UPDATES

ചര്‍ച്ച് ആക്ട്; സഭയും സിപിഎമ്മും ഒരേ കളത്തില്‍ കളിക്കുന്നതിന്റെ ഗുട്ടന്‍സ്

ചര്‍ച്ച് ആക്ട് നടപ്പാക്കേണ്ടതില്ലെന്നതിന് കത്തോലിക സഭ പറയുന്ന അതേ ന്യായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും

ക്രിസ്തീയ സഭകളിലെയും പള്ളികളിലെയും സ്വത്ത് കൈകാര്യം ചെയ്യല്‍ സംബന്ധിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019ന് നടപ്പില്‍ വരുത്തുന്നതില്‍ നിന്നും പിന്‍വാങ്ങി ഇടതുപക്ഷ സര്‍ക്കാര്‍. ക്രൈസ്തവ സഭകളില്‍ നിന്നും വലിയതോതില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ പ്രതിഷേധം ഉണ്ടാകുമെന്ന സാഹചര്യം മനസിലാക്കിയാണു സിപിഎം ചര്‍ച്ച് ആക്ട് നടപ്പില്‍ വരുത്തുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

എല്‍ഡിഫ് സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോട്ടയത്ത് യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തതിനു തൊട്ടുപിന്നാലെയാണ് സിപിഎം സെക്രട്ടറിയില്‍ നിന്നും ഇത്തരമൊരു പ്രതികരണം വന്നിരിക്കുന്നതും. കടുത്ത പ്രത്യാഘാതങ്ങളായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടി വരികയെന്നായിരുന്നു ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരേ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഉയര്‍ത്തിയ ഭീഷണി. ഞായറാഴ്ച്ച എല്ലാ പള്ളികളിലും ചര്‍ച്ച് ആക്ടിനെതിരേ ഇടയലേഖനം വായിക്കാനും കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീരുമാനം ആയിരുന്നു.

തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തില്‍ ക്രിസ്തീയ സഭകളുടെ എതിര്‍പ്പ് ഉണ്ടാകുന്നതു പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്ന കണക്കുകൂട്ടലും ചര്‍ച്ച് ആക്ടിന്റെ കാര്യത്തില്‍ മറിച്ചൊരു തീരുമാനം എടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. ചര്‍ച്ച് ബില്‍ നടപ്പിലാക്കേണ്ടേതില്ലെന്നതിനു കത്തോലിക സഭ പറയുന്ന അതേ ന്യായമാണ് സിപിഎം സെക്രട്ടറിയും ഇപ്പോള്‍ പറയുന്നത്. സഭ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നിലവില്‍ നിയമങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പുതിയൊരു നിയമം ആവശ്യമില്ലെന്നുമാണ് കോടിയേരി പറഞ്ഞത്. ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട് ചില സ്വാര്‍ത്ഥ്യതാത്പര്യക്കാര്‍ ഈഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അവയെല്ലാം കള്ളക്കഥകളാണെന്നുമായിരുന്നു സര്‍ക്കാരിനെയും പാര്‍ട്ടിയേയും ന്യായീകരിച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി ഉയര്‍ത്തുന്ന വാദം. നിലവില്‍ സഭയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് വരുമാന നികുതി നല്‍കിപ്പോരുന്നതാണെന്നും നിലവിലെ സിവില്‍ നിയമം പാലിച്ചുകൊണ്ടാണ് സഭ എല്ലാ പ്രവര്‍ത്തികളും നടത്തിപോരുന്നതെന്നും അതുകൊണ്ട് പുതിയ ഒരു നിയമം ആവശ്യം ഇല്ലെന്നുമാണ് കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്ലിനെ എതിര്‍ത്തുകൊണ്ടു പറയുന്ന ന്യായം. ഇതേ ന്യായം തന്നെയാണ് ഇപ്പോള്‍ ചര്‍ച്ച് നടപ്പാക്കേണ്ടതില്ലെന്നതിനു സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും മുന്നോട്ടു വയ്ക്കുന്നത്.

പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന വരുന്നതിനു മുമ്പ് തന്നെ ബില്ലിന് രൂപം നല്‍കിയ കേരള നിയമപരിഷ്‌കരണ കമ്മിഷനും ചര്‍ച്ച് ആക്ട് ബില്‍ ഉനടി നടപ്പാക്കില്ലെന്ന വ്യക്തമായ സൂചന നല്‍കി രംഗത്തു വന്നിരുന്നു. ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും മാര്‍ച്ച് ഏഴിനും എട്ടിനും ഇതു സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ ശശിധരന്‍ അറിയിച്ചത്. കരട് ബില്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഓണ്‍ലൈനായി പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ മാത്രമാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ വ്യക്തമാക്കിയയിരുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റീസ് കെ ടി തോമസും ബില്ലുമായി സംബന്ധിച്ച അഭിപ്രായം പറഞ്ഞു രംഗത്തു വന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും താനൊരു ബില്ലും സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു ജ. കെ ടി തോമസിന്റെ പ്രതികരണം. 2009ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായ ഭരണപരിഷ്‌ക്കരണ കമ്മീഷനായിരുന്നു ആദ്യം ചര്‍ച്ച് ആക്ടിന് നിയമനിര്‍മാണം നിര്‍ദേശിച്ചതും കരട് രൂപം ഉണ്ടാക്കി സര്‍ക്കാരിന് കൊടുക്കുന്നതും. ഏറെ നാള്‍ അനക്കമില്ലാതെ കിടന്ന ഈ കരട് ബില്ലാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ജ. കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ വീണ്ടും അവതരിപ്പിക്കുന്നത്.

സഭയുടെ ഭീഷണിക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമ്പോഴും ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ നടപ്പിലാക്കണമെന്നാണ് വിശ്വാസികള്‍ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്. ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി പ്രതിഷേവും സമരങ്ങളും നടത്തിവരുന്ന വിശ്വാസി സംഘങ്ങളുമുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു. ചര്‍ച്ച് നടപ്പാക്കേണ്ടാത്തതിനു സഭ നേൃത്വങ്ങള്‍ പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവില്‍ സ്വത്ത് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ അഴിമതിയെക്കുറിച്ചും വിശ്വാസികള്‍ പരസ്യപ്രസ്താവനകളും ഇറക്കിയിട്ടുണ്ട്. വിശ്വാസികള്‍ ചര്‍ച്ച് ആക്ട് നടപ്പിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് ഇപ്പോള്‍ സഭ നേതൃത്വങ്ങളെ പിണക്കാതിരിക്കാനെന്നോണം സര്‍ക്കാര്‍ പിന്‍വലിഞ്ഞിരിക്കുന്നത്.

ചര്‍ച്ച് ആക്ടിനെതിരെ സഭ ഇടയലേഖനം ഇറക്കും; ചാരം മൂടിയ യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാണട്ടെയെന്നു വിശ്വാസികള്‍

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളുടെയും സ്വത്ത്‌, വരവു ചെലവുകള്‍ ഇനി സര്‍ക്കാര്‍ പരിശോധിക്കും, വിശ്വാസികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം; ചര്‍ച്ച് ആക്ടിനെതിരെ പ്രതിഷേധവും ശക്തം

‘കമ്യൂണിസ്റ്റ് അജണ്ട’യെന്ന് ക്രൈസ്തവസഭകള്‍ കണ്ണുരുട്ടി; ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കം പ്രഹസനമായേക്കും

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍