UPDATES

ട്രെന്‍ഡിങ്ങ്

ദളിത് ഹര്‍ത്താല്‍ തകര്‍ക്കാന്‍ നോക്കിയ ഇടതുപക്ഷം തങ്ങളാണ് ഏറ്റവും വലിയ ബൂര്‍ഷ്വകളെന്ന് തെളിയിച്ചിരിക്കുന്നു; സി കെ ജാനു

ദളിതരെ മനുഷ്യരായി പരിഗണിച്ചിട്ടില്ലേ? ദളിതര്‍ക്ക് ഹര്‍ത്താല്‍ നടത്താന്‍ അവകാശമില്ലെന്ന് പറയുന്നത് ഫ്യൂഡല്‍ മാടമ്പിത്തരം

കേരളം പോലെയുള്ള സംസ്ഥാനത്ത് ദളിതര്‍ക്ക് ഹര്‍ത്താല്‍ നടത്താന്‍ അവകാശമില്ലെന്ന് പറയുന്നത് ഫ്യൂഡല്‍ മാടമ്പിത്തരമെന്ന് സി.കെ ജാനു. കേരളത്തിലെന്നല്ല ഭാരതത്തിലും ദളിതര്‍ക്കെതിരെ നിലകൊള്ളുന്ന ഭരണാധികാരികളാണ് ഭരിക്കുന്നത് അക്കാര്യത്തില്‍ സംശയമില്ലെന്നും ജാനു അഴിമുഖത്തോട് പറഞ്ഞു. ദളിതരെ മാറ്റി നിര്‍ത്തുന്നതില്‍ എല്ലാ പാര്‍ട്ടികളും ഒരേ നിലപാടെടുക്കുന്നു. ചെറിയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലിനെ അനുകൂലിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുമ്പോള്‍ ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ തകര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. മനുഷ്യരായ ആളുകള്‍ക്ക് മാത്രമെ ഇത്തരം ഹര്‍ത്താലുകള്‍ നടത്താന്‍ സാധിക്കൂ. മനുഷ്യരല്ലാത്തവര്‍ക്ക് ഇത്തരം ഹര്‍ത്താലുകള്‍ നടത്താന്‍ അധികാരമില്ല. ഹര്‍ത്താല്‍ നടത്തുന്നതൊക്കെ ഞങ്ങളുടെ പണിയാണ്. ആദിവാസിയും ദളിതനൊന്നും അത് നടത്തേണ്ട, അവര് തങ്ങള്‍ പറയുന്നതനുസരിച്ച് കാല്‍കീഴില്‍ നിന്നാല്‍ മതി എന്നുള്ള സര്‍ക്കാരുകളുടെ ധാര്‍ഷ്ഠ്യമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും സി.കെ ജാനു പറയുന്നു.

ഇടതുപക്ഷമാണ് ഏറ്റവും വലിയ ബൂര്‍ഷ്വ. ആദിവാസികളെയും ദളിതരെയും അടിമയെ പോലെ കണ്ട് ഫ്യൂഡല്‍ ബൂര്‍ഷ്വകളുടെ നിലപടെടുക്കുന്നത് ഇവിടുത്തെ ഇടതുപക്ഷമാണ്. അതുകൊണ്ടാണല്ലോ, തങ്ങളൊരു സമരം ചെയ്തപ്പോള്‍ സമരത്തിന് നേതൃത്വം വഹിക്കുന്നവരെ അവര്‍ അറസ്റ്റ് ചെയ്തത്. മുസ്ലീംലീഗ് അടക്കമുള്ളവര്‍ ഹര്‍ത്താലുകള്‍ നടത്താറുണ്ട്. ഈര്‍ക്കിലി പാര്‍ട്ടികളുടെ ഹര്‍ത്താലിനെ പിന്തുണയ്ക്കുകയും നമ്മളെ പോലുള്ളവര്‍ ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ ഇത് നിങ്ങള്‍ക്കൊന്നും നടത്താനുള്ളതല്ല. ഇതൊക്കെ ഞങ്ങളുടെ അവകാശമാണ് എന്നുളളതാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ ഇടപെടലില്‍ നിന്ന് മനസിലാകുന്നത്. കേരളത്തിലുള്ള ജാതി വിവേചനത്തിന്റെ മൂര്‍ധാവിലാണ് ഇവരെ പോലുള്ളവര്‍ നില്‍ക്കുന്നത്. യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരു നിലപടെടുക്കുകയും അധികാരത്തിന് പുറത്തു നില്‍ക്കുമ്പോള്‍ മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നു. ആദിവാസികളോടും ദളിതരോടും ഭരണത്തില്‍ എത്തിയാല്‍ ഇടത് വലത് മുന്നണികളുടെ നിലപാടുകളില്‍ വലിയ വ്യത്യാസമില്ല. തങ്ങള്‍ക്കെതിരേ വെടിയുതിര്‍ത്തതും കള്ളക്കേസില്‍ കുടുക്കിയതും യുഡിഎഫിന്റെ ഭീകരമായ നിലപാടുകള്‍ തന്നെ. എന്നാല്‍ അതോടൊപ്പം അവര്‍ ഭൂമി നല്‍കാനുള്ള നല്ല കാര്യം ചെയ്തു. മുത്തങ്ങ സമരത്തില്‍ ആന്റണി അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആ സമരത്തിന്റെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇടുതുപക്ഷ സര്‍ക്കാര്‍. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കേസുകളില്‍ നിന്നും ഒഴിവാക്കാമെന്ന വാഗ്ദാനം ജയിലില്‍ എത്തി വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയിരുന്നു. മുത്തങ്ങ സമരം ദൃശ്യങ്ങളാക്കി വിറ്റാണ് വോട്ട് വാങ്ങി എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അധികാരത്തില്‍ എത്തിയശേഷം യുഡിഎഫ് എടുക്കാത്ത മൂന്നു കേസുകള്‍ കൂടി തങ്ങള്‍ക്കെതിരെ ചാര്‍ജ് ചെയ്യുകയാണ് ഉണ്ടായത്. ആദിവാസികള്‍ക്കെതിരായ ഒരു കേസും എല്‍ഡിഎഫ് ഇടപ്പെട്ട് ഒഴിവാക്കി കണ്ടില്ല. മുത്തങ്ങ സമരത്തിലെ കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഈ കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം ഒന്നും നല്‍കിയിട്ടിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സി.കെ ജാനു പറഞ്ഞു.

ഇടതുപക്ഷം തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയാണെന്ന് പറയുന്നതല്ലാതെ ആദിവാസി വിഷയത്തില്‍ ഒരു ചര്‍ച്ച നടത്താന്‍ പോലും അധികാരമേറ്റ് ഇത്രയും കാലമായിട്ട് സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും സി.കെ ജാനു പറഞ്ഞു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ നിലപാടാണ് കോണ്‍ഗ്രസ് എടുത്തിട്ടുള്ളത്. സംസ്ഥാനത്ത് 35,000 ആദിവാസികള്‍ക്ക് ഭൂമി കിട്ടിയിട്ടുണ്ട്. ഇതിന് തുടക്കമിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. മുത്തങ്ങ വിഷയത്തില്‍ ആദിവാസികള്‍ക്ക് പ്രതികൂലമായും അനുകൂലമായുമുള്ള നിലപാടുകള്‍ കോണ്‍ഗ്രസ് ഭരണകാലത്ത് എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായിരുന്നു. ആദിവാസികള്‍ക്ക് ഭൂവിതരണം പോലെയുള്ള കാര്യങ്ങള്‍ക്ക് ആന്റണി തന്നെയായിരുന്നു മുന്‍കൈയ്യെടുത്തത്. ദളിത് ഹര്‍ത്താലില്‍ എം.ഗീതാനന്ദനുള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി ശരിയായില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ പ്രതികരണത്തിന് മറുപടിയായി സി.കെ ജാനു പറഞ്ഞത് ഇങ്ങനെയാണ്; ഹര്‍ത്താലിനോട് ഇത്രയും അനുകൂല നിലപാടുകളായിരുന്നെങ്കില്‍ എന്തുകൊണ്ട് ആന്റണി ഇടപെട്ട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പിന്തുണ സമരത്തിന് നല്‍കിയില്ല?

 

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍