UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭയില്‍ ഉറങ്ങുന്ന സേവകരും ഉണര്‍ന്നിരിക്കുന്ന യജമാനന്മാരും

Avatar

സിദ്ദിഖ് കാപ്പന്‍

മൂന്നുവര്‍ഷത്തെ ഡല്‍ഹി പത്രപ്രവര്‍ത്തനത്തിന് ശേഷം 2016 ജനുവരി 28ന് കേരളത്തില്‍ എത്തുമ്പോള്‍ ഒരു ആഗ്രമുണ്ടായിരുന്നത് കേരള നിയമസഭാ നടപടികള്‍ കാണുക എന്നതായിരുന്നു. പാര്‍ലമെന്റിലെ പ്രസ് ഗാലറിയില്‍ ഇരുന്ന് സഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കേരള നിയമസഭയുടെ ഉള്ളില്‍ പ്രവേശിച്ചിട്ടില്ല എന്നത് ഒരു കുറവായി പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടായിരുന്നു ഇങ്ങനെയോരു ആഗ്രഹം. 

ഹാന്‍ഡ്‌വീവിന്റെ ലൈസന്‍ ഓഫീസറും അന്ന് മന്ത്രി ആയിരുന്ന പികെ അബ്ദു റബ്ബിന്റെ അടുത്ത സുഹൃത്തുമായ ഷെരീഫുമൊത്ത് 2016 ഫെബ്രുവരിയില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന നാളുകളായിരുന്നു അത്. എനിക്ക് നിയമസഭ പാസിനായി ഒപ്പിട്ടുതന്ന എംഎല്‍എ ഉമ്മര്‍ മാസ്റ്റര്‍ ഒരു എംഎല്‍എ എന്ന നിലയില്‍ അവസാനമായി ഒപ്പിട്ടുകൊടുത്ത പാസായിരുക്കും എന്റേത്.

നിയമസഭ നടപടികള്‍ കാണുന്നതിനായുള്ള പാസിനായി ആദ്യദിവസം നിയമസഭ ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ ഊഴം കാത്ത് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ ബഹളം മൂലം സഭ നേരത്തെ പിരിഞ്ഞതിനാല്‍ അന്നതിന് സാധിച്ചില്ല. പക്ഷെ ഞാന്‍ പിന്മാറാന്‍ തയാറായില്ല. ഹോട്ടലില്‍ മുറിയെടുത്ത് തിരുവനന്തപുരത്തു താമസിച്ചു. അടുത്ത ദിവസം വീണ്ടും നിയമസഭയുടെ മുന്നിലെത്തി.

ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കാലെടുത്തുവെക്കാന്‍ കാത്തിരുന്ന എനിക്കുണ്ടായ അനുഭവം അത്ര സന്തോഷകരമായിരുന്നില്ല. സന്ദര്‍ശക ഗാലറിയിലേക്ക് കടക്കാന്‍ നില്‍ക്കുന്നിടത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങളാണ് ഏറെ അരോചകമായി തോന്നിയത്. ഗാലറിയില്‍ ഇരിക്കേണ്ട മര്യാദകളെ കുറിച്ച് ഒരു ഭീകരമായ ക്ലാസ്…

നിയമസഭയുടെ വിസിറ്റേഴ്‌സ് ഗാലറിയില്‍ ഇരുന്ന് ഉറക്കം തൂങ്ങരുത്, ചിരിക്കരുത്, കണ്ണട ഊരരുത്, താടിക്ക് കൈകൊടുത്തിരിക്കരുത്, മൂക്കില്‍ തോണ്ടരുത്, അലസമായിരിക്കരുത്, ചാരി ഇരിക്കരുത്, താടി ചെറിയരുത്, കോട്ടുവാ ഇടരുത്, തുമ്മരുത്, കാലാട്ടരുത്, സ്റ്റഡി വടിയായി ഇരിക്കണം… വാച്ച് ആന്‍ഡ് വാര്‍ഡ് നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ ഇങ്ങനെ പോകുന്നു. 

കൂടാതെ, ഗാലറിയില്‍ ഇരുന്ന് അറിയാതെ താടിക്ക് കൈകൊടുത്തവരേയും തല ചൊറിഞ്ഞവരേയും ഒക്കെ മഫ്തിയില്‍ ഉള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് ആദരവോടെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍… സന്ദര്‍ശകന്‍ ഗാലറിയില്‍ ജീവനുള്ള പ്രതിമയെ പോലെ ഇരിക്കണം! അതൊരുതരം ശിക്ഷയാണ്…

നിയമസഭ കാണാന്‍ ആരെങ്കിലും ആഗ്രഹം പറയുമ്പോഴേ ഇക്കാര്യങ്ങള്‍ ഞാന്‍ അവരോടു പറയും. സന്ദര്‍ശകര്‍ക്ക് തടവറ ആണെങ്കില്‍ തൊട്ടുമുന്നില്‍ ഇരിക്കുന്ന, നമ്മള്‍ തെരെഞ്ഞെടുത്തയച്ച പ്രതിനിധികള്‍ക്ക് സഭയില്‍ ഇരുന്നും നടന്നും ഓടിയും ചാടിയും എന്തും കാണിക്കാം. നിയമസഭയില്‍ ഇരുന്ന് ഉറങ്ങുകയെന്നത് ഇന്നൊരു വാര്‍ത്തയേ അല്ല, ഉറങ്ങാതിരിക്കുക എന്നതാണ് വാര്‍ത്താ പ്രാധാന്യം അര്‍ഹിക്കുന്നത്.

ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തില്‍ സ്പീക്കറുടെ കസേര എടുത്ത് അമ്മാനമാടുന്ന കാഴ്ചയും നമ്മള്‍ കണ്ടു. അങ്ങനെ ചെയ്യുക എന്നതാണ് മന്ത്രി മുതല്‍ സ്പീക്കര്‍ വരെയാവാനുള്ള യോഗ്യത എന്നതാണ് യാഥാര്‍ത്ഥ്യം. സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ എന്റെ ബഹുമാന്യനായ ചരിത്രാധ്യപകന്‍ ഇന്ന് മന്ത്രിയാണ്. സര്‍ക്കാരിനെതിരായ പ്രതിഷേധവുമായി സ്പീക്കറുടെ കാബിനില്‍ കയറിയ പൊന്നാനി എംഎല്‍എ സ്പീക്കറായി… ഇതൊരു കാവ്യ നീതി ആയിപോയി ചരിത്രമേ …

സല്‍സ്വഭാവിയും നല്ലപേരിന് ഉടമയുമായതിനാല്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പുണ്ടാവുമെന്ന് ഉറപ്പായിട്ടും എതിര്‍ പാര്‍ട്ടിക്കാരനായ എംഎല്‍എയുടെ വോട്ടുവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് ലഭിച്ചാണ് ആ ചരിത്ര നിയോഗം അദ്ദേഹം നിറവേറ്റിയത് എന്നിടത്താണ് ജനാധിപത്യം കുടികൊള്ളുന്നത്. കാര്യങ്ങള്‍ ഇങ്ങനെ ആണെന്നിരിക്കെ സന്ദര്‍ശകരായി എത്തുന്ന യഥാര്‍ത്ഥ യജമാനന്മാരെ ചട്ടം പഠിപ്പിക്കാതെ ഇരിക്കുകയാണ് നല്ലത്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍