UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യവിരുദ്ധരെ അതേ രീതിയില്‍ തന്നെ നേരിടണം: കെ ടി ജലീല്‍

Avatar

ജനാധിപത്യം നിലനില്‍ക്കുന്നിടത്താണ് ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് സ്ഥാനമുള്ളത്. അതില്ലാത്തിടത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് എന്ത് വില? തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതികളെക്കുറിച്ച് നമുക്ക് അറിയാം. യുഡിഎഫ് ഗവണ്‍മെന്റ് അതേ ഫാസിസ്റ്റ് മുഷ്‌ക് ഉപയോഗിച്ചാണ് പ്രതിപക്ഷത്തെയും അതിലൂടെ ജനാധിപത്യവ്യവസ്ഥയെയും നേരിടുന്നത്. അഴിമതിക്കാരെ പൊതിഞ്ഞു പിടിക്കാനായി ഹിംസാതത്മകമായ രീതിയില്‍ പെരുമാറുന്ന ഒരു ഭരണകൂടത്തോട് ജനാധിപത്യരീതിയില്‍ തന്നെ പെരുമാറുന്നത് ഭോഷ്‌കാണ്. പ്രതിപക്ഷം നിയമസഭയില്‍ മഹാ അപരാധം പ്രവര്‍ത്തിച്ചു എന്നതരത്തില്‍ സര്‍ക്കാര്‍ പറഞ്ഞു നടക്കുന്നൂ, ജനാധിപത്യവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനോട് സ്വാഭാവികമായും അതേ രീതിയിലുള്ള പ്രതികരണമേ ഉണ്ടാകൂ.

ഇപ്പോള്‍ വന്നിരിക്കുന്ന അച്ചടക്ക നടപടി തികച്ചും ഏകപക്ഷീയമായതാണെന്നത് ഏവര്‍ക്കും മനസ്സിലാകുന്നതാണ്. എല്ലാതെറ്റും ഞങ്ങള്‍ ചെയ്തതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭരണപക്ഷ എംഎല്‍എമാര്‍ ചെയ്‌തൊന്നും തെറ്റല്ല! നിയമസഭയ്ക്കകത്ത് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രവേശിപ്പിക്കരുതെന്ന് നിയമമുള്ളപ്പോഴാണ് അവര്‍ ലഡു വിതരണം നടത്തിയത്. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഖാചരണം അവസാനിക്കുന്നതിനും മുമ്പാണ് സഭയ്ക്കകത്തെ ഈ ആഘോഷമെന്ന് ഓര്‍ക്കണം. ഇതൊന്നും മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും കണ്ണില്‍പ്പെട്ടില്ലേ? ഞങ്ങള്‍ സഭയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നും നാശനഷ്ടങ്ങള്‍ വരുത്തിയെന്നുമാണ് അവര്‍ പറയുന്നത്. പിഡിപിപി പ്രകാരമുള്ള കേസാണ് ഞങ്ങള്‍ക്കെതിരെയുള്ളത്. നാശനഷ്ടങ്ങള്‍ക്ക് അനുസൃതമായ പിഴ ഒടുക്കിയാല്‍ ഈ കേസ് തീരും. ആ നഷ്ടം നികത്താവുന്നതുമാണ്. ഈ കുറ്റം പര്‍വതീകരിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ കൊടിയപാപം ചെയ്തു എന്ന് തരത്തില്‍ പ്രചാരണം നടത്തുന്നവരോട് തിരിച്ചു ചോദിക്കട്ടെ- കെ എം മാണി എന്ന മന്ത്രി നടത്തിയ അഴിമതിയുടെ നാണക്കേട് എന്നു തീരും? ജനങ്ങളോട് കാണിച്ച വഞ്ചനയുടെയും അവര്‍ക്ക് ഉണ്ടാക്കിയ നഷ്ടങ്ങളും എന്ന് വീട്ടീ തീര്‍ക്കും? രാജ്യം മുഴുവന്‍ നമ്മുടെ നാടിന്റെ പേരിന് കളങ്കം വരുത്തുന്ന അഴിമതി ചെയ്‌തൊരാളെ സംരക്ഷിച്ചുകൊണ്ടാണ്, ആ അഴിമതിക്കാരനെതിരെ പ്രതികരിച്ചവരെ മോശക്കാരാക്കി കൊണ്ട് ഒരു സര്‍ക്കാര്‍ നിലപാടെടുക്കുന്നത്.

പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്നാണ് ഇപ്പോള്‍ ഒരു വിഭാഗം പറയുന്നത്. ഇടതുപക്ഷം നിന്നാലും ഇരുന്നാലും തെറ്റുകണ്ടുപിടിക്കാന്‍ മാത്രം കണ്ണുമിഴിക്കുന്നവരാണ് ഇക്കൂട്ടര്‍. മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ മുദ്രാവാക്യങ്ങള്‍ മാത്രം മുഴക്കി പ്രതിഷേധിച്ചെന്നിരിക്കട്ടെ, അപ്പോള്‍ ഇവര്‍ എന്തുപറയും? അണികളെ പുറത്ത് തല്ലുകൊള്ളാന്‍ വിട്ടിട്ട് നേതാക്കന്മാര്‍ സഭയ്ക്കകത്ത് കേറി ചുണ്ടനക്കി കാണിച്ചെന്ന്. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചാലും പറയും, ദേ വീണ്ടും അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന്. ഇപ്പോള്‍ പറയുന്നു ഞങ്ങള്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അപമാനിച്ചെന്ന്. എന്നും ജനാധിപത്യ രീതിയില്‍ മാത്രം പ്രതിഷേധം നടത്തുന്നത് ഞങ്ങളുടെ ദൗര്‍ബല്യമായി അവര്‍ കണ്ടു. സോളാര്‍ സമരത്തെയും ഇവിടെ പലരും വിമര്‍ശിക്കുമ്പോഴും ആ സമരത്തില്‍ ഇടതുപക്ഷം സ്വീകരിച്ച ജനാധിപത്യ മൂല്യങ്ങളെ ആരും കാണാതെ പോയി. ഇടതുപക്ഷം എന്തു ചെയ്താലും തെറ്റ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ക്കൊക്കെ അമിതമായ വാശിയാണ്. അഴിമതിയോടും അഴിമതിക്കാരോടും അങ്ങനെയുള്ളവര്‍ക്ക് കുടപിടിക്കുന്നവരോടും സന്ധിയില്ലാതെ സമരം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്. കപട ധാര്‍മികത പറഞ്ഞു നടക്കുന്ന വെട്ടിപ്പുകാര്‍ ശിക്ഷിക്കപ്പെടണം. അവര്‍ കോട്ടകളില്‍ കയറി ഒളിച്ചിരുന്നാല്‍, ആ കോട്ട തകര്‍ത്ത് അകത്തു കയറി അവരെ പിടിച്ചു പുറത്താക്കാന്‍ ഇടതുപക്ഷത്തിന് ചങ്കൂറ്റമുണ്ട്. അതിനെ അതിക്രമമെന്ന് വിളിക്കുന്നവര്‍ ആരുടെ പക്ഷം പിടിക്കുന്നവരാണെന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. അത്തരക്കാരുടെ ഓരിയിടല്‍ ഞങ്ങളെ ഭയപ്പെടുത്തില്ല. സസ്‌പെന്‍ഡ് ചെയ്താല്‍ മനുഷ്യപക്ഷത്ത് നിന്ന് നിലപാട് എടുക്കുന്നതില്‍ പിന്നാക്കം പോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിക്കോളും എന്ന് ധരിക്കരുത്. നേരിന്റെ പക്ഷത്ത് നിന്ന് പൊരുതുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാക്രമണങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം.

പ്രതിപക്ഷം ചെയ്തത് ശരിയല്ലെന്ന് പറയുന്നവര്‍ ദിവസങ്ങള്‍ക്കകം ഞങ്ങളെ അംഗീകരിക്കും. എങ്ങനെയാണ് ആത്മാഭിമാനമുള്ളവര്‍ക്ക് കള്ളത്തരങ്ങളോട് കൂട്ടുചേര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്നത്? അങ്ങനെ ചിന്തിക്കാത്തവര്‍, ഒരു എലൈറ്റ് ക്ലാസിന്റെ പ്രതിനിധികളാണ്. തന്റെ വീടിനകത്ത്, കറങ്ങുന്ന ഫാനിന്റെ കാറ്റേറ്റ് മറ്റുള്ളവന്റെ കാര്യങ്ങളിലേക്ക് കണ്ണെറിയാന്‍ മാത്രം താല്‍പര്യം കാണിക്കുന്ന വര്‍ഗ്ഗം. അവന് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അറിയില്ല. അറിയാന്‍ ശ്രമിക്കുകയുമില്ല. തന്റെ കാര്യം മാത്രം നോക്കി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവന്‍. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും തനിക്കെന്ത് എന്ന് വിചാരിക്കുന്നവര്‍. അവരെ ഒഴിവാക്കു. അവര്‍ ദുര്‍ബലരും ന്യൂനപക്ഷവുമാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരാണ് ഇടതുപക്ഷത്തിന്റെ ശക്തി. ചെയ്യേണ്ടത് തന്നെയാണ് ചെയ്തതെന്നാണ് അവരുടെ അഭിപ്രായം. ഇങ്ങനെയൊക്കെ ഭരിക്കുന്ന ഒരു സര്‍ക്കാരിനോട് ഇത്രയല്ലേ ചെയ്തുള്ളൂവെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ എത്ര കിടന്നു കൂകി വിളിച്ചാലും അവര്‍ക്ക് ഉണ്ടായ പരാജയം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും മാണി ബജറ്റ് അവതരിപ്പിച്ചെന്ന് തമാശ പറയുകയാണ് സര്‍ക്കാര്‍. പണ്ട് പടയാളികള്‍ക്കൊപ്പം വന്ന് രാജ കിങ്കരന്‍മാര്‍ പെരുമ്പറ കൊട്ടി വിളിച്ചു പറയുന്നതുപോലെയാണ് മാണിയുടെ ബജറ്റ് പ്രസംഗം. ഏതെങ്കിലും ചന്തയില്‍ ചെന്നു വല്ലതും വിളിച്ചു പറയുന്നതാണോ ബജറ്റ് അവതരിപ്പിക്കല്‍! സ്വയം പരിഹാസ്യരാവുകയാണവര്‍.

പ്രതിപക്ഷത്തിന്റെ കുറ്റങ്ങള്‍ നിരത്തുന്നവര്‍, വനിത എംഎല്‍എമാരെ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ എന്തുകൊണ്ട് ഒരു നടപടിയും എടുത്തില്ല. പ്രതിപക്ഷം ബജറ്റ് അവതരണം തടയുമെന്നത് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നിട്ടും എന്തുകൊണ്ട് വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയ്ക്കകത്ത് നിയോഗിച്ചില്ല. പ്രതിപക്ഷത്ത് വനിത എംഎല്‍എമാര്‍ ഉള്ളകാര്യം സര്‍ക്കാരിന് അറിവുള്ളതല്ലേ. അതോ വനിതകളായതുകൊണ്ട് അവര്‍ പ്രതിഷേധത്തിന് വരില്ലെന്ന് കരുതിയോ?അപ്പോള്‍ കരുതിക്കൂട്ടിയുള്ള അപമാനിക്കല്‍ തന്നെയാണ് ഞങ്ങളുടെ വനിത എംഎല്‍എമാര്‍ക്കെതിരെ നടന്നത്. എന്നിട്ടും മ്ലേച്ചമായി പെരുമാറിയ ഭരണപക്ഷാംഗങ്ങള്‍ക്കെതിരെ ഒരു നടപടിയും ഇല്ല. അഴിമതിക്കാരനെതിരെ ശബ്ദമുയര്‍ത്തിയവര്‍ക്ക് സസ്‌പെന്‍ഷനും. മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണെന്നാണ് അവരുടെ വാദം. അതിനല്ലേ നാന്നൂറിനു മുകളില്‍ വാച്ച് ആന്‍ഡ് വാര്‍ഡുകാരുണ്ടായിരുന്നത്. എന്തേ, വാച്ച് ആന്‍ഡ് വാര്‍ഡിനെ അവര്‍ക്ക് വിശ്വാസം ഇല്ലായിരുന്നോ? സ്വന്തം മുഖ്യമന്ത്രിയുടെ ജീവന്‍ സംരക്ഷിക്കാന്‍ തങ്ങള്‍ തന്നെ വേണമെന്നാണോ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിശ്വസിക്കുന്നത്. അങ്ങനെയാണെങ്കില്‍ സഭയ്ക്ക് പുറത്തും ഇനി മുതല്‍ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കട്ടെ. പൊലീസും എസ്‌കോര്‍ട്ടുമെല്ലാം ഇവര്‍ തന്നെയാകട്ടെ. നിയമം അവര്‍ കയ്യിലെടുത്ത് നടപ്പക്കാട്ടെ. എന്തിനും കൂട്ടുനില്‍ക്കാനൊരു മുഖ്യമന്ത്രിയുണ്ടല്ലോ.

ഇതൊന്നും കൊണ്ട് പ്രതിപക്ഷം പരാജയപ്പെട്ടെന്നോ പരാജയപ്പെടുത്തിയെന്നോ ആരും കരുതരുത്. ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരും. ഭരണകൂടത്തിന്റെ ഭയപ്പെടുത്തലില്‍ വിരളുന്നവരല്ല ഞങ്ങള്‍. ജനം കൂടെയുള്ളപ്പോള്‍ ഞങ്ങള്‍ ആരെ ഭയക്കണം. സത്യം ജയിക്കും വരെ  പോരാടാന്‍ ഈ ജനപിന്തുണ മാത്രം മതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍