UPDATES

59 കോടിയുടെ കടം 90 കോടിയിലെത്തിച്ച ‘മിടുക്ക്’! മാര്‍ ആലഞ്ചേരി അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി ആക്ഷേപം

മറ്റൂരിലെ ഭൂമി വാങ്ങാന്‍ ലോണ്‍ എടുത്ത വകയില്‍ കഴിഞ്ഞ മൂന്നുമാസമായി ആറു കോടി വച്ച് ഇതുവരെ 18 കോടി പലിശ അടച്ചിട്ടുണ്ട് അതിരൂപത

ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ കാലത്താണ് സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള സാധ്യതകള്‍ ചര്‍ച്ചയാകുന്നത്. എറണാകുളം ലിസി ആശുപത്രി, അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയൊക്കെയുള്ള അതിരൂപതയ്ക്ക് വീണ്ടുമൊരു മെഡിക്കല്‍ കോളേജിന്റെ ആവശ്യകതയുണ്ടോ എന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. വന്‍ സാമ്പത്തിക ചിലവേറിയ ഒന്നാകും ഒരു മെഡിക്കല്‍ കോളേജ് നടത്തിക്കൊണ്ടു പോവുക എന്നത്. അങ്ങനെ വരുമ്പോള്‍ ഒരാതുരാലയം എന്ന നിലയില്‍ അതിനെ പ്രവര്‍ത്തിപ്പിക്കുക ബുദ്ധിമുട്ടാകും. അവിടെ വരുന്ന ഓരോരുത്തരോടും പണം വാങ്ങേണ്ടി വരും. ക്രിസ്തീയ വിശ്വാസങ്ങള്‍ക്കനുസൃതമായി ആ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല. ഇത്തരം ചൂണ്ടിക്കാട്ടലുകളും വിമര്‍ശനങ്ങളും എല്ലാം ശക്തമായിരുന്നതുകൊണ്ട് മെഡിക്കല്‍ കോളേജ് എന്ന ആശയം തത്കാലം മാറ്റിവച്ചു. വിതയത്തില്‍ പിതാവ് കാലം ചെയ്യ്തു. മാര്‍ ജോര്‍ജ് ആലഞ്ചേരി, വിതയത്തിലിന്റെ പിന്‍ഗമായിയായി എത്തി. അതോടെ മെഡിക്കല്‍ കോളേജ് വീണ്ടും ചര്‍ച്ചയില്‍ വന്നു. തന്റെ സ്വാധീനവും നയങ്ങളുമൊക്കെ ഉപയോഗിച്ചും എതിര്‍പ്പുകളെല്ലാം അവഗണിച്ചും ആലഞ്ചേരി പിതാവ് മുന്നോട്ടു പോയി. അതിരൂപതയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ചതോടെ വൈദിക സമിതിയില്‍ നിന്നും അനുമതി നേടിയെടുക്കാനും ആലഞ്ചേരി പിതാവിന് സാധിച്ചു. അങ്ങനെ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തന്നെ തീരുമാനിച്ചു.

2015 മേയ് 29-ന് കാലടി തുറവൂര്‍ വില്ലേജില്‍ മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം അതിരൂപത ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി വാങ്ങിച്ചു. സെന്റിന് ഏകദേശം രണ്ടു ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരം രൂപ വച്ച് 43 കോടി 21 ലക്ഷം രൂപയ്ക്കാണ് ഈ ഭൂമി ക്രയവിക്രയം നടന്നത്. ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 58 കോടി രൂപ ലോണ്‍ എടുത്തു.

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

ഇവിടെയാണ് അതിരൂപത സഹായ മെത്രാന്മാന്മാര്‍ അടക്കം വൈദികരും അല്‍മായരുമെല്ലാം ചില സംശയങ്ങള്‍ ഉയര്‍ത്തുന്നത്;

43 കോടി 21 ലക്ഷം രൂപ മതിയായിടത്ത് 59 കോടി ലോണ്‍ എടുത്തത് എന്തിന്?

ഭൂമി വില വരുന്നതൊഴിച്ചുള്ള 16.6 കോടി എന്തിന് ഉപയോഗിച്ചു?

ഈ പണം കള്ളപ്പണമായി അതിരൂപത വസ്തു ഉടമയ്ക്ക് നല്‍കിയോ? അതോ വകമാറ്റി ഉപയോഗിച്ചോ? അതുമല്ലെങ്കില്‍ ആരെങ്കിലുമത് കൈക്കലാക്കിയോ?

ആരോപണങ്ങള്‍ ഇനിയുമുണ്ട്.

രണ്ടു ലക്ഷത്തില്‍ മുപ്പത്തിയൊമ്പതിനായിരം രൂപ സെന്റിന് നല്‍കിയാണ് ഭൂമി വാങ്ങിയത്. എന്നാല്‍ ഈ ഭൂമിക്ക് അത്രയും വിലയുണ്ടോ? ഇതേ ഭൂമി രണ്ട് ലക്ഷത്തിന് അതിരൂപതയ്ക്ക് നല്‍കാമെന്നു പറഞ്ഞിരുന്നതായി ഒരു വൈദികന്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. പ്രദേശിക വസ്തു ഇടപാടുകര്‍ പറയുന്നത് ഈ സ്ഥലത്തിന് ഒന്നര ലക്ഷത്തിനടുത്ത് വിലയേ സെന്റിന് വരുന്നുള്ളുവെന്നുമാണ്. ആ സ്ഥാനത്താണ് രണ്ട് ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരം മുടക്കി അതിരൂപത സ്ഥലം വാങ്ങിയത്.

മെഡിക്കല്‍ കോളേജ് തുടങ്ങാനായി വാങ്ങിയ ഭൂമിയാകട്ടെ മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളും അരിമില്ലുകളുമൊക്കെ ചുറ്റി നില്‍ക്കുന്നതാണ് എന്നാക്ഷേപവും ഇതിനൊപ്പമുണ്ട്.

മെഡിക്കല്‍ കോളേജിനായി വാശിപിടിച്ച് സ്ഥലം വാങ്ങിയിട്ടെങ്കിലും അതല്ലാതെ മറ്റൊന്നും നാളിതുവരെ നടന്നിട്ടില്ല. മെഡിക്കല്‍ കോളജ് നടത്തിപ്പുകള്‍ ലാഭകരമാകില്ലെന്ന തിരിച്ചറിവിലാണ് ആ മോഹം ഉപേക്ഷിച്ചതെന്നും എങ്കിലും അവിടെയൊരു ട്രോമ കെയര്‍ ആശുപത്രിയോ റഫറല്‍ ആശുപത്രിയോ തുടങ്ങാവുന്നതാണെന്നുമാണ് ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടനെ പോലുള്ളവര്‍ ഇപ്പോഴും പറയുന്നത്.

എന്തായാലും മറ്റൂരിലെ ഭൂമി വാങ്ങാന്‍ ലോണ്‍ എടുത്ത വകയില്‍ കഴിഞ്ഞ മൂന്നുമാസമായി ആറു കോടി വച്ച് ഇതുവരെ 18 കോടി പലിശ അടച്ചിട്ടുണ്ട് അതിരൂപത.

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

ഇപ്പോഴത്തെ ഭൂമി വില്‍പ്പന വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി മേജര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
അതിരൂപതയ്ക്ക് കീഴിലുള്ള വൈദികരെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്, മറ്റൂരിലെ ഭൂമി വാങ്ങല്‍ അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്ന്‌. സര്‍ക്കുലറില്‍ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്; മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി മറ്റൂരില്‍ ഭൂമി വാങ്ങാന്‍ ബാങ്കില്‍ നിന്നും 58 കോടി ലോണ്‍ എടുത്തു. വാര്‍ഷിക വരുമാനത്തില്‍ മിച്ച വരുമാനം അധികമില്ലാത്ത നമ്മുടെ അതിരൂത ഈ സ്ഥലം വങ്ങിയത് വരന്തരപ്പള്ളിയിലെ അതിരൂപതയുടെ സ്ഥലം വിറ്റ് ലോണ്‍ തിരിച്ചടയ്ക്കാമെന്ന ധാരണയിലാണ്. എന്നാല്‍ വരന്തരപ്പള്ളിയിലുള്ള സ്ഥലം വില്‍ക്കാന്‍ സാധിച്ചില്ല. ഇക്കാരണത്താല്‍ തന്നെ ബാങ്കില്‍ നിന്നെടുത്ത തുകയുടെ വാര്‍ഷിക പലിശ ആറു കോടി രൂപ അടയ്ക്കുക എന്നത് അതിരൂപതയെ സംബന്ധിച്ചിടത്തോളം വളരെയേറ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അതിരൂപത ഫിനാന്‍സ് കൗണ്‍സിലിനു ബോധ്യപ്പെട്ടിട്ടുണ്ട്.

"</p

മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം ഒന്നിച്ചു വാങ്ങിയതിന്റെ ലോണ്‍ ബാധ്യത (58 കോടി) തീര്‍ക്കാന്‍ വരന്തരപള്ളി എസ്റ്റേറ്റ് വില്‍ക്കാന്‍ തടസ്സം വന്നതോടെയാണ് അതിരൂപതയുടെ തന്നെ മറ്റുചില സ്ഥലങ്ങള്‍ വിറ്റ് കടം വീട്ടാന്‍ തീരുമാനമായത്. തൃക്കാക്കര നൈപുണ്യ സ്‌കൂളിന്റെ എതിര്‍വശത്തുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരതമാതാ കോളേജിന്റെ എതിര്‍വശത്തുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ ഭാഗമായ 99.44 സെന്റ്, കാക്കനാട് നിലപംപതിഞ്ഞ മുകളില്‍ 20.35 സെന്റ്, മരടില്‍ 54.71 സെന്റ് എന്നിങ്ങനെയുള്ള ഭൂമികളാണ് വില്‍ക്കാന്‍ ഏല്‍പ്പിച്ചത് (70 ഉം 90 സെന്റ് ഭൂമികള്‍ അതിരൂപതയ്ക്ക് വെറും തുണ്ടു ഭൂമികളാണ്!). അഞ്ചു സ്ഥലങ്ങളിലായി മൊത്തം 306.98 സെന്റ് ഭൂമി ഒരു മാസത്തിനുള്ളില്‍ വില്‍ക്കുകയും അതുവഴി (സെന്റിന് 9.05 ലക്ഷം രൂപ വിലയെന്ന ധാരണയില്‍) അതിരൂപതയ്ക്ക് 27.30 കോടി രൂപ ലഭിക്കുമെന്നും അത് ബാങ്കില്‍ നിക്ഷേപിച്ചു കഴിയുമ്പോള്‍ പിന്നീട് ഏകദേശം 32 കോടി രൂപയായി അതിരൂപതയുടെ കടം കുറയുമെന്നുമായിരുന്നു അവകാശവാദം. ഇതുകൂടാതെ ചക്കരപ്പറമ്പില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നും ലഭിക്കുന്ന വാടകവഴി അതിരൂപതയുടെ വാര്‍ഷിക വരുമാനത്തെ ബാധിക്കാതെ ബാങ്കിലെ പലിശയും സാവധാനം കടങ്ങളും വീട്ടാാമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.

എന്നാല്‍ പ്രതീക്ഷച്ചതൊന്നും നടന്നില്ല എന്നാണ് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സര്‍ക്കുലറിലും വൈദികരുടെ ആക്ഷേപത്തിലും വ്യക്തമാകുന്നത്.

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

സ്ഥലം വില്‍പ്പനയില്‍ നിന്നും 27.30 കോടി കിട്ടുമെന്നു പ്രതീക്ഷിച്ചിടത്ത് നാലിടത്തെ ഭൂമി വിറ്റതില്‍ 18 കോടിയോളം അിരൂപതയ്ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതിരൂപതയുടെ അക്കൌണ്ടിലേക്ക് ഇതുവരെ ആകെ കിട്ടിയിരിക്കുന്നത് വെറും നാലു കോടിയാണെന്നും ആക്ഷേപം ഉയര്‍ത്തുന്ന വൈദികരും അല്‍മായരും പറയുന്നു. സ്ഥലം വില്‍പ്പനയില്‍ ബാക്കി ലഭിക്കേണ്ട 18.17 കോടി രൂപ അതിരൂപതയ്ക്ക് ലഭിച്ചില്ല എന്നു മാത്രമല്ല, കാനോനിക സമിതികളുടെയും അതിരൂപത സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫിസായ AICOയുടെ പ്രസിഡന്റിന്റെയും അറിവോ സമ്മതമോ കൂടാതെ AICO വഴി 10 കോടി വീണ്ടും വായ്പ്പയെടുത്ത് കോതമംഗലത്തിനടുത്ത് കോട്ടപ്പടിയില്‍ 2017 ഏപ്രില്‍ ഏഴിന് രജിസ്റ്റര്‍ ചെയ്തപ്രകാരം 25 ഏക്കറും ദേവികുളത്ത് 2017 ഫെബ്രുവരി 22 ന് ആധാരം രജിസ്റ്റര്‍ ചെയ്ത പ്രകാരം 17 ഏക്കറും അതിരൂപത വാങ്ങി.

ഈ സ്ഥലങ്ങള്‍ വാങ്ങിയ കാര്യം മറച്ചു വയ്ക്കുകയും മാസങ്ങള്‍ക്കിപ്പുറം കിട്ടിയ വിവരമനുസരിച്ച് ചോദ്യമുയര്‍ത്തിയപ്പോള്‍ ആദ്യം വാങ്ങിയിട്ടില്ലെന്നും പിന്നീട് ഇഷ്ടദാനം കിട്ടിയതാണെന്നും ഒടുവില്‍ കാക്കനാട്ടെയും തൃക്കാക്കരയിലേയും ഭൂമി വില്‍പ്പനയില്‍ നിന്നും കിട്ടാനുള്ള 18 കോടിക്കു മുകളില്‍ പണത്തിന് ഈടായി നല്‍കിയിരിക്കുന്നതാണെന്നുമായിരുന്നു ആലഞ്ചേരി പിതാവ് കുറ്റസമ്മതം നടത്തിയതെന്ന് സഹായമെത്രാന്മാരും വൈദികരും ചൂണ്ടിക്കാണിക്കുന്നു. ഈട് കിട്ടിയ ഭൂമിയാണെങ്കില്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ തീറാധാരം എഴുതി വാങ്ങിയിരിക്കുന്നതെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍പ്പുണ്ടെന്നും ഇവര്‍ പറയുന്നു.

മറ്റൂരില്‍ സ്ഥലം വാങ്ങിയതുമൂലം അതിരൂപതയുടെ കടബാധ്യത 60 കോടി ആയിരുന്നുവെങ്കില്‍ മേല്‍പ്പറഞ്ഞ ഭൂമി ഇടപാടുകള്‍ക്കുശേഷം ഇപ്പോള്‍ അതിരൂപതയുടെ കടം എത്തി നില്‍ക്കുന്നത് 84 കോടിയോളം ആയിട്ടാണെന്നു സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് തന്നെ പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കടബാധ്യതയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ വിവരങ്ങളെന്ന നിലയില്‍ വൈദികര്‍ പറയുന്ന കണക്കുകള്‍ ഇങ്ങനെയാണ്;

മറ്റൂരില്‍ ഭൂമി വാങ്ങിയ വകയില്‍-59 കോടി

കോട്ടപ്പടിയില്‍ ഭൂമി വാങ്ങിയ വകയില്‍- 6 കോടി

ദേവികുളത്ത് ഭൂമി വാങ്ങിയ വകയില്‍- 1 കോടി 60 ലക്ഷം

കോട്ടപ്പടിയിലെ സ്ഥലത്തിന്റെ ഈടിന്മേല്‍ AICO പ്രസിഡന്റിന്റെ സമ്മതമോ അറിവോ കൂടാതെ AICO യുടെ പേരില്‍ അതിരൂപതയ്ക്കായി എടുത്തിരിക്കുന്നത് 12 കോടിയില്‍ പരം.

അതിരൂപതയുടെ തന്നെ സ്ഥാപനങ്ങളില്‍ നിന്നും കടമായി അതിരൂപത കേന്ദ്രം കൈപ്പറ്റിയിരിക്കുന്നതായി കിട്ടിയ വിവരങ്ങള്‍;

നൈപുണ്യ സ്‌കൂള്‍, തൃക്കാക്കര- 3 കോടി

ഭാരതമാത കോളേജ്, തൃക്കാക്കര- 1 കോടി

സോഷ്യല്‍ കളമശേരി-60 ലക്ഷം

ചക്കരപ്പറമ്പ്- 8 കോടി

ആകെ ലോണ്‍- 91.20 കോടി

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

ഇങ്ങനെ അതിരൂപതയുടെ ധനകാര്യവിഭാഗത്തിന്റെ ആകെ കടം 91 കോടി 20 ലക്ഷം രൂപ. ഈ ഭീമമായ കടത്തിന് പരിഹാരമെന്നോണം അതിരൂപതയുടെ രണ്ട് ഏക്കര്‍ 55 സെന്റ് സ്ഥലം വിറ്റു. അതില്‍ നിന്നും ഈ കടത്തിലേക്ക് ഒരു ചില്ലിക്കാശ് തിരിച്ചടയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് സാധിച്ചിട്ടുമില്ല. പകരം വനമേഖലയയിലും അതീവ പരിസ്ഥിതിലോല പ്രദേശത്തും ഭൂമി വാങ്ങിയിട്ടിട്ടുണ്ട്… വൈദികരുടെ ഈ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്…

വില്‍ക്കരുതെന്ന ഉറപ്പില്‍ ജീവകാരുണ്യപ്രവര്‍ത്തിക്ക് നല്‍കിയ ഭൂമിയും വിറ്റു- തുടരും

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍