UPDATES

ട്രെന്‍ഡിങ്ങ്

ലക്ഷ്മി നായരുടെ രാജി കൊണ്ട് എന്തു ഫലം?

ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആദ്യമായി ചെയ്യേണ്ടത് നിലവില്‍ മാനേജ്മെന്‍റിനുള്ള അധികാരങ്ങള്‍ എടുത്തുകളയുക എന്നതാണ്. അതിന് ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെ വേണം.

കേരള ലോ അക്കാദമിയുമായി ബന്ധപ്പെട്ടുയരുന്ന ചാനല്‍ – ഫെയ്സ്ബുക്ക് ചര്‍ച്ചകളില്‍ പൊതുവില്‍ ഉയരുന്ന ആവശ്യം അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയാണ്. ശരിയാണ്, ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ ഒരു കാരണവശാലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും തലപ്പതിരിക്കാന്‍ അവര്‍ യോഗ്യയല്ല. പക്ഷേ പറയുന്ന പോലെ പ്രിന്‍സിപ്പല്‍ കസേരയില്‍ മറ്റൊരാള്‍ വന്നതുകൊണ്ട് വിദ്യാര്‍ഥികളുടെ പ്രശ്നം പരിഹരിക്കപ്പെടുമോ?

സ്ഥാപനത്തിന്റെ ഘടന പേപ്പറുകളില്‍ എങ്ങനെയായാലും പ്രായോഗിക തലത്തില്‍ അത് ‘അപ്പനും സുഭദ്രയും ഉള്‍പ്പെടുന്ന ഒരു ട്രസ്റാ’ണ് . അച്ഛനില്‍ നിന്ന് മകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അധികാരം. സമരക്കാരുടെ ആവശ്യം വിജയിച്ച് പേരിനൊരു രാജി ഉണ്ടായാല്‍ തന്നെ നിയന്ത്രണാധികാരം ലക്ഷ്മി നായരില്‍ നിന്നും നഷ്ടപ്പെടാന്‍ യാതൊരു സാധ്യതയും നിലവില്ല. തുടര്‍ന്ന് വരുന്ന പ്രിന്‍സിപ്പല്‍ ജയലളിതയ്ക്ക് പന്നീര്‍ശെല്‍വം എന്നപോലെയാകാനേ തരമുള്ളൂ .

യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? അധിക്ഷേപങ്ങളില്‍ മൌനിയാകാന്‍ മൌലികാവകാശങ്ങളും ഭരണഘടനയും പഠിക്കുന്ന ചോരത്തിളപ്പുള്ള കുട്ടികളെ പോലും സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്താണ്? ആ പ്രശ്നങ്ങള്‍ ലോ അക്കാദമിയുടെത്‌ മാത്രമല്ല, നിയമ പഠനരംഗത്തിന്റേത് മാത്രവുമല്ല, മറിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ആകെ നിലനില്‍ക്കുന്ന പ്രശ്നമാണ്. ഹാജര്‍, ഇന്‍റേണല്‍ മാര്‍ക്ക്; ഈ രണ്ടു കാര്യങ്ങളുടെ പേരില്‍ കുട്ടികളെ ഭീഷണിപ്പെടുത്തി നിയന്ത്രിക്കുന്ന ഒരു സംവിധാനം സാര്‍വത്രികമാണ്. ക്ലാസെടുക്കുന്ന അധ്യാപകരുടെ കനിവില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കേണ്ടി വരുന്ന സാധാരണ വിദ്യാര്‍ഥി ഇവിടെ പറയുന്നതെല്ലാം കേള്‍ക്കുന്ന,  അച്ചടക്കമുള്ള നല്ല കുട്ടിയാവാതെ എന്ത് ചെയ്യാന്‍? മാറ്റം വരേണ്ടത് ഇവിടെയാണ്. അധികാര കേന്ദ്രങ്ങളില്‍ കുട്ടികളെ വരിഞ്ഞു മുറുക്കാനുള്ള ആയുധങ്ങള്‍ വച്ച് കൊടുത്ത്, അതിന് അക്കാദമിക് രംഗം പരിഷ്കരിച്ചു എന്നുള്ള ഓമനപ്പേര് നല്‍കുകയായിരുന്നു.

ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആദ്യമായി ചെയ്യേണ്ടത് നിലവില്‍ മാനേജ്മെന്‍റിനുള്ള അധികാരങ്ങള്‍ എടുത്തുകളയുക എന്നതാണ്. അതിന് ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെ വേണം. പേരൂര്‍ക്കട ജംഗ്ഷനിലെ കണ്ണായ 12 ഏക്കര്‍ ഭൂമിവിലയും സെക്രട്ടേറിയറ്റിനടുത്ത് റിസര്‍ച്ച് സെന്ററായി തുടങ്ങുന്ന ഭൂമിയുടേയുമൊക്കെ വിപണി മൂല്യം പരിശോധിച്ചാല്‍ ഏറ്റെടുക്കല്‍ സര്‍ക്കാരിനു ബാധ്യതയേക്കാള്‍ ലാഭകരമാവാനേ തരമുള്ളൂ .

തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

യോഗ്യതയുള്ളതും പ്രായപരിധിയിൽ ഉൾപ്പെടുന്നതുമായ ജീവനക്കാരെ സംരക്ഷിക്കണം.

അറ്റൻഡൻസ് അധ്യാപകർ മാർക്ക്  ചെയ്യുന്നതിന് പകരം സ്വൈപ്പിങ് സംവിധാനമോ കുട്ടികൾ ഒപ്പിടുന്ന സംവിധാനമോ കൊണ്ടുവരിക.

ഇന്റേണൽ മാർക്ക് ഏതിനൊക്കെ, എങ്ങനെയൊക്കെ എന്ന് കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കുക. അവ കോളേജിൽ പ്രദർശിപ്പിക്കുക. എഴുത്ത് പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് മിനിമം ഇന്‍റേണല്‍ ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുക, ഇല്ലാത്ത പക്ഷം ബന്ധപ്പെട്ട അധ്യാപകരില്‍ നിന്നും വിശദീകരണം തേടുക.

മാസാമാസം മാർക്കും ഹാജരും പബ്ലിഷ് ചെയ്യുക.

പരാതി പരിഹാരത്തിന് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട സ്ഥിരം സമിതി രൂപീകരിക്കുക .

ഇവയ്‌ക്കെല്ലാം അപ്പീൽ അതോറിറ്റി യൂണിവേഴ്സിറ്റി തലത്തിൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെ രൂപീകരിക്കുക.

മിനിമം ഹാജർ 75 ശതമാനം  എന്നത് എന്നത് 60 ആയി കുറയ്ക്കുക. ക്‌ളാസിൽ ഇരിക്കുന്നതിന് പുറമെ ഏതെല്ലാം കാര്യങ്ങൾക്ക് ഹാജർ ലഭിക്കുമെന്നതിനു വ്യക്തത വരുത്തുക. ഉദാ: രക്തദാനം , കോടതി കാര്യങ്ങൾ, യൂണിയൻ പ്രവർത്തനം…

90 പ്രവൃത്തി ദിനങ്ങൾ കൃത്യമായി ഓരോ സെമസ്റ്ററിലും ഉറപ്പു വരുത്തുക.

വരും വർഷങ്ങളിൽ സെമസ്റ്റർ സിസ്റ്റത്തിലെ അപാകതകൾ പരിഹരിക്കുകയോ ഇയർ ബേസ്ഡ് സിസ്റ്റത്തിലേക്ക് തിരിച്ചു പോവുകയോ ചെയ്യുക.

ഇത് ലോ അക്കാദമിക്ക് മാത്രമല്ല ഒട്ടുമിക്ക ക്യാംപസുകൾക്കും പൊതുവിൽ ബാധകമാക്കിയാൽ ഏറെക്കുറെ പ്രശ്നങ്ങൾ പരിഹരിക്കാം.

ലക്ഷ്മി നായരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിയമ നടപടികളുമായി മുന്നോട്ടു പോവുക.  അത് മുറുകുമ്പോൾ ഓട്ടോമാറ്റിക് ആയി അവർ രാജി വയ്‌ക്കേണ്ടി വരും. അതിനു പകരം അവരുടെ രാജി മുഖ്യ ലക്ഷ്യമാക്കിയാൽ സമരം വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യില്ല.

പ്രശ്നം ലോ അക്കാദമിയില്‍ മാത്രം ഒതുങ്ങുന്നതല്ല, സര്‍ക്കാര്‍ ലോ കോളേജുകളില്‍ ഉള്‍പ്പെടെ ഹാജരും ഇന്‍റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട നിരവധിയായ പ്രശ്നങ്ങളുണ്ട്. ഒരു വിദഗ്ദ സമിതിയെ വച്ച് പഠിച്ചു പൊതുവില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന്‍ മൂക്കുകയര്‍ ഇട്ടില്ലെങ്കില്‍ പേരുകള്‍ മാറുകയും സമരങ്ങളും സംഭവങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍.  2011 -2013 കാലയളവില്‍ തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അര്‍ജുന്‍ എം. ഹരിദാസ്

അര്‍ജുന്‍ എം. ഹരിദാസ്

മാധ്യമപ്രവര്‍ത്തകന്‍. നിയമവിദ്യാര്‍ഥിയായിരുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍