UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്മനം മത്സരിക്കും; തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി പട

Avatar

അഴിമുഖം പ്രതിനിധി

അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തു നിന്നും മത്സരിക്കും. മണ്ഡലം ഏതെന്ന് തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂവെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് അഴിമുഖത്തോട് പറഞ്ഞു. കുമ്മനത്തെ കൂടാതെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ രാജഗോപാലും മത്സര രംഗത്തുണ്ടാകും. രാജഗോപാല്‍ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഇത്തവണ തിരുവനന്തപുരത്ത് മത്സരിക്കാനാണത്രേ അധികം ബിജെപി നേതാക്കളും താല്‍പര്യപ്പെടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുവേണ്ടി മത്സരിച്ച രാജഗോപാല്‍ വിജയത്തിന് അടുത്തുവരെ എത്തിയതും അടുത്ത നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 35 സീറ്റുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതുമാണ് നേതാക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കടുത്ത ബിജെപി വിരോധം പറയുമ്പോഴും സാധാരണഗതിയില്‍ യുഡിഎഫിന് അനുകൂലമായി തിരിയുന്ന നായര്‍ വോട്ടുകള്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുകയായിരുന്നു. ഇതുതന്നെയാണ് മഞ്ചേശ്വരത്തും പാലക്കാട്ടും പ്രതീക്ഷയര്‍പ്പിക്കാതെ ഇക്കുറി തിരുവനന്തപുരത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി നേതൃത്വത്തേയും സീറ്റുമോഹികളേയും പ്രേരിപ്പിക്കുന്നത്.

1987-ല്‍ തിരുവനന്തപുരം ഈസ്റ്റില്‍ നിന്നും ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുമ്മനത്തിന് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് എസിലെ ശങ്കരനാരായണ പിള്ളയായിരുന്നു അത്തവണ വിജയി. പിള്ളയ്ക്ക് 35,562 വോട്ടുകളും കുമ്മനത്തിനു 23,835 വോട്ടുകളം ലഭിച്ചു. തിരുവനന്തപുരത്തിന്റെ മാറിയ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വെള്ളാപ്പള്ളി നടേശനുമായിട്ടുള്ള ബാന്ധവം നായര്‍ വോട്ടുകള്‍ക്കൊപ്പം ഈഴവ വോട്ടുകളും തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നും അങ്ങനെ വിജയിച്ചു കയറാമെന്നുമാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ ഒ രാജഗോപാലിനോടുള്ള അതേ സൗഹൃദം കുമ്മനത്തോടും മറ്റു നായര്‍ സ്ഥാനാര്‍ത്ഥികളോടും തിരുവനന്തപുരത്തെ നായര്‍ വോട്ടര്‍മാര്‍ കാണിക്കുമോ എന്ന കാര്യത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട്. ഈഴവ വോട്ടുകള്‍ മുഴുവന്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് സ്വാധീനിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തില്‍ കുറച്ചു കൂടി മുന്നൊരുക്കങ്ങള്‍ നടത്തിയശേഷമായിരിക്കും കുമ്മനവും രാജഗോപാലും ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കണമെന്ന് തീരുമാനിക്കുക. ഇവരോടൊപ്പം തിരുവനന്തപുരത്ത് മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളേയും അവര്‍ക്ക് വോട്ടര്‍മാര്‍ക്കിടയിലുള്ള സ്വാധീനം കൂടി കണക്കിലെടുത്താകും നിര്‍ണയിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍