UPDATES

ട്രെന്‍ഡിങ്ങ്

രണ്ടു തവണ ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്, പിന്നാലെ വി.എസിന്റെതും; പട്ടികവര്‍ഗ വകുപ്പ് അപേക്ഷ വാങ്ങിവയ്ക്കും, വിചിത്ര ന്യായങ്ങള്‍ പറഞ്ഞ് തള്ളും; ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഏഴു വര്‍ഷമായി അലയുകയാണ് ഈ കുടുംബം

കുടുംബനാഥന്‍ ആദിവസിയല്ലാത്തതിനാല്‍ ഭൂമി നല്‍കില്ലെന്ന നിയമം മാറിയിട്ടും നടപടിയില്ല

മലമ്പുഴ ആനക്കൽ മൂപ്പൻചോലയിൽ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് സിനിയുടെയും സുജേഷിന്റെയും വീട്. മഴയൊന്ന് കനത്തു തുടങ്ങിയാൽ ഇരുവരുടെയും മനസ് പിടയും. വൃഷ്ടിപ്രദേശത്തേക്ക് ആഞ്ഞു വീശുന്ന കാറ്റ് ഇവരുടെ വീടിന്റെ ദുർബലമായ മേൽക്കൂരയെ കൊണ്ടുപോയേക്കാം. അതുകൊണ്ട് മഴയത്ത് ശ്രദ്ധയോടെയിരിക്കണം. പകലായാലും രാത്രിയായാലും കാറ്റത്ത് മേൽക്കൂരയിൽ നിന്ന് പറന്നുപോകുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ അപ്പോൾത്തന്നെ പോയി എടുത്തു കൊണ്ടു വരണം. മഴയെയും കാറ്റിനെയും വകവയ്ക്കാതെ ഉടനടി മേൽക്കൂര മറയ്ക്കണം. ഇല്ലെങ്കിൽ വീടിനകം വെള്ളത്തിലാകും. മഴക്കാലത്ത് രാത്രികളിൽ ഇരുവർക്കും ഉറക്കം തന്നെ കുറവാണ്. ഇനി ഇത്രയെല്ലാം ചെയ്തു കഴിഞ്ഞാലും കനമുള്ള മഴത്തുള്ളികൾ ഓലയും ചാക്കും മറച്ച ചുമരിനിടയിലൂടെ അകത്തേക്ക് ചിതറും. നടക്കുമ്പോൾ താണുപോകും വിധം തറ മുഴുവൻ ഈർപ്പം നിറയും.

വീടിന്റെ രണ്ടു ചുമരുകളുടെ പകുതിവരെ മാത്രമേ സിമന്റ് കട്ടകൾ കൊണ്ട് കെട്ടിപ്പൊക്കാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള രണ്ടു വശം ഓലയും ചാക്കും കൊണ്ട് മറച്ചിരിക്കുന്നു. മേൽക്കൂര മറച്ചിരിക്കുന്ന ഓലകൾ പഴക്കം കൊണ്ട് മുക്കാലും അടർന്നു പോയിക്കഴിഞ്ഞു. മഴവെള്ളം അകത്തേക്കു വീഴാതിരിക്കാനായി പഴകിക്കീറിയ ഓലകൾക്കു മീതെ പ്ലാസ്റ്റിക്ക് കവർ വിരിച്ചിട്ടുണ്ട്. ഇവിടെയാണ് ഏഴു വയസ്സും രണ്ടര വയസ്സും ഏഴു മാസവും പ്രായമായ മൂന്ന് കുഞ്ഞുങ്ങളെയും കൊണ്ട് സിനിയും സുജേഷും താമസിക്കുന്നത്.

പാലക്കാട്‌ പട്ടികവർഗ്ഗ വികസന വകുപ്പ് ഏഴ് വർഷത്തോളമായി ഓരോരോ കാരണങ്ങൾ പറഞ്ഞ് ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകാതെ മടക്കിയ മൂപ്പൻചോല ആദിവാസി കോളനിയിലെ സിനിയുടെയും കുടുംബത്തിന്റെയും ദുരിതപൂർണമായ ജീവിതത്തിന്റെ ചിത്രമാണിത്.

പ്രണയവിവാഹം മുടക്കിയ ആനുകൂല്യം

2011 ലാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട സിനി ഇതരമതത്തിൽപ്പെട്ട സുജേഷിനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. രണ്ടു വയസിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട സുജേഷ് ബന്ധുക്കളുടെ സംരക്ഷണയിലാണ് അതുവരെ വളർന്നത്. അനാഥനായവൻ നേരിടേണ്ടി വരുന്ന എല്ലാ വേദനയും ഒറ്റപ്പെടലും അനുഭവിച്ചറിഞ്ഞ സുജേഷിന്‌ സ്നേഹിക്കാൻ മതമോ ജാതിയോ തടസ്സമായിരുന്നില്ല. ബന്ധുക്കളുടെയെല്ലാം എതിർപ്പിനെ മറികടന്ന് അവൻ സിനിയെ വിവാഹം കഴിച്ചു. സിനിയെ വിവാഹം കഴിച്ചതോടുകൂടി ആകെയുണ്ടായിരുന്ന അച്ഛന്റെ ബന്ധുക്കളും സുജേഷിനെ വിട്ടുപോയി. സിനിയെ വീട്ടുകാരും പുറത്താക്കി. എവിടെയും അഭയമില്ലാതെ വന്നതോടെ ഡാമിന്റെ തീരത്ത് കുടിൽ കെട്ടി ഇവർ ജീവിതം തുടങ്ങി. സ്വന്തമായി ഒരു വീടൊരുക്കുന്നതിനായി പിന്നീടുള്ള ശ്രമം. വീട് വയ്ക്കാനുള്ള ഭൂമിക്ക് വേണ്ടി 2012 മുതൽ സിനി ഗ്രാമപഞ്ചായത്തിലും പട്ടികവർഗ്ഗ വികസന വകുപ്പിനും മാറി മാറി അപേക്ഷ കൊടുത്തു. എന്നാൽ എവിടെ നിന്നും ഭൂമിക്കുള്ള സഹായധനം സിനിക്ക് ലഭിച്ചില്ല. ഗൃഹനാഥൻ ആദിവാസി വിഭാഗത്തിൽപ്പെടാത്ത ആളായതിനാൽ സ്ഥലം വാങ്ങാൻ തുക കിട്ടില്ലെന്നാണ് അന്ന് പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും മറുപടി ലഭിച്ചതെന്ന് സിനി പറഞ്ഞു.

ഭൂമിയ്ക്കായി പട്ടികവർഗ്ഗ വികസന വകുപ്പിന് പിന്നാലെ ഏഴ് വർഷം

2012 ലാണ് സിനി ഭൂമി ലഭിക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പിനെ സമീപിക്കുന്നത്. ഗൃഹനാഥൻ ആദിവാസി വിഭാഗത്തിൽ ഉൾപ്പെടാത്തതിനാൽ ഭൂമി ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2013 ലും 2015 ലും പാലക്കാട്‌ നടന്ന ജനസമ്പർക്ക പരിപാടികളിൽ സിനി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സിനിക്ക് ഭൂമി നൽകാമെന്ന് പട്ടികവർഗ്ഗ വകുപ്പിൽ നിന്ന് ധാരണയായി. എന്നാൽ പിന്നീട് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പട്ടികവർഗ്ഗ വികസന വകുപ്പ് വീണ്ടും തന്നെ ഒഴിവാക്കിയെന്ന് സിനി പറയുന്നു.

“2013 ൽ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ഞാൻ പരാതി കൊടുത്തിരുന്നു. അന്ന് സ്ഥലം തരാമെന്ന് ഞങ്ങളുടെ ജില്ലാ ഓഫീസർ പറഞ്ഞിരുന്നു. ഞങ്ങൾക്ക് തരുന്ന സ്ഥലത്തിന്റെ രേഖകൾ നൽകണമെന്ന് അവർ പറഞ്ഞപ്പോൾ അതും സ്ഥലമുടമയോടൊപ്പം പാലക്കാട്‌ ഓഫീസിൽ കൊണ്ടുപോയി കൊടുത്തു. കുറേനാൾ കഴിഞ്ഞപ്പോ ഫണ്ട്‌ ഇല്ലെന്ന് പറഞ്ഞു”, സിനി പറയുന്നു.

രണ്ട് ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകിയിട്ടും ഭൂമി കിട്ടാതെ വന്നതോടെ 2017-ൽ വി.എസ് അച്യുതാനന്ദനും സിനി പരാതി നൽകുകയുണ്ടായി. എന്നിട്ടും ഇതേവരെ സിനിക്ക് ഭൂമി ലഭിച്ചിട്ടില്ല.

“വി.എസ് അച്യുതാനന്ദന് പരാതി കൊടുത്തു കഴിഞ്ഞപ്പോൾ ഞങ്ങളോട് സ്ഥലം അന്വേഷിച്ചു കണ്ടെത്താൻ ജില്ലാ ഓഫീസിൽ നിന്നും പറഞ്ഞിരുന്നു. അത് കേട്ട് ഞങ്ങൾ വീടിനടുത്തുള്ള ഒരു സ്ഥലം കണ്ടെത്തി. സ്ഥലം തരാൻ തയാറാണെന്നുള്ള സമ്മതപത്രവും സ്ഥലമുടമ ഓഫീസിൽ നൽകി. എന്നാൽ പിന്നീട് അതേക്കുറിച്ചു അവരൊന്നും പറയുന്നില്ല. ഞങ്ങളെ എന്തിനാണിങ്ങനെ നടത്തിക്കുന്നത്? 2012 മുതൽ ഞങ്ങൾ ഓരോരുത്തരുടെയും പിറകെ നടക്കുകയാണ്”, സിനിയുടെ ഭർത്താവ് സുജേഷ് പറഞ്ഞു.

“ഇതുപോലെ ഈർപ്പം നിൽക്കുന്ന മുറിയിലാണ് എന്റെ മക്കൾ കിടന്നുറങ്ങുന്നത്. നടക്കുമ്പോൾ തറ താണുപോകും. മഴക്കാലത്ത് എപ്പോഴും മക്കൾക്ക് പനിയാണ്. കാലുകൾ ചൊറിഞ്ഞു പൊട്ടും. കഴിഞ്ഞ ദിവസം തറ ഞാൻ സിമന്റിട്ടിരുന്നു. കടം വാങ്ങിയ പൈസ കൊണ്ടാണ് സിമന്റ് ഇട്ടത്. അതും താഴേക്ക് താണുപോയി. കണ്ടില്ലേ? മുറികളിലെല്ലാം ഇപ്പൊ കുഴിയാണ്”, പറയുമ്പോൾ സുജേഷിന്റെ കണ്ണിൽ നനവ് പടർന്നു.

ഗൃഹനാഥൻ ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെങ്കിൽ ഭൂമി കൊടുക്കാൻ പാടില്ലെന്ന് മുൻപ് ഉത്തരവുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിക്ക് ഭൂമി കൊടുക്കാൻ കഴിയാതിരുന്നതെന്നാണ് പട്ടികവർഗ്ഗ വികസന വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ പിന്നീട് ആ ഉത്തരവ് മാറ്റിയിട്ടുണ്ട്. ഇപ്പോൾ ‘ലാൻഡ് ബാങ്ക് പദ്ധതി’ പ്രകാരമാണ് ഭൂമി നൽകുന്നത്. ഗ്രാമപ്പഞ്ചായത്ത് നൽകുന്ന ഭൂരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് ഭൂമി നൽകുകയെന്നും അധികൃതർ പറയുന്നു.

സുരക്ഷിതമായി കിടന്നുറങ്ങാൻ വെറും മൂന്ന് സെന്റ് ഭൂമിക്കും വീടിനും വേണ്ടിയാണ് സിനിയും സുജേഷും ഉദ്യോഗസ്ഥരുടെ പിന്നാലെ വർഷങ്ങളോളം അലയുന്നത്. ഒരു ദിവസം ആനക്കൽ മേഖലയിൽ നിന്നും പാലക്കാട്‌ ജില്ലാ ഓഫീസിൽ വന്നുപോകണമെങ്കിൽ ബസിനുള്ള ചാർജ് മാത്രം 60 രൂപയാകും. ആദിവാസികളുടെയിടയിൽ 60 രൂപയ്ക്ക് മൂല്യമേറെയുണ്ട്. ഒരു ദിവസത്തെ അവരുടെ എന്തെങ്കിലുമൊരു ആവശ്യം അവർ ഉപേക്ഷിച്ചിട്ടുണ്ടാകാം. 60 രൂപ പോലും കൈയ്യിലില്ലാത്തതിനാൽ കടം വാങ്ങിയതാകാം. ഇങ്ങനെയെത്തുന്ന ഇവരുടെ അവകാശങ്ങൾക്കു നേരെ മാറി മാറി വരുന്ന ഓരോ ഉദ്യോഗസ്ഥരും മനപ്പൂർവ്വം കണ്ണടയ്ക്കുന്നു. അപേക്ഷ തരൂ, നോക്കാം എന്ന് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍