UPDATES

കണ്ണൂരിന് പകരം കൊച്ചി പിടിക്കാന്‍ ഇടതുപക്ഷം, ‘പ്രതീക്ഷ’ എ ഗ്രൂപ്പില്‍; മേയര്‍ സൗമിനി ജെയ്‌നെതിരായ അവിശ്വാസം വിജയം കാണുമോ? സാധ്യതകള്‍ ഇങ്ങനെ

ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്

കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്. കണ്ണൂരിന് പകരം കൊച്ചി പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയ എല്‍ഡിഎഫ്. എന്നാല്‍ ഒറ്റക്കെട്ടായി നിന്ന് അവിശ്വാസ പ്രമേയം പരാജയപ്പെടുത്തുമെന്ന് യുഡിഎഫ് അംഗങ്ങള്‍ അവകാശപ്പെടുന്നു. ഓഗസ്റ്റ് 29-നാണ് എല്‍ഡിഎഫ് കൊച്ചി മേയര്‍ സൗമിനി ജെയ്‌നിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

കോര്‍പ്പറേഷനില്‍ ഭരണസ്തംഭനം ആണെന്ന ആരോപണം ഉയര്‍ത്തിയാണ് പ്രതിപക്ഷം ജില്ലാ കളക്ടര്‍ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. 34 പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസില്‍ മേയര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇ-ഗവേണന്‍സ്, റേ, സ്മാര്‍ട്‌സിറ്റി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയം, അഴിമതി, അടിസ്ഥാന വികസനം താറുമാറായി, ഭരണ നവീകരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി പാര്‍പ്പിട സൗകര്യം ഒരുക്കുന്ന മട്ടാഞ്ചേരി തുരുത്തി കോളനി ഭവനസമുച്ചയ നിര്‍മ്മാണത്തില്‍ വലിയ അഴിമതി ആരോപണമാണ് മേയര്‍ക്കെതിരെ ഉയര്‍ന്നത്. ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള കരാറുകാരന് നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരിശോധന നടത്താതെ മുന്‍കൂറായി 92 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണത്തിന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അവിശ്വാസ പ്രമേയ നോട്ടീസിലും ഫ്ലാറ്റ് നിര്‍മാണ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ പുതിയ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിലെ അലംഭാവവും, റോ-റോ നടത്തിപ്പിലെ അപാകതകളും, സ്മാര്‍ട് സിറ്റി പദ്ധതി ടെന്‍ഡറുകള്‍ വിളിച്ചതിലെ അപാകതയും മേയറുടെ കെടുകാര്യസ്ഥതയ്ക്കുള്ള ഉദാഹരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതോടെ സെപ്തംബര്‍ 12-ന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയായിരുന്നു.

ഇതില്‍ ഫ്ലാറ്റ് നിര്‍മ്മാണവും അടിസ്ഥാന വികസന പദ്ധതികളിലെ പോരായ്മകളും യുഡിഎഫ് അംഗങ്ങള്‍ തന്നെ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. എട്ട് യുഡിഎഫ് അംഗങ്ങളാണ് മേയര്‍ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പുറമെ യുഡിഎഫിനുള്ളില്‍ സൗമിനി ജെയ്‌നിനെതിരെ ശക്തമായ വിയോജിപ്പുമുണ്ട്. എ ഗ്രൂപ്പിലെ രണ്ട് മുതിര്‍ന്ന് അംഗങ്ങളുടെ നേതൃത്വത്തിലാണ് സൗമിനിക്കെതിരെ ചരടുവലികള്‍ ആരംഭിച്ചത്. എ ഗ്രൂപ്പ് അംഗങ്ങള്‍ മേയറെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തോട് ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകളും സജീവമായിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. യുഡിഎഫ് അംഗങ്ങള്‍ക്കിടയില്‍ സൗമിനിയോടുള്ള എതിര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് എല്‍ഡിഎഫ് അംഗങ്ങളുടെ കണക്കുകൂട്ടല്‍. കക്ഷിനില അനുസരിച്ച് അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത. എന്നാല്‍ അട്ടിമറി നടക്കുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ പങ്കുവച്ചത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടുചോര്‍ച്ചയുണ്ടാവുമെന്ന് പ്രതിപക്ഷം കരുതുന്നു. 74 അംഗ കൗണ്‍സിലില്‍ 38 പേരാണ് യുഡിഎഫ് പക്ഷത്തുള്ളത്. എല്‍ഡിഎഫിന് 34ഉം ബിജെപിക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. എന്നാല്‍ തങ്ങള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചകളെല്ലാം പരിഹരിച്ചു എന്നും അംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പ്രമേയം പരാജയപ്പെടുത്തുമെന്നും യുഡിഎഫ് അംഗങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം, എതിര്‍പ്പുള്ള സ്വന്തം മേയര്‍ക്ക് അനുകൂലമായി വോട്ടു ചെയ്യാനും കഴിയില്ല, വോട്ടു മറിച്ച് വോട്ടു ചെയ്‌താല്‍ എല്‍ഡിഎഫ് ഭരണം പിടിക്കും എന്നതിനാല്‍ മറ്റു തന്ത്രങ്ങളാണ് യുഡിഎഫ് ആലോചിക്കുന്നത് എന്നാണ് എല്‍ഡിഎഫ് ക്യാമ്പ് പറയുന്നത്. അവിശ്വാസ പ്രമേയത്തില്‍ ഇപ്പോള്‍ വിജയിച്ചാല്‍ മേയര്‍ കൂടുതല്‍ ശക്തയാകുമെന്നും അത് ഇത്ര നാള്‍ തങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന എതിര്‍പ്പുകളുടെ മുനയൊടിക്കുമെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. ജൂലൈ മാസം ഒടുവില്‍ യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹ്നാന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്ന് മേയറെ മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. ബഹനാനെ കൂടാതെ മുന്‍ മന്ത്രി കെ ബാബു, ഡോമിനിക്ക് പ്രസന്റേഷന്‍, ടോണി ചമ്മിണി തുടങ്ങി എ ഗ്രൂപ്പിലെ 18 അംഗങ്ങളില്‍ സൗമിനി ജെയ്‌നും ഷൈനി മാത്യുവും ഒഴികെയുള്ള എല്ലാവരും എറണാകുളം ഗസ്റ്റ് ഹൌസില്‍ നടന്ന യോഗത്തില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളെ പോലും മേയര്‍ വകവയ്ക്കുന്നില്ലെന്നും എത്രയും വേഗം സൗമിനി ജെയ്‌നെ മാറ്റണമെന്നുമായിരുന്നു എ ഗ്രൂപ്പിന്റെ ആവശ്യം. ഷൈനി മാത്യുവിനെ പകരം മേയര്‍ ആക്കണമെന്നും എ ഗ്രൂപ്പ് നിര്‍ദേശം വച്ചിരുന്നു എങ്കിലും തനിക്ക് മേയര്‍ സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ഷൈനി പിന്നീട് സ്വീകരിച്ചത് എന്നാണ് സൂചനകള്‍. കോര്‍പ്പറേഷന്‍ ഭരണം ഇനി ബാക്കിയുള്ളത് ഒരു വര്‍ഷവും രണ്ടു മാസവുമാണ്. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മൂന്നു മാസത്തോളം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലനില്‍ക്കും. ഈ കാലയളവില്‍ ഒരു പ്രവര്‍ത്തനങ്ങള്‍ക്കും സാധിക്കില്ല. ആ സമയം കിഴിച്ചാല്‍ ബാക്കി ഉള്ളത് ഒരു വര്‍ഷമാണ്. ഒരു വര്‍ഷത്തേക്കു മാത്രമായി തനിക്ക് മേയര്‍ ആകേണ്ടെന്ന ചൂണ്ടിക്കാട്ടിയാണ് ഷൈനി മാത്യു പിന്മാറി നിന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇങ്ങനെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ സൗമിനി ജെയ്‌നെതിരെ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എ ഗ്രൂപ്പ് എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇന്ന് ഏവരും ഉറ്റുനോക്കുന്ന കാര്യം. കൗണ്‍സിലില്‍ നിന്ന് വിട്ട് നിന്ന് ക്വോറം തികഞ്ഞില്ലെന്ന കാരണം കാട്ടി വോട്ടെടുപ്പ് മാറ്റി വയ്പ്പിക്കുക എന്ന തന്ത്രം യുഡിഎഫ് പയറ്റാനുള്ള സാധ്യതകള്‍ ഉള്ളതായാണ് പ്രതിപക്ഷം പറയുന്നത്. 74 അംഗ കൗണ്‍സില്‍ ക്വാറം തികയണമെങ്കില്‍ 38 അംഗങ്ങള്‍ പങ്കെടുക്കണം. ക്വാറം തികയാതിരിക്കാന്‍ യുഡിഎഫ് അംഗങ്ങളില്‍ ഭൂരിഭാഗവും യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കും. ബിജെപിയുടെ 2 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. ക്വാറം തികയാതെ വന്നാല്‍ അവിശ്വാസ പ്രമേയ നടപടികള്‍ ആറ് മാസം വരെ വൈകിപ്പിക്കാന്‍ സാധിക്കും. ഇതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ അതും രാഷ്ട്രീയ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടത് അംഗങ്ങള്‍.

2015ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് മുന്നേറ്റമായിരുന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ആധിപത്യം കോര്‍പ്പറേഷനുകളിലും ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കിയപ്പോള്‍ യുഡിഎഫിന് ആശ്വാസമായത് കൊച്ചി മാത്രമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ നാടകീയമായ നീക്കങ്ങളിലൂടെ യുഡിഎഫ് പിടിച്ചു. കോര്‍പ്പറേഷന്‍ രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചിരുന്ന പി.കെ രാഗേഷിനെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ നേടിയത്. എന്നാല്‍ ഓഗസ്റ്റ് 17ന് എല്‍ഡിഎഫ് മേയറായിരുന്ന ഇ.പി ലതയ്ക്ക് എതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് വോട്ടുകള്‍ക്ക് പാസ്സായി. മുമ്പ് എല്‍ഡിഎഫിനെ തുണച്ച യുഡിഎഫ് വിമതനും ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് ഉള്‍പ്പെടെ 28 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. നാല് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ച് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ച് പിടിച്ചു. കണ്ണൂര്‍ നഷ്ടപ്പെട്ടപ്പോള്‍ കൊച്ചി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള രണ്ട് പ്രധാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കൊച്ചിന്‍ കോര്‍പ്പറേഷനും ജില്ല പഞ്ചായത്തും. ഐ ഗ്രൂപ്പിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന് മേയര്‍ സ്ഥാനവുമായിരുന്നു പാര്‍ട്ടിയിലെ സമവാക്യം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പില്‍ നിന്ന് ആശ സനലും ബോബി കുര്യാക്കോസും രംഗത്ത് വന്നപ്പോള്‍ ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം വീതിച്ചു നല്‍കാന്‍ തീരുമാനമാവുകയായിരുന്നു. ആശ സനല്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ അവരെ മാറ്റി ബോബി കുര്യാക്കോസിനെ അടുത്ത രണ്ടര വര്‍ഷത്തക്ക് പ്രസിഡന്റാക്കി ഐ ഗ്രൂപ്പ് തീരുമാനം നടപ്പാക്കുകയും ചെയ്തു. ഇതേ രീതിയില്‍ തന്നെയായിരുന്നു മേയര്‍ സ്ഥാനത്തേക്കും രണ്ടര വര്‍ഷം വീതമുള്ള വീതം വയ്ക്കല്‍ തീരുമാനം വന്നത്. മുന്‍ മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന എ ഗ്രൂപ്പ് യോഗത്തില്‍ ആദ്യത്തെ രണ്ടര വര്‍ഷക്കാലം ഷൈനി മാത്യുവിനെയും ബാക്കി രണ്ടര വര്‍ഷക്കാലം സൗമിനി ജയിനേയും മേയര്‍ ആക്കാനുള്ള തീരുമാനം എടുത്തിരുന്നു. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി.എം സുധീരന്‍ മേയര്‍ സ്ഥാനം വീതം വയ്ക്കലിനെതിരേ രംഗത്തു വരികയും സൗമിനിയെ മേയര്‍ ആക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ലത്തീന്‍ സമുദായംഗമായ ഷൈനിക്കു വേണ്ടി സമുദായ സംഘടനകളും പ്രമുഖ നേതാക്കളും രംഗത്തു വന്നിരുന്നു. സുധീരന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദവും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍ പുതുമുഖമായ ഷൈനിയെ അല്ല, പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച സൗമിനിയെ മേയര്‍ ആക്കണമെന്ന നിലപാടായിരുന്നു സുധീരന്. അന്ന് സുധീരനൊപ്പം എ ഗ്രൂപ്പിലെ കൗണ്‍സിലര്‍മാരും സൗമിനിയെ ആയിരുന്നു പിന്തുണച്ചത്. എന്നാല്‍ അന്ന് ലഭിച്ചിരുന്ന പിന്തുണ സൗമിനിയ്ക്ക് ഇന്നില്ല എന്നത് കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തന്നെ നഷ്ടപ്പെടുന്നതിലേക്ക് വഴിവക്കുമോയെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും ആശങ്കപ്പെടുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍