UPDATES

ട്രെന്‍ഡിങ്ങ്

വയല്‍ നികത്തിയത് മുന്‍ ഉടമസ്ഥന്‍, ഒമ്പത് സെന്റില്‍ നിന്നിറക്കിവിടാന്‍ അധികൃതര്‍, കരുണ കാത്ത് 11 അംഗ കുടുംബം

തങ്ങളെ അന്യായമായി ഒഴിപ്പിക്കാപ്പാന്‍ ശ്രമിക്കുന്നതിനെതിരെ അഞ്ജുവും കുടുംബവും വീട്ടില്‍ തന്നെ സമരമാരംഭിച്ചിരിക്കുകയാണ്

“കയ്യിലുണ്ടായിരുന്നതെല്ലാം കൊടുത്ത് വാങ്ങിയ ഭൂമിയാണ്. അതില്‍ ഒരു കുടില്‍ കെട്ടിയതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. അഞ്ച് കുട്ടികളുള്‍പ്പെടെ ഞങ്ങള്‍ പതിനൊന്ന് പേരുള്ള കുടുംബമാണ്. എല്ലാം വിറ്റുപെറുക്കിയാണ് എറണാകുളത്തു നിന്ന് വണ്ടാഴിയിലെത്തിയത്. ഇപ്പോള്‍ ഞങ്ങളോട് ഇവിടെ നിന്ന് ഇറങ്ങക്കോളണമെന്നാണ് അധികൃതര്‍ പറഞ്ഞോണ്ടിരിക്കുന്നത്. അവര്‍ ഞങ്ങളെ കുടിയൊഴിപ്പിക്കാനൊരുങ്ങുകയാണ്. ഇവിടെ നിന്ന് ഇറങ്ങിയാല്‍ ഞങ്ങളെങ്ങോട്ട് പോകും. ആത്മഹത്യ മാത്രമാണ് മുന്നിലുള്ള വഴി. ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ വേട്ടയാടുന്നത്?” അഞ്ജുവിന്റെ ചോദ്യം കണ്ണിച്ചോരയില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അധികാരികളോടുമാണ്.

ഏത് നിമിഷവും സ്വന്തം സ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെടാനിടയുള്ള ഒരു കുടുംബത്തിലെ അംഗമാണ് അഞ്ജു. കഠിന രോഗബാധിത. തന്റെ ചികിത്സയ്ക്കായി കുടുംബവീടും സ്ഥലവും അടക്കം വില്‍ക്കേണ്ടി വന്നു. കടങ്ങള്‍ തീര്‍ത്ത് മിച്ചമുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപ നല്‍കിയാണ് പാലക്കാട് ആലത്തൂര്‍ വണ്ടാഴി പഞ്ചായത്തിലെ മുടപ്പല്ലൂര്‍ കാറംപാടത്ത് ഒമ്പത് സെന്റ് സ്ഥലം വാങ്ങിയത്. മുന്‍ കൈവശക്കാരന്‍ വയല്‍ നികത്തിയെടുത്ത സ്ഥലമാണ് അന്ന് അഞ്ജുവും സഹോദരിയും ചേര്‍ന്ന് വാങ്ങിയത്. വീട് വച്ച് താമസിക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ വയല്‍ നികത്തിയ സ്ഥലമാണെന്ന പേരില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി പഞ്ചായത്തില്‍ നിന്ന് ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഒരു ഓലപ്പുര കെട്ടി അവിടെ താമസം തുടങ്ങി. അഞ്ജു, സഹോദരി, ഇരുവരുടേയും ഭര്‍ത്താക്കന്‍മാര്‍, അച്ഛന്‍, അമ്മ, അഞ്ച് കുട്ടികള്‍ അടക്കം പതിനൊന്ന് പേരാണ് ഈ കുടിലില്‍ താമസിക്കുന്നത്. കുടില്‍ കെട്ടുന്നതിന് കെട്ടിട നിര്‍മ്മാണ അനുമതി ആവശ്യമില്ലാതിരിക്കെ ഇത് കണക്കിലെടുക്കാതെ സ്ഥലത്ത് നിന്ന് ഒഴിയാനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വൃദ്ധദമ്പതികളെ സ്വന്തം ഭൂമിയില്‍ നിന്ന് ഇറക്കിവിട്ട് ഭൂമാഫിയ; തട്ടിപ്പിന് കൂട്ടായി സര്‍ക്കാര്‍ വകുപ്പും

“ഞാന്‍ കഠിനമായ വാതരോഗിയാണ്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയ്ക്കായി ഡ്രൈവറായ ഭര്‍ത്താവ് ഉല്ലാസിന്റെ വീട് വില്‍ക്കേണ്ടി വന്നു. പിന്നീട് എന്റെ കുടുംബവീട് വിറ്റുകിട്ടിയ പണം കൊണ്ടാണ് കാറംപാടത്ത് ഒമ്പത് സെന്റ് സ്ഥലം വാങ്ങിയത്. കുടുംബവീട് വിറ്റതോടെ അനുജത്തിയും അവളുടെ ഭര്‍ത്താവും കുട്ടികളും ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങള്‍ക്കൊപ്പമാണ്. എന്റെ രണ്ട് കുട്ടികളും അനുജത്തിയുടെ മൂന്ന് കുട്ടികളും ചേര്‍ത്ത് പതിനൊന്ന് പേരാണ് കുടുംബത്തിലുള്ളത്. ഞങ്ങള്‍ക്ക് ഇതല്ലാതെ വേറെ ഭൂമിയും ഇല്ല. 2017 ഏപ്രിലില്‍ തന്നെ ഭൂവിനിയോഗത്തിന് അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതേവരെ ലഭിച്ചിട്ടില്ല. വേറെ ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് കുടില്‍ കെട്ടി താമസമാരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഞങ്ങളെക്കൊണ്ടാവുന്നത് ചെയ്യാമെന്ന് കരുതി കുടിലിനോട് ചേര്‍ന്ന് ഒരു പെട്ടിക്കടയും തുടങ്ങി. എന്നാല്‍ അത് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ തന്ന് പൂട്ടിച്ചു. ഇപ്പോള്‍ ഞങ്ങളോട് ഇവിടെ നിന്ന് ഇറങ്ങണമെന്നാണ് പറയുന്നത്. വയല്‍ നികത്തിയ സ്ഥലത്ത് അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചു എന്ന കാണിച്ച് എന്റെ പേരില്‍ സിജെഎം കോടതിയില്‍ കേസ് ഉണ്ടെന്നതാണ് അവര്‍ കാരണമായി പറയുന്നത്. എന്റെ പേരിലാണ് കേസുള്ളത്. വീട് നില്‍ക്കുന്നത് എന്റെ സഹോദരിയുടെ പേരിലുള്ള സ്ഥലത്താണ്. അത് കണക്കിലെടുത്തെങ്കിലും ഭൂമി വിനിയോഗ അനുമതിയും കെട്ടിട നിര്‍മ്മാണ അനുമതിയും പഞ്ചായത്ത് നല്‍കേണ്ടതാണ്.

ഞങ്ങളുടെ ഓലപ്പുരയ്ക്ക് പുറകില്‍ വയലില്‍ തന്നെ വലിയ മൂന്ന് വീടുകളുണ്ട്. അതില്‍ ഒരാള്‍ രാഷ്ട്രീയക്കാരിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലുമടക്കം സ്വാധീനമുള്ള ഒരാളാണ്. അദ്ദേഹം അവിടേക്ക് വയല്‍ നികത്തി തന്നെ സ്വകാര്യ റോഡും പണിതിട്ടുണ്ട്. റോഡിനോട് ചേര്‍ന്ന ഞങ്ങളുടെ സ്ഥലം അയാള്‍ക്ക് മുന്നേ തന്നെ നോട്ടമുള്ളതായിരുന്നു. ഈ സ്ഥലത്തിന്റെ മുന്‍ അവകാശിയോട് അദ്ദേഹം വളരെ കുറഞ്ഞ പണമാണ് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ആ ഇടപാട് നടന്നില്ല. പകരം ഒമ്പത് ലക്ഷം രൂപ നല്‍കിയ ഞങ്ങള്‍ക്ക് ഈ സ്ഥലം വിറ്റു. പക്ഷെ അന്നുമുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഞങ്ങളെ ഇവിടെ നിന്ന് ഇറക്കിയിട്ട് അദ്ദേഹത്തിന് ഈ സ്ഥലം കൈക്കലാക്കാനുള്ള പദ്ധതികളാണ്. അതിന് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം ഒത്താശ ചെയ്യുകയാണ്. അതിന്റെ ഭാഗമായാണ് ഞങ്ങളെ ഞെക്കിഞെരുക്കിക്കൊണ്ടിരിക്കുന്നത്. ഒരറിയിപ്പുമില്ലാതെ ഞങ്ങളുടെ താത്ക്കാലിക വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തു. എന്നാല്‍ ഇതിനെതിരെ ഹെക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഞങ്ങള്‍ക്കനുകൂലമായി വിധി വന്നു. അങ്ങനെ അവര്‍ക്ക് വീണ്ടും വൈദ്യുതി തരേണ്ടി വന്നു. ഞങ്ങളെ ഏത് വിധേനയും പുകച്ച് പുറത്തുചാടിച്ച് ഈ സ്ഥലം കൈക്കലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് പണവും സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന അതിക്രമങ്ങള്‍. ഇതിനിടെ പതിനായിരം രൂപ അധികം തരാമെന്നും സ്ഥലം ഒഴിയണമെന്നും ഞങ്ങളുടെ വീടിന്റെ പുറകിലെ താമസക്കാരനായ മുതലാളി പറഞ്ഞു. അതംഗീകരിക്കാത്തതിന്റെ ദേഷ്യം കൂടിയാണ് തീര്‍ത്തുകൊണ്ടിരിക്കുന്നത്.”

സ്വന്തം ഭൂമി വിട്ടുകിട്ടാന്‍ ഈ കുടുംബം നടത്തുന്ന സമരം 550 ദിവസത്തിലേക്ക്

പതിനൊന്നംഗ കുടുംബത്തെ അന്യായമായി ഒഴിപ്പിക്കാപ്പാന്‍ ശ്രമിക്കുന്നതിനെതിരെ അഞ്ജുവും കുടുംബവും വീട്ടില്‍ തന്നെ സമരമാരംഭിച്ചിരിക്കുകയാണ്. സ്ഥലത്തിന്റെ മുന്‍ ഉടമയാണ് വയല്‍ നികത്തിയത്. അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും തങ്ങളുടെ ദുരവസ്ഥ കണക്കിലെടുത്ത് കെട്ടിടനിര്‍മ്മാണ അനുമതി ലഭ്യമാക്കണമെന്നും തങ്ങളെ അവിടെ താമസിക്കാന്‍ അനുവദിക്കണമെന്നും കാണിച്ച് ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കുമടക്കം നിരവധി പരാതികളയച്ചെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് അഞ്ജു പറയുന്നു. “കളക്ടര്‍ നേരില്‍ കാണാന്‍ പോലും അനുമതി നല്‍കുന്നില്ല. കോടതിയില്‍ കേസ് ഉണ്ടെന്ന് പറഞ്ഞ് ആട്ടിപ്പായിക്കുന്ന സമീപനമാണ്. തഹസില്‍ദാറും, ഡെപ്യൂട്ടി കളക്ടറും, ജില്ലാ കളക്ടറുമെല്ലാം ഞങ്ങളെ ഇവിടെ നിന്ന് ഇറക്കിവിടുമെന്നും കുടില്‍ പൊളിക്കുമെന്നുമെല്ലാം ഭീഷണിപ്പെടുത്തുകയാണ്. രാഷ്ട്രീയ നേതാക്കളും ഞങ്ങളുടെ എതിര്‍കക്ഷികളോടൊപ്പമാണ്. എവിടെ നിന്നാണ് ഞങ്ങള്‍ക്ക് നീതി ലഭ്യമാവുക? മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് സെന്റ് വയല്‍ നികത്തി വീട് വക്കാമെന്നിരിക്കെയാണ് ഞങ്ങള്‍ നികത്തിയതല്ലാതിരുന്നിട്ടുകൂടി കെട്ടിടം വക്കാന്‍ അധികാരികള്‍ അതിന് സമ്മതം നല്‍കാത്തത്. ഞങ്ങളുടെ സ്ഥലത്തിന് ചുറ്റുമുള്ള സ്ഥലം വയലാണ്. എന്നാല്‍ അതില്‍ ഒരു നിലത്ത് മാത്രമേ ഒരുപ്പൂ കൃഷി ചെയ്യുന്നുള്ളൂ. ഞങ്ങളുടെ സ്ഥലം കൃഷി ചെയ്യുന്നതല്ലെന്നും കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കാമെന്നും കൃഷി ഓഫീസറും റവന്യൂ ഡിവിഷണല്‍ ഓഫീസറും സമ്മതപത്രം നല്‍കിയിട്ടുള്ളതാണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഞങ്ങള്‍ ഇവിടെ കുടില്‍കെട്ടി താമസമാരംഭിക്കുന്നത്. അധികൃതരുടെ നിലപാടിനെതിരെ ഞങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. സത്യസ്ഥിതി ബോധ്യപ്പെട്ട കമ്മീഷന്‍ മറ്റെങ്ങും ഭൂമിയില്ലാത്ത ഞങ്ങള്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പരാതിയും ആക്ഷേപവും പരിഗണിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ഓഗസ്ത് മാസത്തില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമേയല്ല”, അഞ്ജു തുടര്‍ന്നു.

എന്നാല്‍ ഭൂ വിനിയോഗ അനുമതി (KLU) വേണ്ട സ്ഥലമാണ് അതെന്നും അത് കിട്ടുന്ന മുറയ്ക്ക് മറ്റുകാര്യങ്ങള്‍ അനുവദിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി രാമകൃഷ്ണന്‍ പറയുന്നു. “കെ.എല്‍.യു. വേണ്ട സ്ഥലമാണത്. അവര്‍ അത് അപേക്ഷിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ കെ.എല്‍.യു. നിരസിച്ചുകൊണ്ട് ഉത്തരവിട്ടു. അതിനെതിരെ അവിടെ താമസിക്കുന്ന കുടുംബം കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതില്‍ തീരുമാനം വന്നിട്ടില്ല. ആദ്യം ചെറിയ ഷെഡ്ഡ് കെട്ടി താമസിച്ചിരുന്ന ഉല്ലാസും കുടുംബവും പിന്നീട് അത് കുറച്ചുകൂടി വലുതാക്കുകയും പെട്ടിക്കട തുടങ്ങുകയും ചെയ്തു. കട തുടങ്ങുന്നതിനുള്ള ലൈസന്‍സ് എടുക്കാത്തതിനാലാണ് അതിന് സ്റ്റോപ് മെമ്മോ കൊടുത്തത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതും വ്യക്തമായ കാരണങ്ങളോടെയാണ്. അതിനെതിരെ ഹൈക്കോടതിയുടെ സ്‌റ്റേ അവര്‍ വാങ്ങിയിട്ടുണ്ട്. ഈ സ്ഥലത്തിന് പുറക് വശത്ത് താമസിക്കുന്ന മൂന്ന് വീട്ടുകാര്‍ ഇവര്‍ക്കെതിരെ നിരന്തരം പരാതികള്‍ നല്‍കിക്കൊണ്ടേയിരിക്കുകയാണ്. അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ, കെ.എല്‍.യു. അനുവദിച്ച് കിട്ടാതെ അവര്‍ക്ക് മറ്റൊന്നിനും അനുമതി നല്‍കുക സാധ്യമല്ല“, സെക്രട്ടറി പറഞ്ഞു.

രക്തസാക്ഷിയായാലെങ്കിലും നീതി കിട്ടുമോ? ഞങ്ങളതിനും തയ്യാറാണ്; കൂടോല്‍ മിച്ചഭൂമിയിലെ താമസക്കാര്‍ പറയുന്നു

നിസഹായരായ പുറമ്പോക്ക് ജീവിതങ്ങള്‍; കുടിയിറക്കിയ ഇവര്‍ എങ്ങോട്ടു പോകും?

ഇങ്ങനേയും മനുഷ്യരോ? വീടില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി എഴുതിക്കൊടുത്ത ഒരു പോലീസുകാരന്റെ കഥ

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍