണ്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് ഹാരിസണ്‍ -ടാറ്റ കേസുകള്‍ സൂക്ഷ്മമായും കൃത്യമായും പഠിക്കുകയും കോടതിയില്‍ കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ നല്‍കി അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുകയാണ്. സമഗ്രമായ രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ ബി ജി ഹരീന്ദ്രനാഥിന്റെ വിവാദ റിപ്പോര്‍ട്ട് പുറത്ത് വന്നു. അതിന് ശേഷം സ്പെഷ്യല്‍ ഓഫീസിനെ തന്നെ ദുര്‍ബലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നുണ്ടെന്നോ ഇല്ലെന്നോ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. മറ്റൊരു പ്രധാന കാര്യം, 2010-ല്‍ ഹാരിസണ്‍ മലയാളത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുകയും ഹാരിസണ്‍ ഭൂമി സ്വകാര്യ ഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത രജ്ഞിത്ത് തമ്പാനെ ഹാരിസണിന് എതിരായി കേസ് വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടു വരാന്‍ ശ്രമിച്ചത് ഹാരിസണ്‍ കേസ് അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണെന്ന് വ്യക്തമാണ്. നടപടിക്രമങ്ങള്‍ എല്ലാം നിയവിരുദ്ധവും അനധികൃതവും വ്യാജപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളെ മുഴുവന്‍ ടാറ്റ – ഹാരിസണ്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തോട്ടം കുത്തകള്‍ക്കു വേണ്ടിയും ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്.”

ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തോട്ടം ഭൂമിയുടെ കാര്യം ഇങ്ങനെയാവുമ്പോള്‍ നിക്ഷിപ്തവനഭൂമിയായി സര്‍ക്കാര്‍ തിരിച്ചുപിടിച്ച ഭൂമിയുടെ കാര്യം എങ്ങനെയാണെന്ന് നോക്കാം. 1971-ല്‍ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണത്തിലൂടെയാണ് സ്വകാര്യവനഭൂമി നിക്ഷിപ്തവനഭൂമിയായി ഏറ്റെടുക്കുന്നത്. തൊവരിമലയുള്‍പ്പെടെ ഉള്ളത് ഈ ഗണത്തില്‍ പെട്ട ഭൂമിയാണ്. ഈ നിയമപ്രകാരം ആദിവാസികള്‍ക്ക് കൃഷി ഭൂമി നല്‍കാമെന്നിരിക്കെ സര്‍ക്കാര്‍ അത് നല്‍കാത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് മുത്തങ്ങ സമരക്കാര്‍ നിക്ഷിപ്തവനഭൂമി ആദിവാസികള്‍ക്കായി വിതരണം ചെയ്യണമെന്ന ആവശ്യമുന്നയിച്ചത്. ഗീതാനന്ദന്‍ സംസാരിക്കുന്നു: “1974-ല്‍ ഈ ഭൂമി ഏത് തരത്തില്‍ വിനിയോഗിക്കാമെന്ന് പഠിക്കാന്‍ മാധവമേനോന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. അറുപതിനായിരം ഏക്കര്‍ ഭൂമി വിതരണം ചെയ്യാം എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തരിശ് കിടക്കുന്നതും കൃഷിചെയ്തിരുന്നതുമായ ഭൂമിയുണ്ടായിരുന്നു അതില്‍. അതില്‍ എത്ര ഭൂമി അസൈനബിള്‍ ആണെന്നും അല്ലാത്തതേത് ഭൂമിയാണെന്നും എല്ലാം കൃത്യമായി പഠിച്ചാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആദിവാസികള്‍ക്കും ദളിതര്‍ക്കും എന്ന ഒരു പ്രത്യേക സെക്ഷന്‍ തന്നെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഞങ്ങളുടെ തിരുവനന്തപുരത്തെ കുടില്‍ കെട്ടി സമരത്തില്‍, നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ അപ്പോള്‍ നടപടിയുണ്ടായില്ല. നിക്ഷിപ്ത വനഭൂമി അമ്പത് ശതമാനം ആദിവാസികള്‍ക്കും മുപ്പത് ശതമാനം ദളിതര്‍ക്കും 20 ശതമാനം മറ്റ് അടിസ്ഥാനസൗകര്യവികസനത്തിനും ഉപയോഗിക്കാമെങ്കിലും കണ്‍കറന്‍സ് ആക്ട് വന്നതോടെ ഭൂമി നല്‍കണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രത്തോട് അനുവാദം വാങ്ങണം. അതിനായി ഭൂമി വിട്ടുനല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് 19,800 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കി. 2004 മുതല്‍ അഞ്ച് വര്‍ഷക്കാലത്തോളം അത് അംഗീകരിക്കാനുള്ള നടപടികള്‍ വൈകിയിരുന്നു. ഒടുവില്‍ 2009 ഏപ്രില്‍ 29-നാണ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അതില്‍ ഒപ്പു വയ്ക്കുന്നത്. വയനാട്ടിലെ ചിതലയം, പൂക്കോട്, അട്ടപ്പാടിയിലെ കരുവാര, ചിണ്ടക്കി, വട്ടുളക്കി അങ്ങനെ നിരവധി നിക്ഷിപ്ത വനഭൂമികള്‍ അനുവദിച്ചതില്‍ ഉള്‍പ്പെട്ടിരുന്നു. വയനാട്ടില്‍ മാത്രം ഏഴായിരത്തോളം ഏക്കര്‍ ഭൂമി അനുവദിച്ച് ഉത്തരവായിരുന്നു. എന്നാല്‍ ഇത്രയും കാലമായിട്ടും ഭൂമി വിതരണം പൂര്‍ത്തിയായിട്ടില്ല.”

2017 വരെയുള്ള കണക്കുകള്‍ പ്രകാരം എണ്ണായിരം ഏക്കറില്‍ താഴെ ഭൂമി മാത്രമാണ് ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആയിരത്തിലധികം ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്തതായാണ് റവന്യൂവകുപ്പ് അധികൃതര്‍ നല്‍കിയ മറുപടി. പൂക്കോട് മാത്രമാണ് ഭൂമിയുടെ പുനര്‍വിതരണം നടന്നിട്ടുള്ളത്. എന്നാല്‍ അതില്‍ ഭൂരിഭാഗം ഭൂമിയും കയ്യേറ്റക്കാരുടെ കയ്യിലാണെന്ന ആരോപണവും സാമൂഹ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും ഈ ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം. അട്ടപ്പാടിയില്‍ ആദിവാസികള്‍ നിക്ഷിപ്തവനഭൂമി വിതരണം ചെയ്‌തെങ്കിലും ആദിവാസികളുടെ കൈകളിലേക്ക് ഈ ഭൂമി എത്തിയിട്ടില്ല. ഈ ഭൂമിയില്‍ ഫാമുകള്‍ ഉണ്ടായെങ്കിലും അതിന്റെ ഗുണഫലവും ആദിവാസികള്‍ക്ക് ലഭ്യമായിട്ടില്ല. ഇതിനിടെ ആറളത്ത് 7000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വനംവകുപ്പില്‍ നിന്ന് വിലകൊടുത്ത് വാങ്ങി അതില്‍ 3500 ഏക്കര്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ അതിന്റെ ഗുണഫലം പറ്റിയവരില്‍ ഭൂരിഭാഗം പേരും സ്വന്തമായി ഭൂമിയുള്ളവരായിരുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചവരുടെ കൈകളിലേക്കാണ് ഭൂമി പോയതെന്നും വിമര്‍ശനമുയര്‍ന്നു.  ആദിവാസികള്‍ക്ക് വിതരണം ചെയ്തതില്‍ പകുതിയിലധികം ഭൂമി സ്വകാര്യവ്യക്തികള്‍ പൈനാപ്പിള്‍ കൃഷി നടത്തുകയാണ്. ഇവിടങ്ങളിലേക്കെത്തുന്ന ആനകളാണ് ആദിവാസികളെ ചവിട്ടിക്കൊല്ലുന്നതും ഉപദ്രവിക്കുന്നതെന്നും ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ അരിപ്പ ഭൂസമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ മറ്റൊരു അപകടത്തെക്കുറിച്ചാണ് പറയുന്നത്: “നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്കും ദളിതര്‍ക്കും നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല എന്നത് ഒരു വശം. എന്നാല്‍ ആറളത്ത് സര്‍ക്കാര്‍ വിലനല്‍കി വാങ്ങിയ ഭൂമി പോലും വനംവകുപ്പ് തിരികെ ചോദിച്ചിരിക്കുകയാണ്. വന്യജീവി ശല്യത്തിന്റെ പേര് പറഞ്ഞാണ് ഈ ഭൂമി ഒഴിപ്പിക്കാന്‍ വനംവകുപ്പ് സര്‍ക്കാരിനോട് അനുമതി ചോദിച്ചിരിക്കുന്നത്. ആദിവാസികള്‍ക്ക് ആ ഭൂമി കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്. ആദിവാസികള്‍ക്കും ദളിതര്‍ക്കും മൂന്നും അഞ്ചും പത്തും സെന്റ് ഭൂമി നല്‍കി ഒതുക്കുക എന്നതില്‍ ഇടതും വലതും രാഷ്ട്രീയപാര്‍ട്ടികള്‍ വെവ്വേറെയല്ല. ഇതിലുപരിയായി ഇത്തരം സമരങ്ങള്‍ നടത്തുന്നയിടങ്ങളില്‍ പരമാവധി ഭിന്നിപ്പുണ്ടാക്കാനും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ നേതാക്കളും ശ്രമിക്കുകയാണ്. അരിപ്പയില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാമെന്നാണ് ഇപ്പോള്‍ അവരുടെ നിലപാട്. പക്ഷെ ഞങ്ങള്‍ അതിന് വഴങ്ങിയിട്ടില്ല. ആദിവാസികള്‍ക്ക് കിട്ടേണ്ടതാണ്, പക്ഷെ അതിനൊപ്പം സമരം ചെയ്യുന്ന ദളിതര്‍ക്കും കൂടി ഭൂമി നല്‍കണം. എന്നാല്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി സമരക്കാര്‍ക്കിടയില്‍ സ്പ്ലിറ്റ് ഉണ്ടാക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നത്. സമരക്കാരിലെ മറ്റ് വിഭാഗങ്ങളാണ് ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാതിരിക്കാന്‍ കാരണമാവുന്നതെന്നെല്ലാം പറഞ്ഞ് അവരുടെ മനസ്സ് മാറ്റുകയാണ്. ഇന്നും കൂടി ആദിവാസികളുടെ പ്രത്യേക യോഗം സമരഭൂമിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ട്രൈബല്‍ പ്രമോട്ടര്‍ വന്ന് ആദിവാസികളുടെ കണക്കെടുത്ത് പോയി. അവര്‍ക്ക് ആനുകൂല്യം നല്‍കാനാണെന്ന് പറഞ്ഞാണ് വന്നത്. ഇത്രയും കാലം സമരഭൂമിയിലെ ആദിവാസികള്‍ എവിടെയാണെന്ന് തിരിഞ്ഞ് നോക്കാത്തവരാണ്. 2003ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലേക്ക് ഞങ്ങള്‍ കയറുന്നത് 2012-ലാണ്. അതുവരെ മിച്ചഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാമെന്ന് ഇവര്‍ക്ക് തോന്നിയില്ലല്ലോ. എന്നിട്ട് തിരഞ്ഞെടുപ്പിന് മുമ്പ് വന്ന് ആദിവാസികള്‍ക്ക് ആനുകൂല്യം നല്‍കുക, അവര്‍ക്ക് മാത്രം ഭൂമി അനുവദിക്കാമെന്ന് പറയുക, പരമാവധി സംഘര്‍ഷമുണ്ടാക്കാനും സമരം തകര്‍ക്കാനുമാണ് അവരെല്ലാം ശ്രമിക്കുന്നത്. ശബരിമല തീരുമാനം നല്ലത് തന്നെ. അക്കാര്യങ്ങള്‍ എല്ലാവരും ചര്‍ച്ച ചെയ്യട്ടെ. പക്ഷെ അതിനിടക്ക് സര്‍ക്കാര്‍ നടത്തിയ കാര്യങ്ങള്‍ ആരും കാര്യമായി ചര്‍ച്ച ചെയ്തില്ല. ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂലമായ തീരുമാനം എടുത്തു. അല്ലാതെ ആ ഭൂമി നിയമനിര്‍മ്മാണം നടത്തി തിരിച്ച് പിടിക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായിപ്പോയി നമ്മളുടേത്.”

Also Read: ‘കുഞ്ഞിക്കണാരനെ പോലീസ് കൊണ്ടുപോയി, കുട്ടികളെ വരെ ഉപദ്രവിക്കുന്നു, കുറേപ്പേര്‍ കാട്ടിലൊളിച്ചു’; തൊവരിമലയില്‍ കുടില്‍കെട്ടിയവരെ ഒഴിപ്പിക്കുന്ന വിവരങ്ങളാണിത്

ഇതിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീറോ ലാന്‍ഡ്‌ലെസ് പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു. മൂന്ന് സെന്റ് വീതം ഭൂരഹിതര്‍ക്ക് നല്‍കുന്ന പദ്ധതിയായിരുന്നു അത്. ദേശീയതലത്തില്‍ ഭൂപരിഷ്‌ക്കരണ ആശയം ഉയര്‍ന്ന് വന്നിരുന്നു അന്ന്. പാര്‍പ്പിട ആവശ്യത്തിന് പത്ത് സെന്റും കാര്‍ഷിക ആവശ്യത്തിന് രണ്ടര സെന്റും വിതരണം ചെയ്യാമെന്നായിരുന്നു യുപിഎ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ആ സമയത്ത് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പത്ത് സെന്റില്‍ നിന്ന് മൂന്ന് സെന്റ് ആക്കി അത് കുറച്ചു. കൃഷി ഭൂമിയെക്കുറിച്ച് പ്രതിപാദിച്ചതേയില്ല. എന്നാല്‍ ആ പദ്ധതിയും വിജയകരമായി നടപ്പാക്കാനായിട്ടില്ല. ഭൂമി കണ്ടെത്താനുള്ള പ്രയാസങ്ങളും, ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്ന് കാണിച്ച് പലരും തിരികെ നല്‍കുന്നതുമാണ് കാരണം.

നിയമങ്ങള്‍ ധാരാളമുണ്ടായിട്ടും നിയമനിര്‍മ്മാണങ്ങള്‍ക്ക് സാധ്യതയുണ്ടായിട്ടും അതിനെന്തുകൊണ്ട് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നില്ല എന്നതാണ് ചോദ്യം. പാര്‍പ്പിട സൗകര്യം മാത്രമല്ല അവര്‍ ചോദിക്കുന്നത്, കൃഷി ചെയ്തിരുന്ന ഒരു ജനത അവര്‍ക്ക് കൃഷി ചെയ്യാനുള്ള ഭൂമിയാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഭൂമി എന്ന അധികാരവും അവകാശവുമാണ് അവരുടെ ആവശ്യം. അത് ലഭ്യമാവും വരെ, ഭൂപരിഷ്‌ക്കരണത്തില്‍ തഴയപ്പെട്ട എല്ലാവര്‍ക്കും ഭൂമി കിട്ടുന്നത് വരെ അടിസ്ഥാന വര്‍ഗങ്ങള്‍, ദളിത്- ആദിവാസി വിഭാഗങ്ങള്‍ അതിജീവനത്തിനായി മല്ലിട്ടുകൊണ്ടേയിരിക്കും എന്നതാണ് ആവര്‍ത്തിക്കപ്പെടുന്ന ഭൂസമരങ്ങള്‍ തെളിയിക്കുന്നത്. തൊവരിമലയില്‍ കയറിയ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ മന്ത്രി നിക്ഷിപ്തവനഭൂമിയുടെ വിതരണത്തിലോ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമനിര്‍മ്മാണം നടത്തി തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ടോ സംസാരിക്കാന്‍ താത്പര്യം കാണിച്ചില്ല എന്നതും ശ്രദ്ധേയമാണ്. “വയനാട്ടില്‍ ഇപ്പോള്‍ ഭൂസമരം നടക്കുന്നുണ്ട്. അതിന് എന്താ വേണ്ടെതെന്ന് നോക്കും. ഇക്കാര്യങ്ങളൊന്നും എനിക്ക് പറയാന്‍ താത്പര്യമില്ല. അത് ചോദിക്കുകയും വേണ്ട” എന്നായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം.

(തുടരും- നാളെ: ഹൊറിസോണ്ടല്‍ കോളനികളില്‍ നിന്ന് മാറി വെര്‍ട്ടിക്കല്‍ കോളനികള്‍ ഉണ്ടാക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍