UPDATES

പ്രളയം 2019

59 പേര്‍ കൊല്ലപ്പെട്ട കവളപ്പാറയ്ക്ക് തൊട്ടടുത്ത് പ്രളയകാലത്ത് കരയിലടിഞ്ഞ മണ്ണും ചെളിയും ഉപയോഗിച്ച് തണ്ണീര്‍ത്തടം നികത്തി, മന്ത്രിയെ തടഞ്ഞ് പരാതിയുമായി ജനം, ഉടന്‍ നടപടി

നികത്താന്‍ നോക്കിയത് തണ്ണീര്‍ത്തട ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വെളുമ്പിയംപാടം; മന്ത്രി വി എസ് സുനില്‍കുമാര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു

പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഫലമാണ് കേരളം നേരിടുന്ന പ്രളയ ദുരന്തമെന്നു പറയുമ്പോള്‍, അതേ പ്രളയം തന്നെ മുതലെടുത്ത് അനധികൃതമായി തണ്ണിര്‍ത്തടം നികത്തുന്നതിന്റെ വാര്‍ത്തയാണ് നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ വെളുമ്പിയം പാടത്തു നിന്നും വരുന്നത്. കേരളത്തെ നടുക്കിയ കവളപ്പാറ ഉരുള്‍പൊട്ടല്‍ നടന്ന് ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് ഇവിടെ നിന്നും അധികം ദൂരത്തല്ലാത്ത വെളുമ്പിയം പാടത്ത് ഒരു തണ്ണീര്‍ത്തടം നികത്തുന്നത്. അതും പ്രളയയകാലത്ത് കരയിലടിഞ്ഞ മണ്ണും ചെളിയും ഉപയോഗിച്ച്. നാട്ടുകാര്‍ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തു വരികയും കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയതതിന്റെ ഫലമായി തണ്ണീര്‍ത്തടം നികത്തലില്‍ നടപടിയുണ്ടായിട്ടുണ്ട്.

59 പേരുടെ മരണത്തിനിടയാക്കിയ വന്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച കവളപ്പാറയില്‍ നിന്നും ആറു കിലോമീറ്റര്‍ താഴെയാണ് പോത്തുകല്‍ പഞ്ചായത്തില്‍ തന്നെ ഉള്‍പ്പെട്ട വെളുമ്പിയം പാടം. മൂന്നു വശം കാടും ഒരു വശം മലയും നിറഞ്ഞ വെളുമ്പിയം പാടത്തിന്റെ ഒരുഭാഗവും ഇത്തവണത്തെ പ്രളയത്തില്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. വെളുമ്പിയം ആറാം വാര്‍ഡ് ആണ് പൂര്‍ണമായി മുങ്ങിയത്. ഇവിടെ നിന്നുള്ള ആളുകളെ സുരക്ഷിതരായി താമസിപ്പിച്ചത് അഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മദ്രസ ദുരിതാശ്വാസ ക്യാമ്പ് ആക്കിയായിരുന്നു. അഞ്ചാം വാര്‍ഡ് വെള്ളപ്പൊക്കത്തില്‍ താഴ്ന്നു പോകാതിരിക്കാന്‍ പ്രധാന കാരണം മൂന്നേക്കറോളം വരുന്ന ഒരു പാടം ആയിരുന്നു. തണ്ണീര്‍ത്തട ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ഈ പാടം. സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ഈ പാടമാണ് നികത്താനുള്ള ശ്രമങ്ങള്‍ നടന്നത്. നേരത്തെ ഈ പാടം നികത്തി വീട് വയ്ക്കാന്‍ ഉടമ അപേക്ഷ നല്‍കിയിരുന്നില്ലെങ്കിലും അനുമതി കിട്ടിയിരുന്നില്ല. ഇതിനു പിന്നാലെയാണ് പ്രളയത്തിന്റെ മറവില്‍ എല്ലാവരുടെയും കണ്ണു വെട്ടിച്ച് പാടം നികത്താന്‍ സ്വകാര്യ വ്യക്തി നോക്കിയത്.

ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും അടിഞ്ഞു കൂടിയ ടണ്‍ കണക്കിന് മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവര്‍ത്തി പോത്തുകല്ലില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ എടുക്കുന്ന ചെളിയും മണ്ണും റോഡിന്റെ വശങ്ങളിലോ മറ്റ് കരഭൂമികളിലോ കൊണ്ടുപോയി ഇടാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചില വ്യക്തികള്‍ ഇത്തരത്തില്‍ മണ്ണും ചെളിയും നീക്കം ചെയ്തു കൊണ്ടു പോകുന്നുമുണ്ട്. ഇവ ലോറികളില്‍ കയറ്റിക്കൊടുക്കാന്‍ സൗജന്യമായാണ് ജെസിബികള്‍ വിട്ടു നല്‍കുന്നത്. ഈയവസരങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദ്ദാഹരണമാണ് വെളുമ്പിയം പാടത്തെ തണ്ണീര്‍ത്തടം നികത്തല്‍. പ്രളയബാധിത പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്ന മണ്ണ് പണം വാങ്ങി മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടുകളും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യങ്ങള്‍ നിറഞ്ഞതാണ് നീക്കം ചെയ്യുന്ന മണ്ണും ചെളിയും എന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ കാരണമാകും. അതിനാല്‍ തന്നെ ജനവാസമേഖലയില്‍ ഇത് നിക്ഷേപിക്കരുതെന്നും നിര്‍ദേശമുള്ളതാണ്. ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാതെ രഹസ്യമായി പലയിടത്തും കൊണ്ടുപോയി മണ്ണും ചെളിയും തള്ളുന്നുണ്ടെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.

ചാലിയാര്‍ തീരമായ പോത്തുകല്ല് പൊട്ടിയില്‍ പുഴ കരകവിഞ്ഞ് വീടുകള്‍ മുക്കിയിരുന്നു. ഒരു വീട് പൊക്കത്തില്‍ വരെ ഇവിടെ വെള്ളം പൊങ്ങിയിരുന്നു. വെള്ളം ഇറങ്ങിയെങ്കിലും വീടുകളുടെ പകുതിയോളം വരെ മണ്ണും ചെളിയും ബാക്കി നിന്നിരുന്നു. ഇവിടെ നിന്നും നീക്കം ചെയ്ത മണ്ണും ചെളിയുമാണ് വെളുമ്പിയം പാടത്തെ തണ്ണീര്‍ത്തടം നികത്താന്‍ ഉടമ ഉപയോഗിച്ചത്. കളക്ടറുടെയും വില്ലേജ് ഓഫിസറുടെയും അനുമതിയോടെയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു ഉടമ പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടുകാര്‍ ഈ വിവരം ഡെപ്യൂട്ടി തഹസില്‍ദാരെയും വില്ലേജ് ഓഫിസറെയും വിളിച്ചു തിരക്കുമ്പോഴായിരുന്നു ഔദ്യോഗികമായി ഇത്തരത്തില്‍ യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്നു മനസിലാകുന്നത്. തണ്ണീര്‍ത്തടങ്ങളോ ജലാശയങ്ങളോ നിലങ്ങളോ നികത്താന്‍ അനുമതിയില്ലെന്നിരിക്കെ പ്രസ്തുത പാടത്തിന്റെ ഉടമ ചെയ്തത് നിയമവിരുദ്ധമായ പ്രവര്‍ത്തിയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രണ്ടു ദിവസം കൊണ്ട് എണ്‍പത് ലോഡിനു മുകളില്‍ മണ്ണും ചെളിയും ഈ പാടത്ത് കൊണ്ടുവന്ന് ഇറക്കിയിരുന്നു. ഇറക്കിയ മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച് നിരത്താന്‍ തുടങ്ങുമ്പോഴായിരുന്നു നാട്ടുകാര്‍ തടഞ്ഞത്. ഇത് ചെറിയ തോതില്‍ തര്‍ക്കങ്ങള്‍ക്കും കാരണമായി. ഒരു വിഭാഗം പാടത്തിന്റെ ഉടമയുടെ പക്ഷം പിടിച്ചു സംസാരിച്ചതോടെയാണ് തര്‍ക്കങ്ങള്‍ ഉണ്ടായത്. ഇതിനിടയിലാണ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഇതുവഴി കടന്നു പോകുന്ന വിവരം അറിഞ്ഞ് നാട്ടുകാര്‍ മന്ത്രിയെ കാത്തു നിന്നത്. മന്ത്രിയുടെ കാര്‍ നിര്‍ത്തിപ്പിച്ച് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാരെയും വില്ലേജ് ഓഫിസറെയും വിളിപ്പിച്ച് എത്രയും വേഗം നികത്തല്‍ നിര്‍ത്തിക്കാനും ഇറക്കി മണ്ണ് അവിടെ നിന്നും മാറ്റിക്കാനും മന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

ഈ തണ്ണീര്‍ത്തടം നികത്തുകയാണെങ്കില്‍ ഇനിയുമൊരു പ്രളയ കാലം ഉണ്ടായാല്‍ വെളുമ്പിയം പാടത്തെ അഞ്ചാം വാര്‍ഡിലുള്ള എല്ലാ വീടുകളും വെള്ളത്തില്‍ ആകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തവണ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിച്ച മദ്രസ പോലും വെള്ളത്തിലാകും. പിന്നെയെവിടെ പോയി ജനങ്ങള്‍ സുരക്ഷിതരായി പാര്‍ക്കും എന്നും പോലും പറയാന്‍ കഴിയില്ല. വലിയ ദുരന്തങ്ങള്‍ വീണ്ടും വരുത്തിവയ്ക്കാനാണ് നോക്കുന്നത്. അതിനെതിരേ ശ്ക്തമായ നടപടികള്‍ തന്നെ അധികാരികള്‍ സ്വീകരിക്കണമെന്നും വെളുമ്പിയംപാടത്തെ നാട്ടുകാര്‍ പറയുന്നു.

Read: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ടാം പ്രളയത്തിനും ഒരു മാസം മുന്‍പ്; സര്‍ക്കാര്‍ അനങ്ങിയില്ല, പ്രകൃതി കലിതുള്ളി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍